വാക്കുകളില്ലാത്ത വാക്കുകള്‍
നമ്മുടെ പ്രിയ കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട നാല്‍പ്പതു വര്‍ഷക്കാലം ആരോടും മിണ്ടാതെ മൌനിയായി കഴിഞ്ഞു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പക്ഷെ, അങ്ങനെ സംഭവിച്ചു എന്നതാണ് നേര്. കാര്‍ട്ടൂണ്‍ രംഗത്ത് നാല്‍പ്പതു വര്ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ജോയി കുളനട, നിശബ്ദ കാര്‍ട്ടൂണുകള്‍ വരച്ച് വായനക്കാരായ നമ്മളെ ചിരിപ്പിക്കാന്‍ മാത്രം വായ് തുറപ്പിക്കുന്ന കാര്‍ട്ടൂണ്‍ രംഗത്തെ മജീഷ്യനായി മാറുകയാണ് ചെയ്തത്.
ഇന്ത്യയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (അദ്ദേഹം ഇപ്പോള്‍ രോഗശയ്യയില്‍) ഒരിക്കല്‍ പറയുകയുണ്ടായി: “കാര്‍ട്ടൂണില്‍ നമുക്ക് വാരിക്കോരിയെഴുതുന്ന സാഹിത്യമല്ല ആവശ്യം. അത്തരത്തിലുള്ള കാര്‍ട്ടൂണുകളെ നമുക്ക് കാര്‍ട്ടൂണ്‍ എന്ന് വിളിക്കാനാവില്ല.
ലക്ഷ്മണ്‍ പറഞ്ഞതിനോട് നമ്മളില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാമെങ്കിലും അക്ഷരങ്ങളില്ലാത്ത ഹാസ്യചിതങ്ങളിലൂടെ ജോയി കുളനട ഏറെ പ്രശസ്തനായി എന്ന് മാത്രമല്ല, തനിക്ക് പിന്നാലെ എത്തിയ ചെറുപ്പക്കാര്‍ക്ക് പുതിയ ഒരു വഴി ഒരുക്കിക്കൊടുക്കാനും സാധിച്ചു. അക്ഷരവിരോധികളായ കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായി ജോയി മാറുകയും ചെയ്തു.
മലയാറ്റൂര്‍ രാമകൃഷ്ണനെ മലയാറ്റൂര്‍ വച്ച് എനിക്ക് ആദ്യം കണ്ടുമുട്ടാനായില്ലെന്കിലും ജോയി കുളനടയെ കാണുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് കുളനടയില്‍ വച്ചുതന്നെയാണ്. എന്‍റെ അസാധു എന്ന പ്രസിദ്ധീകരണം നടന്നു വരുന്ന കാലത്ത് അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനും കാര്‍ട്ടൂണ്‍ വരപ്പിച്ച് വാങ്ങാനുമായി കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയെ സന്ദര്‍ശിക്കാന്‍ മാസത്തിലൊരിക്കല്‍ ഞാന്‍ കുളനട പോവുക പതിവായിരുന്നു. കുളനട ഗസ്റ്റ് ഹൌസിന്‍റെ അന്തരീക്ഷം അന്നും ഇന്നും ഏതു കാര്യവും ചര്‍ച്ച ചെയ്യുവാന്‍ ഉതകുന്നതാണ്. അവിടെയിരുന്നു കാര്‍ട്ടൂണ്‍ വരച്ച് തരാനായിരുന്നു അദ്ദേഹത്തിന് പ്രിയം. ഗസ്റ്റ് ഹൌസിലിരുന്നാണ് സൃഷ്ടിയെന്കില്‍ സ്കെച്ചു പെന്‍, വീട്ടിലിരുന്നാണെന്കില്‍ ബ്രഷ് കൊണ്ടുള്ള മാസ്മരവിദ്യ. ഇത്തരതിലുള്ള യാത്ര വേളയില്‍ ആണ് കുളനട വെച്ച് ഞാന്‍ ജോയിയെ കണ്ടു പരിചയപ്പെടുന്നത്. ജോയി വരച്ചുതുടങ്ങിയ കാലം. കായങ്കുളം, മാവേലിക്കര, തിരുവല്ല, പന്തളം ചുറ്റുപാടുകളിലായി കാര്‍ട്ടൂണിസ്റ്റുകള്‍ പലരും പിറന്നത് മധ്യതിരുവിതാംകൂറിന്‍റെ ഭാഗ്യമായി നമ്മള്‍ കണക്കാക്കുന്നു. പന്തളത്തിന്‍റെ സമീപമുള്ള കുളനടയില്‍ ജന്മം കൊണ്ട ജോയി, ഭാഗ്യവാന്മാരുടെ ലിസ്റ്റില്‍പെടുന്നു. പി. കെ. മന്ത്രിക്ക് തോന്നാതിരുന്ന ബുദ്ധി ജോയിക്കുണ്ടായിരുന്നത് കൊണ്ട് കുളനട എന്ന സ്ഥലപ്പേര് ജോയി തന്നെ കൈക്കലാക്കി.
പി. കെ. മന്ത്രിക്കു സംസാരിക്കുമ്പോള്‍ താളമുണ്ട്. എന്നാല്‍ ജോയിക്ക് സംഭാഷണത്തില്‍ താളമില്ല എന്ന് പറയെട്ടെ. ‘കലപില’ ശൈലിയില്‍ കൂടുതല്‍ സംസാരിക്കുന്ന ജോയി കുളനട നമ്മെ ആകര്‍ഷിക്കുന്നത് ഏറെ എളുപ്പത്തിലായിരിക്കാം. ഗള്‍ഫിലായാലും നാട്ടിലായാലും ജോയിയുടെ കാര്‍ട്ടൂണുകള്‍ ഈന്തപ്പഴം പോലെയും മാങ്ങ പോലെയും ഏറെ മതുരതരമാണ്. ദക്ഷിണാഫ്രിക്കയാകട്ടെ, ഹോസ്പിററ്ലാകട്ടെ മന്ത്രിമന്തിരമാകട്ടെ ജോയിയുടെ പേനത്തുമ്പില്‍ വിഷയത്തിന് ഒട്ടും ദാരിദ്ര്യമുണ്ടാവില്ല. അനുകരണം കാര്‍ട്ടൂണ്‍ രംഗത്ത് വെട്ടിയൊരുക്കിയിരിക്കുന്ന കുഴികള്‍ നിറഞ്ഞ പുതിയൊരു പാതയാണ്. ജോയി കുളനടയെ അനുകരിച്ച് കാര്‍ട്ടൂണ്‍ വരക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഏറെയാണ്. പുതിയ ശൈലിയും പുതിയ പാതയും വെട്ടിയൊരുക്കാന്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വരുമെന്നുള്ളത് കൊണ്ടാണ് ഈ എളുപ്പവഴി.
പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പഴമക്കാര്‍ പറയാറുണ്ട്. പന്തളംകാരനായ ജോയി ഇപ്പോഴും സംസാരിക്കാറുള്ളത് പന്തവും കൊളുത്തിയാണ്. ഈ വെളിച്ചം നമ്മുടെ പ്രയാണത്തിന് ഏറെ പ്രയോജനകരമാകട്ടെയെന്ന് ഈ നാല്‍പ്പതുവര്‍ഷത്തെ തിളക്കം കണ്ട് പ്രാര്‍ഥിക്കുകയാണ്. കുളനടയില്‍ കുളവും നടയും ഉണ്ട്. കുളത്തില്‍ മിണ്ടാത്ത മീനും നടയില്‍ ചുണ്ടനക്കാത്ത സുന്ദരിയുമുണ്ട്. സ്നേഹമുള്ള സുഹൃത്ത് ജോയി കുളനടയെ അഭിനന്ദിക്കാന്‍ എന്‍റെ കൈയ്യില്‍ വാക്കുകള്‍ ഇല്ല. വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലല്ലോ.
(ജോയി കുളനട: ലൈഫ് ആന്‍ഡ് ലൈന്‍സ് എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്)
കുളനടയെക്കുറിച്ചുള്ള തലവാചകത്തിൽ ഒരു "ല" കുറഞ്ഞു പോയി
മറുപടിഇല്ലാതാക്കൂമാവേലിക്കര(കെ.എസ്സ്.പിള്ള)കായംകുളം(ശങ്കർ) ഭരണിക്കാവ്(യേശുദാസൻ)കുളനട(മന്ത്രി,ജോയ്)
മറുപടിഇല്ലാതാക്കൂഒക്കെ കാർട്ടൂണിസ്റ്റുകൾക്കു ജനിച്ചു വളരാൻ പറ്റിയ വളക്കൂറുള്ള പ്രദേശം ആണ്.പന്തളം സി.എം.ഹോസ്പിറ്റൽ കനകജൂബിലി സ്മരണികയ്ക്കായി ജോയി നിരവധി കാർട്ടൂണുകൾ,മൗനവും വാചാലവും, ആയവ വരച്ചു തന്നു. രക്തപരിശോധനാ റിസൽട്ടിൽ ഏ ഗ്രൂപ്പ് എന്നു കണ്ടപ്പോൾ "തെറ്റി സിസ്റ്ററേ,
ഞാൻ ഐ ഗ്രൂപ് ആണ്" എന്നു പറയുന്ന രാഷ്ട്രീയ നേതാവിനെ(പന്തളം കാരൻ കവിയാവാണം) വരച്ചു തന്ന ജോയിയെ നന്ദിപൂർവ്വം സ്മരിക്കുന്നു.മന്ത്രിയുടെ അപൂർവ്വ കാർട്ടൂണുകളും ജീവചരിത്രകുറിപ്പും
നൽകിയ, യശ്ശശരീരയായ, മന്ത്രി പത്നിയേയും ഓർമ്മിക്കുന്നു.