മടങ്ങാന്‍ ആംബുലന്‍സ് റെഡി
ദക്ഷിണാഫ്രിക്കന്‍ ജനസമൂഹം ജീവിച്ചിരിക്കുന്ന ഇതിഹാസമായി ആരാധിക്കുന്ന നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതായുള്ള ഒരു ഓയില്‍ പെയിന്റിങ്ങിന്റെ ഫോട്ടോ മെയില്‍, ഗാര്‍ഡിയന്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിനെ ശക്തിയായി വിമര്‍ശിക്കുകയുണ്ടായി. ജോഹന്നാസ്ബര്‍ഗ്ഗിലെ ഷോപ്പിംഗ് സെന്ററില്‍ ഈ പെയിന്റിംഗ് പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നു. 'തുണി ഉരിയല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ എയ്ഡസ് വിരുദ്ധ പ്രവര്‍ത്തനത്തിനിടെ മരിച്ച 12 വയസ്സുകാരന്‍ കോസി ജോണ്‍സന്നാണു മണ്ടേലയുടെ മൃതദേഹം കീറി മുറിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിഷപ്പുമാര്‍ മൃതദേഹപരിശോധന നോക്കി കാണുന്നതായും വരച്ചു ചേര്‍ത്തിട്ടുണ്ട്.
ജീവിച്ചിരിക്കുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനൊരുങ്ങുന്ന ആശുപത്രികളെയും ഡോക്ടര്‍മാരെയും ചിത്രകാരന്മാരെയും അന്വേഷിച്ച് നമുക്ക് ദക്ഷിണാഫ്രിക്ക വരെ പോകേണ്ട ആവശ്യമില്ല. അതെല്ലാം, അവരെല്ലാം നമ്മുടെ മുമ്പില്‍ കൈയെത്തും ദൂരത്തുണ്ട് എന്നതാണ് സത്യം. ജീവിച്ചിരിക്കുന്ന ഞാന്‍ മൂന്നു പ്രാവശ്യമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയനായിട്ടുണ്ട്. 32 വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ കെണി. ഒരു ബസ് യാത്രക്കിടയില്‍ ഇടതു തോsfല്ല് ഒടിഞ്ഞ് ചികിത്സക്കായി എറണാകുളത്തെ സിറ്റി ഹോസ്പിറ്റലില്‍ എത്തി. ചേര്‍ത്ത് കെട്ടിയ എല്ല് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അകല്ച്ചയിലും അഭിപ്രായവ്യസാത്തിലുമായി. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ജെ. ജോസഫ് എന്നെക്കാണാനായി എത്തിയതോടെ അല്പം വേദന കുറഞ്ഞു. ആശുപത്രിയിലെ എല്ലുരോഗവിദഗ്ധന്‍ അകന്നു നില്‍ക്കുന്ന ഏടുകളെ അടുപ്പിക്കാന്‍ ഒരു പോംവഴി നിര്‍ദ്ദേശിച്ചു. കാലിന്റെ തുടയിലെ എല്ലില്‍ നിന്ന് രണ്ടു ചീളുകള്‍ എടുത്തു ഒടിഞ്ഞ തോളെല്ലില്‍ ചേര്‍ത്ത് വെച്ച് ശരിയാക്കാനായായിരുന്നു തീരുമാനം. ഓപ്പറേഷന് വേണ്ടി തീയതിയും നിശ്ചയിച്ചു. എന്നാല്‍ ശാസ്ത്രക്രിയയുടെ തലേ രാത്രി കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി എന്നെ കാണാനായി ആശുപത്രിയിലെത്തി. അന്നത്തെ റാന്നി എമ്മെല്ലേയായിരുന്ന ഡോ. ജോര്‍ജ് മാത്യുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു (പിന്നീട് ഒരു കാര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു). പുതിയ എല്ല് നടീല്‍ ശാസ്ത്രക്രിയയെപ്പറ്റി കേട്ടപ്പോള്‍ ഡോക്ടര്‍കൂടിയായ എമ്മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു: "അങ്ങനെ ചെയ്യരുത്. അപകടമാണ്. ഇപ്പോള്‍ തോലെല്ല് വേര്‍പെട്ടു കിടക്കുന്നത് പോലെ കിടക്കട്ടെ. ദിവസങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെയെങ്കിലും അത് ചേര്‍ന്ന് വരും." അദ്ദേഹം തുടര്‍ന്നു: "എല്ല് തുടയില്‍ നിന്നെടുത്താല്‍ ഭാവിയില്‍ കാലിന് ബലം കുറയുമെന്ന് മാത്രമല്ല ബോണ്‍ ക്യാന്‍സര്‍ വരാനും സാധ്യതയുണ്ട്." ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ വിവരണം കേട്ടതോടെ ഓപ്പറേഷനില്‍ നിന്ന് ഞാന്‍ പിന്മാറി. എന്നാല്‍ പ്രിയ സ്നേഹിതന്‍ പി. കെ. മന്ത്രിക്ക് ഈ നിര്‍ദ്ദേശം സഹിച്ചില്ല: "ഡോക്ടര്‍ എന്തിനാ എതിര്‍ക്കുന്നത്? കൈ കൊണ്ട് വരച്ചു ജീവിക്കേണ്ട ആളല്ലേ? ആവശ്യമെങ്കില്‍ എന്റെ തുടയെല്ല് ഞാന്‍ സംഭാവന ചെയ്യാം. പക്ഷെ, ചെലവു ചെയ്യേണ്ടി വരും."
കൂടെ നിന്നവര്‍ ചിരിച്ചു. അങ്ങനെ ഒരു മരണചിത്രത്തില്‍ നിന്ന് ഞാന്‍ രക്ഷപെട്ടു. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് കൊച്ചി ഇന്ദിരാ ഗാന്ധി കോ-ഓപ്പറെറ്റീവ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു. പത്തനംതിട്ട കത്തോലിക്കെററ് കോളേജ് പൂര്‍വ വിദ്യാര്‍ഥിസമ്മേളനം ഉത്ഘാടനം ചെയ്ത ശേഷം വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം. ഒരു ബൈപാസ് സര്‍ജറിക്ക് ശേഷം ഇടതു കാലിന് ചെറിയ മരവിപ്പ് ആരംഭിച്ചിരുന്നു. ഇടതുകാല്‍ ഡോര്‍ തുറന്നു പുറത്തേക്കു വെച്ചു. കാലില്‍ കിടന്ന ചെരുപ്പ് ഊരിപ്പോയതറിഞ്ഞില്ല. കാലിന്റെ തള്ളവിരല്‍ ഒരു കല്ലില്‍ തട്ടി നഖം ഇളകി. അടുത്ത ദിവസം ഓഫീസില്‍ പോകുന്ന വഴി കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്റെ ഹൃദയം കാത്തു സൂക്ഷിക്കുന്ന കാര്‍ഡിയോളോജിസ്റ്റ് ഡോ. എ. കെ. എബ്രഹാമിനെ കണ്ടു ഉപദേശം തേടി. അദ്ദേഹം ഒരു ഡോക്ടറുടെ പേര് പറഞ്ഞു - ആ ഡോക്ടര്‍ എന്നെ പരിശോധിച്ച ശേഷം ചോദിച്ചു: "കൂടെ ആര് വന്നിട്ടുണ്ട്?" അത്യാസന്നനിലയില്‍ കൊണ്ട് വരുന്ന രോഗികളോടായി കൂടെ സഹായത്തിന് ആരുണ്ട് എന്ന് ചോദിക്കുന്നത് പോലെ! പെട്ടെന്ന് സ്ട്രെച്ചറും ഓക്സിജന്‍ സിലണ്ടറും ഒ പോസിറ്റീവ് രക്തവും പാഞ്ഞെത്തുമെന്നു ഞാന്‍ വിചാരിച്ചു.
"ഞാന്‍ ഒറ്റക്കാണ് എത്തിയത്." എന്റെ മറുപടി.
"എന്താ ഡോക്ടര്‍?" ഞാന്‍ കൂട്ടി ചേര്‍ത്ത് ചോദിച്ചു.
ഡോക്ടറുടെ മറുപടി: "നമുക്ക് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് പോകാം. ഈ നഖം എടുത്തു കളയാം."
സത്യത്തില്‍ ഞാന്‍ ഞെട്ടി. നടക്കാന്‍ പോകുന്ന പോസ്റ്റ് മോര്‍ട്ടത്തെപ്പറ്റി ഓര്‍ത്തു ഞാന്‍ വിയര്‍ത്തു. ഒരു പ്രമേഹരോഗികൂടിയായ ഞാന്‍ എന്റെ കാലിലെ നഖം മറ്റു ടെസ്റ്റുകളൊന്നും നടത്താതെ ഇരുട്ട് മുറിയില്‍ കയറ്റി നഖം പറിച്ചെടുക്കുന്നതിലെ വിവരക്കേട് ചിന്തിച്ചു ഞാന്‍ ഭയപ്പെട്ടു. നഖമെടുത്താല്‍ എന്റെ ഇടതുകാലിലെ തള്ളവിരല്‍ കരിയില്ല. അല്‍പദിവസത്തിന് ശേഷം ഇതേ ഡോക്ടറുടെ സഹായത്തോടെ തള്ള വിരല്‍ മുറിക്കേണ്ടി വരും. കുറെ കഴിയുമ്പോള്‍ അല്പം കൂടി മുകളില്‍ കത്തി വെച്ചു മുറിക്കേണ്ടി വരും. അങ്ങെനെ മുറിച്ചു മുറിച്ചു പോകുന്ന പോസ്റ്റ് മോര്‍ട്ടം.
യഥാര്‍ത്ഥ തുണിയുരിയലും പോസ്റ്റ് മോര്‍ട്ടവും നടന്നത് നാല് വര്ഷം മുമ്പ് അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചാണ്. മദ്രാസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് രണ്ടാഴ്ചക്കു ശേഷം ഓപ്പറേഷന്‍ നടക്കേണ്ടത്. ആഞ്ചിയോഗ്രാം എടുക്കാന്‍ രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കണം. എന്നാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരിക്കുന്ന കോടികളുടെ പുതിയ മെഷീന്‍ ഇതേ ജോലി അര മണിക്കൂര്‍ കൊണ്ട് തീര്‍ത്തു തരും. 15000 അടച്ചു. അപ്പോളോയിലെ മുറിയില്‍ കയറി. തുണി ഉരിഞ്ഞു. ടേബിളില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കിടത്തി. അഞ്ചു മിനിറ്റ് നാലഞ്ചു സ്ലൈഡുകള്‍ (ആകെ 64 സ്ലൈഡുകളാണ്) എടുത്തു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ സ്ലോ ആയി. അല്പം കഴിഞ്ഞപ്പോള്‍ കറന്റ് പോയി. ഞാനും ഒന്ന് രണ്ടു നേര്സുമാരും ഇരുട്ടില്‍. കോടികള്‍ മുടക്കി സ്ഥാപിച്ച ഹോസ്പിറ്റലിലെ ജനറേറ്ററിലില്‍കൂടി വെളിച്ചം പാഞ്ഞെത്തേണ്ടതാണ്. വെറും എണ്ണൂരു രൂപയുടെ എമര്‍ജന്‍സി ലൈറ്റ് പോലും അവിടെ ഇല്ല. ഒരു മെഴുകുതിരി പോലും എടുക്കാനില്ല. നുര്സുമാര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. അല്‍പ നേരം കൂടി കൂരിരുട്ടത്ത് കിടന്നു. അതോടെ എനിക്ക് ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടു. വിയര്‍ത്തു തുടങ്ങി. തട്ടിപ്പോകുമോഎന്നാ ചിന്ത. ഇപ്പോഴും പോക്കറ്റില്‍ ഇട്ടുകൊണ്ട് നടക്കുന്ന സോര്‍ബിട്രാറ്റ് ഗുളിക നെഞ്ചുവേദന വരുമ്പോഴെല്ലാം നാക്കിനടിയിലിടും. പുറത്തു ഭാര്യയുടെ കൈവശം ഇരിക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു ഗുളിക കൊണ്ട് വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അത്യാവശ്യത്തിനു ഈ ഗുളിക എടുക്കാന്‍ ആ ആശുപത്രിയില്‍ ഇല്ല എന്നതാണ് അത്ഭുതം. കുറെ കഴിഞ്ഞപ്പോള്‍ കറന്റ് എത്തി. ബാക്കി സ്ലൈഡുകള്‍ എടുത്തു. ഒരു മെഴുകുതിരി പോലുമില്ലാത്ത ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ ഞാന്‍ വയലാര്‍ രാമവര്‍മ്മയെ ഓര്‍ത്തു പോയി. അദ്ദേഹം പാടുകയുണ്ടായി. "മെഴുകുതിരികളെ, മെഴുകുതിരികളെ, തൊഴുതു തൊഴുതു മിഴിയടച്ച മെഴുകുതിരികളെ..."
'തുണിയുരിയല്‍' എന്ന്‍ മണ്ടേലയുടെ പൈന്റിങ്ങിന് പേര് ലഭിച്ചത് കേരളത്തില്‍ നിന്ന്‍ ആകാനാണ് സാധ്യത. തൊഴിലാളി നേതാവ് തമ്പാന്‍ തോമസിന്റെ മുണ്ട് ഉരിഞ്ഞു പോകുന്ന ഫോട്ടോ പണ്ട് പത്രങ്ങളില്‍ വരികയുണ്ടായി. ഓരോ പത്രസമ്മേളനം കഴിയുമ്പോഴും മുണ്ട് ഉടുത്തും ഉരിഞ്ഞും നീങ്ങുന്ന കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെയും നമ്മള്‍ കാണാറുള്ളതാണ്. കോണ്‍ഗ്രസ് നേതാവും മമ്മൂട്ടി ചിത്രത്തിലെ നടനുമായ രാജ് മോഹന്‍ ഉണ്ണിത്താന്റെ മുണ്ടും പറിച്ചു കൊണ്ട് മുരളി വിഭാഗക്കാര്‍ ഓടുന്നതും നമ്മള്‍ കണ്ടതാണ്. മഹാനായ മണ്ടേലയെപ്പോലെ ഓപ്പറേഷന്‍ ടേബിളില്‍ കിടന്നു തരാന്‍ - അത് കാന്‍വാസില്‍ പകര്‍ത്താന്‍ ചിത്രകാരന്മാര്‍ മുന്നോട്ടു വരുമോ? എത്ര ചിത്രകാരന്മാര്‍ക്ക് കാലും കൈയും നഖവും നേരെ ചൊവ്വേ വരക്കാനാവും?
ഇരുത്തി വരക്കുന്നതും കീറി മുറിക്കുന്നതും ഒരു തരം പോസ്റ്റ് മോര്‍ട്ടം തന്നെ. "എന്നെയൊന്നു വരക്കൂ" എന്ന് പല സുഹൃത്തുക്കളും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് കൊണ്ടോ മൂക്കും വായും വരക്കാന്‍ ഞാന്‍ തുനിയാറില്ല. കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഇ. അഹമ്മദ് എന്നോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്റെ പേനയിലൂടെ തന്റെ മുഖം വെള്ളക്കടലാസില്‍ രൂപപ്പെട്ടു കാണാന്‍ ആഗ്രഹിച്ച വ്യക്തിയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍.
മലയാള കാര്‍ട്ടൂണ്‍ രംഗത്തെ രാജകുമാരനെന്നു എന്നെ ഒരു പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. പക്ഷെ അദ്ധേഹത്തിന്റെ ആഗ്രഹം എനിക്ക് നിരവേറ്റിക്കൊടുക്കാനായില്ല. ജീവിച്ചിരുന്ന കാലത്ത് ഇ. കെ. നായനാര്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതായി വരച്ചിരുന്നെങ്കില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുമായിരുന്നു. ആ തുണിയുരിയലില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന ഏക നേതാവും നായനാര്‍ തന്നെ. എന്നാല്‍ അദ്ധേഹത്തിന്റെ ആത്മാവിന്റെ പോസ്റ്റ് മോര്‍ട്ടം പരലോകത്ത് നടത്താവുന്നതാണ്. മൃതദേഹം കീറിമുറിക്കുന്ന ഡോക്ടറായി നവാബ് രാജേന്ദ്രനെ ചിത്രീകരിക്കാവുന്നതാണ്. മേശക്ക് ചുറ്റും ഇ. എം. എസ്, തകഴി, പി. കേസവദേവ്, എസ്. കെ. പൊറ്റക്കാട്, എ. കെ. ജി, എം. എന്‍. ഗോവിന്ദന്‍ നായര്‍, പ്രേംനസീര്‍, ഫാ. വടക്കന്‍, ജ്യോതി ബാസു, തോപ്പില്‍ ഭാസി എന്നിവര്‍ നില്‍ക്കുന്നു. പരലോകത്തെ ഷോപ്പിംഗ് സെന്ററില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമാണ്. ആചാരവെടി പരലോകത്ത് മുഴങ്ങാനുള്ള സൌകര്യങ്ങളും ഉണ്ടാകണം. ആചാരവെടി പരലോകത്ത് പതിവുള്ള ചടങ്ങല്ല. അതോരുക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി എത്തണം. നല്ല ആരോഗ്യവാനാണ്. വരവ് കുറെ വര്‍ഷങ്ങള്‍ വൈകിയേക്കും. എന്തായാലും നമുക്ക് തുണി അഴിച്ചു ടേബിളില്‍ കിടന്നു കൊടുക്കാം. ഡോക്ടര്‍ IN രോഗി out.
തുണി ഉരിയൽ നടത്തിയ ഡോക്ടറന്മാരെകുറിച്ചു
മറുപടിഇല്ലാതാക്കൂമാത്രമേ പരാമർശിച്ചു കണ്ടുള്ളു.
തുണി പൊക്കിയ ഒരു ഡോക്ടറുമുണ്ട് നമുക്കു`.
മുൻ എം.ഏൽ . ഏയും മുൻ മന്ത്രിയുംആയ ഡോ.കുട്ടപ്പൻ.
പൊക്കിയതാകട്ടെ കേരള അസംബ്ളിയിലും.
അദ്ദേഹത്തെ വിട്ടു കളഞ്ഞതു ശരിയായില്ല.
Dr Kanam,
മറുപടിഇല്ലാതാക്കൂI read your comments regularly. Very interesting to see how you connect the article to others issues. Amazing.
Thank you very much.
E Sreekumar