And Miles To Go...
കോണ്‍ഗ്രസുകാരില്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന ശീലം വര്‍ധിച്ചു വരികയാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി ഏ. കെ. ആന്റണി പ്രിയദര്‍ശനി പബ്ളികേഷന്‍സിന്‍റെ പുസ്തക പ്രസാധനചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയപ്പോള്‍ പറയുകയുണ്ടായി.
ഏറണാകുളം റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള മാസ് ഹോട്ടലിന്‍റെ എക്സ്റ്റന്‍ഷനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുറിയിലേക്ക് നമ്മുടെ ചിന്ത തിരിയുന്നു. ഈ മുറിയിലാണ് 1975 കാലഘട്ടത്തില്‍ ഏ. കെ. ആന്റണി കുറേക്കാലം താമസിച്ചത്. പണ്ടത്തെ ‘അസാധു’ മാസികയുടെ ഓഫീസും ഇതിനോട് ചേര്‍ന്നാണ്. ആന്റണി വല്ലപ്പോഴും അവിടെ കയറി വരും. പെട്ടെന്ന് പിന്‍വാങ്ങും. ആന്റണിയുടെ മുറിയില്‍ നമ്മള്‍ ചെന്നാലും ഏറെ സമയം അവിടെ ഇരിക്കേണ്ടി വരില്ല. മുറി മുഴുവന്‍ പുസ്തകങ്ങള്‍ – കട്ടിലിനടിയിലും മേശപ്പുറത്തും ചെറിയ അലമാരക്ക് പുറത്തുമായി അവ നിരന്നു കിടക്കും. പ്രതിരോധത്തെപ്പറ്റിയും യുദ്ധഭൂമിയെപ്പറ്റിയുമുള്ള പുസ്തകങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നോയെന്നറിയില്ല.
ആന്റണി മുറി വിട്ടതോടെ മുറിയില്‍ പുതിയ അതിഥി എത്തി – ശ്രീ. പി. സി. ചാക്കോ. അദ്ദേഹം താമസമാക്കിയ വിവരമറിഞ്ഞ് കാണാനായി ഞാന്‍ മുറിയിലെത്തി. ചാക്കോയുടെ മുറി മുഴുവന്‍ നിയമ പുസ്‌തകങ്ങള്‍ - എങ്കിലും അദ്ദേഹത്തിന്‍റെ മുഖത്ത് കെ. മുരളീധരന്‍റെതു പോലൊരു വാട്ടം. ചാക്കോ പറഞ്ഞു: “രാഷ്ട്രീയം മതിയാക്കുകയാണ്. നിയമം പഠിച്ചു ബിരുദം എടുക്കാമെന്ന് വിചാരിക്കുന്നു. ” അധികാരത്തിന്‍റെ പടികയറാനുള്ള ക്ലേശങ്ങളെപ്പറ്റി പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ചാക്കോക്ക് ഈ ചാഞ്ചാട്ടം വന്നത്. പക്ഷേ, ദൈവം അനുവദിക്കേണ്ടെ? അല്‍പ ദിവസത്തിന് ശേഷം ഒരു ഡല്‍ഹിയാത്ര നടത്തുകയും നിയമവിദ്യാഭ്യാസം വേണ്ടെന്നു മടക്കയാത്രയില്‍ തീരുമാനിക്കുകയും രാഷ്ട്രീയത്തില്‍ സജീവമാവുകയും ചെയ്തു. മടങ്ങി എത്തിയത് ചില ‘സിഡി’കളുമായിരുന്നു. ഇന്ദിരാഗാന്ധിയെപ്പറ്റിയുള്ള ചില ലഘുചിത്രങ്ങള്‍ – ഇന്ദിരാജിയുടെ പ്രസംഗങ്ങള്‍.
വായനയിലും എഴുത്തിലും ഗാന്ധിജി മുമ്പിലായിരുന്നു. വലതുകൈ കൊണ്ടും ഇടതുകൈ കൊണ്ടും എഴുതുന്ന സ്വഭാവം ഗാന്ധിക്കുണ്ടായിരുന്നതായറിയാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഉണര്‍ത്തി വിട്ട ‘ഹിന്ദ് സ്വരാജ്’ എന്ന പുസ്തകം ഗാന്ധി ഇടതും വലതും കൈകൊണ്ട് എഴുതിയതാണെന്ന് വലതന്‍മാര്‍ക്കും ഇടതന്‍മാര്‍ക്കും അറിവുള്ളതാണ്. ഹിന്ദ് സ്വരാജ് ബ്രിട്ടീഷ് ഗവണ്മെന്‍റെ പല തവണ നിരോധിച്ചതുമാണ്. ഗാന്ധിജിയുടെ തിരഞ്ഞടുക്കപ്പെട്ട കൃതികളും കത്തുകളും പുസ്തകരൂപത്തില്‍ പ്രസിധീകരിച്ചിട്ടുള്ള കാര്യം ചില കോണ്‍ഗ്രെസ്സുകാര്‍ക്കെങ്കിലും അറിയാം. ന്യൂഡല്‍ഹിയിലെ ഗാന്ധി പീസ് ഫൌണ്ടേഷന്‍ പലപ്പോഴും ഗാന്ധി കൃതികള്‍ വില കുറച്ചു വില്‍ക്കാറുണ്ട്. ഈ വിവരം വായനാശീലമുള്ള കോണ്‍ഗ്രെസ്സുകാര്‍ മനസ്സിലാക്കുന്നു.
ഗാന്ധിജിയെ വിട്ടു നമ്മള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിലേക്ക് വരുമ്പോള്‍ പ്രശസ്ത അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റ് (1874-1963) നെയാണ് നമുക്കൊര്‍മ്മ വരിക. അദ്ദേഹത്തിന്‍റെ പ്രശസ്തി ഇന്ത്യയില്‍ ഉയരാന്‍ കാരണം ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി നെഹ്‌റു ആണ്. ഒരു ശൈത്യകാലം. ദൂരയുള്ള ഒരു സ്ഥലത്തേക്ക് കവി തിരിക്കുന്നു. മരം കോച്ചുന്ന തണുപ്പ്. വനത്തിന്‍റെ വശം ചേര്‍ന്ന് യാത്രയായി. കുതിരവണ്ടി നിറുത്തിയ ശേഷം കവി വനത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചു. മഞ്ഞു പൊഴിയുന്നു. സൂര്യന്‍ അസ്തമിച്ചു. ഏറെ ദൂരം ഇനിയും സഞ്ചരിക്കണം. യജമാനിലെ പന്തികേട് കുതിര ശ്രദ്ധിക്കുന്നു. കഴുത്തില്‍ കെട്ടിയിരിക്കുന്ന മണികള്‍ ഉച്ചത്തില്‍ കിലുങ്ങത്തക്കരീതിയില്‍ രീതിയില്‍ കുതിര കഴുത്തു ശക്തിയായി കുലുക്കുന്നു. മണിയുടെ ശക്തിയായ ശബ്ദം കേട്ട് കവി ഉണരുന്നു, യാത്ര തുടരുന്നു. കവി നാല് വരി കൂടി എഴുതി ചേര്‍ത്തു.
The woods are lovely dark and deep
But I have promises to keep,
And miles to go before I sleep
And miles to go before I sleep
അവസാന നിമിഷം നെഹ്‌റു (മെയ് 27) കടലാസില്‍ പകര്‍ത്തിയതും ഈ നാല് വരികളാണ്. വനം കൈയ്യേറാനും റോഡ് വീതികൂട്ടാനും തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരേ സ്വരത്തില്‍ എ. സി. കാറിലിരുന്നു (കുതിരപ്പുറത്തല്ല) പറയുന്നു: “And miles to go before I slip”.
ഉറങ്ങിക്കൊണ്ട് വായിക്കുകയും വായിച്ചു കൊണ്ട് ഉറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് എക്കാലവും അനുകരിക്കാവുന്ന ഒരു ഗുരുവാണ് പനമ്പിള്ളി ഗോവിന്ദമേനോന്‍. സമയം ലഭിക്കുമ്പോഴെല്ലാം പുസ്തകത്താളുകളിലൂടെ കണ്ണോടിക്കുന്ന പനമ്പിള്ളിയെ കണ്ടു പഠിക്കേണ്ടതാണ്. ചടങ്ങ് നടക്കുന്ന വേദിയില്‍ ആണെങ്കിലും സൗകര്യം ലഭിച്ചാല്‍ പനമ്പിള്ളി വായനക്ക് ശ്രമിക്കും. കൈയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടാകും. ഒരിക്കല്‍ അടൂര്‍ ഭാസികൂടി പങ്കെടുക്കുന്ന ഒരു യോഗത്തില്‍ പനമ്പിള്ളി ഉത്ഘാടകന്‍. പനമ്പിള്ളിയും അടൂര്‍ ഭാസിയും അടുത്തടുത്ത കസേരകളില്‍ ഇരിക്കുന്നു. ഉത്ഘാടന പ്രസംഗം കഴിഞ്ഞു പനമ്പിള്ളി കൈയിലിരിക്കുന്ന പുസ്തകം തുറന്നു വായിക്കാനും തുടങ്ങി. പെട്ടെന്ന് പനമ്പിള്ളി അടൂര്‍ ഭാസിയോടായി ചോദിച്ചു: “ഒരു സംശയം ഭാസി. ഈ ഷീല എന്ന നടി ഒരു നമ്പൂതിരിയുടെ മകളാണോ? ”
ഷീല അഭിനയിച്ചുതുടങ്ങിയ കാലം. കുടുംബ വിവരങ്ങള്‍ കൂടുതലായി ഭാസിക്ക് അറിയില്ലായിരുന്നു.
“എനിക്ക് വ്യക്തമായിട്ടു അറിയില്ല സര്‍. സാറിനോടിത് ആര് പറഞ്ഞു? ” ഭാസിയുടെ ചോദ്യം. പനമ്പിള്ളി: “ഇരിങ്ങാലക്കുട നിന്നിറങ്ങുന്ന ഒരു ചെറിയ മാസികയില്‍ ഞാന്‍ വായിച്ചതാണ്.”
ഭാസി വയറുകുലുക്കി ചിരിച്ചു. ഇരുനൂറു കോപ്പികള്‍ മാത്രം അച്ചടിക്കുന്ന ഒരു ചെറിയ പ്രസിദ്ധീകരണത്തില്‍ ഷീലയെപ്പറ്റി ആരോ എഴുതിയ കഥ മേനോന്‍സാറ് വായിച്ചിരിക്കുന്നല്ലോ എന്നോര്‍ത്താണ് ഭാസി ചിരിച്ചത്. ഒരു ചെറിയ പ്രസിധീകരണമാണെങ്കിലും കോണ്‍ഗ്രസുകാര്‍ വായിച്ചിരിക്കണമെന്നാണ് പനമ്പിള്ളിയുടെ അഭിപ്രായം.
വായിക്കാനും എഴുതാനും ചിന്തിക്കാനും കോണ്‍ഗ്രസുകാര്‍ക്ക് സമയം ലഭിക്കുമോ? അവരെ നന്നാക്കിയെടുക്കാനായി കെ. പി. സി. സി. നെയ്യാര്‍ ഡാമിലെ അഞ്ചേക്കര്‍ സ്ഥലത്തു പഠനകേന്ദ്രം തുടങ്ങിയിരിക്കുന്നു. ഡാമിലെ ജലനിരപ്പ് കൂടുന്നതും കുറയുന്നതും ഡാമില്‍ നിന്ന് മണല്‍ വാരുന്നതും ഈ കൂട്ടത്തില്‍ നിരീക്ഷിക്കാനാവും.
ഈ കുറിപ്പ് ഏഴുതി തീരാറായപ്പോള്‍ ഒരു വിശിഷടാതിഥി വീട്ടില്‍ കയറി വന്നു. മധ്യപ്രദേശിലെ ചിന്താവാരയില്‍ ആദിവാസികളായ കൊച്ചു മനുഷ്യരോടൊപ്പം വര്‍ഷങ്ങളായി കാലുകൊണ്ട് പൊടിപറത്തിനടക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ക്ക് അവസാനമില്ലാത്ത പ്രയത്നത്തിലൂടെ പരിഹാരം കാണുന്ന അഗ്നിപുത്രി – ദയാബായി.
മെയ് 11ന് തൃശൂരില്‍ നടന്ന AIYF സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദയാബായി കേരളത്തില്‍ എത്തിയത്. ട്രെയിനില്‍ ഇരുന്നു പുസ്തകങ്ങള്‍ വായിച്ചു, ലേഖനങ്ങള്‍ ഏഴുതി, ചില ലേഖനങ്ങളുടെ തര്‍ജ്ജമകള്‍ നടത്തി. ഇതിനെല്ലാം ട്രെയിന്‍ യാത്രയാണ് സൗകര്യമെന്നു ദയാബായി പറഞ്ഞു. വിമാനത്തില്‍ സ്ഥിരതാമസമാക്കിയ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും സൗകര്യം ലഭിക്കുന്നില്ല. വിമാനത്തിലെ കന്നുകാലി ക്ലാസ്സായാലും അവിടെയിരുന്നും വായന നടക്കില്ല.
പൊൻകുന്നത്തിനു സമീപമുള്ള പൂവരണിയിലെ പുല്ലാട്ടു വീട്ടിലെ
മറുപടിഇല്ലാതാക്കൂസ്വാതന്ത്ര്യസമർസേനാനി മാത്യുവിൻറെ മകൾ മേർസിയാണു
പിന്നീടു ദയാഭായി ആയി വളർന്നത്,ഞങ്ങളുടെ ഒരയൽക്കാരി
എന്നുഅറിയിക്കാൻ സന്തോഷം
പ്രിന്റ് മീഡിയായ്ക്കില്ലാത്തതും എന്നാൽ ബ്ളോഗിനുള്ളതുമായ
മറുപടിഇല്ലാതാക്കൂസൗകര്യം ലിങ്ക് നൽകാം എന്നതാൺ.ആ സൗകര്യം സദയം ഉപയോഗിക്കുക
ദയാഭായി എന്നെഴുതുമ്പോൽ മേർസി മാത്യുവിൻ റെ ലിങ്ക്
http://www.intentblog.com/archives/2005/07/mercy_mathew.html
ലിങ്കു ചേർക്കാം
good to read asadhu for the first time. reminds me of old editions of Asadhu i religiously buy and keep. i still have some copies of the same with me at home.
മറുപടിഇല്ലാതാക്കൂThank you.
Mohandas K
New Delhi