2010, മേയ് 23, ഞായറാഴ്‌ച

കാലു മുതല്‍ നാക്കുവരെ

ഏതെങ്കിലും ഒരു ചടങ്ങിന് എത്തുമ്പോഴാണ് എന്‍റെ മൂന്നു സ്നേഹിതരെ ഒരുമിച്ച് ഞാന്‍ ഓര്‍ക്കാറുള്ളത്. പ്രശസ്ത ചിത്രകാരനായ ശ്രീ. സി. എന്‍. കരുണാകരന്‍, പലതുകൊണ്ടും പ്രശസ്തനായ മുന്‍ എം. എല്‍. എ. ശ്രീ. ശരത്ചന്ദ്രപ്രസാദ്‌, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ശ്രീ. ജോസഫ്‌ എം. പുതുശ്ശേരി എന്നീ തൃമൂര്‍ത്തികളാണ് ഓര്‍മ്മയില്‍ എത്തുന്നത്‌. യോഗസ്ഥലത്തോ മറ്റു ചടങ്ങുകള്‍ നടക്കുന്ന ഹാളിലോ ഞാന്‍ കയറിച്ചെല്ലുന്നത് സാവധാനത്തില്‍ കാലുകള്‍ എടുത്തുവെച്ചാണ്. വേദിയിലേക്ക് കയറിപ്പറ്റാന്‍ ചില അവസരങ്ങളില്‍ സഹായവും വേണ്ടിവരുന്നു.

സഹായത്തിനു ഒരാള്‍ കൈ പിടിക്കുമ്പോള്‍ അതു എറെ സഹായകമാകും. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് എനിക്ക് ഹൃദയ ശാസ്ത്ക്രിയ നടന്നത്. കൊച്ചി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. എ. കെ. ഏബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമാണ് ചെന്നെയിലേക്ക് പോയത്. ഹൃദയത്തിനു താങ്ങായി ഡോ. അജിത്‌ മുല്ലശ്ശേരി, ഡോ. കുര്യന്‍ എന്നിവര്‍ ചെന്നെയില്‍ ഉണ്ടായിരുന്നു. ഇടതുകാലില്‍ നിന്നാണ് ഞരമ്പ്‌ എടുത്തു ഹൃദയത്തില്‍ വെച്ചത്. എന്നാല്‍ ആറു മാസം കഴിഞ്ഞപ്പോള്‍ ഇടതുകാലിലെ ഞരമ്പുകള്‍ക്ക് മരവിപ്പ്. നല്ല ആരോഗ്യം ഉള്ളവര്‍ക്ക് ഞരമ്പ്‌ മാറ്റിയാലും കുഴപ്പം വരാറില്ല. എന്നാല്‍ കുട്ടിക്കാലം മുതലേ മധുരവും കണ്ണില്‍കാണുന്ന ചപ്പുചവറുകളും വിഴുങ്ങി ആരോഗ്യമില്ലാത്തവര്‍ക്കാണ് ചിന്ന ചിന്ന ഞരമ്പുകള്‍ മുറിഞ്ഞുമാറുന്നതോടെ കാലിനു തകരാരുണ്ടാവുക. അതിനു ശേഷമുള്ള ആയുര്‍വേദചികിത്സകൊണ്ട് കാലിന്‍റെ വിരലുകള്‍ക്ക് ചെറിയ ചലനം ലഭിച്ചു. ചങ്ങനാശ്ശേരിയിയുലുള്ള ശ്രീ ശങ്കര ആശുപത്രിയുടെ കൊച്ചി ശാഖയിലായിരുന്നു മൂന്നു വര്ഷം മുന്‍പുള്ള ചികിത്സ. ഇപ്പോള്‍ വീണ്ടും അതേ ആശുപത്രിയിലെത്തിയിരിക്കുന്നു. ആയുര്‍വേദ ഡോ. രാജാ ചന്ദ്രദാസിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സനടക്കുന്നത്.

കാലിന്‍റെ മരവിപ്പ് പനിപോലെ, ചിക്കന്‍പോക്സ് പോലെ പകരുന്നതാണോ? യോഗസ്ഥലത്തെത്തുമ്പോള്‍ പ്രത്യേകിച്ച് ശരത്ചന്ദ്രപ്രസാദോ, സി. എന്‍. കരുണാകരനോ, ജോസഫ്‌ എം. പുതുശ്ശേരിയോ ഉണ്ടെങ്കില്‍ കാലിന്റെ മരവിപ്പ് പടരുന്നതാണെന്നു ഞാന്‍ പറയാറുള്ളതാണ്. ഇവര്‍ മൂന്നു പേരും കാലിനു സ്വാധീനക്കുറവുള്ളവരാണ്. ശരത്ചന്ദ്രപ്രസാദിന്‍റെ ഇടതുകാലിനാണ് സ്വാധീനക്കുറവ്. ജോസഫ്‌ പുതുശ്ശേരിയുടെ വലതുകാലിനും. സി. എന്‍. കരുനാകന്‍റെ ഏതു കാലിനാണ് കുഴപ്പമെന്ന് ഇതുവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പകല്‍ ഒരു കാലിന് കുഴപ്പം. രാത്രി അടുത്ത കാലിന് കുഴപ്പം.

തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍റെ മുമ്പില്‍ വെച്ച് കെ. മുരളീധരന്‍ മുണ്ടുരിഞ്ഞപ്പോള്‍ സുരേഷ് ഉണ്ണിത്താനോടൊപ്പം ഇറങ്ങിയോടിയ ശരത്തിന്‍റെ കാലു കുഴപ്പത്തിലായി. ശരത്ചന്ദ്രപ്രസാദിന്‍റെ കാലിന്‍റെ സ്വാധീനക്കുറവിനെപ്പറ്റി അദ്ദേഹം കൂടി പങ്കെടുക്കുന്ന ചടങ്ങില്‍ ഞാന്‍ വിശദീകരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കുണുങ്ങിച്ചിരിക്കാറുള്ളത് ശരത്തു തന്നെയായിരിക്കും. കോണ്‍ഗ്രസിലും, മാണി കോണ്‍ഗ്രസിലും, ജോസഫ്‌ ഗ്രൂപ്പിലും, ബാലകൃഷ്ണഗ്രൂപ്പിലും, പി. സി. ജോര്‍ജിലും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു കാലു തേഞ്ഞുപോയതുകൊണ്ടാണ് കല്ലൂപ്പാറ എം. എല്‍. എ. ജോസഫ്‌ എം. പുതുശ്ശേരിയുടെ കാലിന് തേയ്മാനം ഉണ്ടായതെന്ന് പറയുമ്പോള്‍ പുതുശ്ശേരി തന്‍റെ അകന്ന പല്ലുകള്‍ പുറത്തുകാട്ടി പൊട്ടിച്ചിരിക്കും. സി. എന്‍. കരുണാകരന്‍റെ കാലിന്‍റെ കുഴപ്പം എങ്ങനെ സംഭവിച്ചെന്നു ലളിതകലാ അക്കാദമി സെക്രടറി ശ്രീ. സത്യപാലിനു മാത്രമേ പറയാന്‍ കഴിയൂ. എന്നാല്‍ ലോക പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ നാമത്തിലുള്ള ഒരു ലക്ഷം രൂപ അവാര്‍ഡ്‌ പ്രിയ ചിത്രകാരനായ സി. എന്‍. കരുണാകരന് ലഭിച്ചു എന്നത് എറെ ആഹ്ലാദം പകരുന്നതാണ്. നീണ്ട മൂക്കും, വിടര്‍ന്ന ചുണ്ടും ചരിഞ്ഞ കണ്ണുകളുമാണ് കരുണാകരന്‍റെ സ്ത്രീ കഥാപാത്രങ്ങള്‍. എന്നാല്‍ രാജാ രവിവര്‍മ്മയുടെ സീതയായാലും ശകുന്തളയായാലും ദമയന്തിയായാലും പ്രിയംവദയായാലും മുഖം ഒന്നുപോലെ. മലയാളത്തിലെ ഒരു പ്രശസ്ത ചലച്ചിത്ര നടി വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഡലായി രവിവര്‍മ്മയുടെ സ്റ്റുഡിയോയിലെത്തി ഇരുന്നുകൊടുക്കുകയുണ്ടായോ എന്ന് നമുക്ക് സംശയം തോന്നാം. നടി കാവ്യ മാധവന്‍റെ അതേ മുഖം അതേ പടി രവി വര്‍മ്മ പകര്‍ത്തിവച്ചത് പോലെ തോന്നും. കാവ്യയുടെ മൂക്കിന്‍റെ ഇടതു വശത്തു ഒരു മൂക്കുത്തി പോലുള്ള കറുത്ത മറുക് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ ഇല്ലെന്നു മാത്രം. കേന്ദ്രമന്ത്രിയായിരുന്ന ഭൂട്ടാസിങ്ങിന് മൂക്കിന്‍റെ ഇടതു വശത്തു മൂക്കുത്തി പോലൊരു മറുകുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റെ ഒബാമയ്ക്കും നടി മേനകക്കും മൂക്കിനു താഴെ മറുക് കാണാം. മറുക് കാണാതിരിക്കാന്‍ തന്‍റെ ഫോട്ടോ എടുക്കാന്‍ വരുന്ന ക്യമാറാക്കാരോട് വലതു വശത്തുനിന്ന് ഫോട്ടോ എടുക്കാനാണ് കാവ്യ പറയാറുള്ളത്. ചിത്രകാരന്മാര്‍ക്ക് കാവ്യ മാധവനോട് പ്രണയമാണ്. തനിക്ക് കാവ്യാ മാധവനെ കാന്‍വാസില്‍ പകര്‍ത്തണമെന്നു ചിത്രകലാരംഗത്തെ കാണാപ്പൊന്ന് തേടിപ്പോകുന്ന നടി ഷീലയ്ക്ക് ആഗ്രഹം. ഭാഗ്യവതിയായ കാവ്യാ മാധവന് എന്നും ഭാഗ്യം, എന്നും സമ്മാനം, എന്നും ഉത്ഘാടനം.

വീണ്ടും നമ്മള്‍ 2010 മെയ്‌ മാസത്തില്‍ എഴുപതാം ജന്മദിനം ആഘോഷിച്ച സി. എന്‍. കരുണാകരനിലേക്കെത്തുന്നു. രാജാ രവിവര്‍മ്മ പുരസ്കാരം ലഭിച്ച സി. എന്‍. കരുണാകരനെ അനുമോദിക്കാന്‍ ചേര്‍ന്ന ഒരു ചടങ്ങില്‍ അദ്ദേഹം ഒരു കാര്യം തുറന്നടിച്ചു: കലാകാരന്മാര്‍ കുറച്ചു സംസാരിക്കണം. നീട്ടി പ്രസംഗിക്കരുത്. അധികം വാച്ചകമടിയുമരുത്. സുകുമാര്‍ അഴിക്കോടിന്‍റെ നീണ്ട പ്രസംഗശൈലി ഭംഗിയല്ല. എറെ പ്രസംഗിക്കുന്ന സമയം കൊണ്ട് വരയ്ക്കാന്‍ ശ്രമിക്കുക.

നമ്മുടെ പ്രിയപ്പെട്ട കലാകാരനായ ശ്രീ. എം. വി. ദേവനെയല്ല അദ്ദേഹം ലക്‌ഷ്യം വച്ചതെന്ന് കരുതാം. നീട്ടി പ്രസംഗിക്കുകയും നീട്ടി സംസാരിക്കുകയും ചെയ്യുന്ന അനേകം പേരെ നമുക്കറിയാവുന്നതാണ്. മൈക്ക് കണ്ടാല്‍ പിടിവള്ളിപോലെ അതില്‍ പടര്‍ന്നു കയറും. കുറേക്കാലം മുമ്പ് ഞാനും പ്രൊ. ജി. ബാലചന്ദ്രനുംകൂടി ഒരു കോഴിക്കോട് യാത്ര നടത്തി. പ്രൊഫസറെ അറിയാത്തവര്‍ ചുരുക്കം. ടി. എച്ച്. മുസ്തഫ കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നീട്ടി പ്രസംഗിക്കുന്നവരുടെ ലിസ്റ്റിലെ മുന്‍നിരക്കാരനാണ് ബാലചന്ദ്രന്‍. നെയ്യാര്‍ ഡാമിലെ കോണ്‍ഗ്രസ്‌ പഠനകേന്ദ്രത്തിന്‍റെ ജനറല്‍ കണ്‍വീനറുമാണ്. രാവിലെ പത്തിന് ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരിച്ചു. വൈകിട്ടു നാലിന് കോഴിക്കോട്ട് എത്തി. ആറു മണിക്കൂര്‍ യാത്രയില്‍ ആലപ്പുഴയുടെ ചുറ്റുപാടുമുള്ള പതിനാറു സ്ഥാപനങ്ങളുടെ സെക്രട്ടറിയും മറ്റുമായ രവി പാലത്തുങ്കലും കൂടെയുണ്ട്. ഈ ആറു മണിക്കൂര്‍ നേരവും പ്രൊ. ജി. ബാലചന്ദ്രന്‍ തന്നെ സംസാരിച്ചുകൊണ്ടിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഭീമ ജുവല്ലറിയുടെ ശ്രീ. ഗിരിരാജന്‍ ഞങ്ങളോട് ചോദിച്ചു: എന്താ യേശുദാസന്‍റെയും രവിയുടെയും മുഖത്തൊരു ക്ഷീണം? ഞങ്ങള്‍ മറുപടി പറയുന്നതിന് മുന്‍പായി ബാലചന്ദ്രന്‍ പറഞ്ഞു: കേട്ടോ ഗിരിരാജന്‍, ഞാന്‍ ഇവരോട് പറഞ്ഞുവരികയായിരുന്നു, അതായത്...

4 അഭിപ്രായങ്ങൾ:

  1. നീട്ടി പ്രസംഗിക്കുന്നവരുടെ നിരയിൽ പീതാംബരക്കുറുപ്പ്(എം.പി)യെ കണ്ടില്ല
    http://en.wikipedia.org/wiki/N._Peethambara_Kurup

    മറുപടിഇല്ലാതാക്കൂ
  2. I was not known of Prof G Balas abilities to speak nonstop for six hours :-) Good to know that. Thank you. Varghese RA, Ernakulam

    മറുപടിഇല്ലാതാക്കൂ
  3. വൈദ്യനും യമനും ക്രൂരർ
    വൈദ്യൻ ക്രൂരതരൻ ദൃഢ=
    പ്രാണാപിഹാരി യമൻ
    വൈദ്യൻ പണപ്രാണാപഹാരിയാം
    (തർജ്ജമ:കുഞ്ഞുണ്ണി മാഷ്)
    എന്നു പഴമക്കാർ
    ഡോക്ടറും കാർട്ടൂണിസ്റ്റും ക്രൂരർ
    കാർട്ടൂണിസ്റ്റ് ക്രൂരതരൻ ദൃഢം
    എന്നു പറയേണ്ടി വരുന്നു.ഇരുവരും
    വൈരൂപ്യം മുതലാക്കുന്നു.കാർട്ടൂണിസ്റ്റ്
    അതു പൊലിപ്പിച്ചു കാർട്ടൂൺ വരച്ചു കാശുവാങ്ങുന്നു.
    ഡോക്ടർ അതു പരിഹരിച്ചും

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, മേയ് 27 5:53 PM

    Thanks for the post. Enjoyed reading the stuff. Thank you.
    Madhavan Nair

    മറുപടിഇല്ലാതാക്കൂ