2011, മേയ് 17, ചൊവ്വാഴ്ച

ചര്‍ച്ചയില്ല, ചോദ്യവുമില്ല


മുന്‍ നിയമസഭാസ്പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് പഠിച്ചതും വളര്‍ന്നതും കൊച്ചിയിലാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് വളര്‍ന്നത് നെഹ്രുകുടുംബത്തിലൂടെയാണെന്ന് പറയുമ്പോള്‍ ജോസിന്റെ അമ്പാട്ടു കുടുംബത്തിന് അഭിമാനിക്കാവുന്നതാണ്. കേരളത്തിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുള്‍ ഗാന്ധി വരെയുള്ളവരുടെ ഇംഗ്ലീഷ് പ്രസംങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം സ്ഥിരമായി ലഭിക്കാറുള്ളത് ജോസിനു തന്നെ. ഇടക്ക് രാഹുള്‍ ഗാന്ധിയുടെ 'സ്പീച്ച്' തിരുവനന്തപുരത്തു വെച്ച് തര്‍ജ്ജിമ ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് മോഹ‌ന്‍കുമാര്‍ വാക്കുകളിലും വാചകങ്ങിളിലും വന്ന വന്‍ വീഴ്ച മൂലം മൈക്ക് ശശി തരൂറിന് കൈമാറേണ്ടിവന്നു. പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് തന്റെ പരിഭാഷ പാളിപ്പോയതെന്ന് പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള തന്റെ വിരോധം മോഹന്‍കുമാര്‍ ഇപ്പോഴും തുടരുകയാണ്. useless എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തില്‍ ഒന്നിനും കൊള്ളാത്തവന്‍, വിവരം കെട്ടവന്‍, ഉറക്കംതൂങ്ങി തുടങ്ങി മറ്റു പല മലയാളപദങ്ങളും എ.സി. ജോസിനു പരിഭാഷയായി പറയാനാകും. പാര്‍ലിമെന്റിലേക്ക് ഉത്തര്‍പ്രദേശിലെ 'അമേത്തി' മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനകത്ത് കാലെടുത്തു വച്ചപ്പോള്‍ നെഹ്രുവിന്റെ പിന്‍ഗാമി, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെ പിന്‍‌ഗാമി എന്നീ നിലകളിലൊക്കെ നമുക്കൊക്കെ വന്‍പ്രതീക്ഷകളായിരുന്നു - ലോക്സഭയിലെ പിന്‍സീറ്റുകളില്‍ ഒന്നില്‍ ബഞ്ചിന്റെ അറ്റത്തായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം ഉറ്റുനോക്കുകയായിരുന്നു. സ്വന്തം സീറ്റില്‍ ഇരിക്കാതെ ഏതെങ്കിലും വനിതാ എം.പിയുടെ സമീപത്തെത്തി ഒട്ടിപ്പിടിച്ചിരിക്കയാണ് പതിവ് (ഈ രംഗം പാര്‍ലമെന്റില്‍ പോയ അവസരങ്ങ്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതാണ്).

ലോക്സഭയിലെ നടപ്പാതകള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന ബഞ്ചിന്റെ അരികിലായി വനിതാമെമ്പറുടെ സമീപത്തിരിക്കുന്ന രാഹുലിന്റെ ഒരു കാല്‍ കാര്‍പ്പെറ്റിന്റെ നടുവിലായിരിക്കും വിശ്രമിക്കുന്നത്. കാലുകള്‍ കവച്ചുവെയ്ക്കുന്ന ലോകസഭാംഗങ്ങള്‍ നമുക്ക് പലരുണ്ടാകാം. എന്നാല്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെപ്പോലെ കാലുകള്‍ കവച്ച് വെച്ച് സുഖവും സോഷ്യലിസവും സ്വപ്നം കാണുന്നത് ഒരു രാഹുല്‍ തരംഗമായി നമുക്കു കണക്കാക്കാം.

പതിനഞ്ചാമത് ലോക്സഭയില്‍ 25നും 40നും ഇടക്ക് പ്രായമുള്ള 61 എം.പിമാരാണ് നമുക്കുള്ളത്. ഏറെ പ്രതീക്ഷകള്‍ നമുക്ക് നല്‍കിക്കൊണ്ടെത്തിയവരില്‍ ഭൂരിഭാഗവും പ്രതീക്ഷകള്‍ ഊതിക്കെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. രാഹുലിനെപ്പറ്റി മനോരമ റിപ്പോര്‍ട്ടുകള്‍ തയ്യാറെടുക്കുമ്പോഴുള്ള സുഗന്ധം അദ്ദേഹം കണ്ടത്തില്‍ കുടുംബാംഗമാണെന്നു വരെ നമ്മെ തെറ്റിധരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ 'ദ്‌ വീക്ക്'ന്റെ പുതിയ ലക്കത്തിലെ കണ്ടെത്തലുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരൊറ്റ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത ഒരെറ്റ ചോദ്യം പോലും ചോദിക്കാത്ത യുവ എം.പിമാരുടെ കൂട്ടത്തില്‍ യുവജനങ്ങളുടെ ആവേശമായ രാഹുള്‍ ഗാന്ധി നില്‍ക്കുന്നുവെന്നാണ് 'ദ്‌ വീക്ക്' കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പൂജ്യം, ചോദ്യങ്ങള്‍ ചോദിക്കാത്തതിന് വട്ടപ്പൂജ്യം! കേരളത്തിലെത്തുമ്പോള്‍, യൂത്തന്മാരോടൊപ്പം തട്ടുകടകളില്‍ കയറുമ്പോള്‍ ലഭിക്കുന്ന പൊറോട്ടയും തട്ടുദോശയും പൂജ്യം സൈസിലാണെന്നുള്ളത് രാജ്യത്തിന്റെ ഭാഗ്യം.

പാര്‍ലെമെന്റില്‍ തിളങ്ങുന്ന ക്രിക്കറ്റ് താരം കൂടിയായ അനുരാഗ് സിംഗ് താക്കൂറും കേരളത്തിലെ യുവജനങ്ങളുടെ ലഹരിയായ എം.ബി.രാജേഷും പി.കെ.ബിജുവും ലോക്സഭയുടെ വെട്ടിത്തിളങ്ങുന്ന പുതിയ പ്രഭയായി മാറുകയും ചെയ്തു.

നെഹ്രു കുടുംബത്തിന് ഇതെന്തുപറ്റിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചു ജപിച്ച ചരടുകള്‍ ഡല്‍ഹിയിലെ 10-ജന്‍പഥ്ല്‍ നിറയുകയാണ്. കുറെ ചരട് സോണിയ ഗാന്ധി ഇടതുകൈയില്‍ കെട്ടുന്നു. കുറെ ചരടുകള്‍ മരുമകന്‍ റോബര്‍ട്ട് വധേര കൈയ്യിലും അരയിലും കെട്ടിത്തുടങ്ങിയതോടെ ബിസിനസ് രംഗത്ത് അദ്ദേഹം വിലസിക്കൊണ്ടിരിക്കുന്നു. പ്രിയങ്ക ചരട് കെട്ടാറില്ല. ചരടുകള്‍ എല്ലാ ദിവസങ്ങ‌ളിലും രാഹുല്‍ ഗാന്ധിയുടെ വലതുകൈയ്യില്‍ കെട്ടിക്കൊടുക്കാറുണ്ടെങ്കിലും അതു വലിയ ഫലമൊന്നും ചെയ്തുകാണുന്നില്ല. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പഠിപ്പിക്കുന്ന ചില തളര്‍ന്ന വാചകങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കാണാനായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്കെതിരെ ആഞ്ഞടിക്കാനായി തമിഴ്നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാജീവിന്റെ ചെവിയില്‍ ചില കിളവന്മാര്‍ പറഞ്ഞുകൊടുത്തതിങ്ങനെ: "കറുത്ത കണ്ണട ധരിക്കുന്നവരെ വിശ്വസിക്കാനാവില്ല." അവസാനം രാജീവ് ഗാന്ധിയുടെ കറുത്ത സ്പര്‍ശനം തിരിച്ചടിയായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത് കിളവന്‍ പ്രയോഗത്തിലാണ് - ആ മുതുക്കന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല - എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കഴുത്തിലെ നീര്‍ക്കെട്ടു മൂലം തലകുനിക്കാനാവാത്ത പി.പി തങ്കച്ചന്‍ പോലും തല കുനിച്ചു പോയി. കര്‍ഷക പ്രക്ഷോപം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ടപര്‍മ്പോല്‍ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കാനെത്തിയപ്പോള്‍ തിളക്കമുണ്ടാകുന്നെങ്കില്‍ അത് നെഹ്രുകുടുംബത്തിന്റെ ഭാഗ്യം!

തന്റെ അവസാനനിമിഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്രു വെള്ളക്കടലാസില്‍ കവി വേഡ്സ് വര്‍തിന്റെ നാലുവരി കവിത പകര്‍ത്തിയ ശേഷമാണ് കണ്ണടച്ചത്: “...And Miles to Go Before I Sleep...”

“And Miles എന്നത് എന്താണെന്ന് രാഹുലിന് അറിയില്ല. എന്നാല്‍ Sleep എന്താണെന്ന് അദ്ദേഹത്തിന് ഏറെ അറിവുണ്ട്. ഉറക്കം തൂങ്ങികളായ പാര്‍ലെമെന്റാംഗളാണോ നമുക്ക് വേണ്ടത് എന്ന് അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ജനം ചിന്തിക്കുക.

2 അഭിപ്രായങ്ങൾ:

  1. നെഹ്രുവിനു ശേഷം ആ കുടുബത്തിൽ നിന്നു വന്ന ഓരോരുത്തരെയും എടുത്തുനോക്കൂ..ആ ഹസ്‌കർ എപ്പോഴും ഉണ്ടായിരുന്നതുകൊണ്ട്, ഇന്ദിരാഗാന്ധിക്ക് ഒരു സോഷ്യലിസ്റ്റ് പ്രതിച്ഛായ ഉണ്ടാക്കാനെങ്കിലും ആയി. പിന്നെ വന്നത് സഞ്ജയൻ..ഒന്നാം കിട വഷളൻ..രാജീവ്...ഒരു സുന്ദരവിഡ്ഢി..ഇതാ പുതിയ അവതാരം..രാജ്യം മുഴുവനായി കൈയ്യിൽ കിട്ടിയപ്പോൾ ഗ്രഹണിപിടിച്ച കുട്ടികളെപ്പോലെ ഓടിനടക്കുന്നു..ഈ കുറിപ്പ് കണ്ടപ്പോൾ ഇനി ആ പൈതലാൻ കുഞ്ഞാലിക്കുട്ടിക്കോ, ജോസഫിനോ പഠിക്കുകയാണോ എന്നും സംശയമില്ലാതില്ല.
    പോസ്റ്റിനു നന്ദി..

    മറുപടിഇല്ലാതാക്കൂ