ചിത്രം ഒന്ന്: ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ കെന്നഡിയുടെ മൃതദേഹം എത്തിച്ചപ്പോള്‍. ചിത്രം രണ്ട്: 'ചെ'യുടെ ശരീരം പ്രദര്‍ശിപ്പിച്ചപ്പോള്‍.
ഒസാമ ബിന്‍ലാദനെപ്പറ്റി മലയാളത്തില്‍ ഒരു സിനിമയെടുക്കാന്‍ ആരെങ്കിലും ഒരുമ്പെടുകയാണെങ്കില്‍ ഒസാമയുടെ വേഷം അണിയാന്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുക? സംശയിക്കേണ്ട - പ്രിഥ്വിരാജ് തന്നെ. ഒസാമയെപ്പോലെ നീണ്ട മൂക്കും മുഖവുമുള്ള പ്രിഥ്വിരാജാണ് ആ റോളിന് ഇണങ്ങിയ വ്യക്തി.
മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ജയറാമോ ഇന്നസെന്റോ കലാഭവന്‍ മണിയോ സൂരജ് വെഞ്ഞാറമൂടോ ജഗതിയോ ജയസൂര്യയോ ലാലു അലക്സോ ജനാര്‍ദ്ദനനോ ഈ റോളില്‍ അഭിനയിക്കാന്‍ തയാറായാല്‍ പോലും മുഖം വലിച്ചുനീട്ടാനാവില്ലല്ലോ! അതല്ലെങ്കില്‍ നടന്‍ ശ്രീനിവാസന്‍ ഒരു
വെല്ലുവിളി പോലെ പ്രിഥ്വിരാജിന് പകരമായി എത്തണം. എങ്കിലും ഒളിവിവാഹത്തിനു ശേഷം സുകുമാരന്റെ മകനാണ് അല്പം മാര്‍ക്കറ്റ് കൂടുതല്‍ ഉള്ളത്. എല്ലാത്തിനും ഒരു കളിയും മറയും ഉള്ളത് നല്ലതാണ്. പ്രിഥ്വിയുടെ അമ്മ ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കിയാണ്. പത്രപ്രവത്തകയായ സുപ്രിയ മേനോനുമായുള്ള മകന്റെ വിവാഹം പാലക്കാട്ട് വെച്ച് രഹസ്യമായി നടത്തുകയും ചെയ്തു. വീടുകയറിക്കൊണ്ടിരിക്കുന്ന പത്രക്കാരുള്‍പ്പെടെ ഒരു കുഞ്ഞും അറിഞ്ഞില്ല താനും. പെണ്ണിനിത്തിരി പൊക്കം കുറവാണെന്നുള്ള കാര്യം കാവ്യ മാധവനാണ് ആദ്യം കണ്ടുപിടിച്ചെത്. ചെരുപ്പിന് രണ്ട് ഇഞ്ച് പൊക്കകൂടുതല്‍, തലമുടിക്കെട്ട് ഉയര്‍ത്തിവെച്ച് രണ്ട് ഇഞ്ച് - അങ്ങനെ നാലിഞ്ച് ഒപ്പിച്ചെടുത്താണ് സുപ്രിയ മേനോന്‍ എത്തിയതെന്ന് ദിലീപിന്റെ പത്നി മഞ്ജു വാര്യര്‍ ഫോണിലൂടെ സംയുക്ത വര്‍മ്മയെ രഹസ്യമായി അറിയിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകയായ സുപ്രിയ മേനോനെ മരുമകളായി ലഭിച്ചതില്‍ ഏറെ സന്തോഷവും തൃപ്തിയും അമ്മ മല്ലികക്കാണ്. കാരണം ലോകത്തെ ഏതു പ്രധാന വാര്‍ത്തയും ആദ്യം വന്നെത്തുക ഇനി മുതല്‍ മല്ലികയുടെ ചെവിയിലായിരിക്കുമല്ലോ.
ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ വലിയ വാര്‍ത്തയെ വെല്ലുന്ന രീതിയിലായിരുന്നു കൈരളിയില്‍ നിന്നുള്ള ബ്രിട്ടാസിന്റെ പിന്മാറ്റവാര്‍ത്ത. കൈരളി സ്റ്റാഫിന്റെ യാത്രയയപ്പ് ചടങ്ങ് ചാനലുകളില്‍ ഭംഗിയായി വരികയും ചെയ്തു. വനിതാ ജീവനക്കാര്‍ കൂട്ടമായി കരയുന്നതിന്റെ രഹസ്യം വരാനിരിക്കുന്ന 'സാക്ഷി' സംപ്രേക്ഷണം ചെയ്യുമ്പോഴേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. എന്നാല്‍ ഒബാമയേയും ബ്രിട്ടാസിനേയും കടത്തിവെട്ടിയാണ് പെരുന്നയില്‍ നിന്ന് സുകുമാരന്‍ നായരുടെ വരവ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍. എസ്. എസ് സമദൂരസിദ്ധാന്തം പിന്‍വലിച്ചെന്ന് ആക്ടിംഗ് സെക്രട്ടറി സുകുമാരന്‍ നായര്‍ തുറന്ന് പറഞ്ഞപ്പോള്‍ വെട്ടിലായത് സമദൂരസിദ്ധാന്തക്കാരനായ ക്രിസോസ്റ്റം തിരുമേനിയാണ്. കല്യാണപന്തലിലായാലും കുര്‍ബ്ബാന വേളകളിലായാലും കുട്ടനാടന്‍ കൊയ്തുവേളകളിലായാലും സമദൂരം കണക്കാക്കാതെ തമാശകള്‍ വാരിവിതറുന്ന ക്രിസോസ്റ്റം തിരുമേനി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോളം ഫലിതം പറയുമോയെന്നറിയില്ല.
ഉസാമ ബിന്‍ലാദന്റെ മരണഫോട്ടോ പുറത്തുവിടില്ലെന്നും അറബിക്കടലില്‍ എവിടെയാണ് കെട്ടിത്താഴ്ത്തിയതെന്ന് പറയില്ലെന്നും ഉസാമ നിരായുധനായിരുന്നുവെന്നും പറയുന്ന അമേരിക്കയുടെ ഉരുണ്ടുകളി പാക് പ്രധാനമന്ത്രി ഇന്ത്യയില്‍ വ്ന്നപ്പോള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ പന്ത് ഉരുളുന്നതുപോലെയായിരുന്നു.
അമേരിക്കയായാലും ബ്രിട്ടനായാലും എപ്പോഴും ഒരു മറവ് ഉണ്ട്. എന്നാല്‍ നമ്മള്‍ എല്ലാം മറച്ച് അമേരിക്കന്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍ കേന്ദ്രമന്ത്രിയായാലും സാധാരണപൗരനായാലും ആ 'മറ' സ്ക്രീന്‍ ചെയ്ത് അവര്‍ ഉരിഞ്ഞുമാറ്റുന്നു എന്നതാണ് നഗ്നസത്യം. അമേരിക്കയുടെ മുപ്പത്തിയഞ്ചാം പ്രെസിഡെന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും, അതില്‍ സ്വന്തം രാജ്യത്തിന്റെ രഹസ്യചാരസംഘടനയായ സി. ഐ. എയുടെ കൈയ്യുണ്ടെന്ന ആരോപണം ഇരുപതുകൊല്ലത്തിനു ശേഷവും നിലനിന്നിരുന്നു. 1963 നവമ്പര്‍ 22- തീയതി തന്റെ ഭാര്യ ജാക്‌ലിന്‍ കെന്നഡിയും അന്നത്തെ ടെക്സാസ് ഗവര്‍ണറും ഭാര്യയും ഒരുമിച്ച് ഡള്ളാസ് പട്ടണത്തിലൂടെ സഞ്ചരിച്ചിരുന്ന പ്രെസിഡെന്റ്‌ഷ്യല്‍ മോട്ടോര്‍ക്കാഡിലേക്ക് ലീ ഓസ്വാള്‍ഡ് എന്ന ചെറുപ്പക്കാരന്‍ നിറയൊഴിക്കുകയായിരുന്നു.
പ്രെസിഡണ്ടിന്റെ പോലും ശവശരീരം നേരായ വഴിയില്‍ സംസ്ക്കരിക്കാനോ വിട്ടുകൊടുക്കാനോ അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എയുടെ ഭരണഘടന പറയുന്നില്ല. ഡള്ളാസില്‍ നിന്നും വാഷിംങ്ങ്ടണിന് അടുത്തുള്ള വ്യോമസേനാസങ്കേതത്തില്‍ രാത്രിയില്‍ എത്തിച്ച കെന്നഡിയുടെ മൃതദേഹം പലപ്പോഴായി 'കൂടെക്കരുതി'യിരുന്ന ശവപ്പെട്ടിയിലേക്ക് മാറ്റുകയും, അതിന്റെ ഫലമായി നിഷ്കളങ്കയായ ഭാര്യ ജാക്‌ലിന്‍ കെന്നഡി 'പ്രെസിഡന്റ്' ഇല്ലാതിരുന്ന ഒഴിഞ്ഞ ശവപ്പെട്ടിക്ക് ചുറ്റും കണ്ണീരൊഴുക്കി തലകുനിച്ചിരുന്നു.
അതുപോലെയാണ് സി. ഐ. എ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം 1967ല്‍ ഏറെ ക്ലേശങ്ങളില്ലാതെ മുള്‍ക്കാടുകളില്‍ നിന്ന് ക്യൂബന്‍ വിപ്ലവകാരി ചെഗ്വേരയെ കീഴടക്കിയത്. "വെയ്ക്കൂ വെടി, നിങ്ങള്‍ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്" എന്ന് ഉറക്കെപറഞ്ഞ് വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ ചെഗ്വേര, പാക്കിസ്ഥാനില്‍ വച്ച് ഒസാമ ബിന്‍ ലാദനെ കീഴടക്കിയത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഔദ്യോദിക ഫോട്ടോഗ്രഫര്‍മാര്‍ 'ചെ'യുടെ മരണഫോട്ടോ ലോകത്തിനു മുമ്പാകെ എത്തിച്ചു. 'ചെ'യുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഒളിപ്പോരാളിയുടെ നീണ്ട മുടിയും നീണ്ട താടിയും വെട്ടി മാറ്റി. ചെഗ്വേരയുടെ അറിയപ്പെടുന്ന മുഖവുമായി സാമ്യപ്പെടുത്താന്‍ വിദഗ്ധരായ സി. ഐ. എ ഉദ്യോഗസ്തരും വിശ്വസ്തരായ ബൊളീവിയന്‍ പട്ടാളക്കാരും മറന്നില്ല. അതു പോലെ ബിന്‍ ലാദന്റെ മൃദദേഹവും (അതു ലാദന്റേതാണങ്കില്‍) വെട്ടിയൊരുക്കിയെടുത്ത് ഒരു ദിവസം ഒബാമ പ്രദര്‍ശിപ്പിച്ചേക്കാം. ലാദനെ ജീവനോടെ പിടിക്കാനാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്‍ പിടിച്ച ശേഷം വെടിവെച്ച് കൊന്നെന്നാണ് അദ്ദേഹത്തിന്റെ പന്ത്രെണ്ട് വയസ്സുകാരി മകള്‍ പറയുന്നത്.
നമ്മുടെ പോലീസ് വെടിവെച്ചിട്ട നക്സല്‍ വര്‍ഗ്ഗീസിന്റെ മൃതദേഹത്തില്‍ അദ്ദേഹത്തിന്റെ മുടിയും മേല്‍മീശയും ഒരുക്കിയെടുത്തതിനു ശേഷമാണോ പോലീസ് ഫോട്ടോ പുറത്തുവിട്ടതെന്നറിയില്ല. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ മുടിയും കപ്പടാ മീശയും ചെറുതാക്കുകയുണ്ടായോന്നും അറിയില്ല. പക്ഷേ, മൃതദേഹം കക്കയം അണക്കെട്ടിലേക്കാണ് എറിഞ്ഞത്. ലാദന്റെ മൃതദേഹം അറബിക്കടലിലേക്കും തള്ളി. മണ്ണ് മണ്ണിലേക്ക് ചേരുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മണ്ണ് വെള്ളത്തിലേക്കും ചേരുന്നു. നമ്മുടെ പടിഞ്ഞാറുള്ള തീരദേശങ്ങളെ രക്തഗന്ധ്മുള്ള തിരമാലകള്‍ സ്പര്‍ശിക്കുമ്പോള്‍ പഴയൊരു ശബ്ദം മുഴങ്ങിയേക്കാം: ഇന്നു ഞാന്‍ നാളെ നീ.
ലിബിയയില്‍ ഗദ്ദാഫിയുടെ മകന്‍ ഹംസ നാറ്റോ ആക്രമണത്തില്‍ അടുത്ത ദിവസമാണ് കൊല്ലപ്പെട്ടത്. ഒസാമയുടെ മകനും അമേരിക്കന്‍ ആക്രമണത്തില്‍ ലാദനോടൊപ്പം കൊല്ലപ്പെട്ടത്രെ. മരണത്തിലും മക്കള്‍ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ