കറക്കുന്ന കൈരേഖ
എന്‍റെ കൈരേഖ നോക്കി ആദ്യം പ്രവചിച്ചത് വൈക്കം ചന്ദ്രശേഖരന്‍ നായരായിരുന്നു. “താന്‍ ഈ കസേരയില്‍ ഇരിക്കേണ്ട ആളല്ല” എന്ന് വൈക്കം ജനയുഗം പത്രഓഫീസില്‍ വെച്ച് പറഞ്ഞപ്പോള്‍ സമീപത്തിരുന്ന കാമ്പിശ്ശേരി കരുണാകരന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. മനസ്സില്‍ കൊണ്ടുനടന്ന ഒരു രഹസ്യം ചോര്ന്നുപോയോ എന്ന പേടി.
ഒ. വി. വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന്‍ രാജി വച്ച് പോയ ഒഴിവിലേക്ക് ഞാന്‍ അപേക്ഷ അയച്ച് കാത്തിരിക്കുന്ന സമയമായിരുന്നു. അല്പം ആട്ടം ഉണ്ടായിരുന്ന ജനയുഗത്തിന്‍റെ കസേരയില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു: “നേരാണോ വൈക്കം ചേട്ടാ?” എന്നാല്‍ അതിനു മറുപടി പറഞ്ഞത് കാമ്പിശ്ശേരിയായിരുന്നു: “യേശുവേ, ഇത് കള്ള കൈനോട്ടക്കാരനാണ്. യേശു ശങ്കേഴ്സ് വീക്കിലിയിലേക്ക് അപേക്ഷ അയച്ച വിവരം ഇന്നലെ ഞാന്‍ വൈക്കത്തിനോട് ഓര്‍ക്കാത് പറഞ്ഞു പോയി.
ഒറ്റപ്പാലംകാരന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തെക്കാളും പ്രസിദ്ധനാണ് ഹസ്തരേഖാവിദഗ്ധന്‍ ടി. എം. ആര്‍. കുട്ടി - പ്രത്യേകിച്ച് കോണ്‍ഗ്രെസ്സുകാര്‍ക്കിടയില്‍. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയചരടുവലികളുടെയും ചലനങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും പിന്നില്‍ ടി. എം. ആര്‍. കുട്ടിയുടെ പേരും പൊങ്ങിവരാറുണ്ടായിരുന്നു. കാരണം കെ. കരുണാകരന്‍റെ കളരിയിലെ കളികള്‍ പലതും ടി. എം. ആര്‍. കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന്‍ ഒരു കാലത്ത് പറയാറുണ്ടായിരുന്നു. കെ. കരുണാകരന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന വേദികളിലെല്ലാം സദസ്സിന്‍റെ മുന്‍നിരയില്‍ കുട്ടി ഉണ്ടായിരുന്നു.
എന്നാല്‍ കുട്ടി ഒരു ‘മൊബൈല്‍’ കൈനോട്ടക്കാരനായിരുന്നു. പല സ്ഥലത്ത് സഞ്ചരിച്ച് ക്യാമ്പ് ചെയ്തുകൊണ്ട് ജനത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുമായിരുന്നു. രാത്രി കാലങ്ങളില്‍ പോലീസ് ഉദ്യോഗസ്തരാണ് അവിടെ പാഞ്ഞുകയറാറുള്ളത്. പ്രമോഷന്‍, മകളുടെ കല്യാണം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, ട്രാന്‍സ്ഫര്‍, ഉരുട്ടലിലെ തിരിച്ചടികള്‍ എന്നിവയെപ്പറ്റിയെല്ലാം കുട്ടി അവര്‍ക്ക് കൈ നോക്കി പറഞ്ഞുകൊടുക്കും.
രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തുള്ളവരും കൈയും പൊക്കിപ്പിടിച്ചു പാഞ്ഞെത്തുന്നു. കുട്ടിയുടെ കൈയിലുള്ള തടിച്ച ഫോട്ടോ ആല്‍ബം പ്രസിദ്ധമാണ്. തന്നെ കാണാന്‍ വന്നവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ അതിലുണ്ടാകും. ഈ ആല്‍ബം കാണാനാണ് ഞാന്‍ അദ്ദേഹത്തെ കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നത്. അന്നത്തെ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന വെള്ള ഈച്ചരനും ഒന്നിച്ച് കുട്ടി വിവിധ പോസുകളിലിരിക്കുന്ന ഫോട്ടോകളില്‍ നിന്ന് ചിലത് ഞാന്‍ ചോദിച്ചു വാങ്ങി. മന്ത്രിയുടെ ഫോട്ടോകള്‍ എല്ലാം ചേര്‍ത്ത് രണ്ടു പേജുകളിലായി ‘അസാധു’ രാഷ്ട്രീയ വിനോദമാസികയില്‍ പ്രസിദ്ധീകരിച്ചു. അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ നാടകം. അതിനുശേഷം കുട്ടിയെ കണ്ടപ്പോള്‍ മന്ത്രി ക്ഷുഭിതനായി ചോദിച്ചത്രേ: “താനെന്‍റെ ഫോട്ടോ വിറ്റ് കാശുണ്ടാക്കുകയാണോ? കൈനോട്ടം നിറുത്തിയോ?”
പക്ഷേ, കുട്ടിയൊരു ശുദ്ധഗതിക്കാരനായിരുന്നു. സ്വന്തമായി ഒരു റൈസ് മില്‍ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി പാലക്കാട്-തിരുവന്തപുരം റൂട്ടില്‍ ഓടി നടക്കുന്ന കാലം. സമീപത്തൊരു റൈസ് മില്‍ ഉള്ളതുകൊണ്ട് മറ്റൊന്നു അനുവദിക്കുന്നതില്‍ സാങ്കേതികതടസ്സങ്ങളുണ്ട്. കുട്ടിക്ക് വേണ്ടി കെ. കരുണാകരനും ശ്രമിക്കുകയുണ്ടായെന്കിലും സാങ്കേതികതടസ്സങ്ങളില്‍ അപേക്ഷ കുടുങ്ങിക്കിടന്നു. ഒരിക്കല്‍ ഞാന്‍ ചങ്ങനാശ്ശേരി വഴി പോകുമ്പോള്‍ ടി. എം. ആര്‍. കുട്ടിയുടെ പരസ്യബോര്‍ഡ് കാണുകയുണ്ടായി. പഴയ സുഹൃത്തിനെ കൂടിക്കാണാമെന്ന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ മുറിയിലെത്തിയെന്കിലും തിരക്കൊന്നും കണ്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം കുട്ടി എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ വലതുകൈ എന്‍റെ നേരെ നീട്ടിക്കൊണ്ട് ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പരുങ്ങി. മനസ്സില്‍ വിഷാദവും പടര്‍ ന്നെത്തി. അദ്ദേഹത്തിന്‍റെ ആവശ്യം ഇതായിരുന്നു: “റൈസ് മില്ലിന്‍റെ അനുവാദത്തിനായി ഞാന്‍ നാളെ തിരുവനന്തപുരത്തിന് പോവുകയാ. എന്‍റെ കൈ സാറൊന്നു നോക്കിക്കേ – റൈസ് മില്ലിന് അനുവാദം കിട്ടുമോ?”
കുട്ടിയുടെ കൈ നോക്കാതെ ഹസ്തരേഖയെപ്പറ്റി പിടിപാടില്ലാത്ത ഞാന്‍ എന്‍റെ കൈയ്യിലേക്ക് നോക്കിയിരുന്നു. ലീഡര്‍ക്ക് (കെ. കരുണാകരന്‍) ഏറെ വിശ്വാസമുള്ള ഒരു ജ്യോത്സ്യരായിരുന്നു മിത്രന്‍ നമ്പൂതിരിപ്പാട്. പറയുന്നത് ‘അച്ചിട്ട്’ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയായിരുന്നു. പ്രസിദ്ധ ചലച്ചിത്ര സംവിധായകനായ എന്‍. ശങ്കരന്‍നായരുടെ (മദനോത്സവം ഫെയിം) ചെന്നെയിലെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ച ശേഷം വീട്ടില്‍ നിന്ന്‍ മടങ്ങുന്ന വേളയില്‍ ശങ്കരന്‍നായരുടെ പത്നി ഉഷാറാണിയുടെ അമ്മ വരാന്തയില്‍ നിന്ന് നമ്പൂതിരിപ്പാടിനോടായി പറഞ്ഞു: “എങ്കില്‍ പോയി വന്നാട്ടെ. ഇനി വരുമ്പോള്‍ കാണാം.”
കാറിലേക്ക് കയറാന്‍ ശ്രമിക്കയായിരുന്ന നമ്പൂതിരിപ്പാട് അമ്മയോട്: “അതെങ്ങനെ? ഇനി ഞാന്‍ വരുമ്പോള്‍ നിങ്ങളിവിടെ ഉണ്ടാവുമോ?” ആ ചോദ്യം ഒരു പ്രവചനമായി മാറി. അല്‍പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ അമ്മ മരിച്ചു. അതോടെ മിത്രന്‍ നമ്പൂതിരിപ്പാട് ചലച്ചിത്രമേഖലയില്‍ പ്രസിദ്ധനായി. പോര്‍ട്ട് ട്രസ്റ്റിലെ ഒരു എഞ്ചിനീയര്‍ ആയിരുന്ന കോര എന്നൊരു വ്യക്തി ചീട്ടുകള്‍ നിരത്തി സിനിമാക്കാര്‍ക്ക് വേണ്ടി ഈ രീതിയില്‍ ഭാവി പ്രവചിച്ചിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ കൊച്ചി സന്ദര്‍ശിച്ചിരുന്ന തമിഴ് നാട്ടുകാരനായ അളഗിരിസ്വാമിയും ഇടക്ക് പ്രസിദ്ധനായി മാറി. ഭൂതകാലതെപ്പറ്റി സ്വാമി കൈനോക്കി പറയുന്നത് കേട്ടാല്‍ ആരും കാല്‍ ചുവട്ടില്‍ വീണു പോകും. ഇപ്പോള്‍ അദ്ദേഹം കേരളത്തില്‍ എത്താറില്ല. മണ്മറഞ്ഞതാവാം.
മൂന്നു പ്രാവശ്യം ഞാന്‍ സിങ്കപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനങ്ങള്‍ ഒരുക്കിത്തന്നത് അന്നത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ബി. എം. സി. നായര്‍. ‘കലിക’ എന്ന പ്രശസ്ത നോവലിലൂടെ നമ്മള്‍ അദ്ദേഹത്തെ അറിയാന്‍ തുടങ്ങി. വൈകാരികമായി സുഹൃത്തുക്കളോട് ഒട്ടിച്ചേരുന്ന പ്രകൃതമായിരുന്നു ബി. എം. സിക്ക്. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യാരാജ്യത്തിന്‍റെ അറിയാത്ത വിശേഷങ്ങള്‍ സിംഗപ്പൂരില്‍ എത്തി മനസ്സിലാക്കാന്‍ കഴിഞ്ഞു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാനമന്ത്രിമാരുടെയും പണം ഏതെല്ലാം ബാങ്കുകളിലുണ്ട് ഏതൊക്കെ മന്ത്രിമാര്‍ കൈയും വീശിവന്ന്‍ വന്‍ കെട്ടുകളുമായി മടങ്ങുന്നു, മന്ത്രിമാരുടെ ഏതെല്ലാം ബന്ധുക്കള്‍ ഏതൊക്കെ തീയതികളില്‍ ഷോപ്പിങ്ങിനായി എത്തി തുടങ്ങിയ വിവരങ്ങള്‍ നമുക്ക് സിംഗപ്പൂരില്‍ എത്തിയാല്‍ അറിയാനാവും. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്‍റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന അമന്‍നാഥ് വര്‍മ്മയുടെ സിങ്കപ്പൂര്‍ ഉല്ലാസയാത്രകള്‍ ഏറെ പ്രസിദ്ധമാണ്. ജയിലില്‍ വെച്ച് മരണപ്പെട്ട വ്യവസായി രാജന്‍പിള്ളക്ക് എതിരെ അദ്ദേഹം നടത്തിയെന്നു പറയപ്പെടുന്ന നീക്കങ്ങളും പരക്കെ അറിവുള്ളതാണ്. ആരോപണവിധേയനായ അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വാങ്ങിക്കൊണ്ട് രാജിവെച്ചു. കൈയ്യും വീശി ഉണക്കബാഗുമായി സിങ്കപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങുന്ന ചില കേന്ദ്രമാന്ത്രിമാരുടെ മടക്കം അനേകം പെട്ടികളുടെയും ബാഗുകളുടെയും അകമ്പടിയോടെയാണ് എന്നറിയാന്‍ സിങ്കപ്പൂര്‍ വരെ പോകണമെന്നില്ല. നരസിംഹറാവുവിന്‍റെ ഒരു പുത്രന്‍ സിങ്കപ്പൂര്‍ - ഹോങ്കോങ്ക് – ജപ്പാന്‍ യാത്രയില്‍ കമ്പക്കാരനായിരുന്നു. എന്‍റെ മൂന്നാമത്തെ സന്ദര്‍ശനവേളയിലാണ് ‘റാവുഭാഗ്യം’ വന്നുവീണത്. നരസിംഹറാവുവിന്‍റെ ഒരു സെക്രട്ടറിയെ സിംഗപ്പൂരില്‍ വെച്ച് പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായി. തമിഴ്‌നാട്ടില്‍ താമസിക്കുന്ന രാഘവേന്ദ്രറാവു എന്ന മാന്യന്‍. ചെറുപ്പക്കാരന്‍, സുമുഖന്‍, നെറ്റിയില്‍ പൊട്ട്, പാന്റും കോട്ടും വേഷം, നല്ല ഇംഗ്ലീഷ്. ഇദ്ദേഹം നരസിംഹറാവുവിന്‍റെ ഏതു സെക്രട്ടറിയാണെന്ന് ആര്‍ക്കും പിടിയില്ല. പ്രധാനമന്ത്രിയുടെ യാത്രാവേളയില്‍ രാഘവേന്ദ്രറാവു എപ്പോഴും ഉണ്ടാവും. നിര്‍മ്മാതാവായ കെ. ടി. കുഞ്ഞുമോനോടോപ്പമായിരുന്നു എന്‍റെ മൂന്നാം യാത്ര. വ്യവസായിയായ രാജന്‍പിള്ള ഞങ്ങള്‍ക്കായി ഒരുക്കിയ സല്‍ക്കാരത്തില്‍ രാഘവേന്ദ്രറാവു പ്രത്യക്ഷപ്പെട്ടു. ജനയുഗത്തില്‍ വന്ന എന്‍റെ കാര്‍ട്ടൂണുകള്‍ രാജന്‍പിള്ളയുടെ ഓര്‍മയില്‍ നിന്നും വന്നു. സംഭാഷണത്തില്‍ മധുരം വിളമ്പാറുള്ള ബി. എം. സി. നായര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. വി. പി. നായര്‍, എഞ്ചിനീയര്‍ രവീന്ദ്രന്‍, നിര്‍മാതാവ് കെ. ടി. കുഞ്ഞുമോന്‍, സുഗന്ധമുള്ള സിഗരറ്റുകളുടെ നിര്‍മാതാവ് ഷാര്‍ജയിലെ മുഹമ്മദ് ഷെരീഫ് എന്നിവര്‍ പങ്കെടുത്ത ഈ സല്ക്കാരവേളയില്‍ പലരുടെയും മുഖവും ചലനങ്ങളും നോക്കി പ്രവചിച്ച് രാഘവേന്ദ്രറാവു നല്ലൊരു ജ്യോത്സ്യരാണെന്ന്‍ വിളിച്ചറിയിച്ചു.
നരസിംഹറാവുവിന്‍റെ വിദേശയാത്രകളില്‍ ഇദ്ദേഹം ഒപ്പമുണ്ടായിരിക്കും. വീട്ടില്‍ നിന്ന് എപ്പോള്‍ ഇറങ്ങണം, ലണ്ടന്‍ സമ്മേളനത്തില്‍ ഇരിക്കേണ്ട കസേര അല്പം ചലിപ്പിച്ചിടുക, ഷേക്ക് ഹാന്‍ഡ് ചെയ്യുമ്പോള്‍ കൈ കുലുക്കെണ്ടത് എത്ര തവണ, പൊട്ട് എത്ര തവണ നെറ്റിയില്‍ ഇടണം, എത്ര ഇഞ്ച് വലിപ്പത്തില്‍ വേണം, എത്ര മോതിരം ധരിക്കണം തുടങ്ങിയവക്കെല്ലാം രാഘവേന്ദ്രറാവുവാണ് ഉപദേശം കൊടുക്കുക.
അന്നത്തെ സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ ജാതകവും രാഘവേന്ദ്രറാവു എഴുതി തയ്യാറാക്കി. 1941 മെയ് 20 ആണ് പ്രധാനമന്ത്രിയുടെ ജന്മദിനമെന്നു നേരത്തെ അറിയാമായിരുന്നതു കൊണ്ട് അദ്ദേഹത്തിന്‍റെ ജാതകം എഴുതി തയ്യാറാക്കാന്‍ എളുപ്പമായി. ജാതകവുമായി ഹൈക്കമ്മീഷണറായ ബി. എം. സി. നായരുടെ മുമ്പിലെത്തി. “ഈ ജാതകം പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാനുള്ള അവസരം എനിക്കുണ്ടാക്കി തരണം. അങ്ങനെയെങ്കില്‍ സിങ്കപ്പൂര്‍ പ്രധാനമന്ത്രി എന്നെക്കൂടെക്കൂടെ സിങ്കപ്പൂരിലേക്ക് ക്ഷണിക്കും.”
ബി. എം. സി. ചിരിച്ചുകൊണ്ട് മറുപടി നല്‍കി: “വിളിക്കാന്‍ സാധ്യത കുറവാണ്. എന്‍റെ ജന്മദിനവും 1941 മെയ് 20 ആണ്. ഈ ജന്മദിനക്കാര്‍ക്ക് ജാതകത്തില്‍ താല്പര്യം കുറയും.”
നമുക്ക് ഭോപാലിലേക്ക് തിരിയാം. ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന്‍ ആന്‍ഡേഴ്സനെ രക്ഷപെടാന്‍ നരസിംഹറാവു സാഹചര്യം ഒരുക്കിയോ? രാജീവിനെയും അര്‍ജുന്‍ സിങ്ങിനെയും ബന്ധപ്പെടാന്‍ രാഘവേന്ദ്രറാവു ഉപദേശിച്ചോ? രക്ഷപെടാന്‍ ഒരുക്കിയ വിമാനത്തില്‍ എത്ര ഇന്ധനം നിറക്കണമെന്ന്‍ നിര്‍ദേശിച്ചു എന്നീ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ രാഘവേന്ദ്രറാവുവിന് കഴിയുമെന്ന് ഉറപ്പാണ്. ജയ് റാവു!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കൈപ്പത്തി ചിഹ്നം ആയിക്കിട്ടിയതിൻ റെ പിന്നിൽ
മറുപടിഇല്ലാതാക്കൂകരുണാകര കരങ്ങൾ ആയിരുന്നു എന്നായിരുന്നു ധരിച്ചത്.
കൈകൾ ടി.എം.ആർ കുട്ടിയുടേതായിരുന്നു എന്നിപ്പോൾ മനസ്സിലായി