2011, ജൂൺ 4, ശനിയാഴ്‌ച

കനിമൊഴിയും വി.ഡി. സതീശനും

2011 മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത് അമേരിക്കയിലെ സുവിശേഷപ്രസംഗികന്‍ ഹാരോള്‍ഡ് കാപിംഗാണ്. വന്‍ ഭൂകമ്പവും പ്രളയവും ഉണ്ടാകുമെന്നും ലോകജനതയില്‍ ഭൂരിപക്ഷം പേരും മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു സത്യം അടിവരയിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല - നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പാസ്റ്റ‌ര്‍ പറഞ്ഞത് ഉച്ചത്തിലായിരുന്നു. ലോകാവസാനവും പ്രളയവും നാക്കിലേന്തി നടക്കുന്ന കോടിക്കണക്കിന് പാസ്റ്റര്‍മാര്‍ ലോകമെമ്പാടും ഉണ്ട്. ആ വെടിമരുന്ന് പാദങ്ങളില്‍ വീഴ്ത്താനും കൈകള്‍ ഉയര്‍ത്തി മേഘങ്ങളെ പിടിക്കാനും കണ്ണീരൊഴുക്കാനും നേര്‍ച്ചപ്പെട്ടിയില്‍ പാപമോചനത്തിനുള്ള പണം വീഴ്ത്താനും സ്ത്രീജനങ്ങളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പാനും അനുഗ്രഹിക്കാനും ഏറെ ഉപകരിക്കുന്നതാണ്. കാമ്പിംഗിന്റെ പ്രവചനം കേട്ട് ഞെട്ടി അമേരിക്കയിലെ ഒരു ഗ്രൂപ്പുകാര്‍ അന്ത്യവിധിക്കുള്ള കാത്തിരിപ്പിലായിരുന്നു. ചിലരാണെങ്കില്‍ ജോലി രാജിവെച്ച് മനസ്സ് നൊന്ത് കഴിഞ്ഞു. വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ലോകാവസാനം ഭയന്ന് മലകളിലേക്കും വനങ്ങളിലേക്കും ഓടിയൊളിച്ചു. കാം‌പിംഗ് നേതൃത്വം നല്‍കുന്ന സുവിശേഷകസംഘത്തിന്റെ പ്രവര്‍ത്തകര്‍ അന്ത്യവിധിയുടെ മുന്നറിയിപ്പുമായി ദുബായ്, അബുദാബി, ഷാര്‍ജാ, ബഹ്റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകാവസാനത്തിന്റെ മുന്നറിയിപ്പുമായി നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതര്‍ അവ പെട്ടെന്ന് നീക്കം ചെയ്തു.

ഇദ്ദേഹം മൂന്നാം തവണയാണ് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത്. 1994 സെപ്റ്റംബര്‍ 6ന് ലോകം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ ഭൂമി കേടുപാടുകളില്ലാതെ കറങ്ങുന്നുണ്ടന്ന് കണ്ട കാം‌ംപിംഗ് നിശബ്ദനായി. കണ്ണടച്ച് ഭൂമിയെ ശപിച്ചു. തയ്‌വാനിലെ ഒരു വൃദ്ധനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാനും കാലിഫോര്‍ണിയായിലെ ഒരു മദ്ധ്യവയസ്ക സ്ത്രീ സ്വന്തം മക്കളെ കഴുത്തറത്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കാനും പ്രവചനം വഴിയൊരുക്കി. വിശുദ്ധ വേദപുസ്തകമാണ് പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ 'കര്‍ത്താവേ, രക്ഷിക്കണമേ'യെന്ന് അലറിക്കൊണ്ട് നാല്പാടും ഓടിത്തുടങ്ങി. അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രഞന്‍ കൂടിയാണ് ഹാരോള്‍ഡ് കാം‌ംപിംഗ്. എല്ലാ രാജ്യങ്ങളിലും, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടി നടക്കുന്ന 'കാം‌ംപിംഗ് പാസ്റ്റര്‍'മാരുടെ എണ്ണം കൂടിവരുകയാണ്. അവരുടെ കഴുത്തിന്റെ തടിയും പോക്കറ്റിന്റെ തടിപ്പും ഏറിവരുകയും ചെയ്യുന്നു. പാസ്റ്ററായ ഈ വൃദ്ധന് മറവിയോ മനോവിഭ്രാന്തിയോ ഉണ്ടെന്ന് നമുക്കറിയില്ല. അന്ത്യവിധി ദിനം ഇനി ഒക്ടോബര്‍ 21ന് ആണെന്നാണ് അദ്ദേഹം സ്വന്തം റേഡിയോ സര്‍‌വീസിലൂടെ അറിയിച്ച് ലോകസമാധാനം വീണ്ടും കെടുത്തിയിരിക്കുന്നത്.

എ. രാജ, കരുണാനിധിയുടെ പ്രിയപുത്രി കനിമൊഴി, കൈരളിയുടെ മനേജിംഗ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ്, ചാവേര്‍ പടത്തലവനായ വി.ഡി. സതീശന്‍, ഐസ്ക്രീം ക്വീന്‍ റെജീന, വെള്ളപ്പാച്ചിലില്‍ നിന്ന് നീന്തി രക്ഷപെട്ട കാവ്യ മാധവന്‍, പീഢനക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍, മലയാളഭാഷക്കു വേണ്ടി നിരാഹാരത്തിനൊരുങ്ങുന്ന സുഗതകുമാരി, സമദൂരസിദ്ധാന്തക്കാരനായ സുകുമാരന്‍ നായര്‍, ആപ്പിള്‍ ഏ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിന്‍, രാജീവ് ചെറുവാര, മലയാള മനോരമയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാലഗോപാല്‍, ഒരു പവന്‍ മോതിരം വക്കത്തില്‍ നിന്ന് വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി ലക്ഷങ്ങള്‍ ഒക്ടോബര്‍ 21ലെ കാം‌പിംഗ് പ്രളയത്തില്‍ ഒഴുകിപ്പോകുമോയെന്നറിയില്ല.

ചെറുലഹരി തലയില്‍ കയറിയാല്‍ പ്രവചനങ്ങള്‍ ഒഴുകിയിറങ്ങുക സാധാരണമാണ്. മദ്യം കഴിക്കാത്തവര്‍ ആണ്ടിലൊരിക്കല്‍ കാലിഫോര്‍ണിയയോ കോലാലമ്പൂരോ സന്ദര്‍ശിക്കുംമ്പോള്‍ 'ഇത്തിരി' അകത്താക്കിയാല്‍ മുറിയില്‍ വട്ടമിട്ട് ഓടി നടക്കുകയോ കരയുകയോ ചിരിക്കുകയോ മാലാഖമാരുടെ പ്രകാശം കാണുകയോ പതിവാണ്. ലഹരി ചെല്ലാതെതന്നെ മാലാഖയെ കണ്ട മഹാനായ വ്യക്തിയാണ് യശശ്ശരീരനായ പാസ്റ്റര്‍ ദിനകരന്‍.അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ദീകരണത്തില്‍ മുമ്പൊരിക്കല്‍ പറയുകയുണ്ടായി: "അമേരിക്കയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന വേളയില്‍ ഒരു രാത്രി മുറിയില്‍ വലിയ വെളിച്ചം. എന്റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്റെ നേരെ ഒരു കടലാസു ചുരുള്‍ നീട്ടി. നീയൊരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുക. അതിന്റെ പ്ലാന്‍ ആണിത്."

വെളിച്ചം മങ്ങി. മാലാഖ അപ്രത്യക്ഷമായി. എന്നാല്‍ വീണ്ടും പ്രകാശം. വീണ്ടും മാലാഖ. ഒരു കടലാസ് ചുരുള്‍ കൂടി ദിനകരന്റെ നേരെ നീട്ടി. "എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ ലിസ്റ്റ് ആണിത്. അവരെ ദിനേട്ടന്‍ തെരഞ്ഞെടുക്കുക."

മാലാഖ അപ്രത്യക്ഷമായപ്പോള്‍ പാസ്റ്റര്‍ ഡിനകരന്‍ ലിസ്റ്റിലേക്ക് നോക്കി. അത്ഭുതം! അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബ്ബ്, റിട്ടയര്‍ഡ് ഇന്‍കം ടാക്സ് കമ്മീഷണര്‍ തുടങ്ങി പത്തിലേറെപ്പേരുടെ പേരുകള്‍. പ്രമുഖരുള്ളതുകൊണ്ട് ഇനി പേടിക്കാനില്ലെന്ന് ദിനകരനും ആശ്വസിച്ചു. അങ്ങനെ ദൈവം അനുഗ്രഹിച്ച് ദൈവം നിര്‍ദ്ദേശിച്ചതുപോലെ പണിതുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനമാണ് കോയമ്പത്തൂരിലെ 'കാരുണ്യ' എഞ്ചിനീയറിംഗ് കോളേജ്.

കാംപിംഗ് എപ്പോഴും എല്ലാ കാലത്തും ഉണ്ടാകും. പാസ്റ്റര്‍മാരെപ്പോലെ കാര്യങ്ങ‌ള്‍ ഭ്ംഗിയായി പ്രവചിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കണിയാന്മാര്‍. വയറ് നിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളുള്ള വീട്ടിന്റെ മുറ്റത്ത്നിന്ന് വായ്പൊത്തി ഉറക്കെപ്പറയും: "ലക്ഷണം കണ്ടിട്ട് വരുന്ന കുഞിക്കാല് ഒരു ആണ്‍കുട്ടിയാണ്. തമ്പുരാനേ."

ഗൃഹനാഥന് സന്തോഷമായി. അതിനുശേഷം കണിയാര്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടക്കും. അടുക്കള ഭാഗത്തുള്ള മുറ്റത്തു നിന്ന് ഉറക്കെ പറയും: "തമ്പുരാട്ടിയേ ഭാഗ്യം! ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാല് ഇവിടെത്തുന്നു."

അപ്പുറെത്തും ആഹ്ലാദം ഇപ്പുറത്തും ആഹ്ലാദം. അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും എത്രയോ പ്രളയങ്ങള്‍ നമ്മുടെ കണിയാന്മാര്‍ എത്രയോ തവണ സൃഷ്ടിച്ചിരിക്കുന്നു. വിദേശത്തുപോകുന്ന ചില പാസ്റ്റര്‍മാര്‍ മൂന്ന് ഇഞ്ച് സൈസിലുള്ള ഒരു ചെറു ബാറ്ററി ഉപകരണവുമായി മടങ്ങിവരുന്നതെന്ന് കേള്‍ക്കുന്നു - ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ ഈ ഉപകരണം വെള്ള ജൂബ്ബയില്‍ ഒതുക്കിയിരിക്കും. തലയില്‍ കൈ വയ്ക്കുമ്പോള്‍ ചെറിയ ഒരു ഷോക്ക്. മുകളിലേക്ക് നോക്കി പ്രകാശത്തിനായി ഭക്തര്‍ പൊട്ടിക്കരയുന്നു. ചില അമ്പലങ്ങള്‍ക്ക് സമീപമുള്ള ചില ജ്യോത്സ്യന്മാരും ഈ ബാറ്ററി ഉപകരണം പൂവിട്ട് പൂജിക്കുന്നു. എന്തായാലും ഭൂമിയില്‍ സമാധാനം!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ