2011, മേയ് 23, തിങ്കളാഴ്‌ച

ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ്


'അച്ഛനുറങ്ങാത്ത വീട്' എന്ന മലയാള ചലച്ചിത്രം അവാര്‍ഡിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് ലഭിക്കുമെന്ന് നമ്മള്‍ ആശിച്ചെങ്കിലും നഷ്ടപ്പെട്ട അവാര്‍ഡ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലീം കുമാര്‍ പിടിച്ചെടുത്തപ്പോള്‍ ഗ്ലാമറിന്റെ മുഖലേപനമില്ലാതെ ഉയരത്തിലെത്തിയ ഈ നടനെ നാം വാരിക്കോരിഎടുത്തുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. കുടവയര്‍ കുലുക്കിയും പിന്‍ഭാഗം പിടപ്പിച്ചും ചിരിബോംബുകള്‍ പൊട്ടിച്ചുവന്ന സലീം കുമാര്‍ എന്ന നടന്‍ ആദാമിലൂടെ നല്‍കിയ വ്യത്യസ്ത അനുഭവം നമുക്കുമേല്‍ കടുത്ത വേദനയാണ് പൂശിയത്. സൂപ്പര്‍താരങ്ങളായ തമ്പുരാക്കന്മാരെ തട്ടിമാറ്റിക്കൊണ്ട് വമ്പന്‍ പുരസ്കാരം തട്ടിയെടുത്ത് സലീം കുമാര്‍ ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു: "ഒരു മലയാളി അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവാര്‍ഡ് ലഭിക്കില്ലായിരുന്നു."

അവാര്‍ഡുകമ്മറ്റികള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ കമ്മറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴായാലും തിരുവനന്തപുരത്തേക്ക് ട്രയിന്‍ കയറുമ്പോഴായാലും മനസ്സിലും പോക്കറ്റിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ കുറിച്ചുകൊണ്ടായിരിക്കും യാത്ര പുറപ്പെടുക - സംസ്ഥാനത്ത് ഫിലിം അവാര്‍ഡ് കമ്മറ്റിയില്‍ ഒരു വര്‍ഷം ഞാനും അംഗമായിരുന്നു. എ.പി. ഉദയഭാനു ചെയര്‍മാന്‍, പവനന്‍, വൈലോപ്പിള്ളി, ഡോ പവിത്രന്‍, തോട്ടം രാജശേഖരന്‍, ഈ ലേഖകന്‍ തുടങ്ങി ചെറിയൊരു കമ്മറ്റി. എന്‍. ശങ്കരന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ബക്കര്‍, രാമു കാര്യാട്ട്... തുടങ്ങിയ പലരുടെയും ചിത്രങ്ങള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്. നല്ല ചലചിത്രം ബക്കറിന്റെ 'മണിമുഴക്കം' എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. എന്നാല്‍ ഗാനരചയിതാവ് ആര് എന്ന വിഷയം വന്നപ്പോള്‍ വൈലോപ്പിള്ളി ചാടിയെഴുന്നെറ്റു. "എനിക്കൊരു അഭിപ്രായമുണ്ട്. മുല്ലനേഴിക്ക് കൊടുക്കണം." അത് നേണ്ട തര്‍ക്കത്തിന് വഴിയൊരുക്കി. വൈലോപ്പിള്ളി ഒഴിച്ച് എല്ലാവരും ഒ.എന്‍.വിക്ക് വേണ്ടി നിലകൊണ്ടു. പക്ഷേ പ്രിയപ്പെട്ട വൈലോപ്പിള്ളി ചാടിയെഴുന്നേറ്റ് ബാഗും എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. വാതുക്കല്‍ ചെന്ന് തിരിഞ്ഞ് നിന്ന് ഒരു കാര്യം ഉറക്കെപ്പറയാല്‍ അദ്ദേഹം മറന്നില്ല: "നിങ്ങളൊക്കെ വേശ്യമാരെപ്പോലെയാണ്." പാവം കമ്മിറ്റി ചെയര്‍മാന്‍ ഗാന്ധിയനായ ഉദയഭാനു സാറിന്റെ മുഖമാണ് ഏറെ വാടിയത്. ഈ വയസ്സുകാലത്ത് ഇതും കേള്‍ക്കേണ്ടിവന്നു!

അവിടെയും ഇവിടെയും അവാര്‍ഡ് കമ്മറ്റി എന്നത് വേശ്യകളുടെ ഒരു കമ്മറ്റിയാണോ? ഡല്‍ഹിയിലും ഇത്തരത്തില്‍ കേരളവേശ്യമാര്‍ എത്താറുണ്ടെന്ന് സലീം കുമാറിന്റെയും നടന്‍ ദിലീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു.

സിനിമയിലെ തിരുത്തല്‍ വാദിയായി ഈ നടന്‍ മാറിയിരിക്കുന്നു. ചിരിവേഷം അദ്ദേഹത്തിന് അഴിച്ചുവെക്കാനാവുമെങ്കില്‍ എന്തുകൊണ്ട് സൂരജ് വെഞ്ഞാറമ്മൂടിന് അതിനു കഴിയുന്നില്ല. സൂപ്പര്‍സ്റ്റാറുകളോടൊന്നിച്ച് സൂരജ് അഭിനയിക്കുമ്പോള്‍ ചരട് സൂപ്പര്‍സ്റ്റാറിന്റെ കൈയ്യിലല്ലേയെന്ന് സംശയിക്കുന്നു. വായ് പൊളന്ന് ചിരിച്ചും വയറ് കുലുക്കിയും പിന്‍ഭാഗം കുടഞ്ഞും സൂപ്പറിന്റെ കൂടെ അഭിനയച്ചോളാനാണ് സൂപ്പറിന്റെ നിര്‍ദ്ദേശം. ഹാസ്യനടന്മാരുടെ മുഖത്തെ 'ടോം ആന്റ് ജെറി'യെ മാറ്റാനായാല്‍ ഇനിയും നമുക്ക് ആദാമിന്റെ മകനായ അബുമാരെ ലഭിക്കുമെന്നുള്ളത് നിശ്ചയം.

പുതുപ്പള്ളിയുടെ പുത്രന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിതിളക്കത്തിന് മങ്ങലേല്‍‌പ്പിച്ചതും സലീം കുമാറിന്റെ തിളക്കമാണെങ്കിലും ഇരുവരും സോണിയ ഭക്തരാണ്. ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും കുഞ്ഞുനാള്‍ തൊട്ട് ചീപ്പെടുത്താല്‍ ചീകുന്നത് ഒരേ രീതിയിലാണ്. എല്ലാവരും ഇടത്തുനിന്ന് വലതേക്ക് മുടി ചീകുമ്പോള്‍ ഇവര്‍ ചെയ്യുന്നത് വലത്തുനിന്ന് ഇടത്തേക്ക്. രണ്ടു പേരെടെയും മുടി പറഞ്ഞാന്‍ അനുസരിക്കില്ല. എന്നാല്‍ അടുത്തകാലത്തായി സോണിയാഗാന്ധിയുടെ തലയി മുടി വേര്‍തിരിക്കാനായി ചീപ്പ് വലതുവശത്തേക്കാണോ കയറുന്നതെന്ന് സംശയം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും കരുണാകരപുത്രന്‍ മുരളിയും ഈ രീതിയില്‍ വലതു ഗ്രൂപ്പുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഈ വലതുചായ്‌വിന് അല്പം മലയാള മനോരമ ബന്ധമുണ്ട്. മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവും ചീകുന്നതില്‍ കുഞ്ഞൂഞ്ഞ് ശൈലിയാണ്. ജയ് ഹിന്ദ് ടി.വിയുടെ വിജയന്‍ തോമസ്, ഹിറ്റ്ലര്‍, കനിമൊഴി, ടോം വടക്കന്‍, ഡോ. ഉമാദത്തന്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാവ് സത്യന്‍ മോക്കേരി, മുന്‍ എം.എല്‍.എ പി. ബാലന്‍ (പാലക്കാട്), മുന്‍ മന്ത്രി എം. ടി. പത്മ, കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് തുടങ്ങിയവരും വലതു ചായ്വുള്ളവരാണ്.

എന്നാല്‍ അടുത്ത ദിവസം മന്ത്രിസഭാംഗങ്ങ‌ളുടെ ലിസ്റ്റുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ചെവിയുടെ രണ്ടു വശത്തും ഉയര്‍ന്നു വന്ന കൃതാവുകള്‍ ചിരി ഉണര്‍ത്തുന്നവയാണ്. ചെവികള്‍ക്ക് സമീപം ഇവ ഉയര്‍ത്തിയത് - കൊടിക്കുന്നില്‍ സുരേഷും ആന്റേ ആന്റണിയും. സലീം കുമാറിന്റെ ഹാസ്യവേഷം പോലെ പല്ലും ഇളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച് ഡല്‍ഹിയിലെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍ നമക്കും ചിരിക്കാതിരിക്കാനാവില്ല.

ഉമ്മന്‍ ചാണ്ടിക്ക് സ്നേഹമില്ലാത്തത് ആരോടാണ്! ശത്രുവിനെയും സ്നേഹിക്കുന്നു. നാട്ടുകാരുടെ, ബന്ധുക്കളുടെ, സുഹ്രുത്തുക്കളുടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ, തിരുമേനിമാരുടെ, അച്ചന്മാരുടെയും എല്ലാം വഴികാട്ടിയാണ്. 1985ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് കൊച്ചി ഓഫീസിലെത്തിയെപ്പോള്‍ എന്നെ കാണാനായി ഒരു ച്റുപ്പക്കാരന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ സംസാരിച്ചു. പുതുപ്പള്ളിയില്‍ നിന്ന് വരികയാണ്. കൈയില്‍ ഒരു കവറുമുണ്ട്. എന്റെ നേരെ നീട്ടി. കവറിലെ കത്തു വായിച്ചു: "എന്റെ നാട്ടിലുള്ള എന്റെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ മകനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഒഴിവ് മനോരമയിലുണ്ടെന്ന് അറിഞ്ഞു. ഈ കത്തുമായി വരുന്ന ജോര്‍ജ്ജ്കുട്ടിക്ക് ആ ഒഴിവ് ശരിയാക്കി കൊടുക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

കത്ത് വായിച്ച് ഞാന്‍ അല്പനേരം ആലോചിച്ചിരുന്നു. പയ്യന്റെ കൈയ്യില്‍ കരുതിയിരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ നോക്കി. വരപ്പുകള്‍ കൊള്ളാം. എന്നാല്‍ അന്വേഷിച്ചിറങ്ങിയ വഴി തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. പുതുപ്പള്ളിയും കോട്ടയവും തമ്മില്‍ വലിയ അകലമില്ല. കോട്ടയത്ത് മാത്തുക്കുട്ടിച്ചായനെ വിളിച്ച് ഉമ്മന്‍ ചാണ്ടി ഒരു വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുഖം വാടി. പരസ്യം വരും, അപ്പോള്‍ അപേക്ഷിക്കുക, ടെസ്റ്റ്-ഇന്റര്‍‌വ്യൂ എന്നിവ കടന്നുകിട്ടണം എന്ന് കൂടി വിവരിച്ചു കൊടുത്തു. പയ്യന്‍ എഴുന്നേറ്റു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു കലാകാരന്റെ വേദനയില്‍ എന്റെ മനസ്സും വേദനിച്ചു.

ഉമ്മന്‍ ചാണ്ടിയെപ്പറ്റി അതിനു മുമ്പ് 'അസാധു'വില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു സുഹൃത്ത് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. അമേരിക്കയില്‍ ഒരു ജോലി വേണം. ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ലെറ്റര്‍ ഹെഡ് എടുത്ത് മലയാളത്തില്‍ എഴുതി: "പ്രിയപ്പെട്ട പ്രസിഡന്റ് കെന്നഡി, ഈ കത്തുമായി വരുന്ന ജോയിക്കുട്ടി എന്റെ അടുത്ത സുഹൃത്ത് അവറാച്ചന്റെ മകനാണ്. അവിടെ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത് സഹായിക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

ഇപ്പോള്‍ നമുക്ക് കത്ത് വേണ്ടത് രമേശ് ചെന്നിത്തലക്കാണ് - "സോണിയ ജി, ഇതെന്റെ സുഹൃത്തിന്റെ മകനാണ്. മന്ത്രിയായില്ല. ഒരു ജോലി ഡല്‍ഹിയില്‍ തരപ്പെടുത്തണം."

2011, മേയ് 17, ചൊവ്വാഴ്ച

ചര്‍ച്ചയില്ല, ചോദ്യവുമില്ല


മുന്‍ നിയമസഭാസ്പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് പഠിച്ചതും വളര്‍ന്നതും കൊച്ചിയിലാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് വളര്‍ന്നത് നെഹ്രുകുടുംബത്തിലൂടെയാണെന്ന് പറയുമ്പോള്‍ ജോസിന്റെ അമ്പാട്ടു കുടുംബത്തിന് അഭിമാനിക്കാവുന്നതാണ്. കേരളത്തിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുള്‍ ഗാന്ധി വരെയുള്ളവരുടെ ഇംഗ്ലീഷ് പ്രസംങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം സ്ഥിരമായി ലഭിക്കാറുള്ളത് ജോസിനു തന്നെ. ഇടക്ക് രാഹുള്‍ ഗാന്ധിയുടെ 'സ്പീച്ച്' തിരുവനന്തപുരത്തു വെച്ച് തര്‍ജ്ജിമ ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് മോഹ‌ന്‍കുമാര്‍ വാക്കുകളിലും വാചകങ്ങിളിലും വന്ന വന്‍ വീഴ്ച മൂലം മൈക്ക് ശശി തരൂറിന് കൈമാറേണ്ടിവന്നു. പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് തന്റെ പരിഭാഷ പാളിപ്പോയതെന്ന് പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള തന്റെ വിരോധം മോഹന്‍കുമാര്‍ ഇപ്പോഴും തുടരുകയാണ്. useless എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തില്‍ ഒന്നിനും കൊള്ളാത്തവന്‍, വിവരം കെട്ടവന്‍, ഉറക്കംതൂങ്ങി തുടങ്ങി മറ്റു പല മലയാളപദങ്ങളും എ.സി. ജോസിനു പരിഭാഷയായി പറയാനാകും. പാര്‍ലിമെന്റിലേക്ക് ഉത്തര്‍പ്രദേശിലെ 'അമേത്തി' മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനകത്ത് കാലെടുത്തു വച്ചപ്പോള്‍ നെഹ്രുവിന്റെ പിന്‍ഗാമി, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെ പിന്‍‌ഗാമി എന്നീ നിലകളിലൊക്കെ നമുക്കൊക്കെ വന്‍പ്രതീക്ഷകളായിരുന്നു - ലോക്സഭയിലെ പിന്‍സീറ്റുകളില്‍ ഒന്നില്‍ ബഞ്ചിന്റെ അറ്റത്തായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം ഉറ്റുനോക്കുകയായിരുന്നു. സ്വന്തം സീറ്റില്‍ ഇരിക്കാതെ ഏതെങ്കിലും വനിതാ എം.പിയുടെ സമീപത്തെത്തി ഒട്ടിപ്പിടിച്ചിരിക്കയാണ് പതിവ് (ഈ രംഗം പാര്‍ലമെന്റില്‍ പോയ അവസരങ്ങ്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതാണ്).

ലോക്സഭയിലെ നടപ്പാതകള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന ബഞ്ചിന്റെ അരികിലായി വനിതാമെമ്പറുടെ സമീപത്തിരിക്കുന്ന രാഹുലിന്റെ ഒരു കാല്‍ കാര്‍പ്പെറ്റിന്റെ നടുവിലായിരിക്കും വിശ്രമിക്കുന്നത്. കാലുകള്‍ കവച്ചുവെയ്ക്കുന്ന ലോകസഭാംഗങ്ങള്‍ നമുക്ക് പലരുണ്ടാകാം. എന്നാല്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെപ്പോലെ കാലുകള്‍ കവച്ച് വെച്ച് സുഖവും സോഷ്യലിസവും സ്വപ്നം കാണുന്നത് ഒരു രാഹുല്‍ തരംഗമായി നമുക്കു കണക്കാക്കാം.

പതിനഞ്ചാമത് ലോക്സഭയില്‍ 25നും 40നും ഇടക്ക് പ്രായമുള്ള 61 എം.പിമാരാണ് നമുക്കുള്ളത്. ഏറെ പ്രതീക്ഷകള്‍ നമുക്ക് നല്‍കിക്കൊണ്ടെത്തിയവരില്‍ ഭൂരിഭാഗവും പ്രതീക്ഷകള്‍ ഊതിക്കെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. രാഹുലിനെപ്പറ്റി മനോരമ റിപ്പോര്‍ട്ടുകള്‍ തയ്യാറെടുക്കുമ്പോഴുള്ള സുഗന്ധം അദ്ദേഹം കണ്ടത്തില്‍ കുടുംബാംഗമാണെന്നു വരെ നമ്മെ തെറ്റിധരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ 'ദ്‌ വീക്ക്'ന്റെ പുതിയ ലക്കത്തിലെ കണ്ടെത്തലുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരൊറ്റ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത ഒരെറ്റ ചോദ്യം പോലും ചോദിക്കാത്ത യുവ എം.പിമാരുടെ കൂട്ടത്തില്‍ യുവജനങ്ങളുടെ ആവേശമായ രാഹുള്‍ ഗാന്ധി നില്‍ക്കുന്നുവെന്നാണ് 'ദ്‌ വീക്ക്' കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പൂജ്യം, ചോദ്യങ്ങള്‍ ചോദിക്കാത്തതിന് വട്ടപ്പൂജ്യം! കേരളത്തിലെത്തുമ്പോള്‍, യൂത്തന്മാരോടൊപ്പം തട്ടുകടകളില്‍ കയറുമ്പോള്‍ ലഭിക്കുന്ന പൊറോട്ടയും തട്ടുദോശയും പൂജ്യം സൈസിലാണെന്നുള്ളത് രാജ്യത്തിന്റെ ഭാഗ്യം.

പാര്‍ലെമെന്റില്‍ തിളങ്ങുന്ന ക്രിക്കറ്റ് താരം കൂടിയായ അനുരാഗ് സിംഗ് താക്കൂറും കേരളത്തിലെ യുവജനങ്ങളുടെ ലഹരിയായ എം.ബി.രാജേഷും പി.കെ.ബിജുവും ലോക്സഭയുടെ വെട്ടിത്തിളങ്ങുന്ന പുതിയ പ്രഭയായി മാറുകയും ചെയ്തു.

നെഹ്രു കുടുംബത്തിന് ഇതെന്തുപറ്റിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചു ജപിച്ച ചരടുകള്‍ ഡല്‍ഹിയിലെ 10-ജന്‍പഥ്ല്‍ നിറയുകയാണ്. കുറെ ചരട് സോണിയ ഗാന്ധി ഇടതുകൈയില്‍ കെട്ടുന്നു. കുറെ ചരടുകള്‍ മരുമകന്‍ റോബര്‍ട്ട് വധേര കൈയ്യിലും അരയിലും കെട്ടിത്തുടങ്ങിയതോടെ ബിസിനസ് രംഗത്ത് അദ്ദേഹം വിലസിക്കൊണ്ടിരിക്കുന്നു. പ്രിയങ്ക ചരട് കെട്ടാറില്ല. ചരടുകള്‍ എല്ലാ ദിവസങ്ങ‌ളിലും രാഹുല്‍ ഗാന്ധിയുടെ വലതുകൈയ്യില്‍ കെട്ടിക്കൊടുക്കാറുണ്ടെങ്കിലും അതു വലിയ ഫലമൊന്നും ചെയ്തുകാണുന്നില്ല. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പഠിപ്പിക്കുന്ന ചില തളര്‍ന്ന വാചകങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കാണാനായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്കെതിരെ ആഞ്ഞടിക്കാനായി തമിഴ്നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാജീവിന്റെ ചെവിയില്‍ ചില കിളവന്മാര്‍ പറഞ്ഞുകൊടുത്തതിങ്ങനെ: "കറുത്ത കണ്ണട ധരിക്കുന്നവരെ വിശ്വസിക്കാനാവില്ല." അവസാനം രാജീവ് ഗാന്ധിയുടെ കറുത്ത സ്പര്‍ശനം തിരിച്ചടിയായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത് കിളവന്‍ പ്രയോഗത്തിലാണ് - ആ മുതുക്കന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല - എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കഴുത്തിലെ നീര്‍ക്കെട്ടു മൂലം തലകുനിക്കാനാവാത്ത പി.പി തങ്കച്ചന്‍ പോലും തല കുനിച്ചു പോയി. കര്‍ഷക പ്രക്ഷോപം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ടപര്‍മ്പോല്‍ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കാനെത്തിയപ്പോള്‍ തിളക്കമുണ്ടാകുന്നെങ്കില്‍ അത് നെഹ്രുകുടുംബത്തിന്റെ ഭാഗ്യം!

തന്റെ അവസാനനിമിഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്രു വെള്ളക്കടലാസില്‍ കവി വേഡ്സ് വര്‍തിന്റെ നാലുവരി കവിത പകര്‍ത്തിയ ശേഷമാണ് കണ്ണടച്ചത്: “...And Miles to Go Before I Sleep...”

“And Miles എന്നത് എന്താണെന്ന് രാഹുലിന് അറിയില്ല. എന്നാല്‍ Sleep എന്താണെന്ന് അദ്ദേഹത്തിന് ഏറെ അറിവുണ്ട്. ഉറക്കം തൂങ്ങികളായ പാര്‍ലെമെന്റാംഗളാണോ നമുക്ക് വേണ്ടത് എന്ന് അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ജനം ചിന്തിക്കുക.

2011, മേയ് 7, ശനിയാഴ്‌ച

മൃതദേഹമില്ലാത്ത ശവപ്പെട്ടി


ചിത്രം ഒന്ന്: ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ കെന്നഡിയുടെ മൃതദേഹം എത്തിച്ചപ്പോള്‍. ചിത്രം രണ്ട്: 'ചെ'യുടെ ശരീരം പ്രദര്‍ശിപ്പിച്ചപ്പോള്‍.

ഒസാമ ബിന്‍ലാദനെപ്പറ്റി മലയാളത്തില്‍ ഒരു സിനിമയെടുക്കാന്‍ ആരെങ്കിലും ഒരുമ്പെടുകയാണെങ്കില്‍ ഒസാമയുടെ വേഷം അണിയാന്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുക? സംശയിക്കേണ്ട - പ്രിഥ്വിരാജ് തന്നെ. ഒസാമയെപ്പോലെ നീണ്ട മൂക്കും മുഖവുമുള്ള പ്രിഥ്വിരാജാണ് ആ റോളിന് ഇണങ്ങിയ വ്യക്തി.
മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ജയറാമോ ഇന്നസെന്റോ കലാഭവന്‍ മണിയോ സൂരജ് വെഞ്ഞാറമൂടോ ജഗതിയോ ജയസൂര്യയോ ലാലു അലക്സോ ജനാര്‍ദ്ദനനോ ഈ റോളില്‍ അഭിനയിക്കാന്‍ തയാറായാല്‍ പോലും മുഖം വലിച്ചുനീട്ടാനാവില്ലല്ലോ! അതല്ലെങ്കില്‍ നടന്‍ ശ്രീനിവാസന്‍ ഒരു
വെല്ലുവിളി പോലെ പ്രിഥ്വിരാജിന് പകരമായി എത്തണം. എങ്കിലും ഒളിവിവാഹത്തിനു ശേഷം സുകുമാരന്റെ മകനാണ് അല്പം മാര്‍ക്കറ്റ് കൂടുതല്‍ ഉള്ളത്. എല്ലാത്തിനും ഒരു കളിയും മറയും ഉള്ളത് നല്ലതാണ്. പ്രിഥ്വിയുടെ അമ്മ ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കിയാണ്. പത്രപ്രവത്തകയായ സുപ്രിയ മേനോനുമായുള്ള മകന്റെ വിവാഹം പാലക്കാട്ട് വെച്ച് രഹസ്യമായി നടത്തുകയും ചെയ്തു. വീടുകയറിക്കൊണ്ടിരിക്കുന്ന പത്രക്കാരുള്‍പ്പെടെ ഒരു കുഞ്ഞും അറിഞ്ഞില്ല താനും. പെണ്ണിനിത്തിരി പൊക്കം കുറവാണെന്നുള്ള കാര്യം കാവ്യ മാധവനാണ് ആദ്യം കണ്ടുപിടിച്ചെത്. ചെ‌രുപ്പിന് രണ്ട് ഇഞ്ച് പൊക്കകൂടുതല്‍, തലമുടിക്കെട്ട് ഉയര്‍ത്തിവെച്ച് രണ്ട് ഇഞ്ച് - അങ്ങനെ നാലിഞ്ച് ഒപ്പിച്ചെടുത്താണ് സുപ്രിയ മേനോന്‍ എത്തിയതെന്ന് ദിലീപിന്റെ പത്നി മഞ്ജു വാര്യര്‍ ഫോണിലൂടെ സം‌യുക്ത വര്‍മ്മയെ രഹസ്യമായി അറിയിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകയായ സുപ്രിയ മേനോനെ മരുമകളായി ലഭിച്ചതില്‍ ഏറെ സന്തോഷവും തൃപ്തിയും അമ്മ മല്ലികക്കാണ്. കാരണം ലോകത്തെ ഏതു പ്രധാന വാര്‍ത്തയും ആദ്യം വന്നെത്തുക ഇനി മുതല്‍ മല്ലികയുടെ ചെവിയിലായിരിക്കുമല്ലോ.

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ വലിയ വാര്‍ത്തയെ വെല്ലുന്ന രീതിയിലായിരുന്നു കൈരളിയില്‍ നിന്നുള്ള ബ്രിട്ടാസിന്റെ പിന്മാറ്റവാര്‍ത്ത. കൈരളി സ്റ്റാഫിന്റെ യാത്രയയപ്പ് ചടങ്ങ് ചാനലുകളില്‍ ഭംഗിയായി വരികയും ചെയ്തു. വനിതാ ജീവനക്കാര്‍ കൂട്ടമായി കരയുന്നതിന്റെ രഹസ്യം വരാനിരിക്കുന്ന 'സാക്ഷി' സംപ്രേക്ഷണം ചെയ്യുമ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. എന്നാല്‍ ഒബാമയേയും ബ്രിട്ടാസിനേയും കടത്തിവെട്ടിയാണ് പെരുന്നയില്‍ നിന്ന് സുകുമാരന്‍ നായരുടെ വരവ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍. എസ്. എസ് സമദൂരസിദ്ധാന്തം പിന്‍വലിച്ചെന്ന് ആക്ടിംഗ് സെക്രട്ടറി സുകുമാരന്‍ നായര്‍ തുറന്ന് പറഞ്ഞപ്പോള്‍ വെട്ടിലായത് സമദൂരസിദ്ധാന്തക്കാരനായ ക്രിസോസ്റ്റം തിരുമേനിയാണ്. കല്യാണപന്തലിലായാലും കുര്‍ബ്ബാന വേളകളിലായാലും കുട്ടനാടന്‍ കൊയ്തുവേളകളിലായാലും സമദൂരം കണക്കാക്കാതെ തമാശകള്‍ വാരിവിതറുന്ന ക്രിസോസ്റ്റം തിരുമേനി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോളം ഫലിതം പറയുമോയെന്നറിയില്ല.

ഉസാമ ബിന്‍ലാദന്റെ മരണഫോട്ടോ പുറത്തുവിടില്ലെന്നും അറബിക്കടലില്‍ എവിടെയാണ് കെട്ടിത്താഴ്ത്തിയതെന്ന് പറയില്ലെന്നും ഉസാമ നിരായുധനായിരുന്നുവെന്നും പറയുന്ന അമേരിക്കയുടെ ഉരുണ്ടുകളി പാക് പ്രധാനമന്ത്രി ഇന്ത്യയില്‍ വ്ന്നപ്പോള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ പന്ത് ഉരുളുന്നതുപോലെയായിരുന്നു.

അമേരിക്കയായാലും ബ്രിട്ടനായാലും എപ്പോഴും ഒരു മറവ് ഉണ്ട്. എന്നാല്‍ നമ്മള്‍ എല്ലാം മറച്ച് അമേരിക്കന്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍ കേന്ദ്രമന്ത്രിയായാലും സാധാരണപൗരനായാലും ആ 'മറ' സ്ക്രീന്‍ ചെയ്ത് അവര്‍ ഉരിഞ്ഞുമാറ്റുന്നു എന്നതാണ് നഗ്നസത്യം. അമേരിക്കയുടെ മുപ്പത്തിയഞ്ചാം പ്രെസിഡെന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും, അതില്‍ സ്വന്തം രാജ്യത്തിന്റെ രഹസ്യചാരസംഘടനയായ സി. ഐ. എയുടെ കൈയ്യുണ്ടെന്ന ആരോപണം ഇരുപതുകൊല്ലത്തിനു ശേഷവും നിലനിന്നിരുന്നു. 1963 നവമ്പര്‍ 22- തീയതി തന്റെ ഭാര്യ ജാക്‌ലിന്‍ കെന്നഡിയും അന്നത്തെ ടെക്സാസ് ഗവര്‍ണറും ഭാര്യയും ഒരുമിച്ച് ഡള്ളാസ് പട്ടണത്തിലൂടെ സഞ്ചരിച്ചിരുന്ന പ്രെസിഡെന്റ്‌ഷ്യല്‍ മോട്ടോര്‍ക്കാഡിലേക്ക് ലീ ഓസ്വാള്‍ഡ് എന്ന ചെറുപ്പക്കാരന്‍ നിറയൊഴിക്കുകയായിരുന്നു.

പ്രെസിഡണ്ടിന്റെ പോലും ശവശരീരം നേരായ വഴിയില്‍ സംസ്ക്കരിക്കാനോ വിട്ടുകൊടുക്കാനോ അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എയുടെ ഭരണഘടന പറയുന്നില്ല. ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ രാത്രിയില്‍ എത്തിച്ച കെന്നഡിയുടെ മൃതദേഹം പലപ്പോഴായി 'കൂടെക്കരുതി'യിരുന്ന ശവപ്പെട്ടിയിലേക്ക് മാറ്റുകയും, അതിന്റെ ഫലമായി നിഷ്കളങ്കയായ ഭാര്യ ജാക്‌ലിന്‍ കെന്നഡി 'പ്രെസിഡന്റ്' ഇല്ലാതിരുന്ന ഒഴിഞ്ഞ ശവപ്പെട്ടിക്ക് ചുറ്റും കണ്ണീരൊഴുക്കി തലകുനിച്ചിരുന്നു.

അതുപോലെയാണ് സി. ഐ. എ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം 1967ല്‍ ഏറെ ക്ലേശങ്ങളില്ലാതെ മുള്‍ക്കാടുകളില്‍ നിന്ന് ക്യൂബന്‍ വിപ്ലവകാരി ചെഗ്വേരയെ കീഴടക്കിയത്. "വെയ്ക്കൂ വെടി, നിങ്ങള്‍ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്" എന്ന് ഉറക്കെപറഞ്ഞ് വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ ചെഗ്വേര, പാക്കിസ്ഥാനില്‍ വച്ച് ഒസാമ ബിന്‍ ലാദനെ കീഴടക്കിയത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഔദ്യോദിക ഫോട്ടോഗ്രഫര്‍മാര്‍ 'ചെ'യുടെ മരണഫോട്ടോ ലോകത്തിനു മുമ്പാകെ എത്തിച്ചു. 'ചെ'യുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഒളിപ്പോരാളിയുടെ നീണ്ട മുടിയും നീണ്ട താടിയും വെട്ടി മാറ്റി. ചെഗ്വേരയുടെ അറിയപ്പെടുന്ന മുഖവുമായി സാമ്യപ്പെടുത്താന്‍ വിദഗ്ധരായ സി. ഐ. എ ഉദ്യോഗസ്തരും വിശ്വസ്തരായ ബൊളീവിയന്‍ പട്ടാളക്കാരും മറന്നില്ല. അതു പോലെ ബിന്‍ ലാദന്റെ മൃദദേഹവും (അതു ലാദന്റേതാണങ്കില്‍) വെട്ടിയൊരുക്കിയെടുത്ത് ഒരു ദിവസം ഒബാമ പ്രദര്‍ശിപ്പിച്ചേക്കാം. ലാദനെ ജീവനോടെ പിടിക്കാനാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്‍ പിടിച്ച ശേഷം വെടിവെച്ച് കൊന്നെന്നാണ് അദ്ദേഹത്തിന്റെ പന്ത്രെണ്ട് വയസ്സുകാരി മകള്‍ പറയുന്നത്.

നമ്മുടെ പോലീസ് വെടിവെച്ചിട്ട നക്സല്‍ വര്‍ഗ്ഗീസിന്റെ മൃതദേഹത്തില്‍ അദ്ദേഹത്തിന്റെ മുടിയും മേല്‍മീശയും ഒരുക്കിയെടുത്തതിനു ശേഷമാണോ പോലീസ് ഫോട്ടോ പുറത്തുവിട്ടതെന്നറിയില്ല. എന്‍‌ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ മുടിയും കപ്പടാ മീശയും ചെറുതാക്കുകയുണ്ടായോന്നും അറിയില്ല. പക്ഷേ, മൃതദേഹം കക്കയം അണക്കെട്ടിലേക്കാണ് എറിഞ്ഞത്. ലാദന്റെ മൃതദേഹം അറബിക്കടലിലേക്കും തള്ളി. മണ്ണ് മണ്ണിലേക്ക് ചേരുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മണ്ണ് വെള്ളത്തിലേക്കും ചേരുന്നു. നമ്മുടെ പടിഞ്ഞാറുള്ള തീരദേശങ്ങളെ രക്തഗന്ധ്മുള്ള തിരമാലകള്‍ സ്പര്‍ശിക്കുമ്പോള്‍ പഴയൊരു ശബ്ദം മുഴങ്ങിയേക്കാം: ഇന്നു ഞാന്‍ നാളെ നീ.

ലിബിയയില്‍ ഗദ്ദാഫിയുടെ മകന്‍ ഹംസ നാറ്റോ ആക്രമണത്തില്‍ അടുത്ത ദിവസമാണ് കൊല്ലപ്പെട്ടത്. ഒസാമയുടെ മകനും അമേരിക്കന്‍ ആക്രമണത്തില്‍ ലാദനോടൊപ്പം കൊല്ലപ്പെട്ടത്രെ. മരണത്തിലും മക്കള്‍ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം!