2011, ജനുവരി 29, ശനിയാഴ്‌ച

കുഴിയാനകള്‍

വി. കെ. കൃഷ്ണമേനോന്‍ അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം കന്യാകുമാരിയിലെ കടലില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്ത സ്ഥിതിവിശേഷം അക്കാലത്ത് പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ തെളിവുകളായി ഇന്നും സൂക്ഷിക്കപ്പെടുന്നു. വി. കെ. കൃഷ്ണമേനോന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി കന്യാകുമാരിയില്‍ എത്തിച്ചു. ചിതാഭസ്മം നിറച്ചുകൊണ്ടുവന്ന കുടം വക്കം പുരുഷോത്തമന്‍റെ കൈയിലാണ് ലഭിച്ചത്. കടലില്‍ കുനിഞ്ഞു കിടന്ന് അദ്ദേഹം കുടം ഒഴുക്കുന്ന ഫോട്ടോകള്‍ അടുത്തദിവസത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് കണ്ട് ആദ്യം ഞെട്ടിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. എല്ലാ പത്രങ്ങളിലും ഒരേ തരം ഫോട്ടോ. പത്രങ്ങള്‍ക്ക് ഈ ഫോട്ടോ വിതരണം ചെയ്തത് പുബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റെ്‌ ആണെന്ന് അറിയാവുന്ന കരുണാകരന്‍ പി. ആര്‍. ഡിയുടെ അന്നത്തെ ഡയറക്ടറായിരുന്ന ശ്രീ. ജി. വിവേകാനന്ദനെ പെട്ടെന്ന് ഫോണ്‍ ചെയ്തു.

"ഇതെന്താ വിവേകാനന്ദാ വിവേകമില്ലാത്ത ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ച് വന്നിരിക്കുന്നല്ലോ?"

"എന്തു പറ്റി സാര്‍?" വിവേകാനന്ദന്‍റെ ചോദ്യം.

കരുണാകരന്‍: "ചിതാഭസ്മം ഒഴുക്കുന്നതിന്‍റെ ഫോട്ടോ ഇത്തരത്തിലാണോ? കുടവും പിടിച്ച് വക്കം പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ! ചിതാഭസ്മം ഒഴുക്കുന്നത് ചിരിച്ചുകൊണ്ടാണോ?"

അല്പനേരത്തെ നിശബ്ദ്തക്കു ശേഷം വിവേകാന്ദന്‍റെ മറുപടി: "എനിക്കെന്ത് ചെയ്യാന്‍ കഴിയും സാര്‍? മുഖത്ത് വിഷാദം ഭാവിച്ചാലും വക്കം എപ്പോഴും ചിരിക്കുന്നതായേ തോന്നുകയുള്ളു. അത് അദ്ദേഹത്തിന്‍റെ പല്ലിന്‍റെ പ്രത്യേകതയാണ്."

വക്കത്തിന്‍റെതു പോലെയുള്ള പല്ലുകളുടെ ഉടമയായ മാമുക്കോയ അന്ന് ചലച്ചിത്രരംഗത്തെത്തിയിട്ടില്ല എന്ന് അറിയാവുന്ന കരുണാകരന്‍ ഭീകരമായി ചിരിക്കുന്ന ആ പല്ലുകള്‍ അല്പം കറുത്ത മഷികൊണ്ട് ടച്ച് ചെയ്ത് മറച്ചതിനുശേഷം ഫോട്ടോകള്‍ റിലീസ് ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു.

പി. ആര്‍. ഡിയിലെ ആര്‍ട്ടിസ്റ്റുകളായ പി. വി. കൃഷ്ണനേയും വര്‍ഗീസിനേയും മനസ്സില്‍ ചിന്തിച്ചുകൊണ്ട് വിവേകാനന്ദന്‍റെ മറുപടി: "ഇനിയിങ്ങനെ അബദ്ധം പറ്റാതെ നോക്കാം, സാര്‍. വരും കാലങ്ങളില്‍ ചിതാഭസ്മം ഒഴുക്കുന്ന ജോലി വക്കത്തിനെ ഏല്പ്പിക്കാതിരുന്നാല്‍ മതി."

മരിച്ചതിനുശേഷം തനിക്കെന്തു സംഭവിച്ചെന്ന് മരിച്ചവര്‍ ഒരിക്കലും അറിയുന്നില്ല. തന്‍റെ ബോഡിക്ക് മരണത്തിനുശേഷം പോറല്‍ വല്ലതും ഏറ്റോ റീത്തുകള്‍ പുറത്തു വെച്ചപ്പോള്‍ വയറിന് വീര്‍പ്പുമുട്ടല്‍ സംഭവിച്ചോ, കാലുതൊട്ടുവന്ദിച്ചവര്‍ പണ്ട് കാലുവാരിയവര്‍ തന്നെയോ, തന്‍റെ മരണം അറിഞ്ഞു ഞെട്ടിയെന്നു പറയുന്നവര്‍ പണ്ട് തന്നെ ഞെട്ടിച്ചവരാണോ പൊഴിക്കുന്ന കണ്ണുനീരില്‍ പരേതന്‍റെ ഗ്ലിസറിന്‍റെ അംശം കലര്‍ന്നിരുന്നോ, അവസാനത്തെ തന്‍റെ ആഗ്രഹങ്ങള്‍ സന്തപ്ത കുടുംബാംഗങ്ങള്‍ കാറ്റില്‍ പറത്തിയോ തുടങ്ങിയ ചരമവിശേഷങ്ങള്‍ അറിയാനാകാതെ അന്ത്യവിശ്രമം കൊള്ളുന്ന പരേതാ‌ത്മാക്കളുടെ ഒരു നീണ്ടനിര തന്നെ അങ്ങോളമിങ്ങോളം ഉണ്ട്.

മരണത്തിന്‍റെ ഏറ്റവും വലിയ ഭീകരമായ മുഖം അടുത്തിട കാണിച്ചത് പ്രശസ്ത ചലച്ചിത്ര നടനായ സുകുമാരന്‍റെ മരണാനന്തരം ആയിരുന്നു. എറണാകുളത്തെ ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഐ. സി. യുവില്‍ കിടക്കുമ്പോഴും ആശുപത്രിയുടെ അയല്‍‌വക്കത്തു താമസിക്കുന്ന ചലച്ചിത്രതാരങ്ങളെ അസുഖവിവരം അറിയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെങ്കിലും മരണത്തിനുശേഷം ഓടിയെത്തിയവര്‍ അനേകമായിരുന്നു. തന്‍റെ ശവശരീരം പ്രദര്‍ശിപ്പിക്കരുതെന്നും ശരീരം നേരെ തിരുവന്തപുരത്തു കൊണ്ടുപോയി സംസ്കരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രിയ പത്നി മല്ലികയോട് അസുഖം കൂടിയ സമയത്ത് നിര്‍ദ്ദേശിച്ചങ്കിലും മരണത്തിനുശേഷം ആ അവസാനത്തെ ആഗ്രഹം ഒരു സ്റ്റണ്ട് സിനിമയുടെ ക്ലൈമാക്സ് രംഗം പോലെ അടിമുടി തെറ്റി. വാടിയ ഒരു ശംഖുപുഷ്പം പോലെ ആഗ്രഹം തളര്‍ന്നു വീണു. അദ്ദേഹത്തിന്‍റെ മനസ്സിന് വിരുദ്ധമായി സുഹൃത്തുക്കള്‍ വഴിനീളെ നീക്കിയും നിറുത്തിയും തലസ്ഥാനത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് എത്തിയ സുകുമാരന്‍റെ മൃതദേഹം കണ്ട് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാനെത്തിയ ചലച്ചിത്രതാരങ്ങളെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് സുകുമാരന്‍റെ മൃതദേഹം മൃതപ്രായമായി. സുകുമാരന്‍റെ സുഹൃത്തുക്കളില്‍ പലരും ഉള്ളു തുറന്നു ടെലിവിഷന്‍ ക്യാമറയിലേക്ക് തുറിച്ചുനോക്കി സംസാരിക്കാന്‍ മത്സരിച്ചു.

ഒരു നിര്‍മ്മാതാവ് ടി. വിക്കാരോട്: "എന്‍റെ ആദ്യത്തെ ചിത്രമായ തരികിടയില്‍ സുകുമാരനായിരുന്നു നായകന്‍. നൂറ്റിയെഴുപതു ലക്ഷം രൂപ ചെലവാക്കിയെടുത്ത ഈ മെഗാചിത്രത്തില്‍ ഇരുപത്താറു ലക്ഷം രൂപയുടെ സെറ്റാണ് ഞാന്‍ സ്റ്റുഡിയോവില്‍ തീര്‍ത്തത്. ആന്ധ്രയില്‍ നിന്ന് വന്ന പണിക്കാര്‍ രണ്ട് മാസം സമയം എടുത്താണ് സെറ്റ് തീര്‍ത്തത്. സെറ്റില്‍ സാന്ദര്‍ഭികമായി എത്തിയ ശിവാജിഗണേശനും രജനീകാന്തും അതിന്‍റെ ഭംഗിയില്‍ അത്ഭുതം കൂറി."

ഒരു നടന്‍: "സുകുമാരന്‍റെ മരണം എനിക്ക് വിശ്വസിക്കാനവുന്നില്ല. കീഴേപ്പറമ്പിലെ കീവര്‍ച്ചന്‍ എന്ന ചിത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. ആ ചിത്രത്തില്‍ ഞാന്‍ അത്യുജ്ജലമായ അഭിനയമാണ് കാഴ്ചവെച്ചത്. ചിത്രം പത്ത് ദിവസം ഓടി. റിക്കാര്‍ഡ് കളക്ഷനായിരുന്നു."

ഒരു നടി: "സുകുമാരന്‍ ഒരു കൊച്ചു പയ്യന്‍ ആയിരുന്ന കാലം മുതലേ എനിക്കറിയാം. നല്ല പെരുമാറ്റം. ഞാനും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ചിത്രം അടുത്ത ഓണത്തിന് റിലീസാകും."

ഒരു തീയേറ്റര്‍ ഉടമ: "സുകുമാരന്‍റെ പടങ്ങള്‍ ഓടിയുള്ളപ്പോഴെല്ലാം എന്‍റെ തീയേറ്ററിലെ എ. സി. കേടുവരാതെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബാല്‍ക്കണിക്ക് ഇരുപത് രൂപ, ഒന്നാം ക്ലാസ് പതിനഞ്ചു രൂപ, ബഞ്ച് അഞ്ചു രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് റേറ്റ്."

ഒരു തിരക്കഥാകൃത്ത്: "സംഭാഷണത്തിന് പുതിയൊരു ശൈലി മലയാളസിനിമക്ക് സംഭാവന ചെയ്തത് സുകുമാരനായിരുന്നു. നീണ്ട നീണ്ട സംഭാഷണങ്ങള്‍ ഒരൊറ്റ വായനയിലൂടെ കാണാപാഠമാക്കുമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിന്നാണ് ഞാന്‍ കഥ മെനെഞ്ഞെടുക്കാറുള്ളത്. ഇംഗ്ലീഷ് കാസറ്റുകള്‍ വാങ്ങുന്നത് എന്‍റെ ശൈലിയല്ല."

ഒരു സം‌വിധായകന്‍: "ധിക്കാരിയാണെങ്കിലും വിനയമുള്ള നടന്‍. നിര്‍മ്മാതാവിനോട് കൃത്യമായി പൈസ വാങ്ങുന്ന മിടുക്കന്‍. ഞാനിപ്പോള്‍ ഒരു സിനിമക്ക് അഞ്ചു ലക്ഷം ആണ് വാങ്ങുന്നത്. അത് മറ്റു സം‌വിധായകരുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്."

ഒരു നടി: "ആദ്യ ചിത്രത്തില്‍ ഞാന്‍ സുകുമാരനെ കണ്ടുമുട്ടുമ്പോള്‍ എനിക്ക് അടുത്തു ചെല്ലാന്‍ പേടിയായിരുന്നു. ഞാന്‍ സെലക്ടീവ് ആയതോടെ എനിക്ക് പേടി മാറി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളേ ഞാന്‍ തെരഞ്ഞെടുക്കൂ. കുളിസീനുകള്‍ എനിക്കിഷ്ടമല്ല. വിവാഹക്കാര്യം ചിന്തിക്കാറില്ല."

വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞുതീര്‍ന്ന പ്രിയപ്പെട്ട സുകുമാരന്‍റെ മൃതദേഹത്തെ നോക്കി തമിഴ്നാട്ടിലെ ചലച്ചിത്രതാരങ്ങള്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് ഭ്യാഗ്യത്തിന് നമ്മള്‍ രക്ഷപെട്ടു. സുകുമാരന്‍റെ മരണത്തിനു ശേഷമാണ് തമിഴ്നാട്ടില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിച്ചുതുടങ്ങിയത്. സുകുമാരന് സ്മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പടികയറിച്ചെന്ന സുകുമാരന്‍റെ തോളില്‍ കൈയിട്ടു കൊണ്ട് സത്യന്‍ പറയുന്നു: "ആശാനേ, എന്‍റെ സ്മാരകം പോലെ!"

മരണത്തിനു ശേഷം വലിയ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ട മഹാനായ സുഹ്രുത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മരണത്തിനുശേഷവും അദ്ദേഹം ജീവിച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ച കസേരയും എഴുതാനുപയോഗിച്ച ബോര്‍ഡും പേനയും കണ്ണടയും മറ്റും കൊണ്ട് നടന്ന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പോലും അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു. ആനകളായ നമ്മള്‍ ഇമ്മിണി വലിയ കുഴിയാനകളായി മാറാതിരുന്നാല്‍ മതി.

(സര്‍ഗധാര മാസിക, ജൂലൈ 1997)

2011, ജനുവരി 24, തിങ്കളാഴ്‌ച

ഹിറ്റ്ലര്‍ തൃക്കാക്കരയില്‍


പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന എം. ആര്‍. ഡി. ദത്തന്‍ അടുത്ത സുഹൃത്തുക്കളുടെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ ശവസംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ദു:ഖം താങ്ങാനാവാതെ വരുമ്പോള്‍ പ്രയോഗിക്കാറുള്ള ഒരു 'മരണവിദ്യ' വിവരിക്കുകയുണ്ടായി. കൈകൂപ്പി വണങ്ങി ശവശരീര്‍ത്തിനു ചുറ്റും നടക്കുക. എന്നാല്‍ നടപ്പിനിടയില്‍ മറ്റ് എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് നീങ്ങാനാകുമെങ്കില്‍ മനസ്സ് വേദനിക്കാതെ കണ്ണീര്‍ പൊടിക്കാതെ വലം വെച്ച് ചുറ്റാനാകും. ലേഖനത്തിലൂടെ ദത്തന്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ചില ശവസംസ്കാരചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും 'ബോഡി'ക്ക് സമീപത്ത് എത്തുമ്പോഴേക്കും ദു:ഖം മറക്കാന്‍ കരുതിവെച്ച വിഷയങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുകയാണ് പതിവ്.

എന്നാല്‍ പ്രിയപ്പെട്ട ലീഡര്‍ കരുണാകരന്‍റെ ശരീരം കാണാന്‍ ഞാന്‍ പോയില്ല. വന്‍‌തിരക്കിനെ പേടിച്ചാണ് പോകാതിരുന്നത്. വിവിധ ചാലനുകളിലൂടെ വന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രം കഴിഞ്ഞു. ലീഡറുടെ മരണശേഷം മുരളിയോടും പത്മജയോടും പിന്നീട് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത് മനസ്സിന് ആശ്വാസം നല്‍കി. ജനുവരി നാലിന് ഞാനും പത്നിയും തൃശ്ശൂര്‍ മുരളീഭവനത്തില്‍ പോയി. അവിടെ സന്ദര്‍ശകരുടെ പ്രവാഹം. ഇതിനിടെയിലും രണ്ടുമണിക്കൂറോളം മുരളിയോടും ബന്ധുക്കളോടും ഒപ്പം ചിലവഴിക്കാനും കഴിഞ്ഞു.

ആ ദിവസം തൃശ്ശൂരില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മേശപ്പുറത്തിരുന്ന പുതിയ ഫോട്ടോകള്‍ ശ്രദ്ധിച്ചു. കൊച്ചു മകന്‍ ആദി (ഒന്നാം ക്ലാസ്സുകാരന്‍) സ്കൂളില്‍ നിന്ന് കൊണ്ടുവന്ന ഫാന്‍സിഡ്രെസ്സില്‍ പങ്കെടുത്ത ചില ചിത്രങ്ങള്‍. പാവം ആദി ഹിറ്റ്ലറുടെ വേഷമാണ് കെട്ടിയത്. ലോകത്തെ ഞെട്ടിവിറപ്പിച്ച സ്വേച്ഛാധിപതിയായ ഹിറ്റ്ലറുടെ വേഷം എന്തിനാണ് അണിഞ്ഞതെന്നറിയില്ല. മദര്‍ തെരേസയും മന്‍‌മോഹന്‍ സിങ്ങും ഗാന്ധിജിയും നെഹ്രുവും അമിതാബ് ബച്ചനും ഉള്ള വേളയില്‍! ഹിറ്റ്ലറുടെ മുഖം ഫോട്ടോകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പേടി തോന്നും. എന്നാല്‍ മാനിനെപ്പോലുള്ള ആദിയുടെ 'ഹിറ്റ്ലര്‍ ഫേസ്' കണ്ടാലോ? മൂന്ന് കുറവുകള്‍ എനിക്ക് തോന്നി. ഒന്ന്- നെറ്റിയിലേക്കിറക്കിയിട്ടിരുക്കുന്ന മുടി. രണ്ട്- തടിച്ച പുരികം. മൂന്ന്- മുറുമീശയാണെങ്കിലും തടിച്ചതാകണം. ചാര്‍ലി ചാപ്ലിന്റേതുപോലെയായാല്‍ പോര. അത്രത്തോളം സൂക്ഷ്മനിരീക്ഷണം മേക്കപ്പ്
ചെയ്ത വ്യക്തിക്ക് നടത്താന്‍ കഴിഞ്ഞിരിക്കില്ല. ഒന്നാം സ്റ്റാന്‍ഡേര്‍ഡ്കാരനാണെങ്കിലും ആദി വരക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അയാള്‍ക്ക് പ്രിയപ്പെട്ട മുഖങ്ങള്‍ ഗാന്ധിജി, ദലൈ ലാമ എന്നിവരുടേത്. ദ് ഹിന്ദു, മാതൃഭൂമി, ജനയുഗം, ചന്ദ്രിക എന്നീ പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകളില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനയെന്ന് കേട്ടാല്‍ ഈ കൊച്ചു കലാകാരന് ദേഷ്യം വരും. അവര്‍ കുഴപ്പകാരാണെന്ന് ഈ കൊച്ചു ഹൃദയം പറയുന്നു. ഏത് പ്രതിമ കണ്ടാലും തൊഴുക പതിവാണ്. കാറിലെ പിന്‍സീറ്റില്‍ ചമ്രം പിടഞ്ഞിരുന്ന് കൈകൂപ്പും. ഒരു ദിവസം പറങ്ങാട്ടുള്ള സന്തോഷിന്‍റെ പുതിയ വീട് കാണാന്‍ പോയ വഴി ശ്രീനാരായണഗുരുവിന്‍റെ പ്രതിമ കണ്ട് ആദി തൊഴുതുകൊണ്ട് പറഞ്ഞു: "ദേവീ മഹാമായേ...". ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറയുക. ആ വാക്യം മുഴുവന്‍ അവന് പഠിക്കാനായില്ലെങ്കിലും ഗുരുവിന്‍റെ പ്രതിമകള്‍ കാണുമ്പോള്‍ ആദി ചുരുക്കിപറയാറുണ്ട്: "ഒരു ജാതി."

ഹിറ്റ്ലര്‍ ഫോട്ടോകള്‍ കണ്ടശേഷം വിശ്രമിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് മാവേലിക്കര നിന്ന് ഒരു ഫോണ്‍ വിളി വന്നത്: "അറിഞ്ഞാരുന്നോ, തങ്കച്ചായന്‍ മരിച്ചുപോയി." എട്ട് വര്‍ഷമായി ബോധമില്ലാതെ രോഗശയ്യയിലായിരുന്ന തങ്കച്ചായന്‍റെ (എ. കെ. മാത്യു, ആലുമ്മൂട്ടില്‍, ഭരണിക്കാവ്) വേര്‍പാട് ഞെട്ടലുണ്ടാക്കി. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഹിറ്റ്ലറിന്‍റെ രൂപം തെളിഞ്ഞുവന്നു. പഴയ ഓര്‍മ്മകളിലേക്ക് മനസ്സ് ഒരു മയക്കത്തിലെന്ന പോലെ മടങ്ങി. ഞങ്ങള്‍ എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോള്‍. ആലുവ യു. സി. കോളേജില്‍ പഠിക്കയായിരുന്ന ഞങ്ങളുടെ ബന്ധു കൂടിയായ എ. കെ. മാത്യു അവധി ദിവസങ്ങളില്‍ വീട്ടില്‍ വരിക പതിവായിരുന്നു. അന്ന് ഞാന്‍ കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല, എന്താണന്ന് അറിയുകയുമില്ല. വീട്ടില്‍ വരുമ്പോഴെല്ലാം കടലാസുകള്‍ നിരത്തിയിട്ട് പെന്‍സില്‍ കൊണ്ട് വളരെ സ്പീഡില്‍ കാര്‍ട്ടൂണ്‍ വരച്ചുതള്ളുന്ന തങ്കച്ചായനെ ഞാന്‍ ഓര്‍ക്കുന്നു. അക്കാലത്ത് കടലാസില്‍ രണ്ട് മുഖങ്ങളാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വരച്ചിരുന്നത്. ഹിറ്റ്ലറിന്‍റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്‍റെയും - ഏറെ വേഗത്തില്‍ വരച്ചു തീര്‍ക്കുന്നു. ഇന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ആമ ഇഴച്ചില്‍' കാണുമ്പോള്‍ തങ്കച്ചായന്‍റെ കൈയ്യുടെ വഴക്കം ഓര്‍ത്തുപോകാറുണ്ട്. എന്‍റെ മുമ്പിലിരുന്ന ഫോട്ടോയിലെ കൊച്ചുമകന്‍ വേഷമിട്ട ഹിറ്റ്ലറെ ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്‍റെ പ്രസിദ്ധീകരണമായ 'ശങ്കേഴ്സ് ‌വീക്കിലി' എട്ടു വയസ്സുകാരനായ എനിക്ക് കാണാനുണ്ടായ ആദ്യ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കൈകളിലായിരുന്നു.

"ശങ്കരപ്പിള്ള നമ്മുടെ കായംങ്കുളം സ്വദേശിയാണ്. അദ്ദേഹത്തിന്‍റെതാണ് ശങ്കേഴ്സ് വീക്കിലി. ഇതു നിറയെ കാര്‍ട്ടൂണുകളും രസകരമായ ലേഖനങ്ങളുമാണ്. സമയം കിട്ടുമ്പോള്‍ ദാസന്‍ നോക്കണം. അടുത്താഴ്ച വരുമ്പോള്‍ ഞാന്‍ എടുത്തോളാം" എന്ന് പറഞ്ഞ് അദ്ദേഹം ആലുവായിലേക്ക് മടങ്ങുന്നതോടെ എന്‍റെ മനസ്സ് ശങ്കേര്‍സ് വീക്കിലിയിലേക്ക് തിരിയും. അത് നോക്കി ഗാന്ധിജിയെയും നെഹ്രുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും രാജഗോപാലാചാരിയേയും മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും രൂപങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. കാര്‍ട്ടൂണിന്‍റെ ആദ്യപാഠങ്ങള്‍ അവിടെ തുടങ്ങുന്നു. നിശബ്ദമായ ആദ്യഗുരുവിനെ ഓര്‍ത്തുപോയി. വീട്ടില്‍ വരുമ്പോഴൊക്കെ തങ്കച്ചായന്‍ കൂടെ പഠിക്കുന്ന ഒരു ചാക്കോച്ചനെപ്പറ്റി പറയുമായിരുന്നു - രസികനായിരുന്നത്രെ. കവിതകള്‍ ചൊല്ലുമായിരുന്നത്രെ. അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമോ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. മറുപടിക്ക് പകരം ചിരി. അദ്ദേഹം പിന്നീട് പ്രശസ്തനായ ചെമ്മനം ചാക്കോ ആയി മാറിയ കഥയും എന്‍റെ ബന്ധു പറഞ്ഞറിഞ്ഞു.

കേരള സര്‍ക്കാര്‍ സഹകരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്തനായിരുന്നു എ. കെ. മാത്യു. ആലുമ്മൂട്ടിലെ മുന്‍ വശത്തെ മുറ്റത്ത് പണ്ട് പലപ്പോഴും ഞാന്‍ കണ്ണീരൊഴുക്കിയ കഥ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്‍റെ പിതാവ് എം. കൊച്ചുകോശി (ഉണ്ണൂണ്ണി സര്‍) ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റെ്‌ ജോലിക്കാരനായിരുന്നെങ്കിലും നല്ലയൊരു കണ്ണുഡോക്ടര്‍ കൂടിയായിരുന്നു. കണ്ണിന് അസുഖം വരുമ്പോള്‍ ഞങ്ങള്‍ ഓടിയെത്തുന്നത് ആ മുറ്റത്താണ്‌. മരുന്നൊഴിച്ച് തരും. കണ്ണുദീനം അടുത്ത ദിവസം പമ്പ കടക്കും. ഉണ്ണൂണ്ണിച്ചായന്‍റെ കാലശേഷം ഈ കൊച്ചുചികിത്സ തങ്കച്ചായനും തുടരുകയുണ്ടായി.

തങ്കച്ചായന് ഒരു റീത്ത് സമര്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും അതിന് ഒരുങിയില്ല. റീത്തിന് ഇക്കാലത്ത് എന്തു വില! റീത്ത് വെച്ച് കഴിഞ്ഞ് നമ്മള്‍ തിരിയുന്നതിന് മുമ്പ് ശവപ്പെട്ടിയുടെ കീഴില്‍ നില്‍ക്കുന്ന ബന്ധു അതെടുത്ത് മറ്റൊരു സ്ഥലത്തേക്ക് എറിയുന്നു. റോഡുകളിലെ കുഴികള്‍ക്കും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ ശിലാസ്ഥാപനകല്‍ലിലും തകര്‍ന്ന പാലത്തിനും ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ റീത്ത് സമര്‍പ്പിച്ച് സമര്‍പ്പിച്ച് പൂചക്രത്തിന് ഇടിവ് വന്നതുമൂലം റീത്തിനെ കൈവിടുകയായിരുന്നു.

ചുവന്നു നീറുന്ന കണ്ണുകളുമായി ഞങ്ങള്‍ വീണ്ടും ആ മുറ്റത്തെത്തി. കണ്ണീര്‍ പൊടിച്ചു. നീറുന്ന ഹൃദയവുമായി ഞങ്ങള്‍ മടങ്ങി.

2011, ജനുവരി 16, ഞായറാഴ്‌ച

സ്മൈല്‍ പ്ലീസ്!

ഇടപ്പള്ളി ദേവന്‍ കുളങ്ങര ഹൈസ്കൂളും ഗവണ്മെന്‍റെ്‌ മിഡില്‍ സ്കൂളും അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്.

ത്രിശ്ശൂര്‍ ടൗണ്‍ ഹാളും രാമനിലയവും തമ്മിലുള്ള അകല്‍ച്ച പോലെ. അന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവ്ം. അന്നു ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന 'രാമയ്യര്‍' എന്ന അദ്ധ്യാപകന്‍ വേഷം കൊണ്ടും പെരുമാറ്റ്ം കൊണ്ടും ഇടപ്പള്ളിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി‌യിരുന്ന വ്യക്തിയായിരുന്നു. മുണ്ടും കറുത്ത കോട്ടും ധരിച്ച കഷണ്ടിക്കാരനായിരുന്ന ഈ അദ്ധ്യാപകന്‍ ആത്മസുഹ്രുത്തായ കുടയുമെടുത്ത് ഒരു ദിവസം ഹൈസ്കൂളിന്‍റെ ഗേറ്റിലൂടെ പുറത്തേക്ക് ഓടുന്ന കാഴ്ച കാണാന്‍ അന്ന് മിഡില്‍ സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ സാക്ഷിയായി. (ഇതിലെ രണ്ടാം സാക്ഷി സഹപാഠിയായിരുന്ന ശ്രീ. എ. സി. ജോസ് ആയിരുന്നു). രാമയ്യര്‍ സാറിന്‍റെ പിന്നാലെ ഒന്ന് രണ്ട് അദ്ധ്യാപകരും ചില വിദ്യാര്‍ത്ഥികളും ഓടുന്നുണ്ട്. അവര്‍ അവസാനം പദയാത്രാ ഓട്ടത്തിന് തടസം ഉണ്ടാക്കി അദ്ദേഹത്തിന്‍റെ കൈക്ക് പിടിച്ചു സ്കൂളിന് പിന്നിലെ കോമ്പോണ്ടിലേക്ക് കൊണ്ടുപോയി. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം പിടികിട്ടിയില്ല. "റെഡി, സ്മൈല്‍ പ്ലീസ്" എന്നാരോ പറയുന്ന ശബ്ദം പുറത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. "...പ്ലീസ്" പറഞ്ഞുനിറുത്തിയതും രാമയ്യര്‍ സാര്‍ വീണ്ടും റോഡിലേക്ക് ഓടിയതും ഒപ്പമായിരുന്നു. പിന്നാലെ ഓടിയവര്‍ രാമയ്യര്‍ സാറിനെ കീഴടക്കി വീണ്ടും ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. സംഭവം എന്താനെന്നറിയാന്‍ ഞങ്ങല്‍ സ്കൂള്‍ ബില്‍ഡിംഗിലേക്ക് എത്തിനോക്കി. അവിടെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിരത്തി ഇരുത്തിയും നിറുത്തിയും ഫോട്ടോ എടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വര്‍ഷാവസാനം, ഓര്‍മ്മ നിലനിര്‍ത്താന്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു.

പൊക്കമുള്ള ബേബി ജോണ്‍‌മാരെപ്പോലുള്ളവരെ നടുക്കും പൊക്കമില്ലാത്ത പിണറായി വിജയന്മാരെപ്പോലുള്ളവരെ വശങ്ങളില്‍ നിറുത്തിയും ക്യാമറക്കു വേണ്ടി ഒരുക്കുന്നു. എല്ലാം ഫോക്കസ് ചെയ്ത് "റെഡി, സ്മൈല്‍ പ്ലീസ്" എന്ന് പറഞ്ഞുകൊണ്ട് ലെന്‍സിനു മുകളിലെ മുഖം‌മൂടി എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും എന്നെയിതിനു കിട്ടില്ലെന്ന മട്ടില്‍ രാമയ്യര്‍ സാര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓടുകയാണ്. കുണുങ്ങി എത്തുന്ന ആ ക്യാമറക്കും സാറിന്‍റെ മുഖത്തിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഫോട്ടോ എടുക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ ആയുസ്സ് കുറയുമെന്ന് ആ പാവം അദ്ധ്യാപകന്‍ വിശ്വസിച്ചിരുന്നു. നമ്മുടെ ഛായ നെഗറ്റീവില്‍ ഓരോ പ്രാവശ്യം എത്തുമ്പോഴും ഓരോ വയസ്സ് കുറയുമത്രെ! കൂടെക്കൂടെ ഫോട്ടോ എടുത്താല്‍ പെന്‍ഷന്‍ കടലാസ് വാങ്ങാനാവാതെ പരലോകത്തേക്ക് മുന്‍‌കൂട്ടി പോകേണ്ടിവരുമെന്ന് അദ്ദേഹം പേടിച്ചു.

സ്വന്തം ജീവനെ നെഗറ്റീവില്‍ പതിപ്പിച്ച് കൊടുക്കാന്‍ തയ്യാറാകാതിരുന്ന രാമയ്യര്‍ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്‍പത് വര്‍ഷം പഴക്കമുള്ള നെഗറ്റീവുകളും ഇന്ന് തെളിവുകളായി ആരുടെ കൈയിലും ഇല്ലതാനും. പക്ഷേ, അദ്ദേഹം പല പാഠശാലകളിലായി ചെവിക്ക് തിരുമ്മി പഠിപ്പിച്ച അനേകം പേര്‍ ഇന്ന് സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ്. ശിഷ്യന്മാര്‍ ക്യാമറയെ കെട്ടിപ്പിടിച്ചാണ് ഉണരുന്നതും ഉറങ്ങുന്നതും എന്നത് പകല്‍ പോലെ സത്യമാണ്. അകലെയുള്ളത് നമ്മുടെ അരികിലേക്ക് എത്തിച്ച് തരുന്ന 'സൂം ലെന്‍സി'നു തുല്യമാണ് അവരുടെ ജീവിതം. പ്രശസ്ത നായകനടനായ ശ്രീ. മധുവിന്‍റെ ഉമാ ഫിലിം സ്റ്റുഡിയോ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ചില സുഹൃത്തുക്കള്‍ സ്റ്റുഡിയോയുടെ പിന്‍ഭാഗത്തെ നിരന്ന ഭൂമിയിലേക്ക് നീങ്ങിനിന്ന് അകലങ്ങളിലേക്ക് ചൂണ്ടിക്കാണിച്ച് ചോദിച്ചു: "മധുചേട്ടാ, അങ്ങ് അകലെ കാണുന്ന മനോഹരമായ മലകളും താഴ്വരയും എല്ലാം ചേട്ടന്‍റെ ഈ സ്റ്റുഡിയോയില്‍ ഉള്‍പ്പെട്ടതാണോ?"

ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ മധുവിന് ചെറിയൊരു കള്ളച്ചിരി. അദ്ധേഹത്തിന്‍റെ മറുപടി: "അതെയതെ. അതെല്ലാം എന്റേതു തന്നെ - സൂം വെച്ച് നോക്കുമ്പോള്‍."

അതുപോലെ അകലെയുള്ളത് നമ്മുടെ പോക്കറ്റിലേക്ക് എത്തിച്ചുതരുന്ന സൂം ലെന്‍സിന് തുല്യമാണ് നമ്മുടെ നേതാക്കന്മാരുടെ ജീവിതം. ഒരു ദിവസം തനിക്കുവേണ്ടി ഒരു റോള്‍ ഫിലിമെങ്കിലും എക്സ്പോസ് ചെയ്യിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ നേതാവിന്‍റെ ജീവിതം ഔട്ട് ഓഫ് ഫോക്കസ് ആയിമാറുന്നു. ഫോട്ടോ എടുത്താല്‍ ആയുസ്സ് കുറയുമെന്ന രാമയ്യര്‍ സാറിന്‍റെ വിശ്വാസത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. ക്യാമറയുടെ ബട്ടണില്‍ വിരല്‍ അമര്‍ത്തി ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും ക്ലിക്കുകളുടെ രാജാവായി ദീര്‍ഘായുസ്സോടെ നേതാക്കള്‍ ജീവിക്കുന്നു എന്നതാണ് അത്ഭുതകരമായ സത്യം.

ഫോട്ടോകള്‍ പതിച്ചുവെച്ച ആല്‍ബമാണ് വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും തെളിവുകളായി എപ്പോഴും എവിടെയും ശേഷിക്കുന്നത്. മമ്മൂട്ടിയോടോ, മോഹന്‍ലാലിനോടോ, ജയറാമിനോടൊപ്പം നിന്നെടുത്ത ഫോട്ടോകളുടെ ആല്‍ബം സ്വീകരണമുറിയിലെ ടേബിളില്‍ വെക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഷ്ട്രപതി ശ്രീ. ശങ്കര്‍ദയാല്‍ ശര്‍മ്മ കോണ്‍ഗ്രസ് പ്രസിഡന്‍റെ്‌ ആയിരുന്നപ്പോഴും ധനമന്ത്രി ശ്രീ. ശിവദാസമേനോന്‍ അദ്ധ്യാപകനായിരുന്ന കാലത്തും ശ്രീ. ബാല്‍ താക്കറെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന കാലത്തും കൂടെ നിന്ന് എടുപ്പിച്ചിട്ടുള്ള ഫോട്ടോകള്‍ ഇന്ന് ഏറെ പ്രചാരത്തിലാണ്. എന്നാല്‍ സുഖ്റാമിനെയും ചന്ദ്രസ്വാമിയേയും നരസിംഹറാവുവിനെയും ജയലളിതയെയും കെട്ടിപ്പിടിച്ചെടുത്തിട്ടുള്ള ഫോട്ടോകള്‍ ഇന്ന് പുറത്ത് കാണിക്കാന്‍ പലര്‍ക്കും മടി. ആല്‍ബത്തില്‍ നിന്ന് അവ പലതും മാറ്റി തുടങ്ങിയിരിക്കുന്നു.

ഫോട്ടോ ആല്‍ബങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലത്ത്‌വച്ച് ഞാന്‍ കാണാനിടയായ ഒരു ആല്‍ബത്തിലെ ഫോട്ടോ മനസ്സിലെ താളുകള്‍ക്കിടയിലെ ഒരു വേദനയായി ഇന്നും സൂക്ഷിക്കുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് എനിക്ക് രണ്ട് ഗുരുക്കന്മാരുണ്ട്. കാര്‍ട്ടൂണിസ്റ്റായ ശങ്കറും, കാര്‍ട്ടൂണിസ്റ്റല്ലാത്ത കാമ്പിശ്ശേരി കരുണാകരനും. പ്രശസ്ത പത്രപ്രവര്‍ത്തകനും നാടക നടനുമായ കാമ്പിശ്ശേരിയുടെ മരണം ഞാന്‍ വൈകിയാണറിയുന്നത്. പൊതു പ്രദര്‍ശനത്തിന് വയ്ക്കരുതെന്നും റീത്തുകള്‍ സമര്‍പ്പിക്കരുതെന്നും അനുശോചനസമ്മേളനം പാടില്ലെന്നുമുള്ള അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം മൂലം ശവസംസ്കാരം വള്ളിക്കുന്നത്ത് പെട്ടെന്ന് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന് ഞാന്‍ അല്പ ദിവസങ്ങള്‍ കഴിഞ്ഞാണ് കാമ്പിശ്ശേരിയുടെ കൊല്ലത്ത് കടപ്പാക്കടയിലുള്ള വസതിയില്‍ എത്തിയത്. ആ വീടിനോടുള്ള കടപ്പാട് ഏറെയാണ്. ജനയുഗത്തിലെ ഉദ്യോഗസ്‌ഥനായി കൊല്ലത്ത് എത്തിയ ഞാന്‍ ആദ്യനാളുകളില്‍ കാമ്പിശ്ശേരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിട്ട് ആശ്രാമം മൈതാനം ചുറ്റിയുള്ള നടപ്പ് ഞങ്ങളൊരുമിച്ചായിരുന്നു. ഇടതുവശത്തേക്ക് ശരീരം അല്പം ചരിച്ചാണ് അദ്ദേഹം നടന്നിരുന്നത്. ഇടതുവശത്തെ തകരാറിലായ ശ്വാസകോശം മദ്രാസ് കെ. ജെ. ഹോസ്പിറ്റലില്‍ വെച്ച് നടന്ന ഓപ്പറേഷനിലൂടെ നീക്കിയതുകൊണ്ട് കാമ്പിശ്ശേരിക്ക് ഇടതുചായ്‌വ് ഉണ്ടായി.

വീട്ടിലെത്തിയ എന്നെ കാമ്പിശ്ശേരിയുടെ പത്നി പ്രേമചേച്ചി സ്വീകരിച്ചു. നീണ്ട നിശബ്ദ്ത. വാക്കുകള്‍ വഴിമാറിയ നിമിഷങ്ങള്‍. "ഞാന്‍ ചായയിട്ട് കൊണ്ടുവരാം." അവര്‍ അകത്തേക്ക് പോയി. മുന്‍‌വശത്തെ മുറിയിലെ സെന്‍‌‌‌ട്രല്‍ ടേബിളില്‍ അലസമായി കിടന്ന ആല്‍ബത്തിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. ആല്‍ബം ഞാന്‍ കൈയ്യിലെടുത്തു മറിച്ചു നോക്കി. കുറെ പേജുകള്‍ കടന്നുപോയപ്പോള്‍ അതിലെ ഒരു ഫോട്ടോ എന്നെ ആകര്‍ഷിച്ചു. പ്രമുഖരായ ചില സാഹിത്യകാരന്മാരും ചില സിനിമാക്കാരും പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് കാമ്പിശ്ശേരിയോടൊപ്പം എടുത്ത ഒരു ഫോട്ടോ. എല്ലാവരുടെയും ചിരിക്കുന്ന മുഖങ്ങള്‍. ആ ഫോട്ടോയിലെ അപൂര്വ്വം ചിലര്‍ മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു. പിന്നില്‍ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ചായയുമായി എത്തിയ പ്രേമ ചേച്ചിയും ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നു. അപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ 'പരമു അമ്മാവന്‍' എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ കാമ്പിശ്ശേരി കരുണാകരന്‍റെ ഈ ഗ്രൂപ്പ് ഫോട്ടോ നോക്കി പ്രേമചേച്ചി പറഞ്ഞ വാചകം 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തിലെ അണക്കെട്ട് പൊട്ടിത്തെറിക്കുന്ന ശബ്ദ്ത്തോടെ ഇന്നും ചെവികളില്‍ മുഴങ്ങുന്നു. "ഇവരെല്ലാവരും കൂടിയാണ് അണ്ണനെ കൊന്നത്." വിശ്വസിക്കാനാവാത്ത ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി. ഒരു കുറ്റാന്വേഷണകഥക്ക് തെളിവ് നല്‍കുന്ന ഫോട്ടോ. മദ്യപാനത്തിന് അല്പസ്വല്പം വഴങ്ങിക്കൊടുത്തിരുന്ന വ്യക്തിയായിരുന്നു കാമ്പിശ്ശേരി. ശ്വാസകോശത്തിന്‍റെ തകരാറുമൂലം മദ്യം തൊടരുതെന്നു വിലക്കുമുണ്ട്. പക്ഷേ, സുഹൃത്തുക്കളുടെ സ്നേഹത്തിന് മുമ്പില്‍ അദ്ദേഹം പലപ്പോഴും കീഴടങ്ങാറുണ്ടായിരുന്നു. ആല്‍ബത്തിന്‍റെ താളുകള്‍ തമ്മിലും ഫോട്ടോകള്‍ തമ്മിലും ഒട്ടാതിരിക്കാനായി ഇടക്ക് കട്ടി കുറഞ്ഞ ബട്ടര്‍ പേപ്പര്‍ ഇടുന്ന പതിവുണ്ട്. ഇടക്ക് ബട്ടര്‍ പേപ്പര്‍ ഇടാത്ത ഒരു ജീവിതമായിരുന്നു കാമ്പിശ്ശേരിയുടേത്. അദ്ദേഹം ശത്രുവിനോടു പോലും ഒട്ടുമായിരുന്നു.

കാമ്പിശ്ശേരിയുടെ വീട്ടിലുള്ളതുപോലെ ഒരു ആല്‍ബം ഇന്ന് നമ്മുടെ എല്ലാ വീടുകളിലും മുന്‍‌മുറിയിലെ മേശയില്‍ മലര്‍ന്ന് കിടപ്പുണ്ട്. ആ ആല്‍ബത്തില്‍ സുഹൃത്തുക്കള്‍ ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന ഒരു ഫോട്ടോയും പിന്നീട് എന്നും ഓര്‍ക്കാനുണ്ടായിരിക്കും. സുഹൃത്തുക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു രാമയ്യര്‍ സാറിനും കഴിയില്ല.

(സര്‍ഗധാര മാസിക, ഫെബ്രുവരി 1997)

കാമ്പിശ്ശേരിയുടെ പത്നി പ്രേമ കാമ്പിശ്ശേരിയുടെ എഴുതിവെച്ചെരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ മരണപ്പെട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് വെച്ച് പ്രകാശനം ചെയ്തിരിക്കുന്നു – 2010 ഡിസംബര്‍ 23ന്. തോപ്പില്‍ ഭാസിയുടെ പത്നി അമ്മിണിയമ്മക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് വെളിയം ഭാര്‍ഗ്ഗവനാണ് പ്രകാശനകര്‍മ്മം നിര്‍‌വഹിച്ചത്. പുസ്തകത്തിന്‍റെ പേര് 'ഞാനൊന്നു പറഞ്ഞോട്ടെ."

പുസ്തകം കൈയിലെത്തിയില്ല. അതുകൊണ്ട് ഓര്‍മ്മകള്‍ വായിച്ചറിയാനും സാധിച്ചില്ല. പ്രേമചേച്ചി മുമ്പ് എന്നോട് പറഞ്ഞ ആല്‍ബത്തിന്‍റെ കഥ 'ഞാനൊന്നു പറഞ്ഞോട്ടെ' എന്ന ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അറിയില്ല.