ഓടും കുതിര ചാടും കുതിര
മലയാള ചലച്ചിത്രരംഗത്തെ ശക്തനായ പ്രതിഭാശാലി ഭരതനെ മുന്‍നിര്‍ത്തി എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്രനിര്‍മ്മാതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ജോണ്‍ പോള്‍ എഴുതിയ പുസ്തകമാണ് “ഒരു കടങ്കഥ പോലെ ഭരതന്‍.” ജോണ്‍ പോളിന്‍റെ ഡയറിക്കുറിപ്പിലൂടെയാണ് ഈ പുസ്തകം നമ്മുടെ ഇടയില്‍ എത്തുന്നത്.
ഭരതന്‍റെ പത്നി കെ. പി. എ. സി. ലളിത, ഭരതന്‍റെ സുഹൃത്തുക്കള്‍ എന്നിവരിലൂടെ ഈ കടങ്കഥകള്‍ മുഴുവനായും വിരിയുന്നു. അനന്തമായ കാലത്തിലേക്ക് മടങ്ങിപ്പോയ പി. എന്‍. മേനോന്‍, ഭരത് ഗോപി, ജോണ്‍ എബ്രഹാം, ശ്രീവിദ്യ, കലാമണ്ഡലം ഹൈദരാലി, പവിത്രന്‍ എന്നിവരുടെ ഓര്‍മ്മകളും പുസ്തകത്തില്‍ പരന്നു കിടപ്പുണ്ട്. ഈ കൃതിയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ഓഗസ്റ്റ് 13ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടന്നു.
പഴയ സുഹൃത്തിനെപ്പറ്റിയുള്ള ആ പുസ്തകം സ്പര്‍ശിച്ച് പ്രകാശനം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നത് ഏറെ ആഹ്ലാദം പകര്‍ന്നു തന്ന നിമിഷങ്ങളായിരിന്നു. പുസ്തകത്തെ തൊടുമ്പോള്‍ ആ വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതു പോലെയാണെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സാഹിത്യകാരന്‍ പ്രൊ. തോമസ് മാത്യു പറയുകയുണ്ടായി. ഭരതനുമായിട്ടുള്ള അടുത്ത ബന്ധത്തെപ്പറ്റി അദ്ധ്യക്ഷനായ സംവിധായകന്‍ മോഹനും വളരെ വികാരഭരിതനായി വിവരിച്ചു. പ്രസംഗിക്കാന്‍ എഴുന്നേറ്റ എനിക്ക് ഭരതനെ ആദ്യം പരിചയപ്പെട്ട രംഗം ഓര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഗ്രന്ഥകര്‍ത്താവായ ജോണ്‍ പോളിനെ കണ്ടുമുട്ടിയ സമയവും കാലവും എപ്പോഴെന്ന് ഓര്‍ക്കാനായില്ല. അല്പം സംശയത്തോടെ ഞാനത് സൂചിപ്പിക്കുകയും ചെയ്തു. അതിന് ജോണ്‍ പോളിന്‍റെ മറുപടി: “ഞാന്‍ യേശുവിനെ ആദ്യം കാണുന്നത് ‘ചെമ്പരത്തി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുമ്പോള്‍ വിതുര ബേബി (ജനയുഗം), പ്രൊഫസറും കാര്‍ട്ടൂണിസ്റ്റുമായിരുന്ന സോമനാഥന്‍ എന്നിവരോടൊപ്പം എത്തിയെപ്പോഴാണ്”. അതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. വിനോദസിനിമാപ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്ത് കറങ്ങിത്തിരിയാന്‍ ഇഷ്ടമുള്ള വ്യക്തിയായിരുന്നില്ല ഞാന്‍. ജോണ്‍ ഏബ്രഹാം, മോഹന്‍, ചന്ദ്രകുമാര്‍, കെ. ജി. ജോര്‍ജ്, ഭരതന്‍, സത്യന്‍ അന്തിക്കാട്, കെ. എസ്. സേതുമാധവന്‍, ജേസി ബക്കര്‍, പദ്മരാജന്‍ തുടങ്ങി ചുരുക്കം പേരുടെ സെറ്റില്‍ മാത്രമേ ഞാന്‍ കടന്നു ചെന്നിട്ടുള്ളൂ. ജോണ്‍ പോളിനെ കൂട്ടിമുട്ടുന്നത് കൊല്ലത്ത് വെച്ചായിരുന്നു. സംവിധായകന്‍ ജേസിയും ഒരുമിച്ച് ജോണ്‍ പോള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വരികയുണ്ടായി. ജേസിയെ ഞാന്‍ ആദ്യം കാണുന്നതും അന്ന്.
എങ്കിലും പുസ്തകപ്രകാശനചടങ്ങില്‍ വെച്ച് ഞാന്‍ മറ്റൊരു സംശയം കൂടി ഉന്നയിച്ചു: “ഭരതനെപ്പറ്റിയുള്ള ഈ പുസ്തകത്തിന് ‘ഒരു കടങ്കഥ പോലെ ഭരതന്‍’ എന്ന പേര് നല്കിയതതെന്തിന്.” പുസ്തകം വീട്ടില്‍ വെച്ച് വായിച്ചു തുടങ്ങുന്നതിന് മുമ്പ് എന്‍റെ മനസ്സില്‍ ഒരു കടങ്കഥ ഓടിയെത്തി. ‘കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും’ എന്ന കടങ്കഥയുമായി ഭരതന് വല്ല ബന്ധവുമുണ്ടോ? ‘താക്കോല്‍കൂട്ടം’ എന്ന് മറുപടി നല്‍കുന്ന കടങ്കഥയുമായി ഭരതന് ബന്ധമുണ്ടാകാന്‍ സാധ്യതയില്ല. താക്കോല്‍കൂട്ടം സൂക്ഷിക്കുന്ന ആളായിരുന്നില്ല ഭരതന്‍. പണപ്പെട്ടിയുടെ താക്കോലും അദ്ദേഹത്തിനില്ലായിരുന്നു. വീട്ടിലെ മുറികള്‍ പൂട്ടുന്നതിനോടും യോജിപ്പുമില്ല. എല്ലാം തുറന്നിടുന്നു. ആര്‍ക്കും സ്വാഗതം. മറ്റൊരു കടങ്കഥയുണ്ട് – ഓടും കുതിര, ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര. ഉത്തരം ചെരുപ്പ്. ഇന്ന് സിനിമാക്കാര്‍ ചെയ്യുന്നത് പോലെ അടിക്കാനായി ചെരുപ്പ് ഊരുകയോ തമ്മില്‍ തമ്മില്‍ ചെരുപ്പ് എറിയുകയോ ചെയ്യുന്ന രംഗങ്ങളില്‍ ഭരതന്‍ എത്താറില്ല. എന്നാല്‍ മുല്ലപ്പൂവിന്‍റെ മണമുള്ള ഏതെങ്കിലും പ്രിയപ്പെട്ട വീടിന്‍റെ മുന്നിലെത്തിയാല്‍ ഭാരതന്‍റെ ചെരുപ്പുകള്‍ സ്വയം നില്‍ക്കുമായിരുന്നു. പക്ഷെ, പുസ്തകം പൂര്‍ണമായി വായിച്ചു കഴിഞ്ഞപ്പോഴാണ് കടങ്കഥയിലെ സ്വപ്നലാസ്യം നമുക്ക് മുമ്പില്‍ തെളിഞ്ഞ് എത്തുന്നത്. ഇനി ജോണ്‍ പോള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കുറെ വരികള്‍ വായിക്കാം:
“പ്രയാണത്തിന്‍റെ നാളുകളില്‍ ശ്രീവിദ്യ തമിഴ് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന നടിയായി മാറിയിരുന്നു. അവരുടെ സ്വപ്നലാസ്യം തത്തി നില്‍ക്കുന്ന കണ്ണുകളും പറയാതെ ഏറെ പറയാന്‍ വെമ്പുന്ന ചുണ്ടുകളും മോഹിപ്പിക്കുന്ന മേനിയഴകും സ്വാഭാവികതയോടെ അടുത്തു നിന്ന അഭിനയത്തിലെ വശ്യതയും ദേശഭാഷാ വ്യത്യാസമില്ലാതെ അവരെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സുന്ദരസഖിയായി ജനഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചിരുന്നു. മദിരാശിയിലെ പരാങ്കുശപുരത്തെ നിരവീടുകളിലൊന്നിന്‍റെ മുകളിലത്തെ നിലയില്‍ അഭിനയത്തിരക്കിന്‍റെ ഒളിവുവേളകളില്‍ ഭരതനെ തേടി ശ്രീവിദ്യ എത്തുമ്പോള്‍ ആ കോളനിയിലെ സര്‍വ കണ്ണുകളും ശ്രീവിദ്യയെയുടെ ചുറ്റും ആരാധനയോടെ പരതുക സ്വാഭാവികം. സിഗരറ്റ് കുറ്റികളും അവിടവിടെയായി പല ഘട്ടങ്ങളിലായി നിരന്ന പൂര്‍ത്തിയാകാത്ത ചിത്രങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളും എല്ലാം ചേര്‍ന്ന്‍ ആകെ അലങ്കോലമായിക്കിടക്കുന്ന ആ മുറിയില്‍ കടന്നു വന്ന് ചോദ്യഭാവത്തില്‍ ഭരതനെ നോക്കുമായിരുന്ന വിദ്യയുടെ മുഖം എനിക്ക് സന്കല്പ്പികാനാകും. മുറിയത്രെയും അടുക്കിവൃത്തിയാക്കി മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകിയലക്കി വെണ്മയാക്കി വീട്ടിലേക്കു പൊതിഞ്ഞുകൊണ്ടുപോയി ഇസ്തിരിയിട്ട് തിരികെ എത്തിക്കുമായിരുന്നത്രേ വിദ്യ! ശ്രീവിദ്യ ഭരതന്‍റെ അടുക്കളയില്‍ കയറി വച്ചു വിളമ്പിയിരുന്ന കായക്കുടുള്ള ഭക്ഷ്യവിഭവങ്ങളുടെ സുഗന്ധം നാളുകളോളം ആ മുറിയില്‍ തങ്ങി നില്‍ക്കുമായിരുന്നു. എത്രയോ തവണ വിദ്യ പരാങ്കുശപുരത്തെ ആ മുറിയില്‍ സന്ദര്‍ശകയായെത്തിയുട്ടുണ്ട്. വായിച്ചും കണ്ടും കേട്ടും പങ്കിട്ടും അറിഞ്ഞ ഏതു ഗാഥയെക്കാളും അവ്യാഖ്യേയവും അനുപമവും അസാധാരണവുമായ ഒരു ഭാവം ഭരതനും ശ്രീവിദ്യയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ സ്പന്ദിച്ചു നിന്നിരുന്നത്തിന്‍റെ നേര്‍സ്പര്‍ശം രേഖപ്പെടുത്തുമ്പോള്‍ സത്യസാക്ഷ്യങ്ങള്‍ ഉപമകളെയും അലങ്കാരങ്ങളെയും അതിശയിപ്പിക്കുക സഹജം, പ്രകൃതം, ന്യായം, സ്വാഭാവികം! ലളിത എന്തു വിചാരിക്കും ഇങ്ങനെയൊക്കെ എഴുതിയാല്‍? ഉത്തരം ലളിതമാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ ജോണ്‍ പോളിനും അറിയാവുന്നതാണ്. ശ്രീവിദ്യ ഭരതനെ എന്നും മോഹിച്ചിരുന്നു. ഒരു സ്വപ്നം കണക്കെ പ്രകോപിപ്പിച്ചിരുന്നു. ഭരതന്‍റെ മനസ്സില്‍ ലളിതയെക്കാള്‍ മുമ്പേ ചേക്കേറിയത് ശ്രീവിദ്യയാണ്...”
.jpg)
ഒരു ജോണ്‍ പോള്‍ ആക്രമണം മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ലളിതയും ഭരതനും അയച്ചതെന്നറിയില്ല. ഒരു കാര്യം കൂടി ജോണ്‍ പോള്‍ തുറന്നു പറയുന്നു: “ഭരതനെന്ന്‍ മാത്രമല്ല, ചിതകലയെ സ്നേഹിക്കുന്ന സംഗീതത്തെ പുണരുന്ന ആരുമായും ഈ സ്ത്രീ അടുക്കുമായിരുന്നു. ഞാന്‍ ഏറെ അടുക്കാറില്ലായിരുന്നു. എങ്കില്‍ എന്നേം പ്രണയിച്ചേനേം.”
ഏറെ അകലം പ്രാപിചിരുന്നെങ്കിലും ജോണ്‍ പോളിന്‍റെ തടി ശ്രീവിദ്യയുടെത് പോലായി മാറിയെന്നതാണ് സത്യം. അതും ഒരു കടങ്കഥ.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ