ഒരു മന്ത്രിയോ എം. പിയോ എമ്മെല്ലേയോ ഒരു വിദേശയാത്ര നടത്തി കഴിഞ്ഞാല്‍ ശരീരത്തില്‍ നിന്ന് സ്ഥാനം ഒഴിഞ്ഞ് പുതിയതിന് അവസരം ഒരുക്കിക്കൊടുക്കുന്ന മൂന്ന് സാധനങ്ങളുണ്ട്, കണ്ണട, വാച്ച്, പേന. കേരള മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാര്‍ തന്നെ രണ്ടു തവണ അദ്ദേഹത്തിന്‍റെ കണ്ണടയുടെ ഫ്രെയിം മാറ്റിക്കഴിഞ്ഞിരിക്കുന്നു. മന്ത്രി ശ്രീ. പി. ജെ. ജോസഫ് പേന മാറ്റിക്കൊണ്ടേയിരിക്കുന്നു. കണ്ണൂരിലെ സിനിമാശാലകളില്‍ പുതുതായി റിലീസ് ആയ സിനിമകളുടെ പേരുവരെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിഞ്ഞുവരുന്ന വാച്ചാണ് പാര്‍ലമെന്‍റെ് അംഗമായ ഇ. അഹമ്മദ് കെട്ടി നടക്കുന്നതെന്ന് പറയപ്പെടുന്നു. മന്ത്രിയായി കഴിഞ്ഞാല്‍ എല്ലാവരിലും പ്രസ്താവനയിലെന്ന പോലെ സ്വന്തം ശരീരത്തെ കടന്നാക്രമിക്കുന്നതാണ് തടി. ശ്രീ. എം. വി. രാഘവന്‍ മന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആറു മാസത്തിനകം അദ്ദേഹത്തിന്‍റെ തൂക്കം എട്ടര കിലോ വര്‍ദ്ധിച്ചതായാണ് ഗസ്റ്റ്‌ഹൗസുകളിലെ വെയിംഗ് മെഷിനുകള്‍ തന്നെ വെളിപ്പെടുത്തുന്നത്. ആഹാരസാധനങ്ങളുടെ രീതി മാറുന്നതോടെ ലിക്വിടും സോളിഡുമായ കൊളോസ്ട്രോളിന്‍റെ അള്ളിപ്പിടുത്തം അധികാരത്തിന്‍റെ കസേരയില്‍ ഇരിപ്പുറക്കുന്ന ഏത് എലുമ്പനെയും ഐ. സി. യുവില്‍ കൊണ്ടെത്തിക്കുക ഒരു സാധാരണ നടപടിക്രമം മാത്രമാണ്. കാല്‍നടജാഥ നടത്തിയും നിരാഹാരസത്യാഗ്രഹം നൂറാം ദിവസം എത്തിച്ചും ബസിന് കല്ലെറിഞ്ഞും ബന്ദ് നടത്തിയും തെരുവുനാടകം അരങ്ങേറ്റിയും ഘൊരാവോ മുറുക്കിയും വെറും എല്ലും തൊലിയുമായി ദാരിദ്രരേഖക്ക് താഴേക്ക് തള്ളപ്പെട്ട നേതാക്കന്മാരെല്ലാം അധികാരത്തിലെത്തിയാല്‍ അധികഭാരം കിലോക്കണക്കിന് കൂടുമെന്നതിന് സംശയമില്ല. സി. പി. ഐ. നേതാവ് ശ്രീ. ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രി ആകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്‍റെ ശരീരം നമ്മള്‍ ശ്രദ്ധിച്ചുട്ടുള്ളതാണ്. മാവോ അദ്ദേഹത്തിന്‍റെ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ എന്തൊരു മാറ്റം. നിരാഹാരം കഴിഞ്ഞ് ബെഡ് ഷീറ്റും വൈറ്റമിന്‍ ഗുളികകളും പൊതിഞ്ഞെടുത്ത് നാരങ്ങാനീര് കുടിക്കാന്‍ വാ പൊളിക്കുന്ന നേതാവും ഗ്രൂപ്പ് ചര്‍ച്ച കഴിഞ്ഞ് കോഴിബിരിയാണി അകത്താക്കി പുറത്തേക്കു വരുന്ന നേതാവും തമ്മിലുള്ള വ്യത്യാസം പോലെ! സി. പി. ഐയുടെ ശ്രീമതി ഭാര്‍ഗ്ഗവി തങ്കപ്പനും പ്രൊ. മീനാക്ഷി തമ്പാനും തമ്മിലുള്ള അന്തരം പോലെ! സിവില്‍ സപ്ലയിസ് മന്തി ശ്രീ. ചന്ദ്രശേഖരന്‍ നായരും റവന്യൂ മന്ത്രി ശ്രീ. ഇസ്മെയിലും തമ്മിലുള്ള സപ്ലെയിലെ വെയിറ്റ് അന്തരം പോലെ! ശ്രീ. ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ് മൂന്ന് മാസം ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ കുപ്പായത്തിനും കുടവറിനും സാരമായി മാറ്റം വന്നത് ഇന്ത്യയില്‍ സോഷ്യലിസത്തിന്‍റെ മറ്റൊരു അരുണോദയത്തെ വിളിച്ചറിയിക്കുന്നതാണ്. സ്ഥിരമായി അരമുറി ഷര്‍ട്ട് ധരിക്കുന്ന അദ്ദഹം അവസരത്തിനൊത്ത് ഉയര്‍ന്ന് ഫുള്‍കൈ ഷര്‍ട്ട് ധരിക്കുന്നത് കൈപ്പാര്‍ട്ടിയോടുള്ള കടപ്പാട് വിളിച്ചറിയിക്കാനാണോയെന്നറിയില്ല. വിരലുകൊണ്ട് ദേഹത്തു വടിച്ചാല്‍ നെയ്കോഴികളായി നമ്മുടെ നേതാക്കള്‍ മാറുമ്പോള്‍, അവര്‍ കൂവിയാല്‍ മാത്രമേ നേരം വെളുക്കൂ എന്ന് നമുക്ക് അടിയുറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു.
നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഖാവ് വി. എസ്. അച്യുതാനന്ദനെ ഞാന്‍ ആദ്യമായി കാണുന്നത്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് പിന്നിലെ ഒരു ലോഡ്ജിലാണ് അന്ന് സഖാവ് താമസിച്ചിരുന്നത്. രാവിലെ ഞാന്‍ റൂമില്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബ്രഡ്, ബട്ടര്‍, ജാം, ഓംലെറ്റ്, ഹോര്‍ലിക്സ് എന്നിവയാണ് വിഭവങ്ങള്‍. പാര്‍ട്ടി വേദികളില്‍ പറഞ്ഞുകേട്ടിട്ടുള്ള തീന്‍ മേശകളിലെ കത്തിയും മുള്ളും ഞാന്‍ ആദ്യം കാണുന്നത് അന്നാണ്. ചെങ്കോട്ടയുടെ ചുവന്ന നിറം പോലുള്ള തിളങ്ങുന്ന ടൊമാറ്റോ അരിഞ്ഞു ചേര്‍ത്ത ഓംലെറ്റ്, പാര്‍ട്ടി ഗ്രൂപ്പുകളെ വെട്ടിനുറുക്കുന്നതു പോലെ കത്തികൊണ്ടരിഞ്ഞ് മുള്ളില്‍കുത്തിമുകളിലേക്ക് ഉയര്‍ത്തിയെടുത്ത് മുള്ളിന് മോചനം നല്‍കുമ്പോഴും ഞാന്‍ കാണാന്‍ ചെന്ന പ്രശ്നം ഗൗരവത്തോടെ കേള്‍ക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത രംഗം ഞാനിന്നും മുള്ളുകളില്ലാത്ത നല്ല ഓര്‍മ്മയായി മനസ്സില്‍ കൊണ്ടുനടക്കുന്നു. എന്നാല്‍, അവിടെ നിന്ന് യാത്രയാകുമ്പോള്‍ മനസ്സില്‍ ഒരു കാര്യം ചിന്തിക്കാതിരുന്നില്ല: ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്ന നേതാവ് ഓംലെറ്റും ഹോര്‍ലിക്സും കഴിക്കുന്നത് ശരിയാണോ? കൊളസ്റ്റ്രോളും ബ്ലഡ്ഷുഗറും ഹൈപ്പര്‍ടെന്‍ഷനും ഗ്യാസും പൈല്‍സും ഏറി സഖാവ് നിത്യരോഗിയായി മാറില്ലേ?
തിരുവനന്തപുരത്ത് നിന്ന് ബസ് കൊല്ലത്ത് എത്തിച്ചേരാറായപ്പോള്‍ മാത്രമാണ് ഞാന്‍ ഈ രീതിയില്‍ ചിന്തിക്കുന്നതില്‍ ഒരു കഴമ്പും ഇല്ലെന്ന് മനസ്സിലായത്. അസുഖമായാല്‍ പാര്‍ട്ടി പുറത്തയച്ച് ചികില്‍സിക്കും. പഴയ സോവിയറ്റ് യൂണിയനിലും പൂര്‍വ്വജര്‍മ്മനിയിലും പോയി ചികിത്സ നടത്തി നല്ല ആരോഗ്യത്തോടെ മടങ്ങിയെത്തിയ എത്രയെത്ര നേതാക്കന്മാര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. ലോകയുവജനോത്സവത്തിനും ആളിനെ അയക്കുന്ന ഹോബി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ പറയാത്ത ഒരിനമായിരുന്നു. ഏത് പ്രായക്കാരേയും യുവജനങ്ങളാക്കി മാറ്റുന്നതും അന്ന് പാര്‍ട്ടിയുടെ പ്രധാന കര്‍മ്മപരിപാടികളില്‍ ഒന്ന് മാത്രമായിരുന്നു. മടങ്ങിവരുമ്പോള്‍ പ്രഭാത് ബുക്ക് ഹൗസിനു വേണ്ടിയുള്ള കുറെ പുസ്തകങ്ങളും പുതിയ വര്‍ഷത്തെ കുറെ കലണ്ടറുകളും പെട്ടിയുടെ അടിയില്‍ സൂക്ഷിക്കണമെന്നു മാത്രം.
ചികത്സക്കായി സോവിയറ്റ് യൂണിയനില്‍ പോയി മടങ്ങിയവര്‍ പറയുന്ന മധുരിക്കുന്ന ഓര്‍മ്മകള്‍ കേള്‍ക്കാനിടയാകുന്ന നമ്മളിലാരും ആ രാജ്യത്തു പോയി ഒരു ഗുളിക കഴിക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്‍ത്ത് മനസ്സ് വേദനിക്കാതിരിക്കില്ല. തിരുവനന്തപുരം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഡോ. കൃഷ്ണന്‍നായരെപ്പോലെ പുഞ്ചിരിതൂകിക്കൊണ്ട് രോഗികളോടൊള്ള സമീപനം, ചുവന്ന കൊടിയുടെ നിറത്തിലുള്ള ഇത്തിരിപ്പൂക്കള്‍ പ്രിന്‍റെ് ചെയ്ത ആശുപത്രിയിലെ വിന്‍ഡോ കര്‍ട്ടനുകള്‍, എറുമ്പ് കടിക്കുന്ന വേദന പോലും അറിയിക്കാത്ത കുത്തുവെയ്പ് സൂചികള്‍, മരുന്നിനോടൊപ്പം വായിച്ച്പഠിക്കാന്‍ മാര്‍ക്സിന്‍റെ മൂലധനത്തിന്‍റെ കോപ്പി തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഏതൊരു വടക്കനച്ചനേയും ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനാക്കിമാറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെളുത്ത് ആപ്പിള്‍ പോലെ കവിള്‍ തുടിച്ച സുന്ദരികളായ സോവിയറ്റ് നഴ്സുമാരുടെ ന്യൂ ഇയര്‍ കാര്‍ഡുകള്‍ ഇന്നും പാര്‍ട്ടിയിലെ ചില മുന്‍ രോഗികള്‍ക്ക് ലഭിക്കാറുണ്ട്.
എന്നാല്‍ സോവിയറ്റ് യൂണിയനില്‍ ചികത്സക്ക് പോയി ആരോഗ്യവാന്മാരായി മടങ്ങിവന്നിട്ടുള്ള എല്ലാ കമ്മ്യൂണിസ്റ്റ് രോഗികളും ഒരു 'കൊളുത്തി'നെപ്പറ്റി പറഞ്ഞുകേള്‍ക്കാറുണ്ട്. വിപ്ലവകാരികള്‍ക്ക് വയറ്റിനുള്ളില്‍ വരാറുള്ള ഒരു കൊളുത്തിനെപ്പറ്റി മുന്‍കാലത്തെ ചില ഇടിയന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞറിയാം. പക്ഷേ, ആ കൊളുത്ത് അല്ല ഈ കൊളുത്ത്. മേപ്പടി കൊളുത്ത് സോവിയറ്റ് യൂണിയനിലെ ആശുപത്രികളിലെ ടോയ്‌ലറ്റിന്‍റെ കൊളുത്താണ്. അവിടെ ആശുപത്രികളിലെ ടോയ്‌ലറ്റുകള്‍ക്ക് അകത്തുനിന്ന് പൂട്ടത്തക്കരീതിയില്‍ കൊളുത്ത് ഇല്ലത്രെ! ടോയ്‌ലെറ്റിന് അകത്തു കയറുന്ന രോഗി കൊളുത്ത് ഇട്ടു കഴിഞ്ഞാല്‍ അപകടം വിളിച്ചുവരുത്തുമെന്ന് സോവിയറ്റ് വൈദ്യശാസ്ത്രം പറയുന്നു. അകത്തുകയറുന്ന സഖാവിന് തളര്‍ച്ചയോ അബോധാവസ്ഥയോ വന്ന് കൊളുത്ത് എടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ അത് അപകടകരമാണ് എന്നും അതുകൊണ്ടാണ് ടോയ്‌ലറ്റിന്‍റെ ഉള്ളില്‍ കൊളുത്ത് പിടിപ്പിക്കാത്തതെന്നും ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയിട്ടുള്ള നമ്മുടെ പ്രിയങ്കരായ നേതാക്കന്മാര്‍ പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കൊളുത്താശുപത്രികളുടെ ഭീകരമായ സ്ഥിതിയോര്‍ത്ത് നമ്മള്‍ വേദനിച്ചുപോകും. ഹര്‍കിഷന്‍ സുര്‍ജിത്ത് തുടങ്ങി ബിനോയ് വിശ്വം വരെയുള്ള വലുതും ചെറുതുമായ നമ്മുടെ നേതാക്കന്മാര്‍ കൊളുത്തിടാതാണല്ലോ സോവിയറ്റ് ആശുപത്രിമുറികളില്‍ കഴിഞ്ഞത് എന്നോര്‍ക്കുമ്പോള്‍ അവരിലുള്ള ആത്മവിശ്വാസം നമുക്ക് ഏറുകയാണ്. കൊളുത്തില്ലാതാണ് ലെനിന്‍ അന്ത്യശ്വാസം വലിച്ചത്. സ്റ്റാലിനും ക്രൂഷ്ചേവും ബുള്‍ഗാനിനും ബ്രഷ്നേവും കൊളുത്തില്ലാതാണ് സോവിയറ്റ് യൂണിയനെ ഈ നിലയില്‍ പടുത്തുയര്‍ത്തിയത്.
കുറേ ആഴ്ചകള്‍ സോവിയറ്റ് യൂണിയനില്‍ പണ്ട് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ യശശരീരനായ ശ്രീ തോപ്പില്‍ ഭാസി. ക്രൂഷ്ചേവിന്‍റെ കാലത്താണ് അദ്ദേഹം സോവിയറ്റ് യൂണിയനില്‍ ചികിത്സക്ക് പോയതെന്ന് ഓര്‍ക്കുന്നു. അദ്ദേഹം ചികിത്സയെല്ലാം കഴിഞ്ഞ് കുട്ടപ്പനായി വള്ളികുന്നത്ത് മടങ്ങിയെത്തി. ഒരു ദിവസം കൊല്ലത്ത് തോപ്പില്‍ ഭാസി എത്തിയപ്പോള്‍ ഒരു വിവരം ഞാന്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു: "തോപ്പിലാശാനേ, സോവിയറ്റ് യൂണിയനിലെ ആശുപത്രികളിലെ ടോയ്‌ലറ്റിനുള്ളില്‍ കതകിന് കൊളുത്തില്ലല്ലേ?"
തോപ്പില്‍ ഭാസി കുലുങ്ങിച്ചിരിച്ചു. പിന്നെ പൊട്ടിച്ചിരിച്ചു. അദ്ദേഹം കൊളുത്തിന്റെ ചരിത്രം വിവരിച്ചു: "എടോ, കൊളുത്തില്ലായിരുന്നു എന്നത് ശരിയാണ്. സോവിയറ്റ് യൂണിയന്‍ കടുത്ത സാമ്പത്തിക തളര്‍ച്ചയിലാണെന്ന് തനിക്കറിയാമല്ലോ. കുളിമുറിയുടെ കതകിന് കൊളുത്തുവെയ്ക്കാന്‍ അവരുടെ കൈയില്‍ ചില്ലിക്കാശില്ല എന്ന കാര്യം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി."
ഞാന്‍ ഏറെ ചിരിച്ചു. അപ്പോള്‍ ആയുര്‍വേദ വൈദ്യന്‍ കൂടിയായ തോപ്പില്‍ ഭാസിയുടെ നിര്‍ദ്ദേശം: "ഏറെ കുലുങ്ങി ചിരിക്കാതെ, വയറ്റില്‍ കൊളുത്തു വീഴും."
റഷ്യന്‍ പ്രസിഡന്‍റെ് ബോറീസ് യെല്‍റ്റ്സിന്‍ രോഗശയ്യയിലായപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ ടോയ്‌ലറ്റിന്റെ കതകിന് കൊളുത്തുണ്ടായിരുന്നോ? തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന രാജ്യത്ത് കൊളുത്തുപോയിട്ട് കതകുപോലും ഇല്ലായിരിക്കാം എന്നതായിരിക്കാം നേര്!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ