2010, ഏപ്രിൽ 29, വ്യാഴാഴ്‌ച







എ ചൂസ് മി











സ്ഥിരമായിട്ടല്ലെങ്കിലും വല്ലപ്പോഴുമൊക്കെ ചില ടെലിവിഷന്‍ സീരിയലുകള്‍ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും മുടങ്ങാതെ കാണുന്ന മൂന്നു സീരിയലുകളാണ് 'എന്‍റെ മാനസപുത്രി', 'പാരിജാതം', 'ദേവീമാഹാത്മ്യം' എന്നിവ.





ഏപ്രില്‍ 22 വ്യാഴം 'എന്‍റെ മാനസപുത്രി' കണ്ടുകൊണ്ടിരിക്കുമ്പോള്‍ കേട്ട ഒരു വാചകം മനസ്സിനെ എങ്ങനെയോ വേദനിപ്പിച്ചു. നേരിയ രീതിയില്‍ കീറിമുറിച്ചു. പ്രശസ്ത നടന്‍ ശ്രീനാഥ് വേഷമണിയുന്ന വ്യവസായിയായ ദേവന്‍ എന്ന കഥാപാത്രം പത്നി ജലജയോടും (ബീന ആന്‍റെണി  ആ വേഷത്തില്‍) മകളോടും (ശ്രീലത അഭിനയിക്കുന്നു) എടുത്തടിച്ച പോലെ പറയുന്ന ഒരു വാചകം: "അതിനു ഞാന്‍ ഉണ്ടാവില്ലടോ."


മനസ്സിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീനാഥ് പൊട്ടിത്തെറിച്ചു പറയുന്ന വാചകം പെട്ടെന്ന് കേട്ടപ്പോള്‍ മനസ്സിന് അല്പം നൊമ്പരം തോന്നി. അടുത്ത  ദിവസം ഞെട്ടലോടെ നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത ശ്രീനാഥിന്‍റെ  മരണത്തെപ്പറ്റിയാണ്. കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചുള്ള വേര്‍പെടല്‍. അറം പറ്റിയ പോലെ. 

എനിക്ക് വലിയ അടുപ്പമുള്ള സിനിമാക്കരനായിരുന്നില്ല ശ്രീനാഥ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഞാന്‍ അദ്ദേഹത്തെ കാണുന്നത്. പ്രശസ്തനായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'കലിക' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത്‌ നടക്കുന്നു. കലികയുടെ കഥാകൃത്തായ മോഹനനും (ബി. എം. സി. നായര്‍) ഒരുമിച്ചാണ് ഞാന്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയത്. ബാലചന്ദ്രമെനോനുമായുള്ള അടുപ്പമാണോ മോഹനുമായുള്ള ക്കമാണോ എന്നെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതെന്നറിയില്ല. ഞങ്ങളെ കണ്ടയുടന്‍ ഒരു കസേരയില്‍ ചാരിക്കിടക്കുകയായിരുന്ന ശ്രീനാഥ് ചാടിയെഴുന്നേറ്റു. ചാടിയെഴുന്നേല്‍ക്കുന്നതും വണങ്ങുന്നതും ഒരു സിനിമാശൈലി അല്ലാത്തതുകൊണ്ട് അന്ന് മുതല്‍ ശ്രീനാഥിനോട് സ്നേഹം തോന്നി.

ശ്രീനാഥിനെയും ശാന്തികൃഷ്ണയേയും ചേര്‍ത്ത് പല കഥകളും ആ കാലത്ത് ഞാന്‍ പത്രാധിപരായിരുന്ന കട്ട്‌-കട്ട്‌, ടക്-ടക് എന്നീ പ്രസിദ്ധീകരങ്ങളില്‍ എഴുതാനും മറന്നില്ല. സ്വന്തം ഒളിപ്രേമത്തെക്കുറിച്ചുള്ള രഹസ്യ അറ തുറന്നുകാണിക്കുന്നത് പല സിനിമാക്കാര്‍ക്കും ഇഷ്ടമുള്ളതല്ല. കെ.ജി. ജോര്‍ജ്- സെല്‍മ, കെ.പി.എ.സി. ലളിത-ഭരതന്‍, ശ്രീലത-നമ്പൂതിരി, ശങ്കരന്‍ നായര്‍-ഉഷാറാണി, സത്യന്‍ അന്തിക്കാട്‌-നിര്‍മ്മല, പാര്‍വതി-ജയറാം ബന്ധങ്ങളെപ്പറ്റി എഴുതിയ പ്രണയകഥകള്‍ ഒരു ജോഡി ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. 

എന്തായാലും പ്രിയപ്പെട്ട ശ്രീനാഥ് യാത്ര പോലും ചോദിക്കാതെ നമ്മളില്‍ നിന്നും അകന്നു പോയിരിക്കുന്നു. ചലച്ചിത്രരംഗത്തും, ടിവി രംഗത്തുമുള്ളവര്‍ അവരുമായി ബന്ധപ്പെട്ട സിനിമ ചടങ്ങുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടന്ന ദിവസം (ശനി, ഏപ്രില്‍ 24) വിട്ടുനില്‍ക്കുമെന്ന് ഞാന്‍ ആശിച്ചു. മൃതദേഹം രാവിലെ 11ന്‌ പൊതുദര്‍ശനത്തിനായി തിരുവന്തപുരം വി.ജെ.ടി. ഹാളില്‍ കൊണ്ടുവന്നു. ഉച്ചതിരഞ്ഞു 2.30ന്‌ മൃതദേഹം ശമശാനത്തു എത്തുന്നു. നാല് മണിയോടെ ശവസംസ്കാരചടങ്ങുകള്‍ കഴിയുന്നു. 5.30ന്‌ തന്നെ ഒരു ടെലിവിഷന്‍ അവാര്‍ഡ്‌ വിതരണവും തുള്ളലും. ഒരു ദിവസം അത് മാറ്റാന്‍ കഴിയാതെ വന്നു. മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി. ആചാരവെടി മുഴക്കി എല്ലാവരും തുള്ളിച്ചാടി. 

ശ്രീനാഥിന്‍റെ മരണവാര്‍ത്തയറിഞ്ഞ പല സിനിമാ  സുഹൃത്തുക്കളും അനുശോചിച്ചു. നല്ല പശയിട്ട ഖാദര്‍ സില്‍ക്ക് ജൂബ ധരിച്ചുകൊണ്ടാണ് ഇന്നസെന്‍റ് പ്രതികരിച്ചത്. മുഖത്ത് ദു:ഖം തളം കെട്ടിനിന്നു. എന്നാല്‍ നടന്‍ ജഗദീഷിന്‍റെ അനുശോചനസന്ദേശമാണ് ഏറെ ശ്രദ്ധേയമായതും ഹൃദയത്തെ പിടിച്ചുകുലുക്കിയതും. ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പല ചാനലുകളിലും വന്നു. എന്നാല്‍ ജഗദീഷിന്‍റെ വാചകങ്ങളില്‍ എന്തോ പന്തികേടുള്ളതുകൊണ്ട് പല ദിനപത്രങ്ങളും അത് ഒഴിവാക്കി. ശ്രീനാഥിന്‍റെ മരണവിവരം അറിഞ്ഞയുടന്‍ ജഗദീഷ് പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ: "എനിക്ക് കടുത്ത ദു:ഖമുണ്ട്. എന്നാല്‍ അദ്ദേഹം പലപ്പോഴും എനിക്ക് എക്സെന്‍ട്രിക് ആയി തോന്നിയുട്ടുണ്ട്. എന്തുകൊണ്ടാണെന്ന്  എനിക്ക് മനസ്സിലായിട്ടില്ല. എല്ലാ കാര്യത്തിലും ശ്രീനാഥ് അത്തരത്തിലായിരുന്നു."

ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായ പ്രൊഫ. ജഗദീഷ് പറഞ്ഞ എക്സെന്‍ട്രിക് പ്രയോഗം അദ്ദേഹത്തിനു ചേര്‍ന്നതാണോ എന്ന് ആലോചിക്കേണ്ടതാണ്. മരിച്ചു കഴിഞ്ഞു കയ്യില്‍ കരുതുന്ന റീത്ത്‌ കാരമുള്ള് കൊണ്ടുള്ളതായിരിക്കരുതല്ലോ. പറഞ്ഞത് വിവരക്കേടായിപ്പോയെന്നു എന്നെങ്കിലും ഈ പ്രോഫസര്‍ക്ക് തോന്നട്ടെ. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചലച്ചിത്രത്തില്‍ ജഗദീഷ് അഭിനയിക്കുന്ന ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രം പറയുന്ന വാക്കുകള്‍ ജഗദീഷ് തലകുനിച്ചു ഒരു നാള്‍ പറയുക: എ ചൂസ് മി!