2011, മേയ് 23, തിങ്കളാഴ്‌ച

ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ്


'അച്ഛനുറങ്ങാത്ത വീട്' എന്ന മലയാള ചലച്ചിത്രം അവാര്‍ഡിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് ലഭിക്കുമെന്ന് നമ്മള്‍ ആശിച്ചെങ്കിലും നഷ്ടപ്പെട്ട അവാര്‍ഡ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലീം കുമാര്‍ പിടിച്ചെടുത്തപ്പോള്‍ ഗ്ലാമറിന്റെ മുഖലേപനമില്ലാതെ ഉയരത്തിലെത്തിയ ഈ നടനെ നാം വാരിക്കോരിഎടുത്തുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. കുടവയര്‍ കുലുക്കിയും പിന്‍ഭാഗം പിടപ്പിച്ചും ചിരിബോംബുകള്‍ പൊട്ടിച്ചുവന്ന സലീം കുമാര്‍ എന്ന നടന്‍ ആദാമിലൂടെ നല്‍കിയ വ്യത്യസ്ത അനുഭവം നമുക്കുമേല്‍ കടുത്ത വേദനയാണ് പൂശിയത്. സൂപ്പര്‍താരങ്ങളായ തമ്പുരാക്കന്മാരെ തട്ടിമാറ്റിക്കൊണ്ട് വമ്പന്‍ പുരസ്കാരം തട്ടിയെടുത്ത് സലീം കുമാര്‍ ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു: "ഒരു മലയാളി അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവാര്‍ഡ് ലഭിക്കില്ലായിരുന്നു."

അവാര്‍ഡുകമ്മറ്റികള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ കമ്മറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴായാലും തിരുവനന്തപുരത്തേക്ക് ട്രയിന്‍ കയറുമ്പോഴായാലും മനസ്സിലും പോക്കറ്റിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ കുറിച്ചുകൊണ്ടായിരിക്കും യാത്ര പുറപ്പെടുക - സംസ്ഥാനത്ത് ഫിലിം അവാര്‍ഡ് കമ്മറ്റിയില്‍ ഒരു വര്‍ഷം ഞാനും അംഗമായിരുന്നു. എ.പി. ഉദയഭാനു ചെയര്‍മാന്‍, പവനന്‍, വൈലോപ്പിള്ളി, ഡോ പവിത്രന്‍, തോട്ടം രാജശേഖരന്‍, ഈ ലേഖകന്‍ തുടങ്ങി ചെറിയൊരു കമ്മറ്റി. എന്‍. ശങ്കരന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ബക്കര്‍, രാമു കാര്യാട്ട്... തുടങ്ങിയ പലരുടെയും ചിത്രങ്ങള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്. നല്ല ചലചിത്രം ബക്കറിന്റെ 'മണിമുഴക്കം' എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. എന്നാല്‍ ഗാനരചയിതാവ് ആര് എന്ന വിഷയം വന്നപ്പോള്‍ വൈലോപ്പിള്ളി ചാടിയെഴുന്നെറ്റു. "എനിക്കൊരു അഭിപ്രായമുണ്ട്. മുല്ലനേഴിക്ക് കൊടുക്കണം." അത് നേണ്ട തര്‍ക്കത്തിന് വഴിയൊരുക്കി. വൈലോപ്പിള്ളി ഒഴിച്ച് എല്ലാവരും ഒ.എന്‍.വിക്ക് വേണ്ടി നിലകൊണ്ടു. പക്ഷേ പ്രിയപ്പെട്ട വൈലോപ്പിള്ളി ചാടിയെഴുന്നേറ്റ് ബാഗും എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. വാതുക്കല്‍ ചെന്ന് തിരിഞ്ഞ് നിന്ന് ഒരു കാര്യം ഉറക്കെപ്പറയാല്‍ അദ്ദേഹം മറന്നില്ല: "നിങ്ങളൊക്കെ വേശ്യമാരെപ്പോലെയാണ്." പാവം കമ്മിറ്റി ചെയര്‍മാന്‍ ഗാന്ധിയനായ ഉദയഭാനു സാറിന്റെ മുഖമാണ് ഏറെ വാടിയത്. ഈ വയസ്സുകാലത്ത് ഇതും കേള്‍ക്കേണ്ടിവന്നു!

അവിടെയും ഇവിടെയും അവാര്‍ഡ് കമ്മറ്റി എന്നത് വേശ്യകളുടെ ഒരു കമ്മറ്റിയാണോ? ഡല്‍ഹിയിലും ഇത്തരത്തില്‍ കേരളവേശ്യമാര്‍ എത്താറുണ്ടെന്ന് സലീം കുമാറിന്റെയും നടന്‍ ദിലീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു.

സിനിമയിലെ തിരുത്തല്‍ വാദിയായി ഈ നടന്‍ മാറിയിരിക്കുന്നു. ചിരിവേഷം അദ്ദേഹത്തിന് അഴിച്ചുവെക്കാനാവുമെങ്കില്‍ എന്തുകൊണ്ട് സൂരജ് വെഞ്ഞാറമ്മൂടിന് അതിനു കഴിയുന്നില്ല. സൂപ്പര്‍സ്റ്റാറുകളോടൊന്നിച്ച് സൂരജ് അഭിനയിക്കുമ്പോള്‍ ചരട് സൂപ്പര്‍സ്റ്റാറിന്റെ കൈയ്യിലല്ലേയെന്ന് സംശയിക്കുന്നു. വായ് പൊളന്ന് ചിരിച്ചും വയറ് കുലുക്കിയും പിന്‍ഭാഗം കുടഞ്ഞും സൂപ്പറിന്റെ കൂടെ അഭിനയച്ചോളാനാണ് സൂപ്പറിന്റെ നിര്‍ദ്ദേശം. ഹാസ്യനടന്മാരുടെ മുഖത്തെ 'ടോം ആന്റ് ജെറി'യെ മാറ്റാനായാല്‍ ഇനിയും നമുക്ക് ആദാമിന്റെ മകനായ അബുമാരെ ലഭിക്കുമെന്നുള്ളത് നിശ്ചയം.

പുതുപ്പള്ളിയുടെ പുത്രന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിതിളക്കത്തിന് മങ്ങലേല്‍‌പ്പിച്ചതും സലീം കുമാറിന്റെ തിളക്കമാണെങ്കിലും ഇരുവരും സോണിയ ഭക്തരാണ്. ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും കുഞ്ഞുനാള്‍ തൊട്ട് ചീപ്പെടുത്താല്‍ ചീകുന്നത് ഒരേ രീതിയിലാണ്. എല്ലാവരും ഇടത്തുനിന്ന് വലതേക്ക് മുടി ചീകുമ്പോള്‍ ഇവര്‍ ചെയ്യുന്നത് വലത്തുനിന്ന് ഇടത്തേക്ക്. രണ്ടു പേരെടെയും മുടി പറഞ്ഞാന്‍ അനുസരിക്കില്ല. എന്നാല്‍ അടുത്തകാലത്തായി സോണിയാഗാന്ധിയുടെ തലയി മുടി വേര്‍തിരിക്കാനായി ചീപ്പ് വലതുവശത്തേക്കാണോ കയറുന്നതെന്ന് സംശയം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും കരുണാകരപുത്രന്‍ മുരളിയും ഈ രീതിയില്‍ വലതു ഗ്രൂപ്പുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഈ വലതുചായ്‌വിന് അല്പം മലയാള മനോരമ ബന്ധമുണ്ട്. മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവും ചീകുന്നതില്‍ കുഞ്ഞൂഞ്ഞ് ശൈലിയാണ്. ജയ് ഹിന്ദ് ടി.വിയുടെ വിജയന്‍ തോമസ്, ഹിറ്റ്ലര്‍, കനിമൊഴി, ടോം വടക്കന്‍, ഡോ. ഉമാദത്തന്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാവ് സത്യന്‍ മോക്കേരി, മുന്‍ എം.എല്‍.എ പി. ബാലന്‍ (പാലക്കാട്), മുന്‍ മന്ത്രി എം. ടി. പത്മ, കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് തുടങ്ങിയവരും വലതു ചായ്വുള്ളവരാണ്.

എന്നാല്‍ അടുത്ത ദിവസം മന്ത്രിസഭാംഗങ്ങ‌ളുടെ ലിസ്റ്റുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ചെവിയുടെ രണ്ടു വശത്തും ഉയര്‍ന്നു വന്ന കൃതാവുകള്‍ ചിരി ഉണര്‍ത്തുന്നവയാണ്. ചെവികള്‍ക്ക് സമീപം ഇവ ഉയര്‍ത്തിയത് - കൊടിക്കുന്നില്‍ സുരേഷും ആന്റേ ആന്റണിയും. സലീം കുമാറിന്റെ ഹാസ്യവേഷം പോലെ പല്ലും ഇളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച് ഡല്‍ഹിയിലെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍ നമക്കും ചിരിക്കാതിരിക്കാനാവില്ല.

ഉമ്മന്‍ ചാണ്ടിക്ക് സ്നേഹമില്ലാത്തത് ആരോടാണ്! ശത്രുവിനെയും സ്നേഹിക്കുന്നു. നാട്ടുകാരുടെ, ബന്ധുക്കളുടെ, സുഹ്രുത്തുക്കളുടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ, തിരുമേനിമാരുടെ, അച്ചന്മാരുടെയും എല്ലാം വഴികാട്ടിയാണ്. 1985ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് കൊച്ചി ഓഫീസിലെത്തിയെപ്പോള്‍ എന്നെ കാണാനായി ഒരു ച്റുപ്പക്കാരന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ സംസാരിച്ചു. പുതുപ്പള്ളിയില്‍ നിന്ന് വരികയാണ്. കൈയില്‍ ഒരു കവറുമുണ്ട്. എന്റെ നേരെ നീട്ടി. കവറിലെ കത്തു വായിച്ചു: "എന്റെ നാട്ടിലുള്ള എന്റെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ മകനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഒഴിവ് മനോരമയിലുണ്ടെന്ന് അറിഞ്ഞു. ഈ കത്തുമായി വരുന്ന ജോര്‍ജ്ജ്കുട്ടിക്ക് ആ ഒഴിവ് ശരിയാക്കി കൊടുക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

കത്ത് വായിച്ച് ഞാന്‍ അല്പനേരം ആലോചിച്ചിരുന്നു. പയ്യന്റെ കൈയ്യില്‍ കരുതിയിരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ നോക്കി. വരപ്പുകള്‍ കൊള്ളാം. എന്നാല്‍ അന്വേഷിച്ചിറങ്ങിയ വഴി തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. പുതുപ്പള്ളിയും കോട്ടയവും തമ്മില്‍ വലിയ അകലമില്ല. കോട്ടയത്ത് മാത്തുക്കുട്ടിച്ചായനെ വിളിച്ച് ഉമ്മന്‍ ചാണ്ടി ഒരു വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുഖം വാടി. പരസ്യം വരും, അപ്പോള്‍ അപേക്ഷിക്കുക, ടെസ്റ്റ്-ഇന്റര്‍‌വ്യൂ എന്നിവ കടന്നുകിട്ടണം എന്ന് കൂടി വിവരിച്ചു കൊടുത്തു. പയ്യന്‍ എഴുന്നേറ്റു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു കലാകാരന്റെ വേദനയില്‍ എന്റെ മനസ്സും വേദനിച്ചു.

ഉമ്മന്‍ ചാണ്ടിയെപ്പറ്റി അതിനു മുമ്പ് 'അസാധു'വില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു സുഹൃത്ത് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. അമേരിക്കയില്‍ ഒരു ജോലി വേണം. ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ലെറ്റര്‍ ഹെഡ് എടുത്ത് മലയാളത്തില്‍ എഴുതി: "പ്രിയപ്പെട്ട പ്രസിഡന്റ് കെന്നഡി, ഈ കത്തുമായി വരുന്ന ജോയിക്കുട്ടി എന്റെ അടുത്ത സുഹൃത്ത് അവറാച്ചന്റെ മകനാണ്. അവിടെ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത് സഹായിക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

ഇപ്പോള്‍ നമുക്ക് കത്ത് വേണ്ടത് രമേശ് ചെന്നിത്തലക്കാണ് - "സോണിയ ജി, ഇതെന്റെ സുഹൃത്തിന്റെ മകനാണ്. മന്ത്രിയായില്ല. ഒരു ജോലി ഡല്‍ഹിയില്‍ തരപ്പെടുത്തണം."

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ