ഇടപ്പള്ളി ദേവന്‍ കുളങ്ങര ഹൈസ്കൂളും ഗവണ്മെന്‍റെ് മിഡില്‍ സ്കൂളും അടുത്തടുത്താണ് സ്ഥിതിചെയ്തിരുന്നത്.
ത്രിശ്ശൂര്‍ ടൗണ്‍ ഹാളും രാമനിലയവും തമ്മിലുള്ള അകല്‍ച്ച പോലെ. അന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവ്ം. അന്നു ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന 'രാമയ്യര്‍' എന്ന അദ്ധ്യാപകന്‍ വേഷം കൊണ്ടും പെരുമാറ്റ്ം കൊണ്ടും ഇടപ്പള്ളിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന വ്യക്തിയായിരുന്നു. മുണ്ടും കറുത്ത കോട്ടും ധരിച്ച കഷണ്ടിക്കാരനായിരുന്ന ഈ അദ്ധ്യാപകന്‍ ആത്മസുഹ്രുത്തായ കുടയുമെടുത്ത് ഒരു ദിവസം ഹൈസ്കൂളിന്‍റെ ഗേറ്റിലൂടെ പുറത്തേക്ക് ഓടുന്ന കാഴ്ച കാണാന്‍ അന്ന് മിഡില്‍ സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ സാക്ഷിയായി. (ഇതിലെ രണ്ടാം സാക്ഷി സഹപാഠിയായിരുന്ന ശ്രീ. എ. സി. ജോസ് ആയിരുന്നു). രാമയ്യര്‍ സാറിന്‍റെ പിന്നാലെ ഒന്ന് രണ്ട് അദ്ധ്യാപകരും ചില വിദ്യാര്‍ത്ഥികളും ഓടുന്നുണ്ട്. അവര്‍ അവസാനം പദയാത്രാ ഓട്ടത്തിന് തടസം ഉണ്ടാക്കി അദ്ദേഹത്തിന്‍റെ കൈക്ക് പിടിച്ചു സ്കൂളിന് പിന്നിലെ കോമ്പോണ്ടിലേക്ക് കൊണ്ടുപോയി. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം പിടികിട്ടിയില്ല. "റെഡി, സ്മൈല്‍ പ്ലീസ്" എന്നാരോ പറയുന്ന ശബ്ദം പുറത്തു നില്‍ക്കുന്ന ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. "...പ്ലീസ്" പറഞ്ഞുനിറുത്തിയതും രാമയ്യര്‍ സാര്‍ വീണ്ടും റോഡിലേക്ക് ഓടിയതും ഒപ്പമായിരുന്നു. പിന്നാലെ ഓടിയവര്‍ രാമയ്യര്‍ സാറിനെ കീഴടക്കി വീണ്ടും ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. സംഭവം എന്താനെന്നറിയാന്‍ ഞങ്ങല്‍ സ്കൂള്‍ ബില്‍ഡിംഗിലേക്ക് എത്തിനോക്കി. അവിടെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിരത്തി ഇരുത്തിയും നിറുത്തിയും ഫോട്ടോ എടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വര്‍ഷാവസാനം, ഓര്‍മ്മ നിലനിര്‍ത്താന്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയായിരുന്നു.
പൊക്കമുള്ള ബേബി ജോണ്‍മാരെപ്പോലുള്ളവരെ നടുക്കും പൊക്കമില്ലാത്ത പിണറായി വിജയന്മാരെപ്പോലുള്ളവരെ വശങ്ങളില്‍ നിറുത്തിയും ക്യാമറക്കു വേണ്ടി ഒരുക്കുന്നു. എല്ലാം ഫോക്കസ് ചെയ്ത് "റെഡി, സ്മൈല്‍ പ്ലീസ്" എന്ന് പറഞ്ഞുകൊണ്ട് ലെന്‍സിനു മുകളിലെ മുഖംമൂടി എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും എന്നെയിതിനു കിട്ടില്ലെന്ന മട്ടില്‍ രാമയ്യര്‍ സാര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓടുകയാണ്. കുണുങ്ങി എത്തുന്ന ആ ക്യാമറക്കും സാറിന്‍റെ മുഖത്തിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഫോട്ടോ എടുക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ ആയുസ്സ് കുറയുമെന്ന് ആ പാവം അദ്ധ്യാപകന്‍ വിശ്വസിച്ചിരുന്നു. നമ്മുടെ ഛായ നെഗറ്റീവില്‍ ഓരോ പ്രാവശ്യം എത്തുമ്പോഴും ഓരോ വയസ്സ് കുറയുമത്രെ! കൂടെക്കൂടെ ഫോട്ടോ എടുത്താല്‍ പെന്‍ഷന്‍ കടലാസ് വാങ്ങാനാവാതെ പരലോകത്തേക്ക് മുന്‍കൂട്ടി പോകേണ്ടിവരുമെന്ന് അദ്ദേഹം പേടിച്ചു.
സ്വന്തം ജീവനെ നെഗറ്റീവില്‍ പതിപ്പിച്ച് കൊടുക്കാന്‍ തയ്യാറാകാതിരുന്ന രാമയ്യര്‍ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്‍പത് വര്‍ഷം പഴക്കമുള്ള നെഗറ്റീവുകളും ഇന്ന് തെളിവുകളായി ആരുടെ കൈയിലും ഇല്ലതാനും. പക്ഷേ, അദ്ദേഹം പല പാഠശാലകളിലായി ചെവിക്ക് തിരുമ്മി പഠിപ്പിച്ച അനേകം പേര്‍ ഇന്ന് സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ്. ശിഷ്യന്മാര്‍ ക്യാമറയെ കെട്ടിപ്പിടിച്ചാണ് ഉണരുന്നതും ഉറങ്ങുന്നതും എന്നത് പകല്‍ പോലെ സത്യമാണ്. അകലെയുള്ളത് നമ്മുടെ അരികിലേക്ക് എത്തിച്ച് തരുന്ന 'സൂം ലെന്‍സി'നു തുല്യമാണ് അവരുടെ ജീവിതം. പ്രശസ്ത നായകനടനായ ശ്രീ. മധുവിന്‍റെ ഉമാ ഫിലിം സ്റ്റുഡിയോ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ചില സുഹൃത്തുക്കള്‍ സ്റ്റുഡിയോയുടെ പിന്‍ഭാഗത്തെ നിരന്ന ഭൂമിയിലേക്ക് നീങ്ങിനിന്ന് അകലങ്ങളിലേക്ക് ചൂണ്ടിക്കാണിച്ച് ചോദിച്ചു: "മധുചേട്ടാ, അങ്ങ് അകലെ കാണുന്ന മനോഹരമായ മലകളും താഴ്വരയും എല്ലാം ചേട്ടന്‍റെ ഈ സ്റ്റുഡിയോയില്‍ ഉള്‍പ്പെട്ടതാണോ?"
ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ മധുവിന് ചെറിയൊരു കള്ളച്ചിരി. അദ്ധേഹത്തിന്‍റെ മറുപടി: "അതെയതെ. അതെല്ലാം എന്റേതു തന്നെ - സൂം വെച്ച് നോക്കുമ്പോള്‍."
അതുപോലെ അകലെയുള്ളത് നമ്മുടെ പോക്കറ്റിലേക്ക് എത്തിച്ചുതരുന്ന സൂം ലെന്‍സിന് തുല്യമാണ് നമ്മുടെ നേതാക്കന്മാരുടെ ജീവിതം. ഒരു ദിവസം തനിക്കുവേണ്ടി ഒരു റോള്‍ ഫിലിമെങ്കിലും എക്സ്പോസ് ചെയ്യിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ നേതാവിന്‍റെ ജീവിതം ഔട്ട് ഓഫ് ഫോക്കസ് ആയിമാറുന്നു. ഫോട്ടോ എടുത്താല്‍ ആയുസ്സ് കുറയുമെന്ന രാമയ്യര്‍ സാറിന്‍റെ വിശ്വാസത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. ക്യാമറയുടെ ബട്ടണില്‍ വിരല്‍ അമര്‍ത്തി ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും ക്ലിക്കുകളുടെ രാജാവായി ദീര്‍ഘായുസ്സോടെ നേതാക്കള്‍ ജീവിക്കുന്നു എന്നതാണ് അത്ഭുതകരമായ സത്യം.
ഫോട്ടോകള്‍ പതിച്ചുവെച്ച ആല്‍ബമാണ് വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും തെളിവുകളായി എപ്പോഴും എവിടെയും ശേഷിക്കുന്നത്. മമ്മൂട്ടിയോടോ, മോഹന്‍ലാലിനോടോ, ജയറാമിനോടൊപ്പം നിന്നെടുത്ത ഫോട്ടോകളുടെ ആല്‍ബം സ്വീകരണമുറിയിലെ ടേബിളില്‍ വെക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഷ്ട്രപതി ശ്രീ. ശങ്കര്‍ദയാല്‍ ശര്‍മ്മ കോണ്‍ഗ്രസ് പ്രസിഡന്‍റെ് ആയിരുന്നപ്പോഴും ധനമന്ത്രി ശ്രീ. ശിവദാസമേനോന്‍ അദ്ധ്യാപകനായിരുന്ന കാലത്തും ശ്രീ. ബാല്‍ താക്കറെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന കാലത്തും കൂടെ നിന്ന് എടുപ്പിച്ചിട്ടുള്ള ഫോട്ടോകള്‍ ഇന്ന് ഏറെ പ്രചാരത്തിലാണ്. എന്നാല്‍ സുഖ്റാമിനെയും ചന്ദ്രസ്വാമിയേയും നരസിംഹറാവുവിനെയും ജയലളിതയെയും കെട്ടിപ്പിടിച്ചെടുത്തിട്ടുള്ള ഫോട്ടോകള്‍ ഇന്ന് പുറത്ത് കാണിക്കാന്‍ പലര്‍ക്കും മടി. ആല്‍ബത്തില്‍ നിന്ന് അവ പലതും മാറ്റി തുടങ്ങിയിരിക്കുന്നു.
ഫോട്ടോ ആല്‍ബങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലത്ത്‌വച്ച് ഞാന്‍ കാണാനിടയായ ഒരു ആല്‍ബത്തിലെ ഫോട്ടോ മനസ്സിലെ താളുകള്‍ക്കിടയിലെ ഒരു വേദനയായി ഇന്നും സൂക്ഷിക്കുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് എനിക്ക് രണ്ട് ഗുരുക്കന്മാരുണ്ട്. കാര്‍ട്ടൂണിസ്റ്റായ ശങ്കറും, കാര്‍ട്ടൂണിസ്റ്റല്ലാത്ത കാമ്പിശ്ശേരി കരുണാകരനും. പ്രശസ്ത പത്രപ്രവര്‍ത്തകനും നാടക നടനുമായ കാമ്പിശ്ശേരിയുടെ മരണം ഞാന്‍ വൈകിയാണറിയുന്നത്. പൊതു പ്രദര്‍ശനത്തിന് വയ്ക്കരുതെന്നും റീത്തുകള്‍ സമര്‍പ്പിക്കരുതെന്നും അനുശോചനസമ്മേളനം പാടില്ലെന്നുമുള്ള അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം മൂലം ശവസംസ്കാരം വള്ളിക്കുന്നത്ത് പെട്ടെന്ന് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന് ഞാന്‍ അല്പ ദിവസങ്ങള്‍ കഴിഞ്ഞാണ് കാമ്പിശ്ശേരിയുടെ കൊല്ലത്ത് കടപ്പാക്കടയിലുള്ള വസതിയില്‍ എത്തിയത്. ആ വീടിനോടുള്ള കടപ്പാട് ഏറെയാണ്. ജനയുഗത്തിലെ ഉദ്യോഗസ്‌ഥനായി കൊല്ലത്ത് എത്തിയ ഞാന്‍ ആദ്യനാളുകളില്‍ കാമ്പിശ്ശേരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിട്ട് ആശ്രാമം മൈതാനം ചുറ്റിയുള്ള നടപ്പ് ഞങ്ങളൊരുമിച്ചായിരുന്നു. ഇടതുവശത്തേക്ക് ശരീരം അല്പം ചരിച്ചാണ് അദ്ദേഹം നടന്നിരുന്നത്. ഇടതുവശത്തെ തകരാറിലായ ശ്വാസകോശം മദ്രാസ് കെ. ജെ. ഹോസ്പിറ്റലില്‍ വെച്ച് നടന്ന ഓപ്പറേഷനിലൂടെ നീക്കിയതുകൊണ്ട് കാമ്പിശ്ശേരിക്ക് ഇടതുചായ്‌വ് ഉണ്ടായി.
വീട്ടിലെത്തിയ എന്നെ കാമ്പിശ്ശേരിയുടെ പത്നി പ്രേമചേച്ചി സ്വീകരിച്ചു. നീണ്ട നിശബ്ദ്ത. വാക്കുകള്‍ വഴിമാറിയ നിമിഷങ്ങള്‍. "ഞാന്‍ ചായയിട്ട് കൊണ്ടുവരാം." അവര്‍ അകത്തേക്ക് പോയി. മുന്‍വശത്തെ മുറിയിലെ സെന്‍ട്രല്‍ ടേബിളില്‍ അലസമായി കിടന്ന ആല്‍ബത്തിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. ആല്‍ബം ഞാന്‍ കൈയ്യിലെടുത്തു മറിച്ചു നോക്കി. കുറെ പേജുകള്‍ കടന്നുപോയപ്പോള്‍ അതിലെ ഒരു ഫോട്ടോ എന്നെ ആകര്‍ഷിച്ചു. പ്രമുഖരായ ചില സാഹിത്യകാരന്മാരും ചില സിനിമാക്കാരും പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് കാമ്പിശ്ശേരിയോടൊപ്പം എടുത്ത ഒരു ഫോട്ടോ. എല്ലാവരുടെയും ചിരിക്കുന്ന മുഖങ്ങള്‍. ആ ഫോട്ടോയിലെ അപൂര്വ്വം ചിലര്‍ മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു. പിന്നില്‍ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ചായയുമായി എത്തിയ പ്രേമ ചേച്ചിയും ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നു. അപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ 'പരമു അമ്മാവന്‍' എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ കാമ്പിശ്ശേരി കരുണാകരന്‍റെ ഈ ഗ്രൂപ്പ് ഫോട്ടോ നോക്കി പ്രേമചേച്ചി പറഞ്ഞ വാചകം 'പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകത്തിലെ അണക്കെട്ട് പൊട്ടിത്തെറിക്കുന്ന ശബ്ദ്ത്തോടെ ഇന്നും ചെവികളില്‍ മുഴങ്ങുന്നു. "ഇവരെല്ലാവരും കൂടിയാണ് അണ്ണനെ കൊന്നത്." വിശ്വസിക്കാനാവാത്ത ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി. ഒരു കുറ്റാന്വേഷണകഥക്ക് തെളിവ് നല്‍കുന്ന ഫോട്ടോ. മദ്യപാനത്തിന് അല്പസ്വല്പം വഴങ്ങിക്കൊടുത്തിരുന്ന വ്യക്തിയായിരുന്നു കാമ്പിശ്ശേരി. ശ്വാസകോശത്തിന്‍റെ തകരാറുമൂലം മദ്യം തൊടരുതെന്നു വിലക്കുമുണ്ട്. പക്ഷേ, സുഹൃത്തുക്കളുടെ സ്നേഹത്തിന് മുമ്പില്‍ അദ്ദേഹം പലപ്പോഴും കീഴടങ്ങാറുണ്ടായിരുന്നു. ആല്‍ബത്തിന്‍റെ താളുകള്‍ തമ്മിലും ഫോട്ടോകള്‍ തമ്മിലും ഒട്ടാതിരിക്കാനായി ഇടക്ക് കട്ടി കുറഞ്ഞ ബട്ടര്‍ പേപ്പര്‍ ഇടുന്ന പതിവുണ്ട്. ഇടക്ക് ബട്ടര്‍ പേപ്പര്‍ ഇടാത്ത ഒരു ജീവിതമായിരുന്നു കാമ്പിശ്ശേരിയുടേത്. അദ്ദേഹം ശത്രുവിനോടു പോലും ഒട്ടുമായിരുന്നു.
കാമ്പിശ്ശേരിയുടെ വീട്ടിലുള്ളതുപോലെ ഒരു ആല്‍ബം ഇന്ന് നമ്മുടെ എല്ലാ വീടുകളിലും മുന്‍മുറിയിലെ മേശയില്‍ മലര്‍ന്ന് കിടപ്പുണ്ട്. ആ ആല്‍ബത്തില്‍ സുഹൃത്തുക്കള്‍ ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന ഒരു ഫോട്ടോയും പിന്നീട് എന്നും ഓര്‍ക്കാനുണ്ടായിരിക്കും. സുഹൃത്തുക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു രാമയ്യര്‍ സാറിനും കഴിയില്ല.
(സര്‍ഗധാര മാസിക, ഫെബ്രുവരി 1997)
കാമ്പിശ്ശേരിയുടെ പത്നി പ്രേമ കാമ്പിശ്ശേരിയുടെ എഴുതിവെച്ചെരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ മരണപ്പെട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് വെച്ച് പ്രകാശനം ചെയ്തിരിക്കുന്നു – 2010 ഡിസംബര്‍ 23ന്. തോപ്പില്‍ ഭാസിയുടെ പത്നി അമ്മിണിയമ്മക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് വെളിയം ഭാര്‍ഗ്ഗവനാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. പുസ്തകത്തിന്‍റെ പേര് 'ഞാനൊന്നു പറഞ്ഞോട്ടെ."
പുസ്തകം കൈയിലെത്തിയില്ല. അതുകൊണ്ട് ഓര്‍മ്മകള്‍ വായിച്ചറിയാനും സാധിച്ചില്ല. പ്രേമചേച്ചി മുമ്പ് എന്നോട് പറഞ്ഞ ആല്‍ബത്തിന്‍റെ കഥ 'ഞാനൊന്നു പറഞ്ഞോട്ടെ' എന്ന ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അറിയില്ല.
Happy New year, Sir...Thommy here.
മറുപടിഇല്ലാതാക്കൂEnjoyed your interviiew on India Vision too...
Thanks, thommy