2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

പൊടിയുന്ന പ്രതിമകള്‍

സിനിമയിലായാലും സീരിയലിലായാലും നടിമാര്‍ നടന്നു വരുന്നതും നടന്നു നീങ്ങുന്നതും പടികള്‍ കയറുന്നതും കുളിച്ചു കയറുന്നതും കാലിന്മേല്‍ കാല് വെച്ചിരിക്കുന്നതും കുനിഞ്ഞു നിന്ന് ചെടിക്ക്‌ വെള്ളം ഒഴിക്കുന്നതും ചിത്രീകരിക്കുമ്പോള്‍ ക്യാമറകള്‍ സ്വന്തം ഒളിക്കണ്ണുകള്‍ പുറത്തെടുത്തു എറിയുകയും ഇറുക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ലക്ഷണങ്ങള്‍ പല സിനിമകളിലും മീര ജാസ്മിന്‍ കാണിച്ചുട്ടുട്ടെങ്കിലും പുതിയ ചലച്ചിത്രമായ പാട്ടിന്‍റെ പാലാഴിയില്‍ മീര ജാസ്മിന്‍ കടഞ്ഞെടുക്കുന്നത് ഏറെ രുചികരമായ വെണ്ണ ആണെന്ന കാര്യം പറയേണ്ടതുണ്ട്. പിതാവിനെ കാണാനായി കൈ ഇരുവശങ്ങളിലും തളര്‍ത്തിയിട്ട് പാഞ്ഞു വരുന്ന ആ നടിയുടെ ഒരൊറ്റ സീന്‍ മതിയാകും മീരയെ നാട്ടിന്‍റെ പാലാഴിയായി ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍. പാട്ടിന്‍റെ പാലാഴിയായ സംവിധായകന്‍ രാജീവ്‌ അഞ്ചലിനെ എപ്പോഴെങ്കിലും ഫോണ്‍ നമ്പര്‍ ലഭിച്ചാല്‍ അഭിനന്ദനങ്ങള്‍ വിളിച്ചറിയിക്കാണമെന്നും ചിന്തിച്ചു.

കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ചിത്രത്തിലൂടെയാണ് രാജീവിനെ എനിക്ക് പരിചയം. ഞാന്‍ സംഭാഷണം എഴുതിയ പഞ്ചവടിപ്പാലത്തിന്‍റെ കലാസംവിധായകനായിരുന്നു രാജീവ് അഞ്ചല്‍. അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ പാലാഴി ഒരാഴ്ചയിലേറെ മനസ്സില്‍ ഉറികെട്ടിക്കൊണ്ടിരുക്കുന്നതിനിടയിലായിരുന്നു ആഗസ്റ്റ്‌ അവസാനവാരത്തില്‍ ഗേറ്റിനു മുമ്പില്‍ ഒരു കാര്‍ വന്നു നിന്നത്. കാറില്‍ നിന്ന് രാജീവ്‌ അഞ്ചല്‍ ചാടിയിറങ്ങിയപ്പോള്‍ അത്ഭുതം തോന്നി. ഏറണാകുളത്ത് വന്നപ്പോള്‍ എന്നെക്കൂടെ സന്ദര്‍ശിക്കാന്‍ അദ്ദേഹം മനസ്സ് കാണിച്ചു. കൂടെ തിരുവനന്തപുരക്കാരന്‍ സേതുവും (ചില സിനിമകളില്‍ നിര്‍മ്മാതാവിന്‍റെ വേഷം) ഉണ്ടായിരുന്നു.

രാജീവിനെ ഓര്‍ക്കുമ്പോഴും കാണുമ്പോഴും എനിക്ക് അന്തരിച്ച നടന്‍ ഭരത് ഗോപിയെയാണ് ഓര്‍മ്മ വരിക. പഞ്ചവടിപ്പാലം എന്ന സിനിമയില്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ റോളിലാണ് ഗോപി പ്രത്യഷപ്പെടുന്നത്. പുതുതായി പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്‍റെ ഒരു വശത്തായി പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ പ്രതിമയും സ്ഥാപിക്കുന്നു. ഗോപിയുടെ പ്രതിമയുടെ സൗന്ദര്യം രാജിവ് അഞ്ചലിന്‍റെ കൈവിരലുകളില്‍ ഏറെ ഭദ്രമായി. പ്രതിമ കണ്ടു സംവിധായകന്‍ കെ. ജി. ജോര്‍ജ്ജും നടീനടന്മാരും അത്ഭുതം കൊണ്ടു. ഗോപിയെ പറിച്ചുവെച്ചപോലുള്ള ഗോപിപ്രതിമ!

ഇതിനിടയില്‍ അദ്ദേഹം പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന 3-ഡി സിനിമയെപ്പറ്റി സംസാരിച്ചു. പുറത്തുവിട്ടിട്ടില്ല. ചേട്ടനായതുകൊണ്ട് മാത്രം പറയുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടക്കം വെച്ചു. ഒരു തുരുത്തിലാണ് സംഭവം. ചുറ്റും വെള്ളം. പരിഷ്കാരം വന്ന പ്രധാന കരയുമായി വളരെ അകലം. തുരുത്തിലെ കഥാപാത്രങ്ങള്‍ ഏറെ. ഒരു കൂറ്റന്‍ മാവ് എന്ന വൃക്ഷത്തെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. ഒരു സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന ഈ ചലച്ചിത്രം വലിയൊരു സന്ദേശം നല്‍കുമ്പോള്‍ ചിത്രത്തിന്‍റെ ആദ്യാവസാനം നര്‍മ്മം കലര്‍ത്താനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ടൂണ്‍ ആര്‍ട്സിന്‍റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ എന്താണെന്ന് വെളിപ്പെടുത്തുന്നതില്‍ നിന്നും രാജീവ്‌ പിന്മാറി.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ നിന്നും ബിരുദമെടുത്ത് പുറത്തിറങ്ങിയ രാജീവ്‌ അഞ്ചല്‍ ഒരു ശില്‍പ്പിയുടെ വേഷമാണ് ആദ്യം അണിഞ്ഞത്. പിന്നീട് അദ്ദേഹം സിനിമയിലേക്ക് കാലെടുത്തുവെച്ചെങ്കിലും മണ്ണിനെയും സിമന്‍റനെയും കമ്പിയെയും അദ്ദേഹം കൈവിട്ടില്ല. പുരാണത്തിലെ ജടായുവിന്‍റെ പേരില്‍ ചടയമംഗലത്തിനു സമീപം പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ ശില്പങ്ങളും ഓഡിറ്റോറിയവും പൂര്‍ണ്ണമാകുമ്പോള്‍ അത് കേരളത്തിലെ മറ്റൊരു അത്ഭുതമായി മാറും. രാജ്യമെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിമകള്‍ നമുക്ക്‌ ചിരിക്കാനുള്ള വകയായും മാറുന്നു. ദില്ലി പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപമുള്ള ഗാന്ധി പ്രതിമ കണ്ടാല്‍ ആരും ചിരിച്ചുപോകും. തടിച്ചു വീര്‍ത്ത ബലൂണ്‍ പോലെയുള്ള ഗാന്ധി പ്രതിമയെ അമുല്‍ ഗാന്ധി എന്നാണ് പലരും വിളിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചുയര്‍ത്തിയിരിക്കുന്ന ഇന്ദിര-രാജീവ്‌ ഗാന്ധി പ്രതിമകള്‍ ചോദ്യചിഹ്നങ്ങളായി മാറുകയാണ്. എം. ആര്‍. ഡി. ദത്തന്‍റെ എസ്. കെ. പൊറ്റക്കാട് (കോഴിക്കോട്) പ്രതിമയും കാനായി കുഞ്ഞിരാമന്‍റെ തിരുവനന്തപുരത്തെ നേതാജി സുഭാഷ്‌ ചന്ദ്രബോസ് പ്രതിമയും തലവഴി മുണ്ടിട്ട് മൂടേണ്ട സ്ഥിതി.

കോട്ടയത്തിനു സമീപം ഏറ്റുമാനൂര്‍ കവലയില്‍ പണ്ട് കാലത്ത് രാജീവ്‌ ഗാന്ധിയുടെ ഒരു പ്രതിമ ഉയര്‍ന്നു. പ്രതിമ കണ്ടാല്‍ രാ എന്ന് പോലും നമുക്ക് തോന്നില്ല. മുന്‍ കേന്ദ്ര മന്ത്രി കെ. പി. ഉണ്ണികൃഷ്ണനെപ്പോലെ തടിച്ച കണ്ടാല്‍ ഒരു പ്രതിമ. പാലായിലെ ഒരു റബ്ബര്‍ മുതലാളിയെപ്പോലെ തോന്നും. എന്നാല്‍ ആ പ്രതിമക്ക് വലിയ ആയുസ്സുണ്ടായില്ല. ഒരു ദിവസം അത് വഴി ഓടിച്ചു വന്ന മിനി ലോറി ഡ്രൈവര്‍ക്കും ആ രൂപം ഇഷ്ടമായില്ല. ലോറി രാജീവ്‌ ഗാന്ധിയെ ഇടിച്ചു. പ്രതിമ തകര്‍ന്നു. തകരാതിരുന്ന തലയും മാറിടവും ചേര്‍ന്ന മൂന്നിലൊന്ന് പ്രതിമ വീണ്ടും ഒരു മാസക്കാലം ഏറ്റുമാനൂരിലെ കവല കൈവിടാതെ അവിടെ തുടര്‍ന്നെങ്കിലും നാണക്കേട് തോന്നിയത് കൊണ്ട് ചെറുപ്പക്കാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആ അര്‍ദ്ധകായ പ്രതിമ അവിടെ നിന്ന് പിന്നീട് മാറ്റി. രാജീവിന്‍റെ തന്നെ മറ്റൊരു പ്രതിമ കൊട്ടാരക്കര കവലയില്‍ ഇന്നും ഉണ്ട്. തിരുവനന്തപുരം യാത്രക്കിടയില്‍ നമുക്കിത് കാണാന്‍ കഴിയും. രാജീവ് ഗാന്ധിയുടെ പ്രതിമ കണ്ടാല്‍ കൊട്ടാരക്കരക്കാരന്‍ ആര്‍. ബാലകൃഷ്ണപിളളയെപ്പോലെയിരിക്കുന്നു എന്നതാണ് സത്യം. പിന്നില്‍ നിന്ന്‍ നോക്കിയാല്‍ അത് തനി ഗണേഷ്‌ കുമാര്‍ എം. എല്‍. എയുടെ വിഗ്രഹം.! കൊച്ചിയിലേക്ക്‌ കണ്ണ് തിരിച്ചാല്‍ അവിടെയും ഒരു രാജീവ്‌ ഗാന്ധി പ്രതിമ ചോദ്യചിഹ്നമായി നില്‍ക്കുന്നു. പ്രതിമയെ ശ്രദ്ധിച്ചു നോക്കിയാല്‍ അത് രാജീവ് ഗാന്ധി തന്നെയാണോ എന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുക്കും. കോലഞ്ചേരിയില്‍ ഒരു കോണ്‍ട്രാക്ടര്‍ ഉണ്ടായിരുന്നു അവാര്‍ഡ്‌ ജേതാവായ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു പ്രതിമയുടെ രൂപം പൈലിപ്പിള്ളയുടേത് പോലെയല്ലേയെന്നു ഒറ്റ നോട്ടത്തില്‍ പലരും പറയും. സംശയമുണ്ടെങ്കില്‍ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിന്‍റെ മതില്‍ക്കെട്ടിനുടള്ളിലേക്ക് കയറി നോക്കുക. അപ്പോള്‍ മുഖം മാറും. ഹോസ്പിറ്റലിന് സമീപത്ത് താമസിച്ചിരുന്ന പരേതനായ നടന്‍ ശങ്കരാടിയുടെ മുഖമായി അത് മാറുന്നു.

ചില പ്രതിമകളുടെ സ്ഥിതി മാത്രമാണിവിടെ വിവരിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുതുപുത്തന്‍ പ്രതിമകള്‍ നിലവാരത്തിലെത്തുന്നില്ലെന്നാതാണ് ദുഃഖകരം. എന്നാല്‍ അപൂര്‍വം ചില പ്രതിമകള്‍ പ്രശംസ പിടിച്ചുപറ്റുന്നവയുമാണ്. അതിലൊന്ന് കോട്ടയത്ത്‌ സ്ഥാപിച്ചിരിക്കുന്ന പി. ടി. ചാക്കോയുടെ ഉജ്ജ്വലമായ പ്രതിമ എടുത്തുപറയാം. ശില്പിയായ സാബു (തിരുവനന്തപുരം) രൂപകല്‍പ്പന ചെയ്ത പ്രതിമ. പി. ടി. ചാക്കോയുടെ സംഘടനയായ കേരള കോണ്‍ഗ്രസ് പലതായി പിളര്‍ന്നിട്ടും പിളരുന്തോറും തിളങ്ങുന്ന പ്രതിമയായി അത് വേറിട്ട്‌ നില്‍ക്കുന്നു.

വസ്ത്രങ്ങളുടെ ചുളിവുകള്‍ അതെ പടി പകര്‍ത്താന്‍ എത്ര ശില്പ്പികള്‍ക്ക്  കഴിയും? മദര്‍ തെരേസയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ കിടക്കുന്നത് കണ്ടാല്‍ വടം ചുറ്റിപൊതിഞ്ഞിരിക്കുന്നത് പോലെ തോന്നും. നല്ല പ്രതിമകള്‍ മാത്രം സൃഷ്ടിക്കാന്‍ കവിവുള്ളവര്‍ മാത്രം മുന്നോട്ട് വന്നില്ലെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം പോലും നഷ്ടപ്പെടും. അതോടെ സിമിന്റിനും കമ്പിക്കും ചെമ്പിനും വില ഇടിച്ചു കയറുമെന്ന്‍ ഉറപ്പ്.

പക്ഷെ ഈ അടുത്തിടെ വില കൂടിയത് ഏഷ്യാനെറ്റ്‌ വൈസ് പ്രസിഡന്‍റ് ആര്‍. ശ്രീകണ്‍ഠന്‍ നായര്‍ക്കാണ്. അദ്ദേഹം ഏഷ്യാനെറ്റ്‌ കൈവിട്ട് മറ്റൊരു ചാനലില്‍ ചേരാന്‍ പോകുന്നതായി കേള്‍ക്കുന്നു. ഒരു പ്രമുഖ ചാനല്‍ കമ്പനി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് മാസം എട്ടു ലക്ഷം രൂപയാണത്രേ! ആ ചാനല്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍  ശ്രീകണ്‍ഠന്‍ നായരുടെ ഒരു കൂറ്റന്‍ പ്രതിമകൂടി സ്ഥാപിക്കുന്നത് ഉചിതം.

എന്നാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് ജഗതി ശ്രീകുമാര്‍ പിന്മാറിയത് മൂലം ജഗതിയുടെ വരുമാനത്തില്‍ ലക്ഷങ്ങളുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വിവാഹം കഴിക്കുക, പിന്നീട് വേര്‍പിരിയുക അതുപോലായിപ്പോയി ഈ ലോട്ടറിയുടെ ഇടപാട്. സിക്കിമിലും ഭൂട്ടാനിലും ജഗതി ശ്രീകുമാറിന്‍റെ ഓരോ വെങ്കല പ്രതിമ ഉയര്‍ത്തുന്നത് അവസരോചിതമായിരിക്കും.

2 അഭിപ്രായങ്ങൾ:

 1. യേശുദാസൻ വിവരിച്ച മിക്ക പ്രതിമകളും കണ്ടിട്ടുണ്ട്.ഞാൻ കണ്ട ,എന്നെ ഏറ്റവും ആകർഷിച്ച പ്രതിമ
  ബേമിംഗാമിലെ ത്രിമൂർത്തികളുടേതാണ്‌.അത്തരം ഒരു പ്രതിമാസമൂഹം പത്തനം തിട്ടയിലും ഉയരേണ്ടതാണ്‌ എന്നു കാണിച്ചു ഞാനൊരു ബ്ളോഗ് എഴുതിയിരുന്നു.പത്തനം തിട്ട കാതോലിക്കേറ്റ് കോളേജിൽ പഠനം നടത്തിയ,പുത്തങ്കാവു മാത്തൻ തരകൻ ശിഷ്യൻ യേശുദാസൻ ഇക്കാര്യത്തിൽ സദയം ശ്രദ്ധിക്കുമല്ലോ
  ബ്ളോഗ് കാണുക
  http://sabarigirijilla.blogspot.com/2009/08/blog-post_02.html

  മറുപടിഇല്ലാതാക്കൂ
 2. Sri kantanarude oru time!!!, eniku asooya thonnunnu, a GS Pradeep engane undu?

  മറുപടിഇല്ലാതാക്കൂ