2010, മേയ് 29, ശനിയാഴ്‌ച

താഴേക്കിറങ്ങി വരുന്ന

പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ ഒഴുകിയെത്തുകയാണ്. എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. 65 വര്‍ഷം പഴക്കമുള്ള കാനനഛായയിലേക്ക് ഓര്‍മ്മകള്‍ മേഞ്ഞെത്തണം.

രമണനിലെയും വാഴക്കുലയിലെയും വരികള്‍ എന്‍റെ പിതാവ് പാടുമ്പോള്‍ ഞാന്‍ കൌതുകത്തോടെ കേട്ട് നില്‍ക്കും. സര്‍ക്കാര്‍ ഉദ്യോഗവുമായി പലദേശങ്ങള്‍ സഞ്ചരിച്ചിരുന്ന പിതാവിന്‍റെ പുതിയ ലാവണം തൃക്കാക്കരയിലായപ്പോള്‍ എന്‍റെ പഠിപ്പുര ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളും പിന്നീട് ഇടപ്പള്ളിക്ക് സമീപമുള്ള ദേവന്‍കുളങ്ങര ഗവണ്മെന്‍റ് മിഡില്‍ സ്കൂളുമായി മാറി. ദേവന്‍കുളങ്ങരയില്‍ പഠിക്കുമ്പോഴാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ തറവാടിനെക്കുറിച്ച് അറിയുന്നത്. അത് അദ്ദേഹത്തെ കാണാനുള്ള മോഹമായി മാറുകയും ചെയ്തു. മുന്‍ സ്പീക്കറും മുന്‍ എം. പിയും കേന്ദ്രമന്ത്രിയായിരുന്ന എ. സി. ജോര്‍ജിന്‍റെ സഹോദരനായ എ. സി. ജോസും ഞാനും ഒരുമിച്ചാണ് ഈ രണ്ടു പാഠശാലകളിലും പഠിച്ചത്‌. ജോസും ഞാനും ഒരേ ക്ലാസ്സില്‍. മുന്‍ ബഞ്ചുകാര്‍. കുടുംബപരമായ അടുപ്പം ഉണ്ടായിരുന്നതുകൊണ്ട് എന്‍റെ എല്ലാ കുസൃതികള്‍ക്കും ജോസിന്‍റെ എല്ലാ കല്ലേറുകള്‍ക്കും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ചങ്ങമ്പുഴയുടെ വീട് ദേവന്‍കുളങ്ങര മിഡില്‍ സ്കൂളിന്‍റെ സമീപത്താണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാന്‍ മോഹമായി.

ക്ലാസുള്ള ദിവസങ്ങളില്‍ ഉച്ചസമയത്തെ വിശ്രമസമയത്ത് ഞാനും ജോസും കറങ്ങിനടക്കാത്ത സ്ഥലങ്ങളില്ല. കൃസ്ത്യാനികളായ ജോസിനും എനിക്കും ഇടപ്പള്ളി കൊട്ടാരത്തില്‍ കയറാന്‍ സാധിക്കില്ലെങ്കിലും രാമന്‍, കൃഷ്ണന്‍ എന്നീ വ്യാജപ്പേരുകള്‍ തമ്മില്‍ തമ്മില്‍ വിളിച്ചുകൊണ്ട് ഞങ്ങള്‍ ഒരു ദിവസം കൊട്ടാരത്തിനകത്തു കയറിയതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. ഒരു കൊട്ടാരം ജീവനക്കാരന്‍ ഞങ്ങളെ ഉപദേശിക്കാനാണ്‌ ശ്രമിച്ചത്‌: നിങ്ങള്‍ രാമന്‍, കൃഷ്ണന്‍ എന്നീ കള്ളപ്പേരുകള്‍ വിളിച്ചല്ലേ കൊട്ടാരത്തില്‍ കയറിയിരിക്കണത്. രണ്ടിനേം കണ്ടാല്‍ നസ്രാണികളെന്നു ആര് പറയും?

ജോസിനെ സൂക്ഷിച്ചു നോക്കിയശേഷം അയാള്‍ പറഞ്ഞു: ഇവനെ കണ്ടിട്ട് ഇടപ്പപള്ളീലെ അമ്പാട്ടെ ചാക്കോചേട്ടന്‍റെ മകനാണെന്ന് തോന്നുന്നല്ലോടേ. ജോസ് പെട്ടെന്ന് എന്‍റെ പിന്നിലേക്ക്‌ മാറി. കണ്ടുപിടുത്തം തെറ്റിയില്ല. ജോസ് ഞെട്ടി. ഞാന്‍ ചിരിച്ചു. ജീവനക്കാരന്‍റെ ഉപദേശം വീണ്ടും: ഇനി ഇമ്മാതിരി ചെയ്യരുതട്ടോ. പൊയ്ക്കോ.

ഞങ്ങള്‍ കൊട്ടാരം ഇറങ്ങി. അതുപോലെ തന്നെ സെന്‍റ് ജോര്‍ജ് പ്രൈമറി സ്കൂളിന് എതിര്‍വശമുള്ള സെന്‍റ് ജോര്‍ജ് പള്ളിയില്‍ ഉച്ച സമയത്ത് പോകുന്നതും ഞങ്ങള്‍ പതിവാക്കിയിരുന്നു. എന്തിനെന്ന് ചോദിച്ചാല്‍ രണ്ടു പേര്‍ക്കും അറിയില്ല. എന്നാല്‍ മടങ്ങി വരുമ്പോള്‍ രണ്ടു പേരുടെയും ഷര്‍ട്ടിന്‍റെയും നിക്കറിന്‍റെയും പോക്കറ്റില്‍ പകുതി കത്തിത്തീര്‍ന്ന കുറെ മെഴുകുതിരികള്‍ ഉണ്ടാകും. വീട്ടില്‍ കൊണ്ടുപോയി കത്തിക്കും. അതിനു മുന്നിലിരുന്നു പഠിക്കുക പതിവായിരുന്നു. കരന്‍റ് വന്നിട്ടില്ലാത്ത കാലം. എന്നാല്‍ വലിയ മണ്ണെണ്ണ വിളക്കുകള്‍ ഉള്ള വീട്ടിലെ ജോസ് മെഴുകുതിരി എന്ത് ചെയ്തു എന്ന് എനിക്കറിയില്ല. ഇപ്പോഴും സൂക്ഷിച്ചു വെച്ചിച്ചുണ്ടായിരിക്കാം.

ദേവന്‍കുളങ്ങര സ്കൂളിന് മുമ്പില്‍ വലിയ ഒരു ആല്‍മരം ഉണ്ടായിരുന്നു. ഉച്ചക്കറക്കത്തിന്‍റെ തുടക്കം ആല്‍മരം സന്ദര്‍ശിച്ചതിനുശേഷമായിരിക്കും. മരത്തിന്‍റെ ചുവട്ടിലിരുന്ന് മിഠായി വില്‍ക്കുന്ന (ഞങ്ങള്‍ അന്നു പറഞ്ഞിരുന്നത് തുപ്പലു മിഠായി എന്നാണ്.) ചേട്ടത്തിയെ സന്ദര്‍ശിച്ച് മിഠായിയും വാങ്ങി ആലിന്‍റെ ചുവട്ടിലെ വലിയ പോട്ടില്‍ തലയിട്ട് ഭുംഭും ശബ്ദം കേട്ട് രസിക്കും. മരത്തിനുള്ളില്‍ ഭൂതമുണ്ടെന്നായിരുന്നു അന്നത്തെ വിശ്വാസം. കൂടെ പഠിച്ച വിജയന്‍മാരും വര്‍മ്മയും മനോഹരനും ഉമ്മറും സ്പോര്‍ട്സ്‌ താരമായ കുട്ടന്‍പിള്ളയും രജിസ്ട്രാറുടെ മകന്‍ തമ്പിജോസ് സെബാസ്ടിയനും മുരളിയും തലയിടാന്‍ ഒരുങ്ങി നില്‍ക്കാറു പതിവാണ്.

അവിടെനിന്ന്‌ വലത്തേക്ക് തിരിഞ്ഞു കുറെ വീടുകള്‍ കഴിയുമ്പോള്‍ ഇടതുവശത്തൊരു ഗേറ്റ്. ഗേറ്റില്‍ ഇടതുവശത്തെ തൂണില്‍ വീട്ടു പേര് എഴുതിവെച്ചിരിക്കുന്നു - ചങ്ങമ്പുഴ. ചരിഞ്ഞ അക്ഷരങ്ങള്‍. അത് മാര്‍ബിളില്‍ കൊത്തിവച്ചതായിട്ടാണ് ഓര്‍മ്മ. അതല്ലെങ്കില്‍ സിമെന്റില്‍ ഒരുക്കിയത്.

ഞാനും ജോസും ഗേറ്റ് തുറന്നു അകത്തു കയറും. വിശാലമായ പറമ്പും നടുവില്‍ ഒരു വീടും. ഒരു വലിയ മരച്ചുവട്ടിലെ ചാരുകസേരയിലിരുന്നു മെലിഞ്ഞ ഒരാള്‍ എന്തോ കുതിക്കുറിക്കുന്നത് കാണാം - ബനിയനും മുണ്ടും വേഷം. അദ്ദേഹം ഞങ്ങളെ കണ്ടു. കൈകൊണ്ട് അടുത്തേക്ക് ക്ഷണിച്ചു. കുശലങ്ങള്‍ ചോദിച്ചു. നന്നായി പഠിക്കണമെന്ന് ഞങ്ങളെ ഉപദേശിക്കും. ആ മെലിഞ്ഞ മനുഷ്യനാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ള.

ചങ്ങമ്പുഴയെ സന്ദര്‍ശിച്ചശേഷം ഉച്ചസമയത്ത് ഞാനും ജോസും പുറത്തേക്കു ഇറങ്ങുന്നത് കെട്ടിപ്പിടിച്ചാണ് - ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ നീയെന്‍റെ ജീവനല്ലേ എന്ന രമണനിലെ വരികള്‍ പാടിക്കൊണ്ട്.

പക്ഷേ, പുറത്തിറങ്ങുന്ന ഞാന്‍ ജോസിന്‍റെ പിടി വിട്ട് ഗേറ്റില്‍ ചങ്ങമ്പുഴ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡിന് അടുത്തേക്ക് നീങ്ങും. എന്‍റെ ചൂണ്ടുവിരല്‍ ബോര്‍ഡിലെ യിലേക്കും ങ്ങയിലേക്കും, മ്പുയിലേക്കും, യിലേക്കും ഓടിച്ചു ഒപ്പിയെടുക്കാന്‍ ശ്രമിക്കും. യുടെ ചുവട്ടിലെ വളളി ഇടത്തേക്ക് തിരിഞ്ഞും വളഞ്ഞും യുടെ ചുവട്ടില്‍ അഭയം തേടുന്നതിലെ ഭംഗി ഞാന്‍ നോക്കി നില്‍ക്കുക പതിവായിരുന്നു.

എന്നാല്‍ ക്ലാസ്സില്‍ കയറേണ്ട സമയമായെന്ന് പറഞ്ഞു ജോസ് വഴക്കിടും. ക്ലാസ്സില്‍ കയറേണ്ടടോ ദാസ്സേ. താനാ ബോര്‍ഡ്‌ ഇളക്കിയെടുക്കാന്‍ ശ്രമിക്കയാ? ജോസിന്‍റെ ചോദ്യം.

ഉച്ചസമയത്തെ ഈ സന്ദര്‍ശനവും ബോര്‍ഡിലൂടെ വിരലോടിക്കുന്നതും ഒരു പതിവായി മാറി.

ഒരു ദിവസം ഉച്ചയോടു കൂടി ഒരു ചെറിയ കറുത്ത കാര്‍ (മോറിസ് മൈനര്‍ ആണന്നു ഓര്‍മ്മ) സ്കൂളിന്‍റെ മുന്നില്‍ വന്നു നിന്നു. അധ്യാപകര്‍ക്ക് പിന്നാലെ ഞങ്ങള്‍ കുറച്ചു കുട്ടികള്‍ പുറത്തേക്കോടി സുഖമില്ലാത്ത അവസ്ഥയില്‍ ചങ്ങമ്പുഴ. പരിചയത്തിലുള്ള ഒരു അധ്യാപകനെ കാണാനാണ് ചങ്ങമ്പുഴ എത്തിയത്. ഏറെ നേരം ചിലവഴിച്ചില്ല. കാര്‍ ഇടപ്പള്ളി അമ്പലത്തിനു മുമ്പില്‍ തിരിഞ്ഞു വടക്കോട്ട് നീങ്ങി. അദ്ദേഹം കാറിലിരുന്നു കൈ വീശി. ഞങ്ങളും.

അത് ചങ്ങമ്പുഴയുടെ അവസാനയാത്രയായിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് അദ്ധേഹത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്‍റെ കുഞ്ഞുമനസ്സ് ഏറെ വേദനിച്ചു. ചങ്ങമ്പുഴ പറമ്പിലെ ചാരുകസേരയിലിരിക്കുന്ന ചേട്ടനെയും ചങ്ങമ്പുഴ ബോര്‍ഡും താഴേക്കിറങ്ങി കറങ്ങി വരുന്ന എന്ന അക്ഷരവും ഇന്നും ഒരു കരള്‍ പോലെ മായാതെ മനസ്സില്‍ ഞാന്‍ കൊണ്ടുനടക്കുന്നു. അക്ഷരങ്ങളില്‍ വന്ന പരിചരണവും തലോടലും കുട്ടിയായ എന്നില്‍ അത്ഭുതവും പ്രേമവും ഉണര്‍ത്തി. ചങ്ങമ്പുഴ ഫലകം ഇന്ന് എവിടെയാണന്നറിയില്ല. ചങ്ങമ്പുഴയുടെ തന്നെ കൊച്ചുമകനോടും ഒരിക്കല്‍ ഞാന്‍ ചോദിച്ചു. അദ്ദേഹത്തിനും അറിയില്ല. ചങ്ങമ്പുഴ ഫലകത്തില്‍ കാണാനിടവന്ന ആ അക്ഷരങ്ങളും യുടെ വഴക്കവും ഒരു പക്ഷേ എന്‍റെ ഉള്ളില്‍ ലീനമായിരുന്ന കലയുടെ ഉയര്‍ത്തെഴുന്നേല്പ്പിനു കാരണമായതായിരിക്കാം.

2010, മേയ് 23, ഞായറാഴ്‌ച

കാലു മുതല്‍ നാക്കുവരെ

ഏതെങ്കിലും ഒരു ചടങ്ങിന് എത്തുമ്പോഴാണ് എന്‍റെ മൂന്നു സ്നേഹിതരെ ഒരുമിച്ച് ഞാന്‍ ഓര്‍ക്കാറുള്ളത്. പ്രശസ്ത ചിത്രകാരനായ ശ്രീ. സി. എന്‍. കരുണാകരന്‍, പലതുകൊണ്ടും പ്രശസ്തനായ മുന്‍ എം. എല്‍. എ. ശ്രീ. ശരത്ചന്ദ്രപ്രസാദ്‌, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ശ്രീ. ജോസഫ്‌ എം. പുതുശ്ശേരി എന്നീ തൃമൂര്‍ത്തികളാണ് ഓര്‍മ്മയില്‍ എത്തുന്നത്‌. യോഗസ്ഥലത്തോ മറ്റു ചടങ്ങുകള്‍ നടക്കുന്ന ഹാളിലോ ഞാന്‍ കയറിച്ചെല്ലുന്നത് സാവധാനത്തില്‍ കാലുകള്‍ എടുത്തുവെച്ചാണ്. വേദിയിലേക്ക് കയറിപ്പറ്റാന്‍ ചില അവസരങ്ങളില്‍ സഹായവും വേണ്ടിവരുന്നു.

സഹായത്തിനു ഒരാള്‍ കൈ പിടിക്കുമ്പോള്‍ അതു എറെ സഹായകമാകും. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് എനിക്ക് ഹൃദയ ശാസ്ത്ക്രിയ നടന്നത്. കൊച്ചി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. എ. കെ. ഏബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമാണ് ചെന്നെയിലേക്ക് പോയത്. ഹൃദയത്തിനു താങ്ങായി ഡോ. അജിത്‌ മുല്ലശ്ശേരി, ഡോ. കുര്യന്‍ എന്നിവര്‍ ചെന്നെയില്‍ ഉണ്ടായിരുന്നു. ഇടതുകാലില്‍ നിന്നാണ് ഞരമ്പ്‌ എടുത്തു ഹൃദയത്തില്‍ വെച്ചത്. എന്നാല്‍ ആറു മാസം കഴിഞ്ഞപ്പോള്‍ ഇടതുകാലിലെ ഞരമ്പുകള്‍ക്ക് മരവിപ്പ്. നല്ല ആരോഗ്യം ഉള്ളവര്‍ക്ക് ഞരമ്പ്‌ മാറ്റിയാലും കുഴപ്പം വരാറില്ല. എന്നാല്‍ കുട്ടിക്കാലം മുതലേ മധുരവും കണ്ണില്‍കാണുന്ന ചപ്പുചവറുകളും വിഴുങ്ങി ആരോഗ്യമില്ലാത്തവര്‍ക്കാണ് ചിന്ന ചിന്ന ഞരമ്പുകള്‍ മുറിഞ്ഞുമാറുന്നതോടെ കാലിനു തകരാരുണ്ടാവുക. അതിനു ശേഷമുള്ള ആയുര്‍വേദചികിത്സകൊണ്ട് കാലിന്‍റെ വിരലുകള്‍ക്ക് ചെറിയ ചലനം ലഭിച്ചു. ചങ്ങനാശ്ശേരിയിയുലുള്ള ശ്രീ ശങ്കര ആശുപത്രിയുടെ കൊച്ചി ശാഖയിലായിരുന്നു മൂന്നു വര്ഷം മുന്‍പുള്ള ചികിത്സ. ഇപ്പോള്‍ വീണ്ടും അതേ ആശുപത്രിയിലെത്തിയിരിക്കുന്നു. ആയുര്‍വേദ ഡോ. രാജാ ചന്ദ്രദാസിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സനടക്കുന്നത്.

കാലിന്‍റെ മരവിപ്പ് പനിപോലെ, ചിക്കന്‍പോക്സ് പോലെ പകരുന്നതാണോ? യോഗസ്ഥലത്തെത്തുമ്പോള്‍ പ്രത്യേകിച്ച് ശരത്ചന്ദ്രപ്രസാദോ, സി. എന്‍. കരുണാകരനോ, ജോസഫ്‌ എം. പുതുശ്ശേരിയോ ഉണ്ടെങ്കില്‍ കാലിന്റെ മരവിപ്പ് പടരുന്നതാണെന്നു ഞാന്‍ പറയാറുള്ളതാണ്. ഇവര്‍ മൂന്നു പേരും കാലിനു സ്വാധീനക്കുറവുള്ളവരാണ്. ശരത്ചന്ദ്രപ്രസാദിന്‍റെ ഇടതുകാലിനാണ് സ്വാധീനക്കുറവ്. ജോസഫ്‌ പുതുശ്ശേരിയുടെ വലതുകാലിനും. സി. എന്‍. കരുനാകന്‍റെ ഏതു കാലിനാണ് കുഴപ്പമെന്ന് ഇതുവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പകല്‍ ഒരു കാലിന് കുഴപ്പം. രാത്രി അടുത്ത കാലിന് കുഴപ്പം.

തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍റെ മുമ്പില്‍ വെച്ച് കെ. മുരളീധരന്‍ മുണ്ടുരിഞ്ഞപ്പോള്‍ സുരേഷ് ഉണ്ണിത്താനോടൊപ്പം ഇറങ്ങിയോടിയ ശരത്തിന്‍റെ കാലു കുഴപ്പത്തിലായി. ശരത്ചന്ദ്രപ്രസാദിന്‍റെ കാലിന്‍റെ സ്വാധീനക്കുറവിനെപ്പറ്റി അദ്ദേഹം കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ ഞാന്‍ വിശദീകരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കുണുങ്ങിച്ചിരിക്കാറുള്ളത് ശരത്തു തന്നെയായിരിക്കും. കോണ്‍ഗ്രസിലും, മാണി കോണ്‍ഗ്രസിലും, ജോസഫ്‌ ഗ്രൂപ്പിലും, ബാലകൃഷ്ണഗ്രൂപ്പിലും, പി. സി. ജോര്‍ജിലും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു കാലു തേഞ്ഞുപോയതുകൊണ്ടാണ് കല്ലൂപ്പാറ എം. എല്‍. എ. ജോസഫ്‌ എം. പുതുശ്ശേരിയുടെ കാലിന് തേയ്മാനം ഉണ്ടായതെന്ന് പറയുമ്പോള്‍ പുതുശ്ശേരി തന്‍റെ അകന്ന പല്ലുകള്‍ പുറത്തുകാട്ടി പൊട്ടിച്ചിരിക്കും. സി. എന്‍. കരുണാകരന്‍റെ കാലിന്‍റെ കുഴപ്പം എങ്ങനെ സംഭവിച്ചെന്നു ലളിതകലാ അക്കാദമി സെക്രടറി ശ്രീ. സത്യപാലിനു മാത്രമേ പറയാന്‍ കഴിയൂ. എന്നാല്‍ ലോക പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ നാമത്തിലുള്ള ഒരു ലക്ഷം രൂപ അവാര്‍ഡ്‌ പ്രിയ ചിത്രകാരനായ സി. എന്‍. കരുണാകരന് ലഭിച്ചു എന്നത് എറെ ആഹ്ലാദം പകരുന്നതാണ്. നീണ്ട മൂക്കും, വിടര്‍ന്ന ചുണ്ടും ചരിഞ്ഞ കണ്ണുകളുമാണ് കരുണാകരന്‍റെ സ്ത്രീ കഥാപാത്രങ്ങള്‍. എന്നാല്‍ രാജാ രവിവര്‍മ്മയുടെ സീതയായാലും ശകുന്തളയായാലും ദമയന്തിയായാലും പ്രിയംവദയായാലും മുഖം ഒന്നുപോലെ. മലയാളത്തിലെ ഒരു പ്രശസ്ത ചലച്ചിത്ര നടി വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഡലായി രവിവര്‍മ്മയുടെ സ്റ്റുഡിയോയിലെത്തി ഇരുന്നുകൊടുക്കുകയുണ്ടായോ എന്ന് നമുക്ക് സംശയം തോന്നാം. നടി കാവ്യ മാധവന്‍റെ അതേ മുഖം അതേ പടി രവി വര്‍മ്മ പകര്‍ത്തിവച്ചത് പോലെ തോന്നും. കാവ്യയുടെ മൂക്കിന്‍റെ ഇടതു വശത്തു ഒരു മൂക്കുത്തി പോലുള്ള കറുത്ത മറുക് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ ഇല്ലെന്നു മാത്രം. കേന്ദ്രമന്ത്രിയായിരുന്ന ഭൂട്ടാസിങ്ങിന് മൂക്കിന്‍റെ ഇടതു വശത്തു മൂക്കുത്തി പോലൊരു മറുകുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റെ ഒബാമയ്ക്കും നടി മേനകക്കും മൂക്കിനു താഴെ മറുക് കാണാം. മറുക് കാണാതിരിക്കാന്‍ തന്‍റെ ഫോട്ടോ എടുക്കാന്‍ വരുന്ന ക്യമാറാക്കാരോട് വലതു വശത്തുനിന്ന് ഫോട്ടോ എടുക്കാനാണ് കാവ്യ പറയാറുള്ളത്. ചിത്രകാരന്മാര്‍ക്ക് കാവ്യ മാധവനോട് പ്രണയമാണ്. തനിക്ക് കാവ്യാ മാധവനെ കാന്‍വാസില്‍ പകര്‍ത്തണമെന്നു ചിത്രകലാരംഗത്തെ കാണാപ്പൊന്ന് തേടിപ്പോകുന്ന നടി ഷീലയ്ക്ക് ആഗ്രഹം. ഭാഗ്യവതിയായ കാവ്യാ മാധവന് എന്നും ഭാഗ്യം, എന്നും സമ്മാനം, എന്നും ഉത്ഘാടനം.

വീണ്ടും നമ്മള്‍ 2010 മെയ്‌ മാസത്തില്‍ എഴുപതാം ജന്മദിനം ആഘോഷിച്ച സി. എന്‍. കരുണാകരനിലേക്കെത്തുന്നു. രാജാ രവിവര്‍മ്മ പുരസ്കാരം ലഭിച്ച സി. എന്‍. കരുണാകരനെ അനുമോദിക്കാന്‍ ചേര്‍ന്ന ഒരു ചടങ്ങില്‍ അദ്ദേഹം ഒരു കാര്യം തുറന്നടിച്ചു: കലാകാരന്മാര്‍ കുറച്ചു സംസാരിക്കണം. നീട്ടി പ്രസംഗിക്കരുത്. അധികം വാച്ചകമടിയുമരുത്. സുകുമാര്‍ അഴിക്കോടിന്‍റെ നീണ്ട പ്രസംഗശൈലി ഭംഗിയല്ല. എറെ പ്രസംഗിക്കുന്ന സമയം കൊണ്ട് വരയ്ക്കാന്‍ ശ്രമിക്കുക.

നമ്മുടെ പ്രിയപ്പെട്ട കലാകാരനായ ശ്രീ. എം. വി. ദേവനെയല്ല അദ്ദേഹം ലക്‌ഷ്യം വച്ചതെന്ന് കരുതാം. നീട്ടി പ്രസംഗിക്കുകയും നീട്ടി സംസാരിക്കുകയും ചെയ്യുന്ന അനേകം പേരെ നമുക്കറിയാവുന്നതാണ്. മൈക്ക് കണ്ടാല്‍ പിടിവള്ളിപോലെ അതില്‍ പടര്‍ന്നു കയറും. കുറേക്കാലം മുമ്പ് ഞാനും പ്രൊ. ജി. ബാലചന്ദ്രനുംകൂടി ഒരു കോഴിക്കോട് യാത്ര നടത്തി. പ്രൊഫസറെ അറിയാത്തവര്‍ ചുരുക്കം. ടി. എച്ച്. മുസ്തഫ കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നീട്ടി പ്രസംഗിക്കുന്നവരുടെ ലിസ്റ്റിലെ മുന്‍നിരക്കാരനാണ് ബാലചന്ദ്രന്‍. നെയ്യാര്‍ ഡാമിലെ കോണ്‍ഗ്രസ്‌ പഠനകേന്ദ്രത്തിന്‍റെ ജനറല്‍ കണ്‍വീനറുമാണ്. രാവിലെ പത്തിന് ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരിച്ചു. വൈകിട്ടു നാലിന് കോഴിക്കോട്ട് എത്തി. ആറു മണിക്കൂര്‍ യാത്രയില്‍ ആലപ്പുഴയുടെ ചുറ്റുപാടുമുള്ള പതിനാറു സ്ഥാപനങ്ങളുടെ സെക്രട്ടറിയും മറ്റുമായ രവി പാലത്തുങ്കലും കൂടെയുണ്ട്. ഈ ആറു മണിക്കൂര്‍ നേരവും പ്രൊ. ജി. ബാലചന്ദ്രന്‍ തന്നെ സംസാരിച്ചുകൊണ്ടിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഭീമ ജുവല്ലറിയുടെ ശ്രീ. ഗിരിരാജന്‍ ഞങ്ങളോട് ചോദിച്ചു: എന്താ യേശുദാസന്‍റെയും രവിയുടെയും മുഖത്തൊരു ക്ഷീണം? ഞങ്ങള്‍ മറുപടി പറയുന്നതിന് മുന്‍പായി ബാലചന്ദ്രന്‍ പറഞ്ഞു: കേട്ടോ ഗിരിരാജന്‍, ഞാന്‍ ഇവരോട് പറഞ്ഞുവരികയായിരുന്നു, അതായത്...

2010, മേയ് 16, ഞായറാഴ്‌ച

And Miles To Go...

കോണ്‍ഗ്രസുകാരില്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന ശീലം വര്‍ധിച്ചു വരികയാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി ഏ. കെ. ആന്റണി പ്രിയദര്‍ശനി പബ്ളികേഷന്‍സിന്‍റെ പുസ്തക പ്രസാധനചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോള്‍ പറയുകയുണ്ടായി.

ഏറണാകുളം റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള മാസ് ഹോട്ടലിന്‍റെ എക്സ്റ്റന്‍ഷനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുറിയിലേക്ക് നമ്മുടെ ചിന്ത തിരിയുന്നു. ഈ മുറിയിലാണ് 1975 കാലഘട്ടത്തില്‍ ഏ. കെ. ആന്റണി കുറേക്കാലം താമസിച്ചത്. പണ്ടത്തെ അസാധു മാസികയുടെ ഓഫീസും ഇതിനോട് ചേര്‍ന്നാണ്. ആന്റണി വല്ലപ്പോഴും അവിടെ കയറി വരും. പെട്ടെന്ന് പിന്‍വാങ്ങും. ആന്റണിയുടെ മുറിയില്‍ നമ്മള്‍ ചെന്നാലും ഏറെ സമയം അവിടെ ഇരിക്കേണ്ടി വരില്ല. മുറി മുഴുവന്‍ പുസ്തകങ്ങള്‍  കട്ടിലിനടിയിലും മേശപ്പുറത്തും ചെറിയ അലമാരക്ക് പുറത്തുമായി അവ നിരന്നു കിടക്കും. പ്രതിരോധത്തെപ്പറ്റിയും യുദ്ധഭൂമിയെപ്പറ്റിയുമുള്ള പുസ്തകങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നോയെന്നറിയില്ല.

ആന്റണി മുറി വിട്ടതോടെ മുറിയില്‍ പുതിയ അതിഥി എത്തി ശ്രീ. പി. സി. ചാക്കോ. അദ്ദേഹം താമസമാക്കിയ വിവരമറിഞ്ഞ് കാണാനായി ഞാന്‍ മുറിയിലെത്തി. ചാക്കോയുടെ മുറി മുഴുവന്‍ നിയമ പുസ്‌തകങ്ങള്‍ - എങ്കിലും അദ്ദേഹത്തിന്‍റെ മുഖത്ത് കെ. മുരളീധരന്‍റെതു പോലൊരു വാട്ടം. ചാക്കോ പറഞ്ഞു: രാഷ്ട്രീയം മതിയാക്കുകയാണ്. നിയമം പഠിച്ചു ബിരുദം എടുക്കാമെന്ന് വിചാരിക്കുന്നു. അധികാരത്തിന്‍റെ പടികയറാനുള്ള ക്ലേശങ്ങളെപ്പറ്റി പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ചാക്കോക്ക് ഈ ചാഞ്ചാട്ടം വന്നത്. പക്ഷേ, ദൈവം അനുവദിക്കേണ്ടെ? അല്‍പ ദിവസത്തിന് ശേഷം ഒരു ഡല്‍ഹിയാത്ര നടത്തുകയും നിയമവിദ്യാഭ്യാസം വേണ്ടെന്നു മടക്കയാത്രയില്‍ തീരുമാനിക്കുകയും രാഷ്ട്രീയത്തില്‍ സജീവമാവുകയും ചെയ്തു. മടങ്ങി എത്തിയത് ചില സിഡികളുമായിരുന്നു. ഇന്ദിരാഗാന്ധിയെപ്പറ്റിയുള്ള ചില ലഘുചിത്രങ്ങള്‍ ഇന്ദിരാജിയുടെ പ്രസംഗങ്ങള്‍.

വായനയിലും എഴുത്തിലും ഗാന്ധിജി മുമ്പിലായിരുന്നു. വലതുകൈ കൊണ്ടും ഇടതുകൈ കൊണ്ടും എഴുതുന്ന സ്വഭാവം ഗാന്ധിക്കുണ്ടായിരുന്നതായറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഉണര്‍ത്തി വിട്ട ഹിന്ദ്‌ സ്വരാജ് എന്ന പുസ്തകം ഗാന്ധി ഇടതും വലതും കൈകൊണ്ട് എഴുതിയതാണെന്ന് വലതന്‍മാര്‍ക്കും ഇടതന്‍മാര്‍ക്കും അറിവുള്ളതാണ്. ഹിന്ദ്‌ സ്വരാജ് ബ്രിട്ടീഷ്‌ ഗവണ്മെന്‍റെ പല തവണ നിരോധിച്ചതുമാണ്. ഗാന്ധിജിയുടെ തിരഞ്ഞടുക്കപ്പെട്ട കൃതികളും കത്തുകളും പുസ്തകരൂപത്തില്‍ പ്രസിധീകരിച്ചിട്ടുള്ള കാര്യം ചില കോണ്‍ഗ്രെസ്സുകാര്‍ക്കെങ്കിലും അറിയാം. ന്യൂഡല്‍ഹിയിലെ ഗാന്ധി പീസ്‌ ഫൌണ്ടേഷന്‍ പലപ്പോഴും ഗാന്ധി കൃതികള്‍ വില കുറച്ചു വില്‍ക്കാറുണ്ട്. ഈ വിവരം വായനാശീലമുള്ള കോണ്‍ഗ്രെസ്സുകാര്‍ മനസ്സിലാക്കുന്നു.

ഗാന്ധിജിയെ വിട്ടു നമ്മള്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിലേക്ക് വരുമ്പോള്‍ പ്രശസ്ത അമേരിക്കന്‍ കവി റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ (1874-1963) നെയാണ് നമുക്കൊര്‍മ്മ വരിക. അദ്ദേഹത്തിന്‍റെ പ്രശസ്തി ഇന്ത്യയില്‍ ഉയരാന്‍ കാരണം ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി നെഹ്‌റു ആണ്. ഒരു ശൈത്യകാലം. ദൂരയുള്ള ഒരു സ്ഥലത്തേക്ക് കവി തിരിക്കുന്നു. മരം കോച്ചുന്ന തണുപ്പ്. വനത്തിന്‍റെ വശം ചേര്‍ന്ന് യാത്രയായി. കുതിരവണ്ടി നിറുത്തിയ ശേഷം കവി വനത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചു. മഞ്ഞു പൊഴിയുന്നു. സൂര്യന്‍ അസ്തമിച്ചു. ഏറെ ദൂരം ഇനിയും സഞ്ചരിക്കണം. യജമാനിലെ പന്തികേട് കുതിര ശ്രദ്ധിക്കുന്നു. കഴുത്തില്‍ കെട്ടിയിരിക്കുന്ന മണികള്‍ ഉച്ചത്തില്‍ കിലുങ്ങത്തക്കരീതിയില്‍ രീതിയില്‍ കുതിര കഴുത്തു ശക്തിയായി കുലുക്കുന്നു. മണിയുടെ ശക്തിയായ ശബ്ദം കേട്ട് കവി ഉണരുന്നു, യാത്ര തുടരുന്നു. കവി നാല് വരി കൂടി എഴുതി ചേര്‍ത്തു.

The woods are lovely dark and deep
But I have promises to keep,
And miles to go before I sleep
And miles to go before I sleep

അവസാന നിമിഷം നെഹ്‌റു (മെയ്‌ 27) കടലാസില്‍ പകര്‍ത്തിയതും ഈ നാല് വരികളാണ്. വനം കൈയ്യേറാനും റോഡ്‌ വീതികൂട്ടാനും തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരേ സ്വരത്തില്‍ എ. സി. കാറിലിരുന്നു (കുതിരപ്പുറത്തല്ല) പറയുന്നു: And miles to go before I slip.

ഉറങ്ങിക്കൊണ്ട് വായിക്കുകയും വായിച്ചു കൊണ്ട് ഉറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് എക്കാലവും അനുകരിക്കാവുന്ന ഒരു ഗുരുവാണ് പനമ്പിള്ളി ഗോവിന്ദമേനോന്‍. സമയം ലഭിക്കുമ്പോഴെല്ലാം പുസ്തകത്താളുകളിലൂടെ കണ്ണോടിക്കുന്ന പനമ്പിള്ളിയെ കണ്ടു പഠിക്കേണ്ടതാണ്. ചടങ്ങ് നടക്കുന്ന വേദിയില്‍ ആണെങ്കിലും സൗകര്യം ലഭിച്ചാല്‍ പനമ്പിള്ളി വായനക്ക് ശ്രമിക്കും. കൈയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടാകും. ഒരിക്കല്‍ അടൂര്‍ ഭാസികൂടി പങ്കെടുക്കുന്ന ഒരു യോഗത്തില്‍ പനമ്പിള്ളി ഉത്ഘാടകന്‍. പനമ്പിള്ളിയും അടൂര്‍ ഭാസിയും അടുത്തടുത്ത കസേരകളില്‍ ഇരിക്കുന്നു. ഉത്ഘാടന പ്രസംഗം കഴിഞ്ഞു പനമ്പിള്ളി കൈയിലിരിക്കുന്ന പുസ്തകം തുറന്നു വായിക്കാനും തുടങ്ങി. പെട്ടെന്ന് പനമ്പിള്ളി അടൂര്‍ ഭാസിയോടായി ചോദിച്ചു: ഒരു സംശയം ഭാസി. ഈ ഷീല എന്ന നടി ഒരു നമ്പൂതിരിയുടെ മകളാണോ?

ഷീല അഭിനയിച്ചുതുടങ്ങിയ കാലം. കുടുംബ വിവരങ്ങള്‍ കൂടുതലായി ഭാസിക്ക് അറിയില്ലായിരുന്നു.

എനിക്ക് വ്യക്തമായിട്ടു അറിയില്ല സര്‍. സാറിനോടിത് ആര് പറഞ്ഞു? ഭാസിയുടെ ചോദ്യം. പനമ്പിള്ളി: ഇരിങ്ങാലക്കുട നിന്നിറങ്ങുന്ന ഒരു ചെറിയ മാസികയില്‍ ഞാന്‍ വായിച്ചതാണ്.

ഭാസി വയറുകുലുക്കി ചിരിച്ചു. ഇരുനൂറു കോപ്പികള്‍ മാത്രം അച്ചടിക്കുന്ന ഒരു ചെറിയ പ്രസിദ്ധീകരണത്തില്‍ ഷീലയെപ്പറ്റി ആരോ എഴുതിയ കഥ മേനോന്‍സാറ് വായിച്ചിരിക്കുന്നല്ലോ എന്നോര്‍ത്താണ് ഭാസി ചിരിച്ചത്. ഒരു ചെറിയ പ്രസിധീകരണമാണെങ്കിലും കോണ്‍ഗ്രസുകാര്‍ വായിച്ചിരിക്കണമെന്നാണ് പനമ്പിള്ളിയുടെ അഭിപ്രായം.

വായിക്കാനും എഴുതാനും ചിന്തിക്കാനും കോണ്‍ഗ്രസുകാര്‍ക്ക് സമയം ലഭിക്കുമോ? അവരെ നന്നാക്കിയെടുക്കാനായി കെ. പി. സി. സി. നെയ്യാര്‍ ഡാമിലെ അഞ്ചേക്കര്‍ സ്ഥലത്തു പഠനകേന്ദ്രം തുടങ്ങിയിരിക്കുന്നു. ഡാമിലെ ജലനിരപ്പ്‌ കൂടുന്നതും കുറയുന്നതും ഡാമില്‍ നിന്ന് മണല്‍ വാരുന്നതും ഈ കൂട്ടത്തില്‍ നിരീക്ഷിക്കാനാവും.

ഈ കുറിപ്പ് ഏഴുതി തീരാറായപ്പോള്‍ ഒരു വിശിഷടാതിഥി വീട്ടില്‍ കയറി വന്നു. മധ്യപ്രദേശിലെ ചിന്താവാരയില്‍ ആദിവാസികളായ കൊച്ചു മനുഷ്യരോടൊപ്പം വര്‍ഷങ്ങളായി കാലുകൊണ്ട് പൊടിപറത്തിനടക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ക്ക് അവസാനമില്ലാത്ത പ്രയത്നത്തിലൂടെ പരിഹാരം കാണുന്ന അഗ്നിപുത്രി ദയാബായി.

മെയ്‌ 11ന് തൃശൂരില്‍ നടന്ന AIYF സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദയാബായി കേരളത്തില്‍ എത്തിയത്. ട്രെയിനില്‍ ഇരുന്നു പുസ്തകങ്ങള്‍ വായിച്ചു, ലേഖനങ്ങള്‍ ഏഴുതി, ചില ലേഖനങ്ങളുടെ തര്‍ജ്ജമകള്‍ നടത്തി. ഇതിനെല്ലാം ട്രെയിന്‍ യാത്രയാണ് സൗകര്യമെന്നു ദയാബായി പറഞ്ഞു. വിമാനത്തില്‍ സ്ഥിരതാമസമാക്കിയ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും സൗകര്യം ലഭിക്കുന്നില്ല. വിമാനത്തിലെ കന്നുകാലി ക്ലാസ്സായാലും അവിടെയിരുന്നും വായന നടക്കില്ല.



2010, മേയ് 10, തിങ്കളാഴ്‌ച






                                      


"
മലയാളത്തിന്‍റെ മനപ്രയാസ്സം"

വിമാനത്തില്‍ നിന്നായാലും കാറില്‍ നിന്നായാലും പുറത്തേക്കിറങ്ങി വരുന്ന ഐ. പി. എല്‍. വീരന്‍ ലളിത് മോഡി പലപ്പോഴും കണ്വാശ്രമത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ശകുന്തളയെപ്പോലെയാണ്. ശകുന്തള ഇറങ്ങുന്നത് ആശ്രമത്തിലേക്കു തിരിഞ്ഞു യാത്ര ചോദിച്ചാണ്. ഇതേ രീതിയിലാണ്‌ ലളിത് മോഡിയും. അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ പെട്ടെന്ന് നടത്തം നിറുത്തി പിന്നിലേക്ക്‌ മാറി മാറി നോക്കും. തന്നെ ആരോ പിന്നില്‍ നിന്ന് വിളിച്ചില്ലേയെന്ന സംശയത്തില്‍ - ഈ രംഗം എല്ലാ ദിവസവും ചാനലുകളില്‍ നമ്മള്‍ കാണുകയും ചെയ്യുന്നു.






ഏപ്രില്‍ 15ന്‍റെ വിഷുദിനത്തിന് രണ്ടു ദിവസം മുമ്പാണ് എനിക്കൊരു ഫോണ്‍ വിളി വന്നത്. ലളിത് മോഡിയെപ്പോലെ ഞാന്‍ തിരിഞ്ഞു നോക്കി. പരിചയമുള്ള ശബ്ദം. 

"ഞാനാണ് ടോംസ്. "

ബോബനും മോളിയും കേസ് കാലത്തായിരുന്നെങ്കില്‍ ആ പേര് കേട്ടാല്‍ ഞെട്ടലുണ്ടാകുമായിരുന്നു. ബോബന്‍റെയും മോളിയുടെയും തലയില്‍ തടകിക്കൊണ്ടെന്ന പോലെ ഞാന്‍ ചോദിച്ചു: "എന്താ, ടോംസ്? എന്തുണ്ട് വിശേഷം? "

മലയാള മനോരമയും ടോംസും തമ്മിലുണ്ടായിരുന്ന 'ബോബനും മോളിയും' കേസ് കാലത്തും അതിനു ശേഷവും ഞാനും ടോംസും തമ്മിലുള്ള ഇണക്കം കുറഞ്ഞു. മലയാള മനോരമ നാല് സാക്ഷികളെയാണ് കേസിനായി കോടതിയില്‍ ഹാജരാക്കിയത്. ബോബനും മോളിയും എന്ന ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ചെങ്ങന്നൂര്‍ക്കാരന്‍ എബ്രഹാം, ചിത്രഥകളുടെ അപ്പൂപ്പന്‍ അനന്തപൈ (മുംബൈ), ബാലരമയുടെ പത്രാധിപര്‍ മോഹന്‍, നാലാമന്‍ ഈ ലേഖകന്‍. എന്നെ മൂന്നു ദിവസമാണ് വിസ്തരിച്ചത്. ഈ മൂന്നു ദിവസത്തെ ചനലങ്ങളും ടോംസിനെ ദോഷം ചെയ്യുന്ന രീതിയിലായിരുന്നു തെളിവുകള്‍ ഞാന്‍ നിരത്തിയത്. കോടതിയില്‍ കള്ളം പറയാന്‍ പാടില്ലെങ്കിലും അത്യാവശ്യത്തിനു ചില്ലറ കള്ളങ്ങളും മലയാള മനോരമക്ക് വേണ്ടി ഞാന്‍ കോടതിയില്‍ പറയേണ്ടി വന്നു. ഇപ്പോള്‍ ദുഃഖം തോന്നുന്നു. എന്നാല്‍ തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചു എന്നെ വിസ്തരിച്ചു നിറുത്തി പൊരിക്കാന്‍ എന്ത് കൊണ്ടോ ടോംസിന്‍റെ അഡ്വക്കേറ്റും എന്‍റെ സുഹൃത്തുമായ ഡോ. സെബാസ്റ്റ്ന്‍ പോളിന് കഴിയാതെ വന്നു.

ഇത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലാണ് ടോംസിന്‍റെ ഫോണ്‍ വന്നത്: "ഞാനാ, ടോംസ്. " ഏപ്രില്‍ 15 വിഷുദിനത്തില്‍ ബോബനും മോളിയുംഎന്ന പുതിയ ചിത്രത്തിന്‍റെ പൂജകള്‍ നടക്കുകയാണ്. മോഹന്‍ലാലാണ് മുഖ്യാതിഥി. യേശുദാസനും ഉണ്ടായിരിക്കണമെന്ന് ടോംസ് പറഞ്ഞപ്പോള്‍ വിഷുപ്പുലരി പോലെ ശോഭ അനുഭവപ്പെട്ടു. എനിക്ക് പൂജാകര്‍മ്മത്തിനു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ പോകാനാവാത്ത സ്ഥിതി. നല്ല പനി. കിടപ്പിലാണ്. വന്നെത്താനുള്ള അസൗകര്യം ടോംസിനോട് പറഞ്ഞു മനസ്സിലാക്കി. ഏപ്രില്‍ 15ലെ സ്വിച്ച് ഓണ്‍ കര്‍മ്മം അതിഗംഭീരമായി നടന്നെന്നു മനോരമയൊഴിച്ചുള്ള മറ്റു പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഞാന്‍ ചെന്നിരുന്നെങ്കില്‍ ബോബന്‍ മോളി കേസും മറ്റും ആശംസാപ്രസംഗത്തില്‍ നിന്ന് പൊങ്ങി വരുമോ എന്ന സംശയം ഇല്ലാതിരുന്നില്ല. എങ്കിലും ആശംസാപ്രസംഗകനായ പ്രസിദ്ധ കവി ചെമ്മനം ചാക്കോ പട്ടിയെ അഴിച്ചു വിട്ടു. ടോംസിന് ആശയം കൊടുക്കുന്നത് മനോരമയുടെ പത്രാധിപസമിതിയംഗങ്ങളാണെന്ന് വരത്തക്ക രീതിയിലുള്ള തെളിവുകള്‍ കോടതിയിലും നിരത്തിയതാണ്. പ്രസംഗത്തില്‍ ചെമ്മനം ചാക്കോ ചോദിച്ചു: "ബോബന്‍റെയും മോളിയുടെയും ഒപ്പം ഒരു പട്ടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ? ആ പട്ടിയുടെ വാല് എങ്കിലും വരയ്ക്കാന്‍ മാത്തുക്കുട്ടിച്ചായന് കഴിയുമോ എന്ന് ഞാന്‍ ചോദിക്കുന്നു."

തൃശൂര്‍ എസ്‌. പി. സി. എസ്‌. വാര്‍ഷികത്തില്‍ മന്ത്രി സുധാകരന്‍റെ സാന്നിദ്ധ്യത്തില്‍ പിണറായി വിജയനെതിരെ കവിത എഴുതി മേല്‍കൈ അടിച്ചത് ഈ ചടങ്ങിനു ഒരാഴ്ച മുമ്പാണെന്നുള്ള കാര്യവും ഓര്‍ക്കുക. 

വേണ്ടപ്പെട്ടവര്‍ വിളിച്ചാല്‍ വിളി കേള്‍ക്കണം. വിളി വന്നിടത്തേക്കു പോകണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോംസ് വിളിച്ച ഒരു നല്ല മുഹൂര്‍ത്തത്തെക്കൂടി ഈ അവസരത്തില്‍ ഓര്‍ക്കട്ടെ. ടോംസിന്‍റെ മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനകം ടോംസ് മനോരമയില്‍ നിന്ന് പിരിഞ്ഞിരുന്നു. ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ചു ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത മനോരമ സുഹൃത്തുക്കള്‍ അനേകരാണ്. വേണ്ടപ്പെട്ട എല്ലാവരെയും കല്യാണക്കത്ത് കൊടുത്തു ക്ഷണിച്ചു.

കല്യാണദിവസം എത്തി. രാവിലെ ഞാന്‍ ചേര്‍ത്തലക്ക് പുറപ്പെട്ടു. പല മനോരമ സുഹൃത്തുക്കളെയും ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാണിത്. കോട്ടയത്തുനിന്നെത്തുന്ന ശ്രീ തോമസ്‌ ജേക്കബിനെയും തിരുവന്തപുരത്തു നിന്ന് വരുന്ന ശ്രീ ശാസ്താം പടിക്കലിനേയും കോഴിക്കോട് നിന്ന് അബുസാറിനെയും ശ്രീ മാത്യൂസ്‌ വര്‍ഗീസിനെയും കാണാന്‍ അവസരമായി. മറ്റു ചില ചില്ലറകാര്യങ്ങള്‍ അന്നത്തെ ജനറല്‍ മാനേജരായിരുന്ന ശ്രീ രാജന്‍ മാത്യുവിനെ കാണുമ്പോള്‍ പറയാനും കഴിയും. കാര്‍ പള്ളിമുറ്റത്തെത്തിയപ്പോള്‍ ടോംസും കുടുംബവും ഓടിയെത്തി. കാറില്‍ നിന്നിറെങ്ങിയ ഞാന്‍ പള്ളിക്ക് ചുറ്റും ഒന്ന് കറങ്ങി. വേണ്ടപ്പെട്ട ആരെയും കാണുന്നില്ലല്ലോ- മനോരമയില്‍ നിന്ന് പിരിയുകയും മനോരമക്കെതിരെ കേസ് പറയുകയും ചെയ്യുന്ന ടോംസിന്‍റെ പുത്രിയുടെ കല്യാണത്തില്‍ പങ്കടുക്കെണ്ടതില്ലെന്നു എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ച പോലെ - ഉണ്ണുന്ന ചോറിനോടാണല്ലോ കൂറ് വേണ്ടത് - കോട്ടയത്ത്‌ എന്ന് മാത്രമല്ല എല്ലായിടത്തും ഇതാണ് സ്ഥിതി. മാതൃഭൂമിയിലും മംഗളത്തിലും ഇതു തന്നെ സംഭവിക്കും. ടൈംസ്‌ ഓഫ് ഇന്ത്യയിലും ന്യൂ യോര്‍ക്ക്‌ ടൈംസിലും ഇത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു - മനസ്സിനൊരു വല്ലാത്ത ഭാരം. സുഹൃത്ബന്ധത്തെപ്പറ്റി ആലോചിച്ചു ഞാന്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നു. എന്നെ ആരോ കെട്ടിപ്പിടിച്ചു. ടോംസ് തന്നെ. അദ്ദേഹത്തിന്‍റെ പത്നിയും അടുത്തുണ്ട്. ടോംസ് എന്നോട് പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു: "യേശുദാസന്‍ ഞങ്ങളുടെ മാനം കാത്തു."

ടോംസിന്‍റെ കണ്ണുകള്‍ നിറയുകയാണെന്നു എനിക്ക് തോന്നി. ഞാന്‍ മുഖം തിരിച്ചു. 

അങ്ങനെ വിളിക്കും. പ്രതികരിച്ചില്ലെന്നിരിക്കും. വിളിച്ചില്ലെന്നിരുക്കും. വിളിക്കാന്‍ മറന്നെന്നിരിക്കും. മലയാളത്തിന്‍റെ മനപ്രയാസ്സം!

2010, മേയ് 5, ബുധനാഴ്‌ച



അരിവാള്‍ ചുറ്റിക നക്ഷത്രം 
'അസാധു' എന്ന വിനോദമാസിക അഖിലേന്ത്യാ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആദ്യമായി സംഘടിപ്പിക്കുന്നത് 1974 കോഴിക്കോട്ടുവച്ചായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകം ആ പ്രദര്‍ശനം തിരുവന്തപുരത്തും അരങ്ങേറി. പ്രദര്‍ശനം ഉത്ഘാടനം ചെയ്തത് ചിരിക്കാന്‍ മടി കാണിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. എന്നാല്‍ ഉത്ഘാടനത്തിനെത്തിയ മുഖ്യമന്ത്രികാര്‍ട്ടൂണുകള്‍ക്ക്  മുമ്പില്‍ നിന്ന് ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ അവസരം ലഭിച്ചു.

പ്രദര്‍ശനം നടന്നത് തിരുവനന്തപുരം വി. ജെ. ടി. ഹാളിലായിരുന്നു. ഒരു ഭാഗത്ത്‌ 'എമ്മെല്ലേസ് ഗ്യാലറി' എന്നൊരു വിഭാഗവുമുണ്ടായിരുന്നു. എമ്മെല്ലേമാരുടെയും മന്ത്രിമാരുടെയും കാരിക്കേച്ചര്‍ ഒരുക്കിയിരുന്ന സെക് ഷന്‍ ശ്രദ്ധ പിടിച്ചുപറ്റി. നിയമസഭ കൂടുന്ന സമയമായിരുന്നു. ആറമ്മുള എം. എല്‍. എ. ചന്ദ്രസേനന്‍ ഒരു ചോദ്യവുമായി ചാടിയെഴുന്നേറ്റു: "സര്‍, എമ്മെല്ലേമാരായ ഞങ്ങളെ അവഹേളിക്കുന്ന തരത്തില്‍ വികൃതമായി ഞങ്ങളെ വരച്ചു ഒരു പ്രദര്‍ശനം വി. ജെ. ടി. ഹാളില്‍ നടന്നു വരുന്ന വിവരം ബഹുമാനപ്പെട്ട സ്പീക്കറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?  പ്രദര്‍ശനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമോ?"
ചന്ദ്രസേനന്‍ എം. എല്‍. എ.  നിയമസഭയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന ആളായിരുന്നു. ഉറ്റ സുഹൃത്തായ കാര്‍ട്ടൂണിസ്റ്റ്മന്ത്രിയുടെ കാര്‍ട്ടൂണുകളെപ്പറ്റി  ചോദ്യങ്ങള്‍ ഉന്നയിച്ച് കാര്‍ട്ടൂണിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുക പതിവായിരുന്നു. 

സ്പീക്കറുടെ  മറുപടി പെട്ടെന്നായിരുന്നു. "ബഹുമാനപ്പെട്ട മെമ്പര്‍ ഉന്നയിച്ച ചോദ്യം ശ്രദ്ധയില്‍പെട്ടിരിക്കുന്നു. നിയമസഭയിലെ എല്ലാ അംഗങ്ങളോടും എനിക്കൊരു അപേക്ഷ ഉണ്ട്. എല്ലാ അംഗങ്ങളും ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശനം പോയി കാണണം."

ഈ സംഭവം അടുത്ത ദിവസം പത്രങ്ങളില്‍ ബോക്സ്‌ വാര്‍ത്തയായി മാറി. പ്രദര്‍ശനഹാളിലേക്ക് അതോടെ കൂടുതല്‍ ഒഴുക്ക് അനുഭവപ്പെട്ടു. രണ്ടാം ദിവസം നടന്ന കാര്‍ട്ടൂണ്‍ സെമിനാറില്‍ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു - ശ്രീ. പി. ജെ. ജോസഫ്‌ എം. എല്‍. എ!

വേദിയില്‍ ഡോ. ബാബു വിജയ്‌ നാഥ്, ജനറല്‍ പിക്ചേര്‍സിന്‍റെ രവികാര്‍ട്ടൂണിസ്റ്റ് ശ്രീ പി. കെ. മന്ത്രി എന്നിവര്‍ പങ്കിട്ട വേദിയില്‍ എന്‍റെ സമീപം ഇരുന്ന ശ്രീ. പി. ജെ. ജോസഫ്‌ എന്നോടായി ചെവിയില്‍ മന്ത്രിച്ചു: "ഈ കാര്‍ട്ടൂണ്‍ വരക്കുന്നതും മറ്റും എങ്ങനെയാണ്? അതിനുള്ള ആശയം എങ്ങനെ ലഭിക്കും?"

പെട്ടെന്നെനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. യോഗം നടക്കുകയാണ്. പിന്നീടെപ്പോഴെങ്കിലും വിവരിക്കാമെന്ന് വിചാരിച്ചു. പക്ഷെകാര്‍ട്ടൂണ്‍ എന്താണെന്നും ആശയങ്ങള്‍ എങ്ങനെ ലഭിക്കുമെന്നും വിവരിച്ചുകൊടുക്കാന്‍ അതിനുശേഷം 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അതായത് 1989 വരെ.

ഇക്കാലമത്രയും ജോസഫ്‌ യു. ഡി. എഫിനോട് ഒപ്പമായിരുന്നു. 1978-ല്‍ എ. കെ. ആന്റണി മുഖ്യമന്തിയായിരിക്കുന്ന കാലത്താണ്  മന്തിസഭാഗംമായി സത്യപ്രതിഞ്ജ ചെയ്യുന്നത്. എന്നാല്‍ ജോസഫിന്‍റെ ചലനങ്ങളില്‍ ചിലര്‍ക്കെല്ലാം സംശയമായി. ദൈവദോഷം കാണിക്കുമോയെന്ന ഭയം. കടുത്ത കാതോലിക്ക മതവിശ്വാസിയായ ജോസഫ്‌ അന്ധവിശ്വാസികളായ കമ്മുണിസ്റ്റുകാരോട് കൂട്ട്കൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ്‌ ഹൗസുകളില്‍ മാറി മാറി ചില രഹസ്യ ചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്ന് തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ. എം. എസിന്‍റെതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു: "അടുത്ത പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പില്‍ പി. ജെ. ജോസെഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം." 

കാര്‍ട്ടൂണിന് പറ്റിയ നല്ല ഒരു വിഷയം. ഏറെ ചിന്തിക്കേണ്ടി വന്നില്ല. അരമണിക്കൂര്‍കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരച്ചുതീര്‍ത്തു.
 
1989 നവംബര്‍ 9ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണില്‍ പി. ജെ. ജോസെഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്‍റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു.

കാര്‍ട്ടൂണ്‍വരച്ച്  താഴെ വെച്ചപ്പോള്‍ വീണ്ടും ചിന്ത. അല്പം കൂടി ഈ കാര്‍ട്ടൂണ്‍ വിപുലപ്പെടുത്തിയാലോ? രണ്ടാം ചിന്തയില്‍ അത് ബലപ്പെട്ടു വന്നു. ഇ. എം. എസിനെ കൂടി വരച്ചു ചേര്‍ത്തു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടില്‍ ഇ. എം. എസ് തള്ളുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം: "പോരാ, നക്ഷത്രം കൂടി വരണം." അതിനു ഇരട്ടി അര്‍ഥം - അരിവാള്‍ച്ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം - രണ്ടാമത്തെ അര്‍ഥം - സ്വന്തം 'സ്റ്റാര്‍' തെളിയണം. 

ഈ കാര്‍ട്ടൂണ്‍ അടുത്ത ദിവസം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതായി മാറി. അങ്ങനെ ജോസഫിനെ വരക്കാമായിരുന്നോയെന്ന് കടുത്ത ദൈവവിസ്വാസികള്‍ക്ക് സംശയമുണ്ടായി. തിരഞ്ഞെട്പ്പു കാലം! വോട്ടുകള്‍ ചോരുമോ?

ശ്രീ പി. ജെ. ജോസഫിന്‍റെ പത്നി ഡോ. ശാന്തയോടൊപ്പം ജോലി ചെയ്തിരുന്ന എന്‍റെ ബന്ധു കൂടിയായ ഡോ. ഉമ്മന്‍ ഫിലിപ്പ് ഒരു ദിവസം എന്നെ തൊടുപുഴയില്‍ നിന്ന് ഫോണ്‍ ചെയ്തു: "അല്പം കട്ടിയായിപ്പോയി. ജോസഫ്‌ സര്‍  ഉറങ്ങിയിട്ട് മൂന്നു ദിവസം ആയി. ആകെ കുഴപ്പത്തിലാണ്." എന്‍റെ സുഹൃത്തായ പി. ജെ. ജോസഫിനു കൂടി രസിക്കുമെന്ന് വിചാരിച്ച് വരച്ച കാര്‍ട്ടൂണ്‍ വേദനിക്കുന്നതായി മാറിയല്ലോ എന്നാ ദു:ഖം എന്നിലുണ്ടായി. 

ഇടുക്കി തിരഞ്ഞെടുപ്പ് ഫലം വന്നു. പി. ജെ. ജോസെഫ് തോറ്റു. പാല കെ. എം. മാത്യു ജയിച്ചു. മാസങ്ങള്‍ക്ക് ശേഷം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പി. ജെ. ജോസഫിനെ ഞാന്‍ കണ്ടു. എന്നാല്‍ അദ്ദേഹം മുഖം തിരിച്ചു നടന്നു. കൈയിലേതിനു പകരം കഴുത്തിലെ 'മസില്‍' ഉയര്‍ന്നു. 

നമ്മള്‍ ആരെപ്പറ്റിയാണോ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് ആ വ്യക്തി കൂടെ രസിച്ചാലേ അതൊരു നല്ല കാര്‍ട്ടൂണ്‍ ആകൂ എന്ന് ഡോ. എം. കൃഷ്ണന്‍നായര്‍ ഒരിക്കല്‍ പറയുകയുണ്ടായി. വരക്കുന്നതെല്ലാം കാര്‍ടൂണ്കളിലെ കഥാപാത്രങ്ങളെ രസിപ്പിക്കാനാകുമോ? വേദനിച്ചാലും വേദനിച്ചില്ലെന്നു അഭിനയിക്കാനകുമോ? ഏല്ലാവര്‍ക്കും നെഹ്‌റുവിനെപ്പോലെ ആകാനാകില്ലല്ലോ. "നിങ്ങള്‍ എന്നെ വെറുതെ വിടരുത്" എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു ആവശ്യപ്പെടുകയുണ്ടായി. 

കാര്‍ട്ടൂണ്‍ രസിക്കുന്ന വ്യക്തികളാണ് ശ്രീ. കെ. എം. മാണിശ്രീ. പി. സി. ജോര്‍ജ് എന്നിവര്‍. അവരുമായിട്ടുള്ള അടുപ്പം ശ്രീ. പി. ജെ. ജോസഫിനെ ഒരു കാര്‍ട്ടൂണ്‍ സ്നേഹിയാക്കി മാറ്റട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. 1974-ല്‍ വി. ജെ. ടി. ഹാളിന്‍റെ വേദിയില്‍ വെച്ച് ചോദിച്ച, കാര്‍ട്ടൂണ്‍ എങ്ങനെ വരക്കാം, ആശയം എങ്ങനെ ലഭിക്കുന്നു എന്നിവക്കുള്ള ഉത്തരം ഇതിനകം അദ്ദേഹത്തിന് മനസ്സിലായി കാണുമെന്നും വിശ്വസിക്കട്ടെ.