2010, മേയ് 29, ശനിയാഴ്‌ച

താഴേക്കിറങ്ങി വരുന്ന

പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ കുട്ടിക്കാലത്തേക്ക് ഓര്‍മ്മകള്‍ ഒഴുകിയെത്തുകയാണ്. എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. 65 വര്‍ഷം പഴക്കമുള്ള കാനനഛായയിലേക്ക് ഓര്‍മ്മകള്‍ മേഞ്ഞെത്തണം.

രമണനിലെയും വാഴക്കുലയിലെയും വരികള്‍ എന്‍റെ പിതാവ് പാടുമ്പോള്‍ ഞാന്‍ കൌതുകത്തോടെ കേട്ട് നില്‍ക്കും. സര്‍ക്കാര്‍ ഉദ്യോഗവുമായി പലദേശങ്ങള്‍ സഞ്ചരിച്ചിരുന്ന പിതാവിന്‍റെ പുതിയ ലാവണം തൃക്കാക്കരയിലായപ്പോള്‍ എന്‍റെ പഠിപ്പുര ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളും പിന്നീട് ഇടപ്പള്ളിക്ക് സമീപമുള്ള ദേവന്‍കുളങ്ങര ഗവണ്മെന്‍റ് മിഡില്‍ സ്കൂളുമായി മാറി. ദേവന്‍കുളങ്ങരയില്‍ പഠിക്കുമ്പോഴാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ തറവാടിനെക്കുറിച്ച് അറിയുന്നത്. അത് അദ്ദേഹത്തെ കാണാനുള്ള മോഹമായി മാറുകയും ചെയ്തു. മുന്‍ സ്പീക്കറും മുന്‍ എം. പിയും കേന്ദ്രമന്ത്രിയായിരുന്ന എ. സി. ജോര്‍ജിന്‍റെ സഹോദരനായ എ. സി. ജോസും ഞാനും ഒരുമിച്ചാണ് ഈ രണ്ടു പാഠശാലകളിലും പഠിച്ചത്‌. ജോസും ഞാനും ഒരേ ക്ലാസ്സില്‍. മുന്‍ ബഞ്ചുകാര്‍. കുടുംബപരമായ അടുപ്പം ഉണ്ടായിരുന്നതുകൊണ്ട് എന്‍റെ എല്ലാ കുസൃതികള്‍ക്കും ജോസിന്‍റെ എല്ലാ കല്ലേറുകള്‍ക്കും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ചങ്ങമ്പുഴയുടെ വീട് ദേവന്‍കുളങ്ങര മിഡില്‍ സ്കൂളിന്‍റെ സമീപത്താണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാന്‍ മോഹമായി.

ക്ലാസുള്ള ദിവസങ്ങളില്‍ ഉച്ചസമയത്തെ വിശ്രമസമയത്ത് ഞാനും ജോസും കറങ്ങിനടക്കാത്ത സ്ഥലങ്ങളില്ല. കൃസ്ത്യാനികളായ ജോസിനും എനിക്കും ഇടപ്പള്ളി കൊട്ടാരത്തില്‍ കയറാന്‍ സാധിക്കില്ലെങ്കിലും രാമന്‍, കൃഷ്ണന്‍ എന്നീ വ്യാജപ്പേരുകള്‍ തമ്മില്‍ തമ്മില്‍ വിളിച്ചുകൊണ്ട് ഞങ്ങള്‍ ഒരു ദിവസം കൊട്ടാരത്തിനകത്തു കയറിയതോര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. ഒരു കൊട്ടാരം ജീവനക്കാരന്‍ ഞങ്ങളെ ഉപദേശിക്കാനാണ്‌ ശ്രമിച്ചത്‌: നിങ്ങള്‍ രാമന്‍, കൃഷ്ണന്‍ എന്നീ കള്ളപ്പേരുകള്‍ വിളിച്ചല്ലേ കൊട്ടാരത്തില്‍ കയറിയിരിക്കണത്. രണ്ടിനേം കണ്ടാല്‍ നസ്രാണികളെന്നു ആര് പറയും?

ജോസിനെ സൂക്ഷിച്ചു നോക്കിയശേഷം അയാള്‍ പറഞ്ഞു: ഇവനെ കണ്ടിട്ട് ഇടപ്പപള്ളീലെ അമ്പാട്ടെ ചാക്കോചേട്ടന്‍റെ മകനാണെന്ന് തോന്നുന്നല്ലോടേ. ജോസ് പെട്ടെന്ന് എന്‍റെ പിന്നിലേക്ക്‌ മാറി. കണ്ടുപിടുത്തം തെറ്റിയില്ല. ജോസ് ഞെട്ടി. ഞാന്‍ ചിരിച്ചു. ജീവനക്കാരന്‍റെ ഉപദേശം വീണ്ടും: ഇനി ഇമ്മാതിരി ചെയ്യരുതട്ടോ. പൊയ്ക്കോ.

ഞങ്ങള്‍ കൊട്ടാരം ഇറങ്ങി. അതുപോലെ തന്നെ സെന്‍റ് ജോര്‍ജ് പ്രൈമറി സ്കൂളിന് എതിര്‍വശമുള്ള സെന്‍റ് ജോര്‍ജ് പള്ളിയില്‍ ഉച്ച സമയത്ത് പോകുന്നതും ഞങ്ങള്‍ പതിവാക്കിയിരുന്നു. എന്തിനെന്ന് ചോദിച്ചാല്‍ രണ്ടു പേര്‍ക്കും അറിയില്ല. എന്നാല്‍ മടങ്ങി വരുമ്പോള്‍ രണ്ടു പേരുടെയും ഷര്‍ട്ടിന്‍റെയും നിക്കറിന്‍റെയും പോക്കറ്റില്‍ പകുതി കത്തിത്തീര്‍ന്ന കുറെ മെഴുകുതിരികള്‍ ഉണ്ടാകും. വീട്ടില്‍ കൊണ്ടുപോയി കത്തിക്കും. അതിനു മുന്നിലിരുന്നു പഠിക്കുക പതിവായിരുന്നു. കരന്‍റ് വന്നിട്ടില്ലാത്ത കാലം. എന്നാല്‍ വലിയ മണ്ണെണ്ണ വിളക്കുകള്‍ ഉള്ള വീട്ടിലെ ജോസ് മെഴുകുതിരി എന്ത് ചെയ്തു എന്ന് എനിക്കറിയില്ല. ഇപ്പോഴും സൂക്ഷിച്ചു വെച്ചിച്ചുണ്ടായിരിക്കാം.

ദേവന്‍കുളങ്ങര സ്കൂളിന് മുമ്പില്‍ വലിയ ഒരു ആല്‍മരം ഉണ്ടായിരുന്നു. ഉച്ചക്കറക്കത്തിന്‍റെ തുടക്കം ആല്‍മരം സന്ദര്‍ശിച്ചതിനുശേഷമായിരിക്കും. മരത്തിന്‍റെ ചുവട്ടിലിരുന്ന് മിഠായി വില്‍ക്കുന്ന (ഞങ്ങള്‍ അന്നു പറഞ്ഞിരുന്നത് തുപ്പലു മിഠായി എന്നാണ്.) ചേട്ടത്തിയെ സന്ദര്‍ശിച്ച് മിഠായിയും വാങ്ങി ആലിന്‍റെ ചുവട്ടിലെ വലിയ പോട്ടില്‍ തലയിട്ട് ഭുംഭും ശബ്ദം കേട്ട് രസിക്കും. മരത്തിനുള്ളില്‍ ഭൂതമുണ്ടെന്നായിരുന്നു അന്നത്തെ വിശ്വാസം. കൂടെ പഠിച്ച വിജയന്‍മാരും വര്‍മ്മയും മനോഹരനും ഉമ്മറും സ്പോര്‍ട്സ്‌ താരമായ കുട്ടന്‍പിള്ളയും രജിസ്ട്രാറുടെ മകന്‍ തമ്പിജോസ് സെബാസ്ടിയനും മുരളിയും തലയിടാന്‍ ഒരുങ്ങി നില്‍ക്കാറു പതിവാണ്.

അവിടെനിന്ന്‌ വലത്തേക്ക് തിരിഞ്ഞു കുറെ വീടുകള്‍ കഴിയുമ്പോള്‍ ഇടതുവശത്തൊരു ഗേറ്റ്. ഗേറ്റില്‍ ഇടതുവശത്തെ തൂണില്‍ വീട്ടു പേര് എഴുതിവെച്ചിരിക്കുന്നു - ചങ്ങമ്പുഴ. ചരിഞ്ഞ അക്ഷരങ്ങള്‍. അത് മാര്‍ബിളില്‍ കൊത്തിവച്ചതായിട്ടാണ് ഓര്‍മ്മ. അതല്ലെങ്കില്‍ സിമെന്റില്‍ ഒരുക്കിയത്.

ഞാനും ജോസും ഗേറ്റ് തുറന്നു അകത്തു കയറും. വിശാലമായ പറമ്പും നടുവില്‍ ഒരു വീടും. ഒരു വലിയ മരച്ചുവട്ടിലെ ചാരുകസേരയിലിരുന്നു മെലിഞ്ഞ ഒരാള്‍ എന്തോ കുതിക്കുറിക്കുന്നത് കാണാം - ബനിയനും മുണ്ടും വേഷം. അദ്ദേഹം ഞങ്ങളെ കണ്ടു. കൈകൊണ്ട് അടുത്തേക്ക് ക്ഷണിച്ചു. കുശലങ്ങള്‍ ചോദിച്ചു. നന്നായി പഠിക്കണമെന്ന് ഞങ്ങളെ ഉപദേശിക്കും. ആ മെലിഞ്ഞ മനുഷ്യനാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ള.

ചങ്ങമ്പുഴയെ സന്ദര്‍ശിച്ചശേഷം ഉച്ചസമയത്ത് ഞാനും ജോസും പുറത്തേക്കു ഇറങ്ങുന്നത് കെട്ടിപ്പിടിച്ചാണ് - ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ നീയെന്‍റെ ജീവനല്ലേ എന്ന രമണനിലെ വരികള്‍ പാടിക്കൊണ്ട്.

പക്ഷേ, പുറത്തിറങ്ങുന്ന ഞാന്‍ ജോസിന്‍റെ പിടി വിട്ട് ഗേറ്റില്‍ ചങ്ങമ്പുഴ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡിന് അടുത്തേക്ക് നീങ്ങും. എന്‍റെ ചൂണ്ടുവിരല്‍ ബോര്‍ഡിലെ യിലേക്കും ങ്ങയിലേക്കും, മ്പുയിലേക്കും, യിലേക്കും ഓടിച്ചു ഒപ്പിയെടുക്കാന്‍ ശ്രമിക്കും. യുടെ ചുവട്ടിലെ വളളി ഇടത്തേക്ക് തിരിഞ്ഞും വളഞ്ഞും യുടെ ചുവട്ടില്‍ അഭയം തേടുന്നതിലെ ഭംഗി ഞാന്‍ നോക്കി നില്‍ക്കുക പതിവായിരുന്നു.

എന്നാല്‍ ക്ലാസ്സില്‍ കയറേണ്ട സമയമായെന്ന് പറഞ്ഞു ജോസ് വഴക്കിടും. ക്ലാസ്സില്‍ കയറേണ്ടടോ ദാസ്സേ. താനാ ബോര്‍ഡ്‌ ഇളക്കിയെടുക്കാന്‍ ശ്രമിക്കയാ? ജോസിന്‍റെ ചോദ്യം.

ഉച്ചസമയത്തെ ഈ സന്ദര്‍ശനവും ബോര്‍ഡിലൂടെ വിരലോടിക്കുന്നതും ഒരു പതിവായി മാറി.

ഒരു ദിവസം ഉച്ചയോടു കൂടി ഒരു ചെറിയ കറുത്ത കാര്‍ (മോറിസ് മൈനര്‍ ആണന്നു ഓര്‍മ്മ) സ്കൂളിന്‍റെ മുന്നില്‍ വന്നു നിന്നു. അധ്യാപകര്‍ക്ക് പിന്നാലെ ഞങ്ങള്‍ കുറച്ചു കുട്ടികള്‍ പുറത്തേക്കോടി സുഖമില്ലാത്ത അവസ്ഥയില്‍ ചങ്ങമ്പുഴ. പരിചയത്തിലുള്ള ഒരു അധ്യാപകനെ കാണാനാണ് ചങ്ങമ്പുഴ എത്തിയത്. ഏറെ നേരം ചിലവഴിച്ചില്ല. കാര്‍ ഇടപ്പള്ളി അമ്പലത്തിനു മുമ്പില്‍ തിരിഞ്ഞു വടക്കോട്ട് നീങ്ങി. അദ്ദേഹം കാറിലിരുന്നു കൈ വീശി. ഞങ്ങളും.

അത് ചങ്ങമ്പുഴയുടെ അവസാനയാത്രയായിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് അദ്ധേഹത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്‍റെ കുഞ്ഞുമനസ്സ് ഏറെ വേദനിച്ചു. ചങ്ങമ്പുഴ പറമ്പിലെ ചാരുകസേരയിലിരിക്കുന്ന ചേട്ടനെയും ചങ്ങമ്പുഴ ബോര്‍ഡും താഴേക്കിറങ്ങി കറങ്ങി വരുന്ന എന്ന അക്ഷരവും ഇന്നും ഒരു കരള്‍ പോലെ മായാതെ മനസ്സില്‍ ഞാന്‍ കൊണ്ടുനടക്കുന്നു. അക്ഷരങ്ങളില്‍ വന്ന പരിചരണവും തലോടലും കുട്ടിയായ എന്നില്‍ അത്ഭുതവും പ്രേമവും ഉണര്‍ത്തി. ചങ്ങമ്പുഴ ഫലകം ഇന്ന് എവിടെയാണന്നറിയില്ല. ചങ്ങമ്പുഴയുടെ തന്നെ കൊച്ചുമകനോടും ഒരിക്കല്‍ ഞാന്‍ ചോദിച്ചു. അദ്ദേഹത്തിനും അറിയില്ല. ചങ്ങമ്പുഴ ഫലകത്തില്‍ കാണാനിടവന്ന ആ അക്ഷരങ്ങളും യുടെ വഴക്കവും ഒരു പക്ഷേ എന്‍റെ ഉള്ളില്‍ ലീനമായിരുന്ന കലയുടെ ഉയര്‍ത്തെഴുന്നേല്പ്പിനു കാരണമായതായിരിക്കാം.

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മേയ് 30 5:29 PM

    Dear Yesudasan,
    This is an interesting read. The meeting with Changampuzha is indeed a great read. Lucky the pals Jose and Yesudasan to meeting with a legend.
    Shivakumar,
    Quilon

    മറുപടിഇല്ലാതാക്കൂ
  2. ദാസനും ജോസനും കൂടി
    ഒഴുകിവരുന്ന പുഴ കാണാൻ
    പോയ സ്മരണ ഉഗ്രൻ

    മറുപടിഇല്ലാതാക്കൂ
  3. ചങ്ങമ്പുഴ കുറെക്കാലം കറ്റാനത്തിനു സമീപം കായംകുളത്തു
    ട്യൂട്ടോറിയൽ അധ്യാപകനായി ജോലി നോക്കിയിരുന്നു.ഭഗവതി
    വിലാസം ഹോട്ടലിൽ ഉണ്ടു താമസ്സം.അക്കാലത്താണ്‌ വാഴക്കുല
    എഴുതിയത്.യേസുദാസൻ റെ നാട്ടിൽ നടന്ന സംഭവത്തെ ആധാരമാക്കി.
    സംഭവം വിവരിച്ചു നൽകിയതും സ്ഥലം കാണിച്ചു കൊടുത്തതും
    കഥാപാത്രങ്ങളെ കാട്ടിക്കൊടുത്തതും കേശവൻ പോറ്റി സാർ.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂൺ 5 6:26 PM

    njangale changampuzhayeppatti oormippichathinu nandi. ezhuthu ishtappettu.
    kooduthal kaathirikkunnu.

    മറുപടിഇല്ലാതാക്കൂ