മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു.
ഒരു ദിവസം 'കയര്‍' എന്ന നോവലിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ചടങ്ങ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് പ്രൊ. ജി. ബാലചന്ദ്രന്‍. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കയര്‍ എന്ന നോവലിന്റെ ഉത്ഘാടനത്തിന് യോഗ്യനായതുകൊണ്ടാണല്ലോ ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തകഴിയുടെ കയറും കയര്‍ ബോര്‍ഡും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ടായിരില്‍ക്കാം നിശ്ചയിച്ച ദിവസം എത്താതെ അടുത്തൊരു ദിവസമാണ് പ്രൊഫസര്‍ എത്തിയത്.
എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍വ്വഹിക്കേണ്ടിയിരുന്നത്!
അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം!
(28 ഏപ്രില്‍ 2012)