2010, ജൂലൈ 24, ശനിയാഴ്‌ച


സി. രാധാകൃഷ്ണന്റെ കത്താത്ത സിഗരറ്റ്

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് തുല്യമാണ് ഒരു ചെറു പരസ്യത്തില്‍ അഭിനയിക്കുക എന്നത്. മാധ്യമങ്ങളിലായാലും വിവിധ ചാനലുകളിലായാലും നടി കാവ്യ മാധവനെപ്പോലെ മുഖം മിനുക്കിതിളങ്ങുന്ന രംഗങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. അടുത്ത കാലത്ത്  ഒരു സ്വര്‍ണക്കട സുഹൃത്ത്‌ പറയുകയുണ്ടായി: "ഞങ്ങളുടെ പുതിയ സ്വര്‍ണക്കടയുടെ ഉത്ഘാടനം നിര്‍വഹിക്കാനായി ഒരു പ്രസിദ്ധ ചലച്ചിത്രനടിയെ ഞാന്‍ ക്ഷണിക്കാന്‍ പോയി. പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പ്രതിലം ചോദിച്ചപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി. മുപ്പതു ലക്ഷത്തിന്റെ ഒരു പുതിയ വീട് കണ്ണൂരില്‍ ഒരുക്കിക്കൊടുക്കണമത്രെ. മാത്രമല്ല മുപ്പതു ലക്ഷത്തിന്റെ മറ്റൊരു വീട് എറണാകുളത്തും ശരിയാക്കണം."

മുഖത്ത് ഉണ്ണിമറുകുള്ള പ്രിയങ്കരിയായ നടിയുടെ ആവശ്യം കേട്ട് സ്വര്‍ണക്കട ഉടമ ആകെ തളര്‍ന്നു. "ഡീല്‍ ഓര്‍ നോ ഡീല്‍" തര്‍ക്കത്തിന്  ഒരുമ്പെടാതെ ആ മോഹത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. പകരം ലളിതമായ ചടങ്ങിലൂടെ റിബ്ബൺ മുറിച്ചും നിലവിളക്ക് കൊളുത്തിയും സ്വന്തം സ്വര്‍ണക്കടയുടെ മാറ്റ് അദ്ദേഹം വര്‍ധിപ്പിച്ചു.  

തമിഴ് നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് കറുപ്പയ്യ മൂപ്പനാര്‍ എപ്പോഴും  വെറും റബ്ബര്‍ ചെരുപ്പ് ധരിക്കുന്ന വ്യക്തിയായിരുന്നു. ഇന്ദിര ഗാന്ധിയെക്കാണാന്‍ പോകുമ്പോഴും വിമാനത്തില്‍ കയറുമ്പോഴും എല്ലാം റബ്ബര്‍ ചെരുപ്പ്. വലിയ ഭൂ ഉടമയും വ്യവസായശാലകളുടെയും അച്ചടിശാലകളുടെയും അവകാശിയും കറന്‍സി നോട്ടുകളുടെ മുകളില്‍ ശയിക്കുന്നവനുമായ മൂപ്പനാര്‍ എന്തുകൊണ്ട് വെറും നാല്‍പ്പതു രൂപയുടെ റബ്ബര്‍ ചെരുപ്പില്‍ സുഖം കാണുന്നു എന്നതിനുള്ള മറുപടി വളരെ വൈകിയാണ് ലഭിച്ചത്. ലതര്‍ ചെരുപ്പ് അദ്ദേഹത്തിന് ധരിക്കാനാവില്ല. ലതര്‍  അദ്ദേഹത്തിന്  അലര്‍ജിയാണ് . രാഷ്ട്രീയം പോലെ ചൊറിഞ്ഞു പൊട്ടും. ഇപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി മമതയും ഒരു മൂപ്പനാര്‍ ശൈലിക്കാരിയാണ്. അവര്‍ വര്‍ഷങ്ങളായി റബ്ബര്‍ ചെരുപ്പ് ധരിക്കുന്നു. ലതര്‍ ചെരുപ്പ് ധരിച്ചാല്‍ മമതക്ക് ചൊറിയുമോ എന്ന് ചോദിക്കുന്നത് ശരിയല്ല. ബംഗാളിന്റെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെന്ന് കേട്ടാലെ മമതക്ക് ചൊറിച്ചിലുണ്ടാകൂ. എന്നാല്‍ ജൂണ്‍ 21ന് കല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു  പ്രമുഖപത്രത്തില്‍ ഒരു മുഴു പേജ് പരസ്യം പ്രത്യക്ഷപ്പെട്ടു. "ധീരമായ കാല്‍വയ്പ്പുകള്‍" എന്ന തലക്കെട്ടോടെ. മമതയുടെ ഫോട്ടോയോടൊപ്പം വന്ന പരസ്യം ഇതോടെ വിവാദമായി മാറി. ചെരുപ്പ് കമ്പനിക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും ഇത് വരെ മമത ബാനര്‍ജി ഈ പരസ്യത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. 

എന്നാല്‍  തന്റെ പേരില്‍ പരസ്യം വന്നതിന്റെ പേരില്‍ പെട്ടെന്ന് പ്രതികരിക്കയും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തത് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ മാത്രമാണ്.  അദ്ദേഹത്തിന്റെ മുഖവുമായി പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ പുക പെട്ടെന്ന്  കെട്ടടങ്ങുകയും ചെയ്തു. അതിലെ വില്ലന്‍ ഒരു പ്രമുഖ സിഗരറ്റ് കമ്പനിയായിരുന്നു. അവരുടെ സിഗരറ്റും വലിച്ച് പുക വിട്ടുകൊണ്ട് രാധാകൃഷ്ണന്‍ എഴുതാന്‍ തയ്യാറാവുന്നു. അതായത് ഈ സിഗരറ്റ് കമ്പനിയുടെ സിഗരറ്റ് വലിച്ചാലെ സാഹിത്യകൃതികള്‍ സുഗമമായി പേനതുമ്പില്‍ ഒഴുകിയെത്തു എന്നതാണ് പരസ്യത്തിലെ സന്ദേശം. തെറ്റ് മനസ്സിലാക്കിയ നമ്മുടെ സാഹിത്യകാരന്‍ സിഗരറ്റ് കുറ്റി കുത്തിയൊടിച്ച് മാപ്പ് ചോദിക്കുകയും ചെയ്തു.

ചില പരസ്യങ്ങള്‍ ദുര്‍വിധി പോലെ നമ്മളിലേക്ക് കടന്നുവരാറുള്ളത് ദുഃഖത്തോടുകൂടി തന്നെ ഓര്‍ക്കാറുണ്ട്. ഒരു കാലത്ത് ചന്ദ്രിക സോപ്പിനെപ്പറ്റി നല്ല സുഗന്ധമുള്ള എട്ടുവരി കവിത എഴുതാന്‍ വയലാര്‍ രാമവര്‍മ രംഗത്ത് വരികയുണ്ടായി. എന്നാല്‍ അവസാനകാലത്ത് ചന്ദ്രിക സോപ്പിനോടൊപ്പം തീപ്പെട്ടി kuജന്യമായി നല്‍കുന്ന പദ്ധതി ചന്ദ്രികയുടെ സി. ആര്‍. കേശവന്‍ വൈദ്യര്‍ നടപ്പാക്കി. കടയില്‍ ഇത് കാണുമ്പോള്‍ അന്നത്തെ കാലത്ത് എന്തോ പന്തികേട്‌ എന്റെ മനസ്സിലൂടെ കടന്നു പോകുമായിരുന്നു. ചിന്തിക്കാന്‍ പാടില്ലാത്തത് ചെറിയ പുക പോലെ ചിന്തിക്കുകയും ചെയ്തു. സോപ്പും തീയും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം കേശവന്‍ വൈദ്യരുടെ വേര്‍പാട് അദ്ദേഹത്തിന്റെ പരിചയക്കാരനായ എന്നെ വേദനിപ്പിച്ചു. അത് പോലെ തന്നെയാണ് കെ. പി. എ. സി. ലളിത അഭിനയിക്കുന്ന ഒരു വാട്ടര്‍ പമ്പ്‌ സെറ്റിന്റെ പരസ്യം ചാനലുകളില്‍ വന്നത്. ഭരതന്‍ ജീവിച്ചിരിക്കുന്ന കാലം. പമ്പ്‌ സെറ്റിനെപ്പറ്റി ലളിത പറയുന്ന മുദ്രാവാക്യങ്ങളെ വെല്ലുന്ന വാക്കുകള്‍ പരസ്യത്തില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു. 

ആ പരസ്യം അരോചകമായി എനിക്ക് തോന്നി. ഭരതന്‍ സുഖമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സമയമായിരുന്നത്‌ കൊണ്ടാണ് ഈ പരസ്യത്തോട്‌ വെറുപ്പ്‌ തോന്നിയത്. അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍പെട്ട രക്തം കൊടുക്കാന്‍ എല്ലാ ദിവസവും ആശുപത്രിയില്‍ ആളെ എത്തിക്കാന്‍ ചെന്നെയിലുള്ള എന്റെ മകന്‍ സാനു ഏറെ ഉത്സാഹം കാണിച്ചിരുന്നു. ആശുപത്രിയില്‍ പോയി ഞാന്‍ ഭരതനെ കാണുകയുണ്ടായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തി. മരണവാര്‍ത്തയും പമ്പ്‌ സെറ്റിന്റെ പരസവും ഒരുമിച്ചു തന്നെ ചാനലില്‍ വരികയുണ്ടായി. 

മുമ്പ് ഇതേ രീതിയില്‍ ഒരു ചാനല്‍ പരസ്യത്തില്‍ കവിയൂര്‍ പൊന്നമ്മ സ്ഥിരം പ്രത്യക്ഷപ്പെട്ടു നമ്മുടെ മനസ്സിനെ കീഴടക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം നമ്മള്‍ കേള്‍ക്കുന്നത് പൊന്നമ്മയുടെ ഒരു സഹോദരിയും നടിയുമായ കവിയൂര്‍ രേണുകയുടെ മരണമാണ്. എന്നാല്‍ പരസ്യത്തിനു മാറ്റമുണ്ടായില്ല. എന്നാല്‍ നിങ്ങളുടെ സ്വര്‍ണത്തിന് സുരക്ഷിതത്വവും സ്ഥിര വരുമാനവും എന്നൊരു പരസ്യത്തില്‍ അടുത്തിടയായി ഇന്നസെന്റും കെ. പി. എ. സി ലളിതയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നു. സിനിമയിലെപ്പോലെ ഒട്ടിപ്പിടിച്ചുള്ള ഇരുപ്പ്. സ്വര്‍ണശേഖരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്ലതെങ്കിലും ഈ രുപ്പിന് എന്ത് പരിരക്ഷയെന്നു ചിന്തിച്ചു പോവുകയാണ്. സതേൺ ജുവലെഴ്സുകാര്‍ ഇന്നസേന്റിനോടും ലളിതയോടും പലതും പറയും. എകിലും ഒരു പരസ്യത്തിനു വേണ്ടി ഇത്രയങ്ങു ചരിഞ്ഞുകൊടുക്കെണ്ടാതില്ലയെന്നേ പറയാന്‍ കഴിയൂ.

കേരള സര്‍ക്കാര്‍ നാല് വര്ഷം പൂർത്തിയാക്കിയതിന്റെ ആഘോഷം വെടിക്കെട്ടോടുകൂടിയാണ് പരസ്യങ്ങളായി പ്രത്യക്ഷപ്പെടുന്നത്. കോടിക്കണക്കിന് രൂപയാണ് പത്രങ്ങളായ പത്രങ്ങളിലേക്ക് ഒഴുകുന്നത്. കേരള സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് ഇരുപത്തിനാല് മണിക്കൂറും എതിര്‍ക്കുന്ന ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയുള്ള പരസ്യങ്ങള്‍ വേണ്ടെന്നു വയ്ക്കാതെ വായനക്കാരന്റെ കണ്ണില്‍ പൊടിയിട്ട് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതാണ് സത്യാവസ്ഥ. ഓരോ മന്ത്രിയുടെയും ഒപ്പം മുഖ്യമന്ത്രിയുടേയും ഫോട്ടോ പതിച്ച ഫുള്‍ പേജ് പരസ്യങ്ങള്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അടുത്തിടെ അച്ചടി വകുപ്പിന്റെതായി വന്ന ഒരു പരസ്യമായിരുന്നു നമ്മളെ ഏറെ ആകര്‍ഷിച്ചത് - അച്ചടിവകുപ്പ് തലവന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നരച്ച മുടിയും പറപ്പിച്ച് മാമുക്കോയയെപ്പോലെ ചിരിച്ചുകൊണ്ട് നടന്നു വരുന്ന രംഗം. നീണ്ട വെള്ള ഖദര്‍ കുപ്പായവും വെള്ള മുണ്ടും അദ്ദേഹം ധരിച്ചിരിക്കുന്നു. പതിവില്ലാതെ മുട്ടിനുതാഴെ വരെയുള്ള ഷ൪ട്ടാണ്  മുഗള്‍ രാജാക്കന്മാരെപ്പോലെ അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇത്ര മാത്രം നീണ്ട ഇറക്കത്തില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലേണ്ടതുണ്ടോ കടന്നപ്പള്ളീ? ഒരു പാവം കുട്ടിക്ക് ചെറിയൊരു കുപ്പായം തുന്നാനുള്ള തുണി ആ നീളന്‍ കുപ്പായത്തിലുണ്ട് എന്നതാണ് സത്യം. അഴിച്ചാലും തീരാത്ത സാരി പാഞ്ചാലിക്കുണ്ടായിരുന്നു. പ്പോള്‍ തീരാത്ത നീളത്തില്‍ ഒരു മന്തിക്കുപ്പായം! നവീകരണത്തിന്റെ നാഴികക്കല്ലുകള്‍ പഴയ സുഹൃത്തായ കടന്നപ്പള്ളി രാമച്ചന്ദ്രനിലൂടെ നമുക്ക് പ്രതീക്ഷിക്കാമെന്ന് വിശ്വസിക്കട്ടെ.

2010, ജൂലൈ 17, ശനിയാഴ്‌ച

ജനകീയ പോലീസും വയറുവേദനയും

'പറ മുമ്പേ പാര്‍വത്യകാര്‍ പിന്നാലെ' എന്നൊരു ചൊല്ല് പണ്ടുകാലതുണ്ടായിരുന്നു. ചൊല്ലില്‍ പറ പിന്നാലെയായിരുന്നോ എന്ന സംശയവും ഉണ്ട്. നെല്ല് അളക്കാനുപയോഗിക്കുന്ന പാത്രമാണ് പറ. പാര്‍വത്യകാര്‍ ഇപ്പോഴത്തെ വില്ലജ് ഓഫീസര്‍. കേരളത്തില്‍ സി. പി. രാമസ്വാമി അയ്യരുടെ കാലത്തായിരുന്നു സര്‍ക്കാരിലേക്കുള്ള നെല്ലെടുപ്പ് സജീവമായത്. നെല്‍കൃഷി ഉള്ളവര്‍ പത്തായത്തിലും അറപ്പുരയിലുമായി സൂക്ഷിക്കുന്ന നെല്ലിന്‍റെ ഒരു വീതം അളന്ന് സര്‍ക്കാരിന്റേതായി മാറ്റുന്ന ജോലി 'പാര്‍വത്യകാര്‍' ആണ് ചെയ്തിരുന്നത്. ഒളിച്ചു വെച്ചിരിക്കുന്ന നെല്ല് പിടിച്ചെടുക്കാനും അധികാരമുണ്ട്. നെല്ലെടുപ്പിനായി എത്തിയതറിഞ്ഞാല്‍ നെല്ല് കര്‍ഷകര്‍ക്ക് പേടിയാണ്. പഴയ കാലത്ത് ഏറെ അധികാരമുള്ള ഈ ഉദ്യോഗസ്ഥന്‍ നല്ല ശതമാനം കൃഷിക്കാരുടെയും ശത്രുവായി മാറി. ഒരു നെല്‍ക്കതിര്‍ പോലും ഒളിച്ചുകടത്താന്‍ കഴിയാത്ത സ്ഥിതി. പോലീസ് സഹായവും എപ്പോഴും ഉണ്ടായിരിക്കും. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന പാട്ടും പാടശേഖരങ്ങളില്‍ ഉയര്‍ന്നിരുന്നില്ല. അങ്ങനെ പറക്കു പിന്നില്‍ നിന്ന് അനേകം കാഴ്ചകള്‍ കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.

പറ കറങ്ങിത്തിരിഞ്ഞിരുന്നത് കൊച്ചിയില്‍ കുന്നത്തുനാട് ഭാഗത്തായിരുന്നു. പറക്കു പിന്നാലെ സഞ്ചരിച്ചിരുന്ന കുന്നത്തുനാട്ടിലെ 'പാര്‍വത്യകാര്‍' എന്‍റെ പിതാവായിരുന്നു. പരേതനായ ജോണ്‍ മത്തായി. മാവേലിക്കരക്കാരനായിരുന്ന ഈ മുറി മീശക്കാരന്‍ ഏറെ വര്‍ഷക്കാലം തൃക്കാക്കരയിലായിരുന്നു താമസിച്ചിരുന്നത്. പഴയ തറവാട്ടുകാരായ 'മലമേല്‍' വീടിന്‍റെ അയല്‍വശം. മലമേലെ ആശാന്‍ ഞങ്ങള്‍ക്ക് പ്രിയമായിരുന്നു. എല്ലാ ദിവസവും ആശാന്‍ വീട്ടില്‍ വരും. ഒരു പാട്ട് പാടാന്‍ ഞാനും സഹോദരി ലീലമ്മയും ആവശ്യപ്പെടും. ആശാന്‍ ചോദിക്കും: "മഞ്ഞപ്പാട്ട് പാടണോ, പൂപ്പാട്ടു പാടണോ?" മഞ്ഞപ്പാട്ട് പാടാന്‍ ഞങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ ആശാന്‍റെ മറു ചോദ്യം: "പൂപ്പാട്ടിനെന്താ കുഴപ്പം?" എങ്കില്‍ പൂപ്പാട്ട് പാടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആശാന് വീണ്ടും സംശയം: "മഞ്ഞപ്പാട്ടിനെന്താ കുഴപ്പം?" എന്നാല്‍ രണ്ടു പാട്ടും പാട് എന്ന് പറയുമ്പോള്‍ ഉച്ചത്തില്‍ അവ രണ്ടും മാറി മാറി പാടി ഞങ്ങളെ സന്തോഷിപ്പിക്കും. ഇത് അമ്പതു വര്‍ഷം മുമ്പുള്ളത്. ഇന്ന് മലമേല്‍ ആശാന്‍ ഓര്‍മ്മയായി മാറി. മലമേലെ പിന്‍തലമുറക്കാര്‍ എറണാകുളത്തെ സാനിട്ടറി ഉപകരണങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തങ്ങളുടേയും ആശാന്‍മാരായി മാറിയിരിക്കുന്നു. അവരുടെ പ്രവര്‍ത്തങ്ങളില്‍ മഞ്ഞപ്പാട്ടിന്‍റെയും പൂപ്പാട്ടിന്‍റെയും ചെറുതാളം നമുക്ക് കേള്‍ക്കാനാകും.

തൃക്കാക്കരയിലെ വീട്ടില്‍ നിന്ന് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പ്രൈമറി സ്കൂളിലെത്താന്‍ മൂന്നു  നാല് കിലോമീറ്ററെങ്കിലും നടക്കണമായിരുന്നു. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തൃക്കാക്കര അമ്പലത്തിന് സമീപമുള്ള മോടിശ്ശേരി എന്ന വീട്ടിലെ തങ്കമ്മയും കൂട്ടിനുണ്ടാകും. രണ്ടാം ക്ലാസ്സ്‌ മുതല്‍ നാല് വരെ തങ്കമ്മയായിരുന്നു ബോഡി ഗാര്‍ഡ്‌. ചുറ്റും കൈവരികളൊന്നുമില്ലാത്ത തടിപ്പാലവും കടന്നു വേണം സ്കൂളില്‍ എത്താന്‍. നടപ്പിനിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വെള്ളത്തില്‍ വീഴും. അവിടം കഴിഞ്ഞാല്‍ ഇടപ്പള്ളി മാര്‍ക്കറ്റിനു സമീപമുള്ള തായങ്കേരി വീട്. ഗൃഹനാഥന്‍ ഇട്ടിരചേട്ടന്‍. കൈയില്‍ കരുതുന്ന ചോറ് ആ വീട്ടില്‍ വെച്ചാണ് ഉച്ചക്ക് കഴിക്കാറുള്ളത്. തായങ്കേരി വീടിന് തൊട്ട് ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍.

അക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ വെച്ച് ഇടയ്ക്കിടെ വയറുവേദന വരിക പതിവായിരുന്നു. തായങ്കേരി വീട്ടില്‍ ചോറ് പാത്രം വെച്ച ശേഷം ആ വീട്ടില്‍ നിന്ന് ഇറങ്ങി മുമ്പോട്ടു നീങ്ങുന്നതോടെ വയറുവേദന ആരംഭിക്കും. സ്കൂള്‍ അടുക്കുന്തോറും വേദന കൂടും. കലശലായ വേദന. കൈ കൊണ്ട് വയര്‍ തിരുമ്മും. പോലീസ് സ്റ്റേഷന് മുമ്പിലെത്തിയാല്‍ പിന്നെ കാല് മുമ്പോട്ടു ചലിക്കില്ല. കൂടെ വരുന്ന പെണ്‍കുട്ടിക്കാണെങ്കില്‍ കടുത്ത അരിശം. "പതിവ് വേദന" എന്ന് കളിയാക്കി പറഞ്ഞുകൊണ്ട് തങ്കമ്മ സ്കൂളിലേക്ക് നീങ്ങും. എന്നാല്‍ ഞാന്‍ സ്റ്റേഷന് മുന്നില്‍ തന്നെ ഒരു പ്രശ്നപരിഹാരത്തിനായി നിലയുറപ്പിക്കും. അപ്പോള്‍ ഒരു പോലീസുകാരന്‍ സ്റ്റേഷനില്‍ നിന്ന് തെളിവെടുപ്പിനായി ഇറങ്ങി വരും.

"മോനെന്താ കരയുന്നത്? എന്ത് പറ്റി?" അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിക്കും. എന്‍റെ വയറുവേദനകഥ പറഞ്ഞുകഴിയുമ്പോള്‍ തന്നെ എഫ്. ഐ. ആര്‍. തയ്യാറാക്കാനായി എന്നെയും കൂട്ടി അദ്ദേഹം സ്റ്റേഷനിലേക്ക് നടക്കും. തെളിവെടുക്കാനല്ലെങ്കിലും അദ്ദേഹത്തിന്‍റെ സമീപത്തുള്ള സ്റ്റൂളില്‍ എന്നെ ഇരുത്തും. അതിനുശേഷം മറ്റ് പോലീസുകാര്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിക്കൊടുക്കും. "തൃക്കാക്കരയിലെ പാര്‍വത്യയാര്‍ ജോണ്‍ സാറിനെ അറിയില്ലേ, അദ്ദേഹത്തിന്‍റെ മകനാണ്. എന്‍റെയൊരു അടുപ്പക്കാരനാണ് ജോണ്‍ സാര്‍."

അവിടെയുള്ള പോലീസുകാര്‍ മാത്രമല്ല, തടവുപുള്ളികള്‍ വരെ എന്നെ ശ്രദ്ധിച്ച് നോക്കും. സ്റ്റേഷനില്‍ പരാതിയുമായി വന്ന ആരെയെങ്കിലുംകൊണ്ട് അടുത്തുള്ള വൈദ്യശാലയില്‍ അയച്ച് ഈ പോലീസുകാരന്‍ അരിഷ്ടം വരുത്തിത്തരും.

"മോനിത് വലിച്ചു കുടിക്ക്. വേദന പമ്പ കടക്കും." ഞാന്‍ അത് അകത്താക്കും. വയറുവേദന മാറും. വേദന മാറിയാലുടന്‍ ഞാന്‍ സ്കൂളിലേക്ക് പോകും. അപ്പോഴേക്ക് ക്ലാസ്സ്‌ തുടങ്ങിക്കഴിഞ്ഞിരിക്കും. ക്ലാസ്സില്‍ കയറുമ്പോള്‍ എന്‍റെ വയറില്‍ നോക്കി തങ്കമ്മ ചിരിക്കും. അടുതിരിക്കുന്ന കൂട്ടുകാരികളുടെ ചെവിയില്‍ എന്‍റെ 'പെയിന്‍' കാര്യം മന്ത്രിക്കും. അവരെല്ലാവരും കുനിഞ്ഞിരുന്ന് ചിരിക്കും.

ഇതിനിടയില്‍ വയറുവേദനകഥ വീട്ടിലും എത്തി. കഥ കേട്ട് പിതാവ്‌ ചിരിച്ചു. ദേഷ്യം മുഴുവന്‍ അമ്മക്കാണ്. ഇഞ്ചി ചതച്ചു നീരെടുത്ത് എന്നെ കുടിപ്പിക്കാനും അമ്മ ശ്രമിച്ചു. സ്കൂളില്‍ പോകുന്നതിനേക്കാള്‍ ഉത്സാഹം പോലീസ് സ്റ്റേഷനിന്‍റെ മുമ്പില്‍ നിന്ന് വയറു തിരുമ്മുന്നതിലായിരുന്നു. തൃക്കാക്കരയുടെ ജോണ്‍ സാറിന്‍റെ പുത്രനാണല്ലോ എന്ന് കരുതി പോലീസുകാരന്‍ മടികൂടാതെ പ്രശ്നം കൈകാര്യം ചെയ്തു തുടങ്ങി. വയറുവേദന വരും, പോകും.

ഒരു ദിവസം രാവിലെ വീട്ടില്‍നിന്ന് സ്കൂളിലേക്ക് പുറപ്പെട്ടു. തായങ്കേരി വീട്ടില്‍ ചോറുപാത്രം വച്ചശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ആള്‍ക്കൂട്ടം. എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴല്‍. സ്റ്റേഷന് മുമ്പില്‍ നിന്ന് വയറ് തടവാന്‍ ഞാന്‍ കൈ ഉയര്‍ത്തിയില്ല. അല്പം ഭയത്തോടെ കൈ താഴ്ത്തിപ്പിടിച്ചു. തായങ്കേരിയിലെ ഇട്ടിരാചേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞു: "മോനേ, ഇന്നലെ രാത്രി കുറെ കമ്മ്യൂണിസ്റ്റ്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രണ്ടു പോലീസുകാരെ കൊന്നെട്ടോ. ഓരോ വീടും പോലീസുകാര്‍ കയറിയിറങ്ങുകയാ."
ഇട്ടിരാചേട്ടന്‍ തുടര്‍ന്നു: "വീട്ടില്‍ കേറി വന്ന് പോലീസുകാര്‍ എന്നേം ചോദ്യം ചെയ്തട്ടോ. ഒരു പോലീസുകാരന്‍ ലാത്തി കൊണ്ട് എന്‍റെ നെഞ്ചത്തടിച്ചു."

പോക്കറ്റില്‍ നിന്ന് ഇട്ടിരാചേട്ടന്‍ ഒരു തീപ്പട്ടിക്കൂട് എടുത്തു കാണിച്ചു. നെഞ്ചത്തെ ശക്തമായ അടിമൂലം തീപ്പട്ടിക്കൂട് ചതഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ഞാന്‍ ഭയപ്പെട്ടു. ഇട്ടിരാചേട്ടന്‍ എന്നെ ഉപദേശിച്ചു: "ഇതിലെ പോവണ്ടാട്ടോ. അങ്ങേപ്പുറത്തെ റോഡിലൂടെ കേറി സ്കൂളിലേക്ക് പോ. വേഗം."

1950 ഫെബ്രുവരി 28 രാത്രിയിലായിരുന്നു പ്രസിദ്ധമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം. രണ്ടു പോലീസുകാരാണ് ദാരുണമായി കൊല്ലപ്പെട്ടത്‌. വേലായുധനും മാത്യുവും. മാത്യു എന്ന പേര് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. തിരിഞ്ഞു നിന്ന് സ്ലേറ്റും പുസ്തകവും മുഖത്തോട് ചേര്‍ത്തുപിടിച്ചു ഞാന്‍ കരഞ്ഞു. കൊല്ലപ്പെട്ട പോലീസുകാരന്‍ മാത്യു പ്രഭാതങ്ങളിലെ എന്‍റെ പുതിയ സുഹൃത്തായി മാറിയ വ്യക്തിയായിരുന്നു. സ്കൂളില്‍ പോകാന്‍ മടി കാണിച്ച് ഞാന്‍ വയറുവേദന അഭിനയിക്കുമ്പോള്‍ എന്നെ വാത്സല്യപൂര്‍വ്വം സ്റ്റേഷനില്‍ കൊണ്ടിരുത്തി മറുമരുന്ന് തന്നു കൊണ്ടിരുന്ന മാത്യുസര്‍.

ആ ഓര്‍മ്മ ഇന്നും എന്നില്‍ വേദനയുണ്ടാക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഇടപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോകാറുള്ളപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഫെബ്രുവരി 28ന് ശേഷം എനിക്ക് വയറുവേദന അനുഭവപ്പെട്ടിട്ടില്ല. പഠിക്കുന്ന കുട്ടിയായി മാറാനും കഴിഞ്ഞു.

അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ഞാന്‍ 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ 'ജനയുഗം' ദിനപത്രത്തിന്‍റെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റ്‌ ആയി. ജോലിയില്‍ പ്രവേശിച്ച ദിവസം ഇടപ്പള്ളിയില്‍ കൊല്ലപ്പെട്ട മാത്യുവിനെ ഞാന്‍ ഓര്‍ത്തു. ശൂരനാട് കൊലക്കേസിലെ സബ് ഇന്‍സ്പെക്ടറുടെ കാലിലെ തുടയില്‍ നിന്ന് മാംസം ചെത്തിയെടുത്ത സംഭവമും ഓര്‍മ്മയില്‍ ഓടിയെത്തി. ആദ്യത്തെ കുറെ ദിവസങ്ങള്‍ ഭയത്തോടെയാണ് ജനയുഗത്തില്‍ പോയതും വന്നതുമെല്ലാം.

ഇടപ്പള്ളി കേസിലെ പ്രതികളിലൊരാളായ കെ. സി. മാത്യുവിന്‍റെ അയല്‍പക്കത്തായിരുന്നു ഞങ്ങളുടെ താമസവും. മറ്റൊരു പ്രതിയായ എം. എം. ലോറന്‍സിന്‍റെ സുഹൃത്തായി ഞാനിപ്പോള്‍ മാറി. മുന്‍ ധനമന്ത്രി വിശ്വനാഥമേനോനാണ് മറ്റൊരു പ്രതി. തടിച്ച പുരികം ചുളിച്ചുള്ള അദ്ദേഹത്തിന്‍റെ സ്നേഹപൂര്‍വമായ ചിരിയും തലോടലും മറക്കനാവുന്നതല്ല. ഈ ക്രൂരകൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ടാവില്ലെന്ന് ഞാന്‍ മാറിമറിച്ച് ചിന്തിക്കുകയാണ്.

മാത്യുസാറിന്‍റെ മുഖം അവ്യക്തമായ ഓര്‍മ്മ മാത്രം. അദ്ധേഹത്തിന്‍റെ നാടും വീടും എവിടെയായിരുന്നു എന്നെനിക്കറിയില്ല. വേദന അഭിനയിച്ച് വയറ് തടകാനായി ഉയര്‍ത്താറുണ്ടായിരുന്ന എന്‍റെ ചെറുകൈ ഉയര്‍ത്തി പ്രിയ മാത്യുസാറിനെ ഞാന്‍ സല്യൂട്ട് ചെയ്യട്ടെ.

2010, ജൂലൈ 10, ശനിയാഴ്‌ച

കാ-കാ-ക

ശരീരത്തിലെ വിവിധ അവയവങ്ങളുടെ ചലനമാണ് ഒരു വ്യക്തിയുടെ ശക്തി. നെറ്റിചുളിച്ചും കണ്ണിറുക്കിയും ചെവിയില്‍ വിരല്‍ കയറ്റി കറക്കിയും മൂക്കിലെ രോമം പിഴിതും പല്ല് കടിച്ചും പല്ലിന്‍റെ ഇടയില്‍ കുത്തിയും നാക്ക് ചൊറിഞ്ഞും ശേഷം പ്രതികരിച്ചും പിന്നീട് നിഷേധിച്ചും മുഖശ്രീ വരുതുന്നവരാണ് നാമെല്ലാവരും. എന്നാല്‍ കൈകൊണ്ടും കാലുകൊണ്ടും കഴിയുന്നത്ര കസര്‍ത്ത്‌ കാണിച്ച് ജനശ്രദ്ധ ആവുന്നത്ര പിടിച്ചെടുക്കുന്നവരാണ് പലരും. പ്രസംഗവേദിയില്‍ ഒപ്പം ഇരിക്കുന്നവരുടെ പിന്നിലൂടെ കസേരക്ക് മുകളിലൂടെ കൈ നീട്ടിയിട്ട് ഒപ്പമിരിക്കുന്നവരെ ഇടിച്ചുനിരത്തിക്കൊണ്ട് സ്വന്തം ശ്രദ്ധയും ശക്തിയും ചിലര്‍ എടുത്തുകാണിക്കുന്നു.

പ്രശസ്ത ക്രിക്കറ്റ്‌ സാഹിത്യകാരന്‍ കെ. എല്‍. മോഹനവര്‍മ്മ ഏതു വേദിയിലിരുന്നാലും കൈ സമീപവാസിയുടെ കസേരക്ക് പുറത്തുകൂടി തിരിച്ചു വിടുക പതിവാണ്. മോഹനവര്‍മ്മയെപ്പോലെ കൈ കൊണ്ട് ക്രിക്കറ്റ്‌ ബോള്‍ എറിയുന്ന അനേകം പേരുണ്ട്. സമീപത്തു നില്‍ക്കുന്നവരെ ഇരു കൈകള്‍ കൊണ്ടും ഇടിച്ചു മാറ്റി നിര്‍ത്താനും ചിലര്‍ ഒരു ഒരുമ്പെടാറുണ്ട്.

എന്നാല്‍ കാലുമാറ്റം, കാലുവാരല്‍, കാലുപിടിക്കല്‍, കാല്‍തൊട്ടുവന്ദനം, കാല്‍പന്തുകളി എന്നിവയ്ക്കൊക്കെ സാക്ഷിയാകാറുള്ള കാലുകളുടെ വിവിധതരം സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ ഡല്‍ഹിയിലെത്തിയാലും കാഷ്മീരിലായാലും ഗള്‍ഫിലായാലും കാലുകള്‍ കവച്ചുവെച്ചിരിക്കുന്ന രംഗം കണ്ടാല്‍ ആരും മുഖം കുനിച്ച് ഒന്ന് നോക്കാതിരിക്കില്ല. പ്രസംഗവേളയില്‍ സുകുമാര്‍ അഴീക്കോട് ഒരു കാലു വിറപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതി മോഹന്‍ലാലിനെയും ഇന്നസെന്റിനെയും കുങ്കുമം ചുവക്കുന്ന കഴുതകളായി ചിത്രീകരിക്കുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണ്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒരു കൈയിലെ തള്ളവിരലും ചൂണ്ടു വിരലും ചേര്‍ത്ത് പിടിച്ച് ഉരച്ചുരച്ച് അഗ്നി സൃഷ്ടിക്കുക പതിവായിരുന്നു.

ഭൂരിപക്ഷം വ്യക്തികളും "കാ-കാ-ക" പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. അതായത്‌ കാലിന്മേല്‍ കാലു യറ്റുന്നവര്‍. ട്രെയിന്‍ യാത്രക്കിടയില്‍ സമീപത്തിരിക്കുന്ന വ്യക്തിയുടെ മടിയില്‍ കാലു വരത്തക്ക രീതിയില്‍ ഒരു കാല്‍ മറ്റേ കാലിന്‍റെ പുറത്തുകൂടി പൊക്കിവെക്കുകയും ഷൂ ഇട്ടിരിക്കുന്ന കാലിനടിയിലെ കുതിരച്ചാണകം സഹയാത്രികന്‍റെ മടിയിലേക്ക് വീഴ്ത്തുകയും ചെയ്യുന്ന കാഴ്ച സാധാരണയാണ്. കാലിന്മേല്‍ കാല് ചലച്ചിത്രരംഗത്താണ് കൂടുതലും തിളങ്ങിക്കാണുന്നത്. പ്രതിഭലത്തുക കോടികളായി മാറുന്നതോടെ കാല് കാലില്‍ കയറുന്നത് ഹോളിവുഡ് സ്റ്റൈലില്‍ എത്തിയിട്ടുണ്ട്. ഭരത് അവാര്‍ഡ്‌ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി വേദിയില്‍ നടന്നു കയറിചെല്ലേണ്ടി വന്നതുകൊണ്ട് കാല് പൊക്കിവെക്കാനായില്ലെങ്കിലും ധരിച്ചിരിക്കുന്ന കുപ്പായത്തിന്‍റെ മുമ്പിലെ ബട്ടനുകളെല്ലാം മാറ്റിയിരുന്നതുകൊണ്ട് നെഞ്ചിലെ രോമങ്ങളാണ് രാഷ്ട്രപതിയുടെ മുന്നില്‍ തിളങ്ങിയത്. കാല് പൊക്കി വെക്കുന്നതില്‍ മോഹന്‍ലാലും മോശക്കാരനല്ലെന്നറിയാം. അടുത്ത കാലത്ത് വന്ന ചില പരസ്യങ്ങളില്‍, അഭിമുഖങ്ങളില്‍ കാല് കാലിന്‍റെ മുകളിലാക്കി വെച്ചാണ് അദ്ദേഹത്തിന്‍റെ ഇരുപ്പ്. കൈത്തറിയുടെ അംബാസഡറായ അദ്ദേഹം കൈത്തറികളെപ്പറ്റിയുള്ള പത്രപരസ്യങ്ങളിലും കാല് കാലിന്മേല്‍ കുരുക്കിയാണ് നമ്മള്‍ കണ്ടത്. കൈത്തറിയുടെ വിനയം കാലിനും വേണ്ടതായിരുന്നു. നീണ്ട കാലുകളായതിനാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയുടെ ഒരു കാലിനു മറ്റേ കാലിനെ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് തന്‍റെ കാലുകള്‍ അടുപ്പിച്ച് ഒട്ടിച്ചു വച്ച സ്ഥിതിയില്‍ വിനയത്തോടെ ഇരിക്കുന്ന കാഴ്ചയാണ് സ്വദേശത്തായാലും വിദേശത്തായാലും നമുക്ക് കാണാന്‍ കഴിയുന്നത്. വിദേശയാത്ര നടത്തുന്ന നമ്മുടെ ചില കേന്ദ്രമന്ത്രിമാരും ഐ. എ. എസുകാരും വിദേശത്തുപോയി വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതു തന്നെ കാലിന്മേലുള്ള കാലുമായിട്ടാണ്. എസ്. എം. കൃഷ്ണയും, പ്രണബ്‌ മുഖര്‍ജിയും, പി. ചിദംബരവും, ഇ. അഹമ്മദും, പ്രധാനമന്ത്രിയുടെ സെക്രട്ടറി ടി. കെ. എ. നായരും ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൌളയും ശിവശങ്കരമേനോനും കാല് പൊക്കുന്നതില്‍ കണിശക്കാരാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മാവേലിക്കര കറ്റാനം സെന്‍റ് തോമസ്‌ ഹോസ്പിറ്റലില്‍ നടന്ന ഒരു ചടങ്ങ് ഓര്‍മ്മയില്‍ എത്തുകയാണ്. വിദേശസഹായത്തോടെ ആരംഭിച്ച ഒരു വാര്‍ഡിന്‍റെ ഉത്ഘാടനവും ഒപ്പം കലാമേളയും. വാര്‍ഡിന്‍റെ ഉത്ഘാടനം ഒരു തിരുമേനിയാണ് നിര്‍വഹിച്ചത്. കലാമേളയുടെ ഉത്ഘാടനം ഈ ലേഖഖനും. നിറഞ്ഞ സദസ്സ്. വേദിയില്‍ മൂന്നോ നാലോ തിരുമേനിമാരുണ്ട്. മറ്റു ചില പ്രമുഖരും. മധ്യത്തില്‍ മലങ്കര സഭയുടെ ദിവംഗതനായ ബെനഡിക്ട് മാര്‍ഗ്രിഗോറിയോസ്‌ തിരുമേനി. വേദിയിലെ എല്ലാവരും തന്നെ കാലിന്മേല്‍ കാല് കയറ്റിവെച്ചുള്ള ഇരുപ്പാണ്. ബെനഡിക്ട് മാര്‍ഗ്രിഗോറിയോസ്‌ മാത്രം വളരെ വിനയത്തോടെ കാലുകള്‍ക്ക് വിനയം കല്പ്പിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ അടങ്ങിയിരിക്കുന്നു. ഓര്‍ത്തഡോകസ് സഭയിലെ ഒരു തിരുമേനി പ്രസംഗിക്കാനായി വളരെ പ്രയാസപ്പെട്ട് കാല് ഇറക്കിയെടുത്ത് മൈക്കിന് മുന്നിലേക്ക്‌ അടിവെച്ച് എത്തി. തിരുമേനിക്ക് നല്ല ഉയരം ഉള്ളതുകൊണ്ട് മൈക്കിന്‍റെ പൊക്കവുമായി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മൈക്ക് പൊക്കി വയ്ക്കണം. പ്രസംഗിക്കാനെത്തിയ തിരുമേനി മൈക്ക് ഓപ്പറേറ്റരെ തേടി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. വേദിയിലുണ്ടായ ബെനഡിക്ട് തിരുമേനി ചാടിയെഴുന്നേറ്റ് മൈക്കിനു സമീപത്തെത്തി മൈക്ക് പോക്കിവെച്ച് പ്രസംഗിക്കാനെത്തിയ തിരുമേനിയെ സഹായിച്ചു. എല്ലാവരും കൈയ്യടിച്ചു. പ്രാര്‍ത്ഥനയോടൊപ്പം അറിയേണ്ടുന്ന ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. തിരിച്ച് കസേരയിലിരുന്ന ബെനഡിക്ട് തിരുമേനിക്ക് വലിയൊരു സേവനം ചെയ്തു എന്നതിന്‍റെ പേരില്‍ കാലിന്മേല്‍ കാല് കയറ്റിവെയ്ക്കാമായിരുന്നു. പക്ഷെ, അതുണ്ടായില്ല.

മലയാള മനോരമയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ ആയിരുന്ന വി. കെ. ഭാര്‍ഗ്ഗവന്‍ നായരുടെ (വി. കെ. ബി) ചരമദിനത്തില്‍ ഒരു അനുസ്മരണപ്രഭാഷണം കോട്ടയം ഓഫീസില്‍ വെച്ച് നടക്കുന്നു. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും വന്നു. എന്നാല്‍ ഫോട്ടോ കണ്ടാല്‍ ഞെട്ടാന്‍ അറിയാവുന്നവര്‍ക്ക് ഞെട്ടാനാവും. മുഖ്യപ്രഭാഷണം നടത്തുന്ന വ്യക്തിയുടെ മുമ്പിലായി നിരന്നിരിക്കുന്നവരെയാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ മുന്‍നിരയില്‍ ഇരിക്കുന്ന ഒരു പ്രധാനവ്യക്തി (സ്ഥലം മാറ്റത്തിനും പ്രൊമോഷനും മാനേജ്മെന്റിനെ ഉപദേശിക്കുന്ന വ്യക്തി) കാല് പൊക്കിവെച്ചിരിക്കുന്ന രംഗം കൂടി പകര്‍ത്തിയത് മൂലം ഫോട്ടോയുടെ പകുതിയോളം ഭാഗം തടിയന്‍ കാല് പൊങ്ങിനില്‍ക്കുന്ന രംഗമാണ്. എന്നാല്‍ നമുക്ക്‌ അത്ഭുതം തോന്നുന്ന ഒരു ഭാഗം കൂടി ഈ ഫോട്ടോയിലുണ്ട് -  മുന്‍നിരയില്‍ തന്നെ കാലിന്മേല്‍ കാലില്ലാതെ ചീഫ്‌ എഡിറ്റര്‍ മാത്തുക്കുട്ടിച്ചായന്‍ ഇരിക്കുന്ന രംഗം. 'ഫോട്ടോ എഡിറ്റിംഗ്' എന്നൊരു പ്രവര്‍ത്തനശൈലിയുണ്ടായിരുന്നെങ്കില്‍ ഈഫല്‍ ടവര്‍ പോലെ പൊങ്ങി നില്‍ക്കുന്നതിലെ ഭംഗികേട് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഫോട്ടോ എഡിറ്റിംഗ് നടത്താതെ ഡസ്കിലെ എഡിറ്റര്‍ അതേ പടി പ്രസിദ്ധീകരിച്ചു. ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ക്കും ഡസ്ക് ചീഫിനും പ്രമോഷനും ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റവും ലഭിച്ചിരിക്കാമെന്ന് നമുക്ക് കണക്കുകൂട്ടാം. എന്നാല്‍ കോഴിക്കോട് എഡിഷന്‍ പ്രസിദ്ധീകരിച്ചത്‌ വി. കെ. ബി. അനുസ്മരണചടങ്ങിന്‍റെ കാലു വെട്ടിക്കളഞ്ഞ നല്ലയൊരു ഫോട്ടോ. മനോരമ കോഴിക്കോട്‌ എഡിഷന്‍റെ റെസിഡന്‍റ് എഡിറ്ററായ അബു സാറിനെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. മരിച്ചതിനു ശേഷവും വി. കെ. ബിയുടെ നേരെ കാല് പൊക്കുന്നത് ശരിയല്ലല്ലോ.

ലോക മലയാളി ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ ഈ ദശകതിന്‍റെ ലോകമലയാളിയായി തകഴി ശിവശങ്കരപ്പിള്ളയെ കോട്ടയത്തുവെച്ച് പ്രഖ്യാപിച്ചപ്പോള്‍.
മുന്‍നിര: മുന്‍മന്ത്രി ടി. കെ. രാമകൃഷ്ണന്‍, രാഷ്ട്രപതി കെ. ആര്‍. നാരായണന്‍, തകഴി ശിവശങ്കരപ്പിള്ള, ഉഷ നാരായണന്‍ (ഈ നാലുപേരും നമ്മെ വിട്ടുപിരിഞ്ഞു. നാല് പേരും കാല് പൊക്കി വെക്കാത്തവര്‍)
പിന്‍നിര: രാജു, കെ. കെ. പിള്ള, ഗോവിന്ദന്‍കുട്ടി, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍, ആര്‍കിടെറ്റ് ബി. ആര്‍. അജിത്‌, വര്‍ക്കിംഗ് പ്രസിഡന്‍റ് മുന്‍ കോട്ടയം കളക്ടര്‍ കുര്യന്‍, കെ. എല്‍. മോഹനവര്‍മ്മ (രാഷ്ട്രപതിയുടെ പിന്നില്‍), കാര്‍ടൂണിസ്റ്റ്‌ യേശുദാസന്‍, രവി പാല, വി. പി. രാമചന്ദ്രന്‍, മുന്‍ എം. പി. പി. സി. തോമസ്‌, ഏറ്റുമാനൂര്‍ എം. എല്‍. എ. ചാഴിക്കോടന്‍.


ആണുങ്ങളെപ്പറ്റിയാണ് നമ്മള്‍ പറഞ്ഞുപോന്നത്. കാലിന്മേല്‍ കാല് പൊക്കി വക്കുന്ന സ്ത്രീകള്‍ ഇല്ലേ? അനേകം പേരുണ്ട്. വേദന നിറഞ്ഞ ഒരു ചെറിയ രംഗം കൂടി ഓര്‍മ്മയില്‍ ഉള്ളത് എടുക്കട്ടെ. പെണ്ണുങ്ങളുടെ കാലുകളെക്കുറിച്ച് പറയുമ്പോള്‍ മുന്‍രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ മകള്‍ ചിത്രയുടെ കാര്യമാണ് ഓര്‍മ്മ വരുന്നത്. 2005 നവംബര്‍ 9-നായിരുന്നു കെ. ആര്‍. നാരായണന്‍റെ നിര്യാണം. അദ്ദേഹത്തിന്‍റെ മൃതശരീരം കിടത്തിയിരിക്കുന്നു. ബന്ധുക്കള്‍ ഒരു വശത്തായി കസേരയിട്ട് ഇരിക്കുന്നു. അവര്‍ക്കിടയില്‍ മധ്യത്തിലായി മകള്‍ ചിത്ര കാലിന്മേല്‍ കാല് പൊക്കിവെച്ച്!

ദുഃഖം വരുമ്പോള്‍, ടെന്‍ഷന്‍ വരുമ്പോള്‍, വെപ്രാളം വരുമ്പോള്‍ ചിലര്‍ കാല് പൊക്കി വയ്ക്കാറുണ്ട്. അതിലൊന്നായിരിക്കാം ചിത്രയുടെതെന്നു നമുക്ക്‌ ആശ്വസിക്കാം. മരിക്കുമ്പോള്‍ മാത്രമാണ് കാലുകള്‍ മര്യാദക്കാരാവുന്നത്. ശവപ്പെട്ടിയില്‍ കാലിന്മേല്‍ കാല് പൊക്കിവെച്ചിരിക്കുന്ന സ്ഥിതിയില്‍ നമുക്കാരെയും കാണാന്‍ കഴിയുന്നില്ലല്ലോ.

2010, ജൂലൈ 3, ശനിയാഴ്‌ച

കെ. പി. സി. സി. ഓഫീസിലെ നഗ്നനൃത്തം

മുപ്പത്തിരണ്ട് വര്‍ഷം പഴക്കമുള്ള അടിയന്തരാവസ്ഥയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടന്ന് ഓര്‍മ്മ വരിക മൂന്നു പ്രശസ്തരെയാണ് - കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മ, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ആഭ്യന്തരമന്ത്രി ആയിരുന്ന കെ. കരുണാകരന്‍, പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കല്‍.

അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തോടെ ജയിലില്‍ പോകേണ്ടി വന്ന കാര്‍ട്ടൂണിസ്റ്റാണ് കേരളവര്‍മ്മ. അക്കാലത്ത് ഡല്‍ഹിയില്‍ താമസക്കാരനായിരുന്നു. ഇപ്പോള്‍ തൃപ്പൂണിത്തുറക്കാരന്‍. ഇന്ദിരാഗാന്ധിയെയും അവരുടെ നയങ്ങളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം വരച്ച കാര്‍ട്ടൂണുകള്‍ ഡല്‍ഹിയിലെ പ്രധാനവീഥികളിലെ മതിലുകളിലെല്ലാം പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ ജയിലില്‍ ചെന്ന് കാണാനോ സുഖാന്വേഷണങ്ങള്‍ അന്വേഷിക്കാനോ ഡല്‍ഹിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ആരും തയ്യാറായില്ല. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ പേടിയായിരുന്നു. അവരുടെ കൈയിലിരുന്ന് ബ്രഷും പെന്‍സിലും വിറച്ചു. എന്നാല്‍ ഒരു വ്യക്തി മാത്രം കേരളവര്‍മ്മയെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു - പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി.

അടിയന്തരാവസ്ഥയുടെ വരവോടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജയിലില്‍ അകപ്പെടുമോ എന്നാ ഭയം മൂലം ഇന്ത്യയിലെ ഭൂരിഭാഗം കാര്‍ട്ടൂണിസ്റ്റുകളും വര നിറുത്തി. പേനയും പെന്‍സിലും മേശക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു. പ്രസസ്ത കാര്‍ട്ടൂണിസ്റ്റ് ഒ. വി. വിജയന്‍ സെക്കന്തറാബാദിലേക്ക് ട്രെയിന്‍ കയറി. അക്കാലത്ത് രാഷ്ട്രീയകാര്‍ട്ടൂണുകള്‍ വരക്കുന്നതില്‍നിന്ന് പിന്മാറിയ അബു അബ്രഹാം ഒ. വി. വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അബുവിന്‍റെ മരണത്തിന് രണ്ടാഴ്ച മുമ്പ് ഞാന്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ച് കണ്ടപ്പോഴും വിജയനെ ഒരു ഭീരുവായിട്ടാണ് അബു വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥയിലെ തിരയില്‍ മലയാളപത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രത്യഷപ്പെടുന്നത് ചുരുക്കമായി. കലാനിലയം കൃഷ്ണന്‍ നായരുടെ തനിനിറം ദിനപത്രത്തില്‍ പി. കെ. മന്ത്രിയുടെയും കോണ്‍ഗ്രസിന്‍റെ മുഖപത്രമായ 'വീക്ഷണം' ദിനപത്രത്തില്‍ എന്‍റെയും കാര്‍ട്ടൂണുകള്‍ പ്രത്യഷപ്പെട്ടുതുടങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തില്‍ എനിക്ക് വരക്കുന്നതിന് അല്പം സ്വാതന്ത്ര്യം കൂടുതല്‍ അനുവദിക്കുന്നില്ലേയെന്ന സംശയം ചില കേന്ദ്രങ്ങളില്‍ ഉണ്ടായി. ഒരു ദിവസം തനിനിറം പത്രത്തില്‍ അതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും വന്നു. "ഈ കാര്‍ട്ടൂണ്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണം!" അതായത് യേശുദാസിന് ലഭിക്കുന്ന സ്വാതന്ത്ര്യം പി. കെ. മന്ത്രിക്കും വേണമെന്നതാണ് ആവശ്യം. വീക്ഷണത്തില്‍ വന്ന എന്‍റെ ഒരു കാര്‍ട്ടൂണ്‍ തനിനിറം പ്രസിദ്ധീകരിച്ചു. തെറ്റെന്നു നമുക്ക് തോന്നുന്ന ഏതെങ്കിലും വാര്‍ത്തയോ കാര്‍ട്ടൂണോ വീണ്ടും പ്രസിദ്ധീകരിക്കുക കുറ്റകരമാണെന്നുള്ള നിയമം അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നു. രാജ്യദ്രോഹവാര്‍ത്തകള്‍  പ്രസിദ്ധീകരിക്കുകയും തെറ്റെന്നു തോന്നുന്ന കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തതിന്‍റെ പേരില്‍ തനിനിറം പത്രം പൂട്ടാന്‍ ഉത്തരവായി.

ജയറാം പടിക്കല്‍ സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. മുഖത്ത് നോക്കാതെ തന്നെ കുറ്റക്കാരെ കണ്ടു പിടിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. കൊല്ലാതെ കൊല്ലുന്ന വിചാരണരീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ ഞാന്‍ താമസിക്കുന്ന വീടിന്‍റെ എതിര്‍ വശത്തായിരുന്നു ജയറാം പടിക്കലിന്‍റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. ഇടയ്ക്കു അവിടെ സന്ദര്‍ശനത്തിനെത്തുന്ന പടിക്കലിന്‍റെ മുഖം ഞാന്‍ ജനലിലൂടെ ശ്രദ്ധിക്കുക പതിവായിരുന്നു. വലിയ അടുപ്പമില്ലായിരുന്നു. എന്നാല്‍ അകല്‍ച്ചയില്ലാത്ത ചെറിയ അടുപ്പം മാത്രം. ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ചു ഒരു യാത്ര നടത്തി. അദ്ദഹത്തിന്‍റെ സഹോദരി ചന്ദ്രികക്ക് വിവാഹാലോചന. കൊച്ചിയിലെ പനമ്പിള്ളിനഗറിലെ വീട്ടിലേക്കാണ് ഞങ്ങള്‍ ഒരുമിച്ചു പോയത്‌. പയ്യന്‍റെ വീട്ടുകാര്‍ എനിക്ക് പരിചയമുള്ളവര്‍. ജയറാം പടിക്കലാണെന്നു കേട്ടപ്പോള്‍ പയ്യന്‍റെ പിതാവ്‌ ചെറുതായൊന്ന് പരിഭ്രമിച്ചു. പയ്യന്‍റെ മുഖമാകട്ടെ വിളറി വെളുത്തു. എന്തായാലും വിവാഹം വേണ്ടെന്നു വെച്ചു.

ശങ്കേഴ്സ് വീക്കിലി അടച്ചു പൂട്ടാന്‍ കാരണം അടിയന്തരാവസ്ഥയായിരുന്നുവെന്ന് പരക്കെ പറയാറുണ്ട്‌. ശങ്കറിന്‍റെ ഉറ്റ സുഹൃത്തായ തകഴി ശിവശങ്കരപ്പിള്ളയും ഇക്കാര്യം പരസ്യമായി പറയുകയുണ്ടായി. അച്ചടിക്കാന്‍ പ്രസ്സിലേക്ക് അയക്കുന്നതിന് മുമ്പ് ലേഖനങ്ങളും കാര്‍ട്ടൂണുകളും സെന്‍സറിംഗ് ഓഫീസറെ കാണിച്ച് അനുവാദം വാങ്ങിയിരിക്കണമെന്ന നിയമം ശങ്കറിന് രുചിക്കാതെ വന്നു. തുടരെ തുടരെ കാരണം കാണിക്കല്‍ നോട്ടീസുകളും ശങ്കറിന് ലഭിക്കുകയുണ്ടായി. പിന്നാലെ ശങ്കര്‍ രോഗശയ്യയിലായി. ശങ്കേര്‍സ് വീക്കിലിയുടെ കവറിലും മറ്റ് പേജുകളിലും കാര്‍ട്ടൂണ്‍ വരക്കാന്‍ ആളില്ലാത്ത സ്ഥിതി. അതോടൊപ്പം സാമ്പത്തികപ്രശ്നവും പ്രചാരണത്തില്‍ ഇടിവും. ആശുപത്രിയില്‍ കിടക്കുന്ന വേളയില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും അദ്ദേഹം വിളിച്ചു വരുത്തിപറഞ്ഞു: "ശങ്കേഴ്സ് വീക്കിലി നടത്തിക്കൊണ്ട് പോവുക വിഷമകരം. എനിക്ക് ശേഷം ഏറ്റെടുക്കാന്‍ ഒരാളില്ല. ശങ്കേഴ്സ് വീക്കിലിയുടെ മരണം കൂടി ഞാന്‍ കാണാം. പ്രസിദ്ധീകരണം നിറുത്തുന്നു."

അടിയന്തരാവസ്ഥയാണ് ശങ്കേഴ്സ് വീക്കിലി നിന്ന് പോകാന്‍ കാരണമെന്ന് പറയാറുണ്ടെങ്കിലും അതില്‍ സത്യമില്ല എന്നതാണ് സത്യം. എന്‍റെ സ്വന്തം പ്രസിദ്ധീകരണമായ 'അസാധു' കാര്‍ട്ടൂണ്‍ വിനോദമാസികയെ അസാധുവാക്കുവാനും അടിയന്തരാവസ്ഥക്ക് കഴിഞ്ഞു എന്നത് നേര്. അടിയന്തരാവസ്ഥയെപ്പറ്റി പി. കെ. മന്ത്രി കാര്‍ട്ടൂണ്‍ ഇല്ലാത്ത ദീര്‍ഘചതുരം പ്രസിദ്ധീകരിച്ചതിന് നോട്ടീസ് ലഭിക്കുകയുണ്ടായി. 'ബ്ലാങ്ക്' സ്ഥലം ഇടരുതെന്നും അന്നൊരു നിയമം ഉണ്ടായിരുന്നു. അച്ചടിക്കുന്നതിന് മുമ്പ് അതിലെ ലേഖനങ്ങളും കാര്‍ട്ടൂണുകളും തിരുവന്തപുരത്ത് കാണിച്ച് അനുവാദം വാങ്ങണമായിരുന്നു. കൂടെക്കൂടെയുള്ള തിരുവന്തപുരം ഓട്ടം പ്രയാസകരം. ഇതിനിടെ സാമ്പത്തികക്ലേശവും. അസാധുവിന്‍റെ പ്രവര്‍ത്തനം നിലച്ചു.

എന്നാല്‍ കേരളത്തില്‍ വിനോദമാസിക പ്രസിദ്ധീകരണരംഗത്ത്‌ ഒരു പരീക്ഷണം പോലെ പുറത്തിറക്കിയ 'അസാധു'വിന്‍റെ ഓട്ടം നിലച്ചതില്‍ പലര്‍ക്കും പ്രയാസം തോന്നി. കുടുംബസുഹൃത്ത് കൂടിയായിരുന്ന കേന്ദ്രമന്ത്രി എ. സി. ജോര്‍ജ് ഒരു ദിവസം ഫോണില്‍ വിളിച്ചു: "താന്‍ എറണാകുളം വരെ വരുമോ?" എ. സി. ജോര്‍ജ്ജും അദ്ദേഹത്തിന്‍റെ സഹോദരന്‍ എ. സി. ജോസും (എന്‍റെ സഹപാഠി) ഒരുമിച്ചിരുന്നു സംസാരിച്ചു. 'അസാധു' ഏറണാകുളത്ത് നിന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. അടിയന്തരാവസ്ഥകാലത്ത് പ്രസിദ്ധീകരണം നിലച്ച 'അസാധു' വീണ്ടും അടിയന്തരാവസ്ഥക്കാലത്തുതന്നെ പുറത്തിറങ്ങി.

പുനപ്രസിദ്ധീകരണചടങ്ങ് എറണാകുളം പ്രസ്‌ ക്ലബ്ബില്‍ വെച്ചായിരുന്നു. ഉത്ഘാടകന്‍ പ്രിയ ലീഡര്‍ കെ. കരുണാകരന്‍. ആശംസകള്‍ അര്‍പ്പിക്കുന്നത് വൈക്കം ചന്ദ്രശേഖരന്‍ നായര്‍, സി. പി. ശ്രീധരന്‍, എ. സി. ജോസ് എന്നിവര്‍. തുടക്കം മുതലേ കരുണാകരന്‍ രസക്കേടിലായിരുന്നു. മുഖചിത്രം അദ്ദേഹത്തിനിഷ്ടമായില്ല. പ്രസംഗത്തില്‍ പറയുകയും ചെയ്തു. കേരള കോണ്‍ഗ്രസിലെ കെ. എം. ജോര്‍ജ് - കെ. എം. മാണി പോരായിരുന്നു കാര്‍ട്ടൂണിലെ വിഷയം. ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് പുറത്തു പരസ്യമായി പറയരുതെന്ന് ഒരു നിയമവും അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നു. കൈയിലിരുന്ന അസാധുവിന്‍റെ കോപ്പി അദ്ദേഹം മേശപ്പുറത്ത് അടിച്ചു വെച്ചു. ഇംഗ്ലീഷ് മരുന്നുകള്‍ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇരുപത്തിനാല് മണിക്കൂറും ലഭിക്കുമെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു കാര്‍ട്ടൂണ്‍ ഉള്ളിലെ പേജില്‍ ഞാന്‍ വരച്ചിരുന്നു. ഫോണില്‍ മറുപടി പറയുന്ന പോലീസുകാരന്‍: "അതെയതെ. പോലീസ്‌ സ്റ്റേഷന്‍ തന്നെ. എല്ല് രോഗ സ്പെഷ്യലിസ്റ്റ് ആണ് സംസാരിക്കുന്നത്." കരുണാകരന്‍റെ കൈവിരലുകള്‍ ആ രീതിയില്‍ ചലിപ്പിക്കേണ്ടായിരുന്നെന്ന് പിന്നീട് തോന്നി. മുരളിയുടേതായിരുന്നെങ്കില്‍ 'പോട്ടെ' എന്ന് വെക്കാമായിരുന്നു - നഖങ്ങള്‍ ചിലത് നീട്ടി വളര്‍ത്തിയുട്ടെങ്കിലും!

അടിയന്തരാവസ്ഥയെത്തുടര്‍ന്ന് എല്ല് ഒടിയുകയും എല്ല് ഊരിപ്പോവുകയും ചെയ്യുന്നതിനെ സൂചിപ്പിച്ചുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ആഭ്യന്തരമന്ത്രിക്ക് ഇഷ്ടമായില്ല. എന്നാല്‍ അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന സി. ടി. ആന്റണി IPS മുന്‍നിരയില്‍ ഇരുന്ന് ഈ കാര്‍ട്ടൂണ്‍ കണ്ട് തോള് കുലുക്കിയും വായ്‌പൊത്തിയും ചിരിക്കുന്നുണ്ടായിരുന്നു.

അസാധുവിന്‍റെ അടുത്ത കവറും പുലിവാലായി. കോണ്‍ഗ്രസില്‍ ചിലരെല്ലാം മദ്യപാനികളാണെന്ന കെ. പി. സി. സി. പ്രസിഡന്‍റ് ആന്റണിയുടെയും കൈക്കൂലി വാങ്ങുന്ന കോണ്‍ഗ്രസുകാരുടെ എണ്ണം കൂടിവരികയാണെന്ന കെ. കരുണാകരന്‍റെയും പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ കവര്‍ ചിത്രം. കെ. പി. സി. സി. ഓഫീസ്‌ ആകുന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ (ആന്റണി സസ്യഭുക്കാണല്ലോ) മദ്യപാനം കൈക്കൂലി എന്നിവയെ പ്രതിനിധീകരിച്ച് അര്‍ദ്ധനഗ്നയായി നൃത്തം ചെയ്യുന്ന കാബറെ നര്‍ത്തകി. ഇത് കണ്ട് ആന്റണിയും കരുണാകരനും അറച്ച് വെറുപ്പോടെ നില്‍ക്കുന്നു. ഈ കാര്‍ട്ടൂണിനെതിരായുള്ള നോട്ടീസ് ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചത്. കവര്‍ തീര്‍ത്തും 'സെക്സി' ആണത്രേ. എന്‍റെ വിശദീകാരണം കൊണ്ടൊന്നും ഡല്‍ഹിയിലെ ഓഫീസര്‍മ്മാര്‍ തൃപ്തരായില്ല. ഓഫീസ് പൂട്ടിപ്പോകാന്‍ സാധ്യത. കൊച്ചിയിലെ സെന്‍സറിംഗ് ഓഫീസര്‍ ശ്രീ. ഉണ്ണിത്താന്‍ എന്‍റെ പരിചയക്കാരനാണ്. മുമ്പ് അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇന്ദിരാജിക്ക് പ്രിയപ്പെട്ട ഓഫീസര്‍. അവസാനം ഉണ്ണിത്താന്‍ സാര്‍ എന്നെ രക്ഷപെടുത്തി. അദ്ദേഹം ഡല്‍ഹിക്ക് മറുപടി കൊടുത്തു: "അസാധു പുതിയ ലക്കത്തിന്‍റെ കവറും ഉള്‍പേജുകളും എന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് അച്ചടിക്കാനായി കൊടുത്തത്."

ഞാന്‍ രക്ഷപെട്ടു. കവറിലെ അശ്ലീലം എന്തായിരുന്നെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചപ്പോഴാണ് പിടി കിട്ടിയത്. ലീഡര്‍ കെ. കരുണാകരന്‍റെ ഒരു കൈ സില്‍ക്ക്‌ സ്മിതയെപ്പോലെ തടിച്ചു കൊഴുത്ത നര്‍ത്തകിയുടെ കാലില്‍ തൊട്ടിരിക്കുന്നു. കാലില്‍ ചൊറിയുന്നതായി തോന്നും. ഉണ്ണിത്താന്‍ സാര്‍ കസേരയില്‍ കുലുങ്ങിയിരുന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു: "തുടയില്‍ ചൊറിയുന്നത് 'സെക്സി' ആണെന്ന് ദാസിനറിയില്ലേ?"

അല്പം വെളുത്ത മഷി കൊണ്ട് ചെറിയ രേഖകള്‍ 'ടച്ച്‌' ചെയ്ത് മാറ്റിയിരുന്നെങ്കില്‍ നര്‍ത്തകിയുടെ കാലും കരുണാകരന്‍റെ കൈയും വേര്‍തിരിക്കാമായിരുന്നു. വരക്കുമ്പോള്‍ ഇവ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നി. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു കഴിഞ്ഞാല്‍ വെളുത്ത മഷി കൊണ്ട് ആ കാര്‍ട്ടൂണിലെ 25 ശതമാനം 'അനാവശ്യ'രേഖകള്‍ മായിക്കുക പതിവായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു എടാകൂടത്തില്‍ തന്‍റെ ശിഷ്യന്‍ ചെന്ന് ചാടുമെന്ന് ശങ്കറിനും മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല.