2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

അടി തെറ്റിയാൽ ആനയും വീഴും

സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് (കൊച്ചി മെട്രോയുടെ തലയായിരുന്ന ടോം ജോസിനെപ്പോലെ മുഴു കഷണ്ടി) അധികാരത്തിലിരുന്ന വേളയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായിംറ്റു ചില പ്രമുഖരോടൊപ്പം ഒരു പാതയിലൂടെ നടന്നു നീങ്ങി. ക്രൂഷ്ചേവ് നടന്നത് പാതയുടെ അരികിലൂടെയായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് കമ്മ്യൂണിസം മെല്ലെമെല്ലെ ആവിയായി മാറിക്കൊണ്ടിരുന്ന കാലം. പ്രസിഡന്റിന് കാല് പിഴച്ചതുപോലെ. ക്രൂഷ്ചേവിന്റെ കാലു സ്ലിപ്പായി. കൂടെയുള്ളവർ പരിഭ്രമിച്ചു. ദൈവാനുഗ്രഹത്താൽ (കക്ഷി സോവിയറ്റ് യൂണിയനു പുറത്തു നിന്ന്) ഓടയിലേക്ക് തെറ്റി വീണില്ല. സുരക്ഷാഭടന്മാരും ചാരന്മാരും ഔദ്യോദികഭാരവാഹികളും പെട്ടെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു. ക്രൂഷ്ചേവ് വീണതും ചിരിച്ച്കൊണ്ട്, എഴുന്നേറ്റതും ചിരിച്ചുകൊണ്ട്. പെട്ടെന്നായിരുന്നു ക്രൂഷ്ചേവിന്റെ പ്രതികരണം - "ഭാഗ്യം! ഞാനിപ്പോൾ സോഷ്യലിസത്തിലേക്ക് തെന്നി വീഴുമായിരുന്നു."

ഓടയെ സോഷ്യലിസമെന്ന് വിശേഷിപ്പിച്ച ക്രൂഷ്ചേവിനു ശേഷവും മുൻപും പല പ്രശസ്തരും തെന്നി വീണിട്ടുണ്ടെങ്കിലും വിദേശയാത്രക്കിടയിൽ മഞ്ഞുപാളികളിൽ ചവിട്ടി തെന്നി വീണ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടതു ഏണിന്റെ കുരുക്കായ ഉളുക്ക് വകവെയ്ക്കാതെ അദ്ദേഹം ജനസമ്പർക്കപരിപാടികളിൽ തലകുലുക്കി ഓടിനടക്കുന്നു. എന്നാൽ അതിന് കുറെ വർഷ്ങ്ങൾക്ക് മുമ്പ് എം.ജി. ശ്രീകുമാർ പാടിയ "ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പാളത്തിൽ..." എന്ന പാട്ടും പാടിക്കൊണ്ട് കിങ്ഫിഷർ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറുന്നതുപോലെ തൊടുപുഴയിലെ വീടിന്റെ കുളിമുറിയിൽ കയറി തെറ്റി വീണത് പി.ജെ. ജോസഫിന്റെ കൈക്ക് കേരള കോൺഗ്രസ്സിലേതു പോലെ പിളർപ്പ് വരെ വരുത്തി. കൈ എതാണ്ട് നെല്ലിയാമ്പതി പോലെയായി. ഓണത്തിരക്കിനിടയിൽ മാവേലി തമ്പുരാൻ ഷവർമ്മയിൽ തട്ടി തെറ്റിവീണോയെന്നുമറിയില്ല. എങ്കിലും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും വഴുവഴുപ്പുള്ള കുളിമുറിത്തറയിൽ ചുവടുതെറ്റി വീഴാറുള്ളത് പലപ്പോഴും പുറത്തറിയാൻ കഴിയുന്നില്ല. ഏതോ സ്ത്രീയുടെ ബെഡ് റൂമിൽ തെറ്റിവീണ കോൺഗ്രസ് നേതാവ് എൻ.ഡി. തിവാരിക്ക് അവസാനം എൻ.ഡി.എ ടെസ്റ്റും വേണ്ടിവന്നു.

മാവേലിയുടെ രൂപത്തിന് മാറ്റം വേണമെന്ന നിർദ്ദേശം കേരള സർക്കാറിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. പി.സി. ജോർജ്ജിനെപ്പോലുള്ള കുടവയർ മാവേലിക്ക് വേണ്ട, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനെപ്പോലുള്ള കൊമ്പൻ മീശ വേണ്ട, പന്ന്യം രവീന്ദ്രനെപ്പോലെ പൊന്നുതമ്പുരാന് മുടി വേണ്ട, ഐശ്വര്യാറായിയെപ്പോലെ ഓണത്തപ്പന് ആഭരണങ്ങൾ വേണ്ട, ഓലക്കുട വേണ്ട, പകരം എ.കെ. ആന്റണിക്ക് കൊടുത്തതു പോലെ കയർ ബോർഡിന്റെ കയർ കുട മതി - അവസാനം മാവേലി ഏത് രൂപത്തിലേക്ക് മാറുമെന്ന് നമുക്കറിയില്ല. സെക്രട്ടറിയേറ്റിലെ ടോയ്‌ലെറ്റിൽ തെന്നിവീഴാതിരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയെപ്പോലെ റബ്ബർ ചെരുപ്പ് ധരിക്കേണ്ടി വരും.

പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ഞാൻ ആദ്യം കാണുന്നത് കൊല്ലത്തുവെച്ചാണ് - 1960ൽ. കൊല്ലത്ത് കടപ്പാക്കടയിലെ ജനയുഗം ഓഫീസിന്റെ എതിർവശത്ത് ഞാൻ നിൽക്കുകയായിരുന്നു. വലിയ പോലീസ് സന്നാഹങ്ങളൊന്നുമില്ലാതെ വലിയ സ്പീഡില്ലാതെ വെളുത്ത ഒരു അംബാസിഡർ കാർ നീങ്ങിവരുന്നു. അതിനുള്ളിൽ ഗാന്ധിത്തൊപ്പി ധരിച്ച് നെഹ്രു ഇരിക്കുന്നു. ആദരവോടെ ഞാൻ അദ്ദേഹത്തെ നോക്കി തൊഴുതുനിന്നു. (തൊഴുത വിവരം ജനയുഗം മാനേജ്മെന്റ് അറിഞ്ഞില്ല.) കാറിലിരുന്ന് അദ്ദേഹം എന്നെ നോക്കി എന്തോ മന്ത്രിച്ചെന്നാണ് എന്റെ ചിന്ത. "ഇങ്ങനെ ജനയുഗത്തിൽ കിടന്നാൽ മതിയോ ദാസേ? ദില്ലിയിലേക്ക് വരൂ, ഞാൻ ശങ്കറിനെ പരിചയപ്പെടുത്തിത്തരാം."

അതിനുശേഷം 1963ലാണ് ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ ചേരുന്നത്. എല്ലാ ദിവസവും നെഹ്രു ശങ്കേഴ്സ് വീക്കിലി സന്ദർശിക്കാറുണ്ടെന്ന് നാട്ടിൽ വച്ച് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന് ഡൽഹിയിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. നെഹ്രു അവിടെ വരാറില്ലായിരുന്നെങ്കിലും എല്ലാ ദിവസവും ശങ്കറുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലി പുതിയ ലക്കത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, കുടുംബവിശേഷങ്ങൾ, രാഷ്ട്രീയസംഭവ വികാസങ്ങൾ, സാംസ്കാരികരംഗത്തെ ചലനങ്ങൾ എന്നിവ അവരുടെ ചർച്ചാവിഷയങ്ങളായിരുന്നു. ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ശങ്കറിന്റെ താമസസ്ഥലമായ 9 പുരാന കില റോഡിൽ നെഹ്രു എത്തുമായിരുന്നു.വിശിഷ്ടവ്യക്തികളെ വീട്ടിലേക്ക് വിളിച്ച് വരുത്തുക, വിഭവ സമൃദ്ധമായ സദ്യ (കപ്പയും മീനും ഒഴിവാക്കിയിരുന്നില്ല) ഇവ പതിവ് സംഭവങ്ങളായിരുന്നു. പല ദിവസങ്ങളിലും ആഘോഷങ്ങൾ രാത്രി പന്ത്രെണ്ടു വരെയെങ്കിലും നീണ്ടു നിൽക്കും. എന്നാൽ അതിഥികളെ വിട്ട് രാത്രി പത്തു മണിക്ക് തന്നെ കിടപ്പുമുറിയിലേക്ക് മടങ്ങുക ശങ്കറിന്റെ സ്ഥിരം പതിവായിരുന്നു.

ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും ഒരുമിച്ച് ശങ്കറിന്റെ വീട്ടിലെ സൽക്കാരത്തിന് ഒരു വൈകുന്നേരം എത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ചെടിച്ചട്ടികളും പൂക്കളും തട്ടിത്തെറിപ്പിച്ച് ബഹളം വെച്ച് ഓടി നടക്കുന്ന ഓടി നടക്കുന്ന സഞ്ജയ് ഗാന്ധി. അത് തടയാനായി പിന്നാലെ ഓടി നടക്കുന്ന രാജീവ് ഗാന്ധി. സൽക്കാരം നടക്കുന്നതിനിടയിൽ ഏതാണ്ട് പത്തുമണിയായിക്കാണും, ഗേറ്റിൽ ഒരു കാരിന്റെ ഹോൺ ശബ്ദം. "പണ്ഡിറ്റ് ജി" എന്ന് വിളിച്ച് ശങ്കർ ഗേറ്റിലേക്ക് ഓടി. നെഹ്രു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ശങ്കറിനോട് പരിഭവസ്വരത്തിൽ അദ്ദേഹം ചോദിച്ചു: "എന്റെ മകളെയും കൊച്ചുമക്കളെയും മാത്രമേ ആഹാരം കഴിക്കാൻ താങ്കൾ വിളിക്കുകയുള്ളോ?" നെഹ്രൃവും ശങ്കറും തമ്മിലുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്ന ഒരു ചെറുസംഭവം മാത്രമാണിത്.

കാലം കുറേ കഴിഞ്ഞപ്പോൾ ഇന്ദിര ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ലിസ്റ്റിൽ നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ശങ്കറിന്റെ പേർ മുൻനിരയിലായിരുന്നു. നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ആ ബന്ധം തുടർന്നു. നെഹ്രൃവിന്റെ നാമധേയത്തിലുള്ള പുതിയ മന്ദിരമായ 'നെഹ്രൃ ഹൗസ്' ഡൽഹിയിലെ ബഹദൂർഷാ സഫർ മാർഗിൽ ശങ്കർ പടുതുയർത്തി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഓഫ്സെറ്റ് പ്രസ് എത്തി. നെഹ്രൃ മന്ദിരവും പ്രസ്സും കാണാനായി ശങ്കറിന്റെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എത്തി. പ്രധാനമന്ത്രി വരുന്നതു മൂലം രാവിലെ മുതൽ ശങ്കർ തിരക്കിലാണ്. മുൻ വശത്തുകൂടി പ്രവേശിക്കുന്നതിലെ ക്ലേശം ഒഴിവാക്കാനായി പ്രധാനമന്ത്രിയെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തീരുമാനിച്ചു. പിൻവാതിലിലൂടെ കയറി വരുന്നതാണ് എളുപ്പം, പടികളില്ല, ചെറിയ സ്ലോപ്. അതു വഴിയാണ് പ്രസിലെ അച്ചടിക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് റോളുകൾ ഉരുട്ടി ഇറക്കിക്കൊണ്ടുവരുന്നത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ ആഗമനം കാത്തുനിന്നു. പ്രധാനമന്ത്രിയുടെ വാഹനം കൃത്യസമയത്ത് എത്തി. കാറിൽ നിന്ന് വാതിക്കൽ എത്തി സ്ലോപ്പിലൂടെ സാവധാനത്തിൽ നടന്നുനീങ്ങി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് - ഇന്ദിരാജിയുടെ കാല് തെറ്റി. ബാലൻസ് തെറ്റി തെറിച്ച് ഇന്ദിരാജി മുന്നിലേക്ക് വീണു. പെട്ടെന്ന് രക്ഷാപ്രവർത്തകർ പിടിച്ചെഴുന്നേൽപ്പിച്ചു. രംഗം ശാന്തമായി. ഇന്ദിരാജി പ്രസ്സിന്റെ ഉൾഭാഗവും ഓഫ്സെറ്റ് പ്രെസ്സും കണ്ട് മടങ്ങി.

ഒരു പ്രധാനമന്ത്രി തെന്നി വീഴുന്ന രംഗം കാണാൻ അവസരമുണ്ടായെന്ന് പറയാനാകില്ലെങ്കിലും ശങ്കർ പലപ്പോഴായി വരച്ചിട്ടുള്ള തെന്നിവീഴലുപോലെ അതിനെ നമുക്ക് കാണാം.

ഈ വീഴ്ച മറ്റൊന്നിന്റെ മുന്നറിയിപ്പായിരുന്നോ എന്ന് പിന്നീട് സംശയമുണ്ടായി. ഈ വാതിലിന്റെ സ്ലോപ് ആയ ഭാഗത്തു കൂടി ന്യൂസ് പ്രിന്റ് റോളുകൾ ഇറക്കിക്കൊണ്ടുവരുന്നത് അടിയന്തരാവസ്ഥക്കാലത്ത് തടയാനും വിലങ്ങിടാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തുനിയേണ്ടിവന്നു. അവസാനം ഇന്ദിരാജി തെന്നിവീഴുകയും ചെയ്തു.

എന്നാൽ അടിയന്തിരാവസ്ഥ മൂലമാണ് ശങ്കേഴ്സ് വീക്കിലി പൂട്ടേണ്ടി വന്നതെന്ന് പരക്കെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അടച്ചുപൂട്ടേണ്ടി വന്നത് അതുമൂലം അല്ലായിരുന്നു എന്ന സത്യം എപ്പോഴും ജനം വിശ്വസിക്കുന്നില്ല. കാരണം സാഹിത്യകാരനും ശങ്കറിന്റെ ഉറ്റ സുഹ്രൃത്തുമായിരുന്ന തകഴിച്ചേട്ടൻ പണ്ടേ പറഞ്ഞുവെച്ചു - ശങ്കേഴ്സ് വീക്കിലി പൂട്ടിയത് അടിയന്തിരാവസ്ഥ മൂലം!

(യേശുദാസൻ, മെട്രൊ വാർത്ത, ഓണപ്പതിപ്പ് 2012)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ