2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മായാത്ത മുഖം
 കാര്‍ട്ടൂണ്‍ രംഗത്ത് എനിക്ക് ഗുരുക്കന്മാര്‍ മൂന്നു പേരാണ്. ഒരാള്‍ വരക്കും. മറ്റു രണ്ടു പേര്‍ വരപ്പുമായി ഇണക്കമുള്ളവരായിരുന്നില്ല - കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍, കാമ്പിശ്ശേരി കരുണാകരന്‍, കെ. എം. മാത്യു. ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ രൂപം നല്‍കാനും പിന്നീട് പൂര്‍ണ്ണരൂപം നല്‍കാനും ഈ ത്രിമൂര്‍ത്തികള്‍ക്ക് കഴിഞ്ഞു എന്നത് നന്ദിയോടെ ഓര്‍ക്കുന്നു.

23 വര്‍ഷമാണ് ഞാന്‍ മനോരമയില്‍ ജോലി ചെയ്തത്. ആ 23 വര്‍ഷവും ഒരു പത്രപ്രവര്‍ത്തകന് ഒരു കാര്‍ട്ടൂണിസ്റ്റിന് ആവശ്യമായ ഉപദേശങ്ങളും ഇടവഴികളും ഒരുക്കിത്തന്നത് മാത്തുക്കുട്ടിച്ചായനായിരുന്നു. ഭാരതം കണ്ട മികച്ച പത്രാധിപന്മാരില്‍ ഏറ്റവും ശക്തനായ എന്നാല്‍ ആ രംഗത്ത് ശീതളച്ഛായ പകര്‍ന്നു തന്ന പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ പത്രാധിപരായി എത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചിക്മംഗ്ലൂരിലെ എസ്റ്റേറ്റ്‌ ജീവിതമോ ബോംബെയിലെ ബിസിനസ്‌ ജീവിതമോ നയിക്കേണ്ട വ്യക്തി മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഭാഗ്യം തുണഞ്ഞ് എത്തിയ മഹാനാണ്.

കാര്‍ട്ടൂണുകളെ അദ്ദേഹം നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളെക്കാള്‍ ഏറെ ഇഷ്ടപ്പെട്ടു. വരയ്ക്കാത്ത അദ്ദേഹത്തിന് വരയ്ക്കുന്ന ഉപകരണങ്ങളെപ്പറ്റി, വരയ്ക്കേണ്ട രീതിയെപ്പറ്റി, അതിനുള്ള മൂര്‍ച്ചയെപ്പറ്റി വ്യക്തവും ശക്തവുമായ ധാരണയുള്ള വ്യക്തിയായിരുന്നു. ജര്‍മനിയിലെ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഹാസ്യചിത്രങ്ങള്‍ വരക്കുന്നത് നനഞ്ഞ ഈര്‍പ്പമുള്ള കടലാസിലാണെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി. കട്ടി കുറഞ്ഞ ന്യൂസ്‌ പ്രിന്‍റ് പേപ്പര്‍, വരക്കുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി അല്പം തോര്‍ന്ന ശേഷം കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഹിറ്റ്ലറും സ്റ്റാലിനും ചര്‍ച്ചിലും റൂസ് വെല്‍റ്റും മറ്റും കടലാസില്‍ കയറി പടരുന്ന ശൈലിയില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അത്തരത്തില്‍ വിവിധതരം കടലാസുകൊണ്ട് വിവിധതരം പേനകള്‍ കൊണ്ട് പരീക്ഷണങ്ങള്‍ നടത്തണമെന്ന് മാത്തുകുട്ടിച്ചായന്‍ പറയുമായിരുന്നു.

ആഴ്ചയില്‍ രണ്ടു ദിവസം കൊച്ചി ഓഫീസില്‍ നിന്ന് കോട്ടയം ഓഫീസിലേക്ക് പോകുന്ന ഞാന്‍ ആദ്യം കടന്നു ചെല്ലുന്നത് പടികള്‍ ഇറങ്ങിച്ചെല്ലുന്ന മാതുക്കുട്ടിച്ചായാന്‍റെ മുറിയിലേക്കാണ്. അന്ന് വരക്കാവുന്ന വിഷയങ്ങള്‍ വരക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍, വരച്ചതിലെ അപാകതകള്‍ കഥാപാത്രത്തിലെ കുറവുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമാകും. എന്‍റെ പുതിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ മിസിസ് നായര്‍, ജൂബചേട്ടന്‍, പൊന്നമ്മ സൂപ്രണ്ട് എന്നിവയെല്ലാം രൂപപ്പെട്ടും വീണ്ടും തിരുത്തി രൂപപ്പെടുത്തിയും ജീവനുള്ള കഥാപാത്രങ്ങളായി മാറിയതിനു അദ്ദേഹത്തിന്‍റെ മുറി സാക്ഷിയാണ്.

ഒരിക്കല്‍ മാത്രം എന്നോട് ആവശ്യപ്പെട്ടു: "ഇ. എം. എസിനെ ഇനി അധികം വരയ്ക്കേണ്ട. അദ്ദേഹത്തിന് സുഖമില്ലാതിരിക്കയാണ്." അതിനു ശേഷം ഞാന്‍ ഇ. എം. എസിനെ വരച്ചിട്ടില്ല. ഏതാനും നാളുകള്‍ക്ക്‌ ശേഷം ഇ. എം. എസ് നമ്മെ വിട്ടുപിരിയുകയും ചെയ്തു. അതുപോലെ തന്നെ ഇ. കെ. നായനാരുമായി ബന്ധപ്പെട്ട രണ്ടു കാര്‍ട്ടൂണുകള്‍. മനോരമ മാനേജ്മെന്റിനെ കോരിത്തരിപ്പിക്കുന്ന രണ്ടു നായനാര്‍ വിരുദ്ധകാര്‍ട്ടൂണുകള്‍ രണ്ടു ദിവസങ്ങളിലായി മാറി മാറി വരച്ചു. എന്നാല്‍ ഇത് രണ്ടും പ്രസിദ്ധീകരിക്കേണ്ട എന്ന് മാത്തുകുട്ടിച്ചായന്‍ നിര്‍ദേശം കൊടുത്തു. അത്രത്തോളം ക്രൂരമായ കാര്‍ട്ടൂണുകള്‍ വേണ്ടന്നാണ് ആദ്ദേഹത്തിന്‍റെ അഭിപ്രായം. (ദേശാഭിമാനി പത്രത്തില്‍ മുമ്പ് വന്ന ഒരു അഭിമുഖത്തില്‍ ഈ കാര്‍ട്ടൂണുകളെപ്പറ്റി മാത്തുക്കുട്ടിച്ചായന്‍ സൂചിപ്പിക്കുകയും ചെയ്തു.)

നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സ്പെഷ്യല്‍ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി രണ്ടാഴ്ചക്കാലം താമസിച്ചിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ വന്ന എ. കെ. ആന്‍റണിയുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റിയും ശല്യം തീര്‍ക്കാന്‍ കെ. കരുണാകരനെ വാമനനാകുന്ന കേന്ദ്രം ചവിട്ടിത്താഴ്ത്തുന്നതുമായ രണ്ടു കാര്‍ട്ടൂണുകളും പത്രാധിപതിയംഗങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിച്ചു. ആന്‍റണിയെയും കരുണാകരനെയും പിണക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. അവസാനം ചീഫ്‌ എഡിറ്ററുടെ അഭിപ്രായം ആരാഞ്ഞു. രണ്ടു കാര്‍ട്ടൂണുകളും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ മാത്തുക്കുട്ടിച്ചായന്‍ നിര്‍ദേശിക്കുകയായിരുന്നു. കാര്‍ട്ടൂണുകള്‍ വരച്ച എന്നോട് കരുണാകരനും എ. കെ. ആന്‍റണിക്കും അല്പം പിണക്കം തോന്നിയതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും ഉണ്ടായില്ല.

മനോരമയില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതിനു മുമ്പ് കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസുമായി വന്ന അഭിമുഖം വിവാദമായി. എനിക്ക് ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്നെന്ന് പറയുന്ന പദ്മശ്രീ പുരസ്കാരം പ്രസിഡന്റിന്‍റെ (ഡോ. അബ്ദുല്‍ കലാം ആസാദ്‌) മേശപ്പുറത്തു നിന്ന് റോക്കറ്റ് പോലെ മുകളിലേക്ക് പൊങ്ങി താഴേക്ക് ചീറ്റി വീണതില്‍ മനോരമക്ക് പങ്കുണ്ടെന്ന ചെറിയ സൂചന വരികയോ വരാതിക്കയോ ചെയ്തു. അടുത്ത ദിവസം മാത്തുക്കുട്ടിച്ചായന്‍റെ ഫോണ്‍ വിളി. അദ്ദേഹത്തിന്‍റെ സെക്രട്ടറി ഏലിയാസ്‌ കണക്ട് ചെയ്തു. അച്ചായനെന്തോ സംസാരിക്കനുന്ടെന്നു പറഞ്ഞു. ഞാന്‍ ചെറുതായി പരിഭ്രമിച്ചു. മനോരമയില്‍ നിന്ന് പിരിച്ചുവിടുന്നു എന്ന് പറയാനോ മറ്റോ ആണോ. എന്നാല്‍ അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ മൂന്നാര്‍ ശൈത്യത്തിന്‍റെ സുഖം വന്നു. മാത്തുക്കുട്ടിച്ചായന്‍: "യേശുദാസേ, മൂന്നാര്‍ പ്രശ്നത്തെപ്പറ്റി പിണറായി വിജയന്‍ പറഞ്ഞത് ഇന്നത്തെ പത്രങ്ങളിലുണ്ട്. നമുക്കതിനെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ വേണ്ടേ?"

അദ്ദേഹത്തിന്‍റെ നിര്‍ദേശം കേട്ട മാത്രയില്‍ മൂന്നാറല്ല, ഹിമാലയത്തോളം അദ്ദേഹം ഉയര്‍ന്നതായി തോന്നി. ലാളിത്യമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. കാര്‍ട്ടൂണില്‍ ലാളിത്യം വേണമെന്ന് അദ്ദേഹം പറയുമായിരുന്നു. എപ്പോഴും വര്‍ണം വിതറുന്ന ചിരിക്കുന്ന മുഖം. ആ ചിരി നുണഞ്ഞാല്‍ ദീര്‍ഘായുസ് ലഭിക്കുക നമുക്കാണ്.

മാത്തുക്കുട്ടിച്ചായന്‍റെ പ്രസിദ്ധമായ 'എട്ടാമത്തെ മോതിരം' എന്ന കൃതിയില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: "കാട്ടിനുള്ളിലേക്ക് എത്രത്തോളം പോകാം എന്നൊരു കുസൃതിച്ചോദ്യം കേട്ടിട്ടില്ലേ? 'കാടിന്‍റെ പകുതി വരെ' എന്ന് പറയാന്‍ കുട്ടികള്‍ക്ക് വരെ കഴിയുകയും ചെയ്യും. കാടിന്‍റെ നടുക്കെത്തിയാല്‍ പിന്നെ പുറത്തേക്കല്ലേ യാത്ര? അതപ്പോള്‍ തിരിച്ചു പോക്കാണ്. ഞാന്‍ പുറത്തേക്കു നടന്നെത്താറായി. കാട്ടിലേക്ക് പ്രവേശിച്ച മാനസികാവസ്തയല്ല, കാടിന് പുറത്തേക്കു എത്താറാവുമ്പോള്‍."

കാട് കയറരുത്, മതി എന്ന സന്ദേശം പുതിയ തലമുറയ്ക്ക് അദ്ദേഹം നല്‍കുകയാണ്. അനേകം മുഖങ്ങള്‍ നമ്മള്‍ കാണുന്നു, കണ്ടു മറക്കുന്നു. അനേകം മുഖങ്ങള്‍ വരക്കുന്നു, മുഖങ്ങള്‍ മറയുന്നു. എന്നാല്‍ മാത്തുക്കുട്ടിച്ചായന്‍റെ മുഖം മായാതെ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു. അങ്ങയുടെ എട്ടാമത്തെ മോതിരം അങ്ങയുടെ ഈ ശിഷ്യന്‍ തല കുനിച്ച് ചുംബിക്കട്ടെ!

1 അഭിപ്രായം:

  1. യുദ്ധത്തിൽ(കേസിൽ) വിജയിച്ച ആൾ(മാത്തുക്കുട്ടിച്ചായൻ)
    പിടിച്ചടക്കിയത് (ബോബൻറേയും മോളിയുടേയും പിതൃത്വം)
    പരാജിതനു (കാർട്ടൂണിസ്റ്റ് ടോംസ്) നൽകാറില്ലല്ലോ
    എന്നു സി.രാധാകൃഷ്ണൺ ചോദിച്ചതിനു കെ.എം.മാത്യു
    പറഞ്ഞ മറുപടി
    കൂടി ഒന്നനുസ്മരിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ