പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന എം. ആര്‍. ഡി. ദത്തന്‍ അടുത്ത സുഹൃത്തുക്കളുടെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ ശവസംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ദു:ഖം താങ്ങാനാവാതെ വരുമ്പോള്‍ പ്രയോഗിക്കാറുള്ള ഒരു 'മരണവിദ്യ' വിവരിക്കുകയുണ്ടായി. കൈകൂപ്പി വണങ്ങി ശവശരീര്‍ത്തിനു ചുറ്റും നടക്കുക. എന്നാല്‍ നടപ്പിനിടയില്‍ മറ്റ് എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് നീങ്ങാനാകുമെങ്കില്‍ മനസ്സ് വേദനിക്കാതെ കണ്ണീര്‍ പൊടിക്കാതെ വലം വെച്ച് ചുറ്റാനാകും. ലേഖനത്തിലൂടെ ദത്തന്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ചില ശവസംസ്കാരചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും 'ബോഡി'ക്ക് സമീപത്ത് എത്തുമ്പോഴേക്കും ദു:ഖം മറക്കാന്‍ കരുതിവെച്ച വിഷയങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുകയാണ് പതിവ്.
എന്നാല്‍ പ്രിയപ്പെട്ട ലീഡര്‍ കരുണാകരന്‍റെ ശരീരം കാണാന്‍ ഞാന്‍ പോയില്ല. വന്‍തിരക്കിനെ പേടിച്ചാണ് പോകാതിരുന്നത്. വിവിധ ചാലനുകളിലൂടെ വന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രം കഴിഞ്ഞു. ലീഡറുടെ മരണശേഷം മുരളിയോടും പത്മജയോടും പിന്നീട് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത് മനസ്സിന് ആശ്വാസം നല്‍കി. ജനുവരി നാലിന് ഞാനും പത്നിയും തൃശ്ശൂര്‍ മുരളീഭവനത്തില്‍ പോയി. അവിടെ സന്ദര്‍ശകരുടെ പ്രവാഹം. ഇതിനിടെയിലും രണ്ടുമണിക്കൂറോളം മുരളിയോടും ബന്ധുക്കളോടും ഒപ്പം ചിലവഴിക്കാനും കഴിഞ്ഞു.
ആ ദിവസം തൃശ്ശൂരില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മേശപ്പുറത്തിരുന്ന പുതിയ ഫോട്ടോകള്‍ ശ്രദ്ധിച്ചു. കൊച്ചു മകന്‍ ആദി (ഒന്നാം ക്ലാസ്സുകാരന്‍) സ്കൂളില്‍ നിന്ന് കൊണ്ടുവന്ന ഫാന്‍സിഡ്രെസ്സില്‍ പങ്കെടുത്ത ചില ചിത്രങ്ങള്‍. പാവം ആദി ഹിറ്റ്ലറുടെ വേഷമാണ് കെട്ടിയത്. ലോകത്തെ ഞെട്ടിവിറപ്പിച്ച സ്വേച്ഛാധിപതിയായ ഹിറ്റ്ലറുടെ വേഷം എന്തിനാണ് അണിഞ്ഞതെന്നറിയില്ല. മദര്‍ തെരേസയും മന്‍മോഹന്‍ സിങ്ങും ഗാന്ധിജിയും നെഹ്രുവും അമിതാബ് ബച്ചനും ഉള്ള വേളയില്‍! ഹിറ്റ്ലറുടെ മുഖം ഫോട്ടോകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പേടി തോന്നും. എന്നാല്‍ മാനിനെപ്പോലുള്ള ആദിയുടെ 'ഹിറ്റ്ലര്‍ ഫേസ്' കണ്ടാലോ? മൂന്ന് കുറവുകള്‍ എനിക്ക് തോന്നി. ഒന്ന്- നെറ്റിയിലേക്കിറക്കിയിട്ടിരുക്കുന്ന മുടി. രണ്ട്- തടിച്ച പുരികം. മൂന്ന്- മുറുമീശയാണെങ്കിലും തടിച്ചതാകണം. ചാര്‍ലി ചാപ്ലിന്റേതുപോലെയായാല്‍ പോര. അത്രത്തോളം സൂക്ഷ്മനിരീക്ഷണം മേക്കപ്പ്
ചെയ്ത വ്യക്തിക്ക് നടത്താന്‍ കഴിഞ്ഞിരിക്കില്ല. ഒന്നാം സ്റ്റാന്‍ഡേര്‍ഡ്കാരനാണെങ്കിലും ആദി വരക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അയാള്‍ക്ക് പ്രിയപ്പെട്ട മുഖങ്ങള്‍ ഗാന്ധിജി, ദലൈ ലാമ എന്നിവരുടേത്. ദ് ഹിന്ദു, മാതൃഭൂമി, ജനയുഗം, ചന്ദ്രിക എന്നീ പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകളില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനയെന്ന് കേട്ടാല്‍ ഈ കൊച്ചു കലാകാരന് ദേഷ്യം വരും. അവര്‍ കുഴപ്പകാരാണെന്ന് ഈ കൊച്ചു ഹൃദയം പറയുന്നു. ഏത് പ്രതിമ കണ്ടാലും തൊഴുക പതിവാണ്. കാറിലെ പിന്‍സീറ്റില്‍ ചമ്രം പിടഞ്ഞിരുന്ന് കൈകൂപ്പും. ഒരു ദിവസം പറങ്ങാട്ടുള്ള സന്തോഷിന്‍റെ പുതിയ വീട് കാണാന്‍ പോയ വഴി ശ്രീനാരായണഗുരുവിന്‍റെ പ്രതിമ കണ്ട് ആദി തൊഴുതുകൊണ്ട് പറഞ്ഞു: "ദേവീ മഹാമായേ...". ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറയുക. ആ വാക്യം മുഴുവന്‍ അവന് പഠിക്കാനായില്ലെങ്കിലും ഗുരുവിന്‍റെ പ്രതിമകള്‍ കാണുമ്പോള്‍ ആദി ചുരുക്കിപറയാറുണ്ട്: "ഒരു ജാതി."
ഹിറ്റ്ലര്‍ ഫോട്ടോകള്‍ കണ്ടശേഷം വിശ്രമിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് മാവേലിക്കര നിന്ന് ഒരു ഫോണ്‍ വിളി വന്നത്: "അറിഞ്ഞാരുന്നോ, തങ്കച്ചായന്‍ മരിച്ചുപോയി." എട്ട് വര്‍ഷമായി ബോധമില്ലാതെ രോഗശയ്യയിലായിരുന്ന തങ്കച്ചായന്‍റെ (എ. കെ. മാത്യു, ആലുമ്മൂട്ടില്‍, ഭരണിക്കാവ്) വേര്‍പാട് ഞെട്ടലുണ്ടാക്കി. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഹിറ്റ്ലറിന്‍റെ രൂപം തെളിഞ്ഞുവന്നു. പഴയ ഓര്‍മ്മകളിലേക്ക് മനസ്സ് ഒരു മയക്കത്തിലെന്ന പോലെ മടങ്ങി. ഞങ്ങള്‍ എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോള്‍. ആലുവ യു. സി. കോളേജില്‍ പഠിക്കയായിരുന്ന ഞങ്ങളുടെ ബന്ധു കൂടിയായ എ. കെ. മാത്യു അവധി ദിവസങ്ങളില്‍ വീട്ടില്‍ വരിക പതിവായിരുന്നു. അന്ന് ഞാന്‍ കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല, എന്താണന്ന് അറിയുകയുമില്ല. വീട്ടില്‍ വരുമ്പോഴെല്ലാം കടലാസുകള്‍ നിരത്തിയിട്ട് പെന്‍സില്‍ കൊണ്ട് വളരെ സ്പീഡില്‍ കാര്‍ട്ടൂണ്‍ വരച്ചുതള്ളുന്ന തങ്കച്ചായനെ ഞാന്‍ ഓര്‍ക്കുന്നു. അക്കാലത്ത് കടലാസില്‍ രണ്ട് മുഖങ്ങളാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വരച്ചിരുന്നത്. ഹിറ്റ്ലറിന്‍റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്‍റെയും - ഏറെ വേഗത്തില്‍ വരച്ചു തീര്‍ക്കുന്നു. ഇന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ആമ ഇഴച്ചില്‍' കാണുമ്പോള്‍ തങ്കച്ചായന്‍റെ കൈയ്യുടെ വഴക്കം ഓര്‍ത്തുപോകാറുണ്ട്. എന്‍റെ മുമ്പിലിരുന്ന ഫോട്ടോയിലെ കൊച്ചുമകന്‍ വേഷമിട്ട ഹിറ്റ്ലറെ ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്‍റെ പ്രസിദ്ധീകരണമായ 'ശങ്കേഴ്സ് വീക്കിലി' എട്ടു വയസ്സുകാരനായ എനിക്ക് കാണാനുണ്ടായ ആദ്യ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കൈകളിലായിരുന്നു.
"ശങ്കരപ്പിള്ള നമ്മുടെ കായംങ്കുളം സ്വദേശിയാണ്. അദ്ദേഹത്തിന്‍റെതാണ് ശങ്കേഴ്സ് വീക്കിലി. ഇതു നിറയെ കാര്‍ട്ടൂണുകളും രസകരമായ ലേഖനങ്ങളുമാണ്. സമയം കിട്ടുമ്പോള്‍ ദാസന്‍ നോക്കണം. അടുത്താഴ്ച വരുമ്പോള്‍ ഞാന്‍ എടുത്തോളാം" എന്ന് പറഞ്ഞ് അദ്ദേഹം ആലുവായിലേക്ക് മടങ്ങുന്നതോടെ എന്‍റെ മനസ്സ് ശങ്കേര്‍സ് വീക്കിലിയിലേക്ക് തിരിയും. അത് നോക്കി ഗാന്ധിജിയെയും നെഹ്രുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും രാജഗോപാലാചാരിയേയും മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും രൂപങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. കാര്‍ട്ടൂണിന്‍റെ ആദ്യപാഠങ്ങള്‍ അവിടെ തുടങ്ങുന്നു. നിശബ്ദമായ ആദ്യഗുരുവിനെ ഓര്‍ത്തുപോയി. വീട്ടില്‍ വരുമ്പോഴൊക്കെ തങ്കച്ചായന്‍ കൂടെ പഠിക്കുന്ന ഒരു ചാക്കോച്ചനെപ്പറ്റി പറയുമായിരുന്നു - രസികനായിരുന്നത്രെ. കവിതകള്‍ ചൊല്ലുമായിരുന്നത്രെ. അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമോ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. മറുപടിക്ക് പകരം ചിരി. അദ്ദേഹം പിന്നീട് പ്രശസ്തനായ ചെമ്മനം ചാക്കോ ആയി മാറിയ കഥയും എന്‍റെ ബന്ധു പറഞ്ഞറിഞ്ഞു.
കേരള സര്‍ക്കാര്‍ സഹകരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്തനായിരുന്നു എ. കെ. മാത്യു. ആലുമ്മൂട്ടിലെ മുന്‍ വശത്തെ മുറ്റത്ത് പണ്ട് പലപ്പോഴും ഞാന്‍ കണ്ണീരൊഴുക്കിയ കഥ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്‍റെ പിതാവ് എം. കൊച്ചുകോശി (ഉണ്ണൂണ്ണി സര്‍) ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റെ് ജോലിക്കാരനായിരുന്നെങ്കിലും നല്ലയൊരു കണ്ണുഡോക്ടര്‍ കൂടിയായിരുന്നു. കണ്ണിന് അസുഖം വരുമ്പോള്‍ ഞങ്ങള്‍ ഓടിയെത്തുന്നത് ആ മുറ്റത്താണ്. മരുന്നൊഴിച്ച് തരും. കണ്ണുദീനം അടുത്ത ദിവസം പമ്പ കടക്കും. ഉണ്ണൂണ്ണിച്ചായന്‍റെ കാലശേഷം ഈ കൊച്ചുചികിത്സ തങ്കച്ചായനും തുടരുകയുണ്ടായി.
തങ്കച്ചായന് ഒരു റീത്ത് സമര്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും അതിന് ഒരുങിയില്ല. റീത്തിന് ഇക്കാലത്ത് എന്തു വില! റീത്ത് വെച്ച് കഴിഞ്ഞ് നമ്മള്‍ തിരിയുന്നതിന് മുമ്പ് ശവപ്പെട്ടിയുടെ കീഴില്‍ നില്‍ക്കുന്ന ബന്ധു അതെടുത്ത് മറ്റൊരു സ്ഥലത്തേക്ക് എറിയുന്നു. റോഡുകളിലെ കുഴികള്‍ക്കും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ ശിലാസ്ഥാപനകല്‍ലിലും തകര്‍ന്ന പാലത്തിനും ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ റീത്ത് സമര്‍പ്പിച്ച് സമര്‍പ്പിച്ച് പൂചക്രത്തിന് ഇടിവ് വന്നതുമൂലം റീത്തിനെ കൈവിടുകയായിരുന്നു.
ചുവന്നു നീറുന്ന കണ്ണുകളുമായി ഞങ്ങള്‍ വീണ്ടും ആ മുറ്റത്തെത്തി. കണ്ണീര്‍ പൊടിച്ചു. നീറുന്ന ഹൃദയവുമായി ഞങ്ങള്‍ മടങ്ങി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ