അരിവാള്‍ ചുറ്റിക നക്ഷത്രം
'അസാധു' എന്ന വിനോദമാസിക അഖിലേന്ത്യാ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആദ്യമായി സംഘടിപ്പിക്കുന്നത് 1974 കോഴിക്കോട്ടുവച്ചായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകം ആ പ്രദര്‍ശനം തിരുവന്തപുരത്തും അരങ്ങേറി. പ്രദര്‍ശനം ഉത്ഘാടനം ചെയ്തത് ചിരിക്കാന്‍ മടി കാണിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. എന്നാല്‍ ഉത്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി, കാര്‍ട്ടൂണുകള്‍ക്ക് മുമ്പില്‍ നിന്ന് ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ അവസരം ലഭിച്ചു.
പ്രദര്‍ശനം നടന്നത് തിരുവനന്തപുരം വി. ജെ. ടി. ഹാളിലായിരുന്നു. ഒരു ഭാഗത്ത് 'എമ്മെല്ലേസ് ഗ്യാലറി' എന്നൊരു വിഭാഗവുമുണ്ടായിരുന്നു. എമ്മെല്ലേമാരുടെയും മന്ത്രിമാരുടെയും കാരിക്കേച്ചര്‍ ഒരുക്കിയിരുന്ന സെക് ഷന്‍ ശ്രദ്ധ പിടിച്ചുപറ്റി. നിയമസഭ കൂടുന്ന സമയമായിരുന്നു. ആറമ്മുള എം. എല്‍. എ. ചന്ദ്രസേനന്‍ ഒരു ചോദ്യവുമായി ചാടിയെഴുന്നേറ്റു: "സര്‍, എമ്മെല്ലേമാരായ ഞങ്ങളെ അവഹേളിക്കുന്ന തരത്തില്‍ വികൃതമായി ഞങ്ങളെ വരച്ചു ഒരു പ്രദര്‍ശനം വി. ജെ. ടി. ഹാളില്‍ നടന്നു വരുന്ന വിവരം ബഹുമാനപ്പെട്ട സ്പീക്കറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ആ പ്രദര്‍ശനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമോ?"
ചന്ദ്രസേനന്‍ എം. എല്‍. എ. നിയമസഭയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന ആളായിരുന്നു. ഉറ്റ സുഹൃത്തായ കാര്‍ട്ടൂണിസ്റ്റ്മന്ത്രിയുടെ കാര്‍ട്ടൂണുകളെപ്പറ്റി ചോദ്യങ്ങള്‍ ഉന്നയിച്ച് കാര്‍ട്ടൂണിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുക പതിവായിരുന്നു.
സ്പീക്കറുടെ മറുപടി പെട്ടെന്നായിരുന്നു. "ബഹുമാനപ്പെട്ട മെമ്പര്‍ ഉന്നയിച്ച ചോദ്യം ശ്രദ്ധയില്‍പെട്ടിരിക്കുന്നു. നിയമസഭയിലെ എല്ലാ അംഗങ്ങളോടും എനിക്കൊരു അപേക്ഷ ഉണ്ട്. എല്ലാ അംഗങ്ങളും ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശനം പോയി കാണണം."
ഈ സംഭവം അടുത്ത ദിവസം പത്രങ്ങളില്‍ ബോക്സ് വാര്‍ത്തയായി മാറി. പ്രദര്‍ശനഹാളിലേക്ക് അതോടെ കൂടുതല്‍ ഒഴുക്ക് അനുഭവപ്പെട്ടു. രണ്ടാം ദിവസം നടന്ന കാര്‍ട്ടൂണ്‍ സെമിനാറില്‍ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു - ശ്രീ. പി. ജെ. ജോസഫ് എം. എല്‍. എ!
വേദിയില്‍ ഡോ. ബാബു വിജയ് നാഥ്, ജനറല്‍ പിക്ചേര്‍സിന്‍റെ രവി, കാര്‍ട്ടൂണിസ്റ്റ് ശ്രീ പി. കെ. മന്ത്രി എന്നിവര്‍ പങ്കിട്ട വേദിയില്‍ എന്‍റെ സമീപം ഇരുന്ന ശ്രീ. പി. ജെ. ജോസഫ് എന്നോടായി ചെവിയില്‍ മന്ത്രിച്ചു: "ഈ കാര്‍ട്ടൂണ്‍ വരക്കുന്നതും മറ്റും എങ്ങനെയാണ്? അതിനുള്ള ആശയം എങ്ങനെ ലഭിക്കും?"
പെട്ടെന്നെനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. യോഗം നടക്കുകയാണ്. പിന്നീടെപ്പോഴെങ്കിലും വിവരിക്കാമെന്ന് വിചാരിച്ചു. പക്ഷെ, കാര്‍ട്ടൂണ്‍ എന്താണെന്നും ആശയങ്ങള്‍ എങ്ങനെ ലഭിക്കുമെന്നും വിവരിച്ചുകൊടുക്കാന്‍ അതിനുശേഷം 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അതായത് 1989 വരെ.
ഇക്കാലമത്രയും ജോസഫ് യു. ഡി. എഫിനോട് ഒപ്പമായിരുന്നു. 1978-ല്‍ എ. കെ. ആന്റണി മുഖ്യമന്തിയായിരിക്കുന്ന കാലത്താണ് മന്തിസഭാഗംമായി സത്യപ്രതിഞ്ജ ചെയ്യുന്നത്. എന്നാല്‍ ജോസഫിന്‍റെ ചലനങ്ങളില്‍ ചിലര്‍ക്കെല്ലാം സംശയമായി. ദൈവദോഷം കാണിക്കുമോയെന്ന ഭയം. കടുത്ത കാതോലിക്ക മതവിശ്വാസിയായ ജോസഫ് അന്ധവിശ്വാസികളായ കമ്മുണിസ്റ്റുകാരോട് കൂട്ട്കൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ് ഹൗസുകളില്‍ മാറി മാറി ചില രഹസ്യ ചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്ന് തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ. എം. എസിന്‍റെതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു: "അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി. ജെ. ജോസെഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം."
കാര്‍ട്ടൂണിന് പറ്റിയ നല്ല ഒരു വിഷയം. ഏറെ ചിന്തിക്കേണ്ടി വന്നില്ല. അരമണിക്കൂര്‍കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരച്ചുതീര്‍ത്തു.
1989 നവംബര്‍ 9ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണില്‍ പി. ജെ. ജോസെഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്‍റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു.
കാര്‍ട്ടൂണ്‍വരച്ച് താഴെ വെച്ചപ്പോള്‍ വീണ്ടും ചിന്ത. അല്പം കൂടി ഈ കാര്‍ട്ടൂണ്‍ വിപുലപ്പെടുത്തിയാലോ? രണ്ടാം ചിന്തയില്‍ അത് ബലപ്പെട്ടു വന്നു. ഇ. എം. എസിനെ കൂടി വരച്ചു ചേര്‍ത്തു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടില്‍ ഇ. എം. എസ് തള്ളുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം: "പോരാ, നക്ഷത്രം കൂടി വരണം." അതിനു ഇരട്ടി അര്‍ഥം - അരിവാള്‍ച്ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം - രണ്ടാമത്തെ അര്‍ഥം - സ്വന്തം 'സ്റ്റാര്‍' തെളിയണം.
ഈ കാര്‍ട്ടൂണ്‍ അടുത്ത ദിവസം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതായി മാറി. അങ്ങനെ ജോസഫിനെ വരക്കാമായിരുന്നോയെന്ന് കടുത്ത ദൈവവിസ്വാസികള്‍ക്ക് സംശയമുണ്ടായി. തിരഞ്ഞെട്പ്പു കാലം! വോട്ടുകള്‍ ചോരുമോ?
ശ്രീ പി. ജെ. ജോസഫിന്‍റെ പത്നി ഡോ. ശാന്തയോടൊപ്പം ജോലി ചെയ്തിരുന്ന എന്‍റെ ബന്ധു കൂടിയായ ഡോ. ഉമ്മന്‍ ഫിലിപ്പ് ഒരു ദിവസം എന്നെ തൊടുപുഴയില്‍ നിന്ന് ഫോണ്‍ ചെയ്തു: "അല്പം കട്ടിയായിപ്പോയി. ജോസഫ് സര്‍ ഉറങ്ങിയിട്ട് മൂന്നു ദിവസം ആയി. ആകെ കുഴപ്പത്തിലാണ്." എന്‍റെ സുഹൃത്തായ പി. ജെ. ജോസഫിനു കൂടി രസിക്കുമെന്ന് വിചാരിച്ച് വരച്ച കാര്‍ട്ടൂണ്‍ വേദനിക്കുന്നതായി മാറിയല്ലോ എന്നാ ദു:ഖം എന്നിലുണ്ടായി.
ഇടുക്കി തിരഞ്ഞെടുപ്പ് ഫലം വന്നു. പി. ജെ. ജോസെഫ് തോറ്റു. പാല കെ. എം. മാത്യു ജയിച്ചു. മാസങ്ങള്‍ക്ക് ശേഷം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പി. ജെ. ജോസഫിനെ ഞാന്‍ കണ്ടു. എന്നാല്‍ അദ്ദേഹം മുഖം തിരിച്ചു നടന്നു. കൈയിലേതിനു പകരം കഴുത്തിലെ 'മസില്‍' ഉയര്‍ന്നു.
നമ്മള്‍ ആരെപ്പറ്റിയാണോ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് ആ വ്യക്തി കൂടെ രസിച്ചാലേ അതൊരു നല്ല കാര്‍ട്ടൂണ്‍ ആകൂ എന്ന് ഡോ. എം. കൃഷ്ണന്‍നായര്‍ ഒരിക്കല്‍ പറയുകയുണ്ടായി. വരക്കുന്നതെല്ലാം കാര്‍ടൂണ്കളിലെ കഥാപാത്രങ്ങളെ രസിപ്പിക്കാനാകുമോ? വേദനിച്ചാലും വേദനിച്ചില്ലെന്നു അഭിനയിക്കാനകുമോ? ഏല്ലാവര്‍ക്കും നെഹ്‌റുവിനെപ്പോലെ ആകാനാകില്ലല്ലോ. "നിങ്ങള്‍ എന്നെ വെറുതെ വിടരുത്" എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു ആവശ്യപ്പെടുകയുണ്ടായി.
കാര്‍ട്ടൂണ്‍ രസിക്കുന്ന വ്യക്തികളാണ് ശ്രീ. കെ. എം. മാണി, ശ്രീ. പി. സി. ജോര്‍ജ് എന്നിവര്‍. അവരുമായിട്ടുള്ള അടുപ്പം ശ്രീ. പി. ജെ. ജോസഫിനെ ഒരു കാര്‍ട്ടൂണ്‍ സ്നേഹിയാക്കി മാറ്റട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. 1974-ല്‍ വി. ജെ. ടി. ഹാളിന്‍റെ വേദിയില്‍ വെച്ച് ചോദിച്ച, കാര്‍ട്ടൂണ്‍ എങ്ങനെ വരക്കാം, ആശയം എങ്ങനെ ലഭിക്കുന്നു എന്നിവക്കുള്ള ഉത്തരം ഇതിനകം അദ്ദേഹത്തിന് മനസ്സിലായി കാണുമെന്നും വിശ്വസിക്കട്ടെ.
ഈ ബാനര്‍ കണ്ടപ്പോള്‍
മറുപടിഇല്ലാതാക്കൂഎന്റെ കോളേജ് കാലത്ത് കയ്യക്ഷരം നന്നാക്കാന്‍
പറഞ്ഞുള്ള സാറിന്റെ കൊച്ചു പോസ്റ്റ്കാര്‍ഡ് കുറിപ്പുകള്‍ ഓര്‍ത്തുപോയി.
ഇതാ, 30 വര്‍ഷങ്ങള്‍ക്കിപ്പുറം മോശം
കയ്യക്ഷരവുമായിത്തന്നെ ഞാന്‍....
'cartoonist, income tax deptt, kochi'
എന്ന വിലാസത്തില്‍ ഇടയ്ക്ക് ഏതോ ഒരു വിരുതന്‍
അയയ്ക്കുന്ന കാര്‍ഡുകള്‍ മാത്രം ഒരാശ്വാസം :)
താങ്കളെ ഇവിടെ, ബ്ലോഗിൽ, കാണാൻ സാധിച്ചതിൽ സന്തോഷം.
മറുപടിഇല്ലാതാക്കൂ:)
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണ്ട അസാധു, കട് കട് (അതോ ടക് ടകോ) എന്നിവയിൽ വന്ന ചില കാർട്ടൂണുകളും പിന്നെ മനോരമയിൽ വരച്ച കാർട്ടൂണുകളും, പല സ്ഥലങ്ങങ്ങളുടെയും രേഖാചിത്രങ്ങളും ഇപ്പോഴും ഓർമ്മയിൽ അങ്ങിങ്ങായി അവശേഷിക്കുന്നുണ്ട്.
ഏ എസും, നമ്പൂതിരിയും, താങ്കളും, പി കെ മന്ത്രിയും, റ്റോംസും, കെ എസ് രാജനും, പി കെ രാജനും, വേണുവും, രാജു നായരും ഒക്കെ നടത്തിയിരുന്ന രചനകൾ വളരെ കൌതുകത്തോടെ നോക്കിയിരുന്ന ആ നല്ലകാലം ഇപ്പോഴും ഓർക്കുന്നു.
പിന്നെ ഇപ്പോൾ ഞങ്ങളിവിടെ എനിക്കു മുൻപ് കമന്റിട്ട ആ ഭീകരൻ കാർട്ടൂണിസ്റ്റിന്റെയും മറ്റു ചില കാർട്ടൂണിസ്റ്റുകളുടെയും വരകൾ കണ്ട് അർമ്മാദിക്കുന്നു.
അനുഭവങ്ങളോടൊപ്പം കാർട്ടൂണുകളും ഇടുമല്ലോ അല്ലേ?
:)