2011, ജനുവരി 29, ശനിയാഴ്‌ച

കുഴിയാനകള്‍

വി. കെ. കൃഷ്ണമേനോന്‍ അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം കന്യാകുമാരിയിലെ കടലില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്ത സ്ഥിതിവിശേഷം അക്കാലത്ത് പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ തെളിവുകളായി ഇന്നും സൂക്ഷിക്കപ്പെടുന്നു. വി. കെ. കൃഷ്ണമേനോന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി കന്യാകുമാരിയില്‍ എത്തിച്ചു. ചിതാഭസ്മം നിറച്ചുകൊണ്ടുവന്ന കുടം വക്കം പുരുഷോത്തമന്‍റെ കൈയിലാണ് ലഭിച്ചത്. കടലില്‍ കുനിഞ്ഞു കിടന്ന് അദ്ദേഹം കുടം ഒഴുക്കുന്ന ഫോട്ടോകള്‍ അടുത്തദിവസത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് കണ്ട് ആദ്യം ഞെട്ടിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. എല്ലാ പത്രങ്ങളിലും ഒരേ തരം ഫോട്ടോ. പത്രങ്ങള്‍ക്ക് ഈ ഫോട്ടോ വിതരണം ചെയ്തത് പുബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റെ്‌ ആണെന്ന് അറിയാവുന്ന കരുണാകരന്‍ പി. ആര്‍. ഡിയുടെ അന്നത്തെ ഡയറക്ടറായിരുന്ന ശ്രീ. ജി. വിവേകാനന്ദനെ പെട്ടെന്ന് ഫോണ്‍ ചെയ്തു.

"ഇതെന്താ വിവേകാനന്ദാ വിവേകമില്ലാത്ത ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ച് വന്നിരിക്കുന്നല്ലോ?"

"എന്തു പറ്റി സാര്‍?" വിവേകാനന്ദന്‍റെ ചോദ്യം.

കരുണാകരന്‍: "ചിതാഭസ്മം ഒഴുക്കുന്നതിന്‍റെ ഫോട്ടോ ഇത്തരത്തിലാണോ? കുടവും പിടിച്ച് വക്കം പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ! ചിതാഭസ്മം ഒഴുക്കുന്നത് ചിരിച്ചുകൊണ്ടാണോ?"

അല്പനേരത്തെ നിശബ്ദ്തക്കു ശേഷം വിവേകാന്ദന്‍റെ മറുപടി: "എനിക്കെന്ത് ചെയ്യാന്‍ കഴിയും സാര്‍? മുഖത്ത് വിഷാദം ഭാവിച്ചാലും വക്കം എപ്പോഴും ചിരിക്കുന്നതായേ തോന്നുകയുള്ളു. അത് അദ്ദേഹത്തിന്‍റെ പല്ലിന്‍റെ പ്രത്യേകതയാണ്."

വക്കത്തിന്‍റെതു പോലെയുള്ള പല്ലുകളുടെ ഉടമയായ മാമുക്കോയ അന്ന് ചലച്ചിത്രരംഗത്തെത്തിയിട്ടില്ല എന്ന് അറിയാവുന്ന കരുണാകരന്‍ ഭീകരമായി ചിരിക്കുന്ന ആ പല്ലുകള്‍ അല്പം കറുത്ത മഷികൊണ്ട് ടച്ച് ചെയ്ത് മറച്ചതിനുശേഷം ഫോട്ടോകള്‍ റിലീസ് ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു.

പി. ആര്‍. ഡിയിലെ ആര്‍ട്ടിസ്റ്റുകളായ പി. വി. കൃഷ്ണനേയും വര്‍ഗീസിനേയും മനസ്സില്‍ ചിന്തിച്ചുകൊണ്ട് വിവേകാനന്ദന്‍റെ മറുപടി: "ഇനിയിങ്ങനെ അബദ്ധം പറ്റാതെ നോക്കാം, സാര്‍. വരും കാലങ്ങളില്‍ ചിതാഭസ്മം ഒഴുക്കുന്ന ജോലി വക്കത്തിനെ ഏല്പ്പിക്കാതിരുന്നാല്‍ മതി."

മരിച്ചതിനുശേഷം തനിക്കെന്തു സംഭവിച്ചെന്ന് മരിച്ചവര്‍ ഒരിക്കലും അറിയുന്നില്ല. തന്‍റെ ബോഡിക്ക് മരണത്തിനുശേഷം പോറല്‍ വല്ലതും ഏറ്റോ റീത്തുകള്‍ പുറത്തു വെച്ചപ്പോള്‍ വയറിന് വീര്‍പ്പുമുട്ടല്‍ സംഭവിച്ചോ, കാലുതൊട്ടുവന്ദിച്ചവര്‍ പണ്ട് കാലുവാരിയവര്‍ തന്നെയോ, തന്‍റെ മരണം അറിഞ്ഞു ഞെട്ടിയെന്നു പറയുന്നവര്‍ പണ്ട് തന്നെ ഞെട്ടിച്ചവരാണോ പൊഴിക്കുന്ന കണ്ണുനീരില്‍ പരേതന്‍റെ ഗ്ലിസറിന്‍റെ അംശം കലര്‍ന്നിരുന്നോ, അവസാനത്തെ തന്‍റെ ആഗ്രഹങ്ങള്‍ സന്തപ്ത കുടുംബാംഗങ്ങള്‍ കാറ്റില്‍ പറത്തിയോ തുടങ്ങിയ ചരമവിശേഷങ്ങള്‍ അറിയാനാകാതെ അന്ത്യവിശ്രമം കൊള്ളുന്ന പരേതാ‌ത്മാക്കളുടെ ഒരു നീണ്ടനിര തന്നെ അങ്ങോളമിങ്ങോളം ഉണ്ട്.

മരണത്തിന്‍റെ ഏറ്റവും വലിയ ഭീകരമായ മുഖം അടുത്തിട കാണിച്ചത് പ്രശസ്ത ചലച്ചിത്ര നടനായ സുകുമാരന്‍റെ മരണാനന്തരം ആയിരുന്നു. എറണാകുളത്തെ ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഐ. സി. യുവില്‍ കിടക്കുമ്പോഴും ആശുപത്രിയുടെ അയല്‍‌വക്കത്തു താമസിക്കുന്ന ചലച്ചിത്രതാരങ്ങളെ അസുഖവിവരം അറിയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെങ്കിലും മരണത്തിനുശേഷം ഓടിയെത്തിയവര്‍ അനേകമായിരുന്നു. തന്‍റെ ശവശരീരം പ്രദര്‍ശിപ്പിക്കരുതെന്നും ശരീരം നേരെ തിരുവന്തപുരത്തു കൊണ്ടുപോയി സംസ്കരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രിയ പത്നി മല്ലികയോട് അസുഖം കൂടിയ സമയത്ത് നിര്‍ദ്ദേശിച്ചങ്കിലും മരണത്തിനുശേഷം ആ അവസാനത്തെ ആഗ്രഹം ഒരു സ്റ്റണ്ട് സിനിമയുടെ ക്ലൈമാക്സ് രംഗം പോലെ അടിമുടി തെറ്റി. വാടിയ ഒരു ശംഖുപുഷ്പം പോലെ ആഗ്രഹം തളര്‍ന്നു വീണു. അദ്ദേഹത്തിന്‍റെ മനസ്സിന് വിരുദ്ധമായി സുഹൃത്തുക്കള്‍ വഴിനീളെ നീക്കിയും നിറുത്തിയും തലസ്ഥാനത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് എത്തിയ സുകുമാരന്‍റെ മൃതദേഹം കണ്ട് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാനെത്തിയ ചലച്ചിത്രതാരങ്ങളെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് സുകുമാരന്‍റെ മൃതദേഹം മൃതപ്രായമായി. സുകുമാരന്‍റെ സുഹൃത്തുക്കളില്‍ പലരും ഉള്ളു തുറന്നു ടെലിവിഷന്‍ ക്യാമറയിലേക്ക് തുറിച്ചുനോക്കി സംസാരിക്കാന്‍ മത്സരിച്ചു.

ഒരു നിര്‍മ്മാതാവ് ടി. വിക്കാരോട്: "എന്‍റെ ആദ്യത്തെ ചിത്രമായ തരികിടയില്‍ സുകുമാരനായിരുന്നു നായകന്‍. നൂറ്റിയെഴുപതു ലക്ഷം രൂപ ചെലവാക്കിയെടുത്ത ഈ മെഗാചിത്രത്തില്‍ ഇരുപത്താറു ലക്ഷം രൂപയുടെ സെറ്റാണ് ഞാന്‍ സ്റ്റുഡിയോവില്‍ തീര്‍ത്തത്. ആന്ധ്രയില്‍ നിന്ന് വന്ന പണിക്കാര്‍ രണ്ട് മാസം സമയം എടുത്താണ് സെറ്റ് തീര്‍ത്തത്. സെറ്റില്‍ സാന്ദര്‍ഭികമായി എത്തിയ ശിവാജിഗണേശനും രജനീകാന്തും അതിന്‍റെ ഭംഗിയില്‍ അത്ഭുതം കൂറി."

ഒരു നടന്‍: "സുകുമാരന്‍റെ മരണം എനിക്ക് വിശ്വസിക്കാനവുന്നില്ല. കീഴേപ്പറമ്പിലെ കീവര്‍ച്ചന്‍ എന്ന ചിത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. ആ ചിത്രത്തില്‍ ഞാന്‍ അത്യുജ്ജലമായ അഭിനയമാണ് കാഴ്ചവെച്ചത്. ചിത്രം പത്ത് ദിവസം ഓടി. റിക്കാര്‍ഡ് കളക്ഷനായിരുന്നു."

ഒരു നടി: "സുകുമാരന്‍ ഒരു കൊച്ചു പയ്യന്‍ ആയിരുന്ന കാലം മുതലേ എനിക്കറിയാം. നല്ല പെരുമാറ്റം. ഞാനും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ചിത്രം അടുത്ത ഓണത്തിന് റിലീസാകും."

ഒരു തീയേറ്റര്‍ ഉടമ: "സുകുമാരന്‍റെ പടങ്ങള്‍ ഓടിയുള്ളപ്പോഴെല്ലാം എന്‍റെ തീയേറ്ററിലെ എ. സി. കേടുവരാതെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബാല്‍ക്കണിക്ക് ഇരുപത് രൂപ, ഒന്നാം ക്ലാസ് പതിനഞ്ചു രൂപ, ബഞ്ച് അഞ്ചു രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് റേറ്റ്."

ഒരു തിരക്കഥാകൃത്ത്: "സംഭാഷണത്തിന് പുതിയൊരു ശൈലി മലയാളസിനിമക്ക് സംഭാവന ചെയ്തത് സുകുമാരനായിരുന്നു. നീണ്ട നീണ്ട സംഭാഷണങ്ങള്‍ ഒരൊറ്റ വായനയിലൂടെ കാണാപാഠമാക്കുമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിന്നാണ് ഞാന്‍ കഥ മെനെഞ്ഞെടുക്കാറുള്ളത്. ഇംഗ്ലീഷ് കാസറ്റുകള്‍ വാങ്ങുന്നത് എന്‍റെ ശൈലിയല്ല."

ഒരു സം‌വിധായകന്‍: "ധിക്കാരിയാണെങ്കിലും വിനയമുള്ള നടന്‍. നിര്‍മ്മാതാവിനോട് കൃത്യമായി പൈസ വാങ്ങുന്ന മിടുക്കന്‍. ഞാനിപ്പോള്‍ ഒരു സിനിമക്ക് അഞ്ചു ലക്ഷം ആണ് വാങ്ങുന്നത്. അത് മറ്റു സം‌വിധായകരുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്."

ഒരു നടി: "ആദ്യ ചിത്രത്തില്‍ ഞാന്‍ സുകുമാരനെ കണ്ടുമുട്ടുമ്പോള്‍ എനിക്ക് അടുത്തു ചെല്ലാന്‍ പേടിയായിരുന്നു. ഞാന്‍ സെലക്ടീവ് ആയതോടെ എനിക്ക് പേടി മാറി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളേ ഞാന്‍ തെരഞ്ഞെടുക്കൂ. കുളിസീനുകള്‍ എനിക്കിഷ്ടമല്ല. വിവാഹക്കാര്യം ചിന്തിക്കാറില്ല."

വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞുതീര്‍ന്ന പ്രിയപ്പെട്ട സുകുമാരന്‍റെ മൃതദേഹത്തെ നോക്കി തമിഴ്നാട്ടിലെ ചലച്ചിത്രതാരങ്ങള്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് ഭ്യാഗ്യത്തിന് നമ്മള്‍ രക്ഷപെട്ടു. സുകുമാരന്‍റെ മരണത്തിനു ശേഷമാണ് തമിഴ്നാട്ടില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിച്ചുതുടങ്ങിയത്. സുകുമാരന് സ്മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പടികയറിച്ചെന്ന സുകുമാരന്‍റെ തോളില്‍ കൈയിട്ടു കൊണ്ട് സത്യന്‍ പറയുന്നു: "ആശാനേ, എന്‍റെ സ്മാരകം പോലെ!"

മരണത്തിനു ശേഷം വലിയ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ട മഹാനായ സുഹ്രുത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മരണത്തിനുശേഷവും അദ്ദേഹം ജീവിച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ച കസേരയും എഴുതാനുപയോഗിച്ച ബോര്‍ഡും പേനയും കണ്ണടയും മറ്റും കൊണ്ട് നടന്ന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പോലും അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു. ആനകളായ നമ്മള്‍ ഇമ്മിണി വലിയ കുഴിയാനകളായി മാറാതിരുന്നാല്‍ മതി.

(സര്‍ഗധാര മാസിക, ജൂലൈ 1997)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ