2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ഏറെ പൊക്കല്ലേ
കേരളത്തിന്റെ ഉയരവും തലയെടുപ്പും വര്‍ദ്ധിപ്പിക്കാനായി 2012 സെപ്തംബർ 12, 13, 14 തീയതികളിലായി കൊച്ചിയിൽ നടന്ന 'എമേർജിംഗ് കേരള 2012' എന്ന മേളയിൽ നിന്നാണ് പൊക്കത്തിന്റെ നിർവ്വചനം ശരിക്കും എഴുതി തീർക്കാൻ കഴിഞ്ഞത് എന്നുള്ള കാര്യം മലയാളികൾക്കും വിദേശത്തു നിന്നെത്തിയ കറുത്ത കോട്ടിട്ട വിദേശികൾക്കും മനസ്സിലാകാനിടയായി.

പൊക്കക്കരനായ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രിമാരായ കെ.വി.തോമസും വയലാർ രവിയും കെ.സി. വേണുഗോപാലും കേരള ചീഫ് സെക്രട്ടറി ജയകുമാറും കൊച്ചിയിലെ വേദി അൽങ്കരിച്ചപ്പോൾ പൊക്കം കുറവുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ആരും കണ്ടില്ലെന്ന് നടിക്കരുത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസംഗം കഴിഞ്ഞ് പ്രസംഗിക്കാനായി ക്ഷണിക്കപ്പെട്ട എ.കെ. ആന്റണി പ്രസംഗപീഠം ലക്ഷ്യമാക്കി നീങ്ങുന്നതായി സദസ് കണ്ടതാണെങ്കിലും ആന്റണി എവിടേക്കോ അപ്രത്യക്ഷനായി. പ്രസംഗപീഠത്തിലേക്കും മൈക്കിലേക്കും നോക്കിനിന്ന സദസ്സിന് പീഠത്തിന് പിന്നിലായി എന്തോ ഉദിച്ചുയരുന്നത് വൈകി മാത്രമാണ് കാണാൻ കഴിഞ്ഞത്. തനിക്ക് പൊക്കം കുറവായതുകൊണ്ട് മൈക്കിലേക്ക് വായ് എത്തുനില്ലെന്നും മുൻനിരയിലിരിക്കുന്നവരെ കാണാൻ കഴിയിന്നില്ലെന്നും അഞ്ച് അടി രണ്ട് ഇഞ്ച് പൊക്കക്കാരനായ പ്രതിരോധ മന്ത്രി പറയുമ്പോൾ മാത്രമാണ് സദസ്സിന് രഹസ്യം പിടികിട്ടുന്നത്. പ്രസംഗപീഠത്തിനു മുകളിലായി നാലിലൊന്ന് കഷണ്ടിയും ചുരുട്ടിപ്പിടിച്ച ചൂണ്ടുവിരലും ചലിക്കുന്നതു കണ്ട ജനം ഉത്സാഹപൂർവ്വം കൈയ്യടിച്ചു. ഈ പാവകളി വിദേശപ്രതിനിധികളിൽ ഏറെ ആവേശം പകർന്നു. വികസനത്തിനെതിരെ പ്രതിപക്ഷം ബാലിശമായ എതിർപ്പുകളാണ് പ്രകടിപ്പിക്കുന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആന്റണി രണ്ടു കാലിലും ഊന്നി അല്പം പൊങ്ങി പ്രഖ്യാപിച്ചപ്പോൾ കൊച്ചി ലേ മെറിഡിയനിലെ കുത്തിനിറച്ച ഹാൾ കരഘോഷം കൊണ്ടു മുഴങ്ങി. അതിർത്തിപ്രദേശങ്ങളിളെ അയൽരാജ്യങ്ങളായ പാക്കിസ്ഥാന്റെയും ചൈനയുടെയും ഭടന്മാർ തലതാഴ്ത്തി ഒളിഞ്ഞ് നടക്കുന്നത് തല താഴ്ത്തി നമ്മളൊളിഞ്ഞു നോക്കുന്നതിപോലെയുള്ള രംഗമെന്ന പോലെ കാണാനായി. എന്നാൽ പ്രസംഗപീഠപുലിവാലിൽ നിന്ന് രക്ഷപെടാനായി പണ്ടൊരിക്കൽ ചെയ്തതുപോലെ ആന്റണിക്കും ചെയ്യാമായിരുന്നു - മൈക്കുമെടുത്ത് ഒരു വശത്തു നിന്ന് പ്രസംഗിക്കാമായിരുന്നു. ഈ രംഗം എല്ലാ ന്യൂസ് ചാനലിലൂടെ എല്ലാവരും കണ്ടതാണ്. പൊക്കക്കുറവിലൂടെ പൊക്കം സൃഷ്ടിക്കാൻ ആന്റണിയെപ്പോലെ പലപ്പോഴും ഇതേ രീതിയിൽ പ്രവർത്തിച്ചിരുന്ന പൊക്കം കുറഞ്ഞ ഒരു കോൺഗ്രസ് നേതാവ് കൂടിയുണ്ടായിരുന്നു - അത് രമേശ് ചെന്നിത്തലയോ, പന്തളം സുധാകരനോ, ഇടവേള ബാബുവോ ആയിരുന്നില്ല. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന അന്തുലേയായിരുന്നു ആ 5 അടി 2 ഇഞ്ചുകാരൻ. അദ്ദേഹവും പലപ്പോഴും പൊതുചടച്ഗ്ച്ഗിൽ പങ്കെടുക്കുമ്പോൾ പൊക്കക്കുറവു മൂലം പ്രസംഗപീഠത്തിന് പിന്നിൽ നിന്ന് ഒരു വശത്തെത്തി പ്രസംഗിക്കുക എന്ന രീതി നടപ്പാക്കിയിരുന്നു. മുംബൈയിലെ മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അഴിമതിക്കാരനാണ് അന്തുലേ എന്ന് പറയുമായിരുന്നെങ്കിലും മാധ്യമപ്രവർത്തകർക്ക് വാരിക്കോരി സിമന്റ് ചാക്ക് നൽകി സിമന്റ് കുംഭകോണത്തിൽ നിന്ന് അദ്ദേഹം രക്ഷപെടുകയുണ്ടായി.

എന്നാൽ ചില വേദികളിൽ എത്തുമ്പോൾ ആന്തണിയുടെ പൊക്കം കൂടിവരുന്നതായി കാണുന്നു. രണ്ട് ഇഞ്ച് ഉയരവ്യത്യാസം വരുന്നതോടെ 5 അടി 4 ഇഞ്ചുകാരനായി മാറിയിരിക്കുന്നെന്ന് ആന്റണിയുടെ പത്നി അഡ്വ. എലിസബേത്ത് ആവശ്യപ്പെടാറുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും ആന്റണിയുടെ ഷൂവിനടിയിൽ രണ്ടിഞ്ച് റബ്ബർ ഒട്ടിച്ച് വയ്ക്കുന്നതു മൂലമാണ് ഈ വൻ ഉയത്തിന് കാരണമെന്നും ഉമ്മൻ ചാണ്ടിയുടെ പത്നി പലരുടെയും ചെവിയിൽ ഓതാറുണ്ട്.

വർഷങ്ങൽക്ക് മുമ്പ് പൊക്കക്കുറവിന്റെ ഗുണത്തെപ്പറ്റിയും സൗകര്യങ്ങളെപ്പറ്റിയും തോപ്പിൽ ഭാസി പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി അദ്ദേഹം എഴുതിയത് നമ്മൾ വായിച്ചു രസിച്ചിട്ടുമുണ്ട് - "പൊക്കം കുറവാണെങ്കിൽ അൻവേഷിച്ചുവരുന്ന പോലീസുകാരെത്തിയാൽ ഒളിച്ചുനിൽക്കാം; കുടക്കീഴിൽ കയറിയാൽ തലയിൽ കുടക്കമ്പി തട്ടാതെ രക്ഷപെടാം; രാത്രിയിൽ കാമുകിയുടെ വീട്ടിൽ കയറുമ്പോൾ തല കതകിൽ തട്ടാതെ രക്ഷപെടാം; യോഗസ്ഥലത്തു ചെന്നാൽ മുകളിൽ കയറിയിരിക്കാം; രാത്രികാലത്ത് സ്മാൾ കഴിക്കാൻ കള്ളുഷാപ്പിൽ കയറുമ്പോൾ തല കുനിക്കാതെ കയറാം; ഉത്ഘാടനവേളയിൽ നിലവിളക്ക് കൊളുത്തുമ്പോൾ പൊക്കക്കുറവുകാർക്ക് മുമ്പിൽ കയറി നിലവിളക്കിനോട് ചേർന്ന് നിൽക്കാം; പൊക്കക്കാരിയായ ഭാര്യയുടെ മുമ്പിൽ പൊക്കമില്ലാത്തതുകൊണ്ട് തലകുനിക്കേണ്ടതുമില്ല; ഷർട്ടിനു തുണിയെടുക്കുമ്പോൾ അര മീറ്റർ കുറച്ചെടുത്താൽ മതി..." അങ്ങനെ പല സുഖങ്ങളും പൊക്കക്കുറവിൽ നിന്ന് എത്തുമെന്ന് തോപ്പിൽ ഭാസി പറയുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കുട്ടികളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി കുട്ടിക്കവിതകൾ എഴുതുകയും ചെയ്തതുകൊണ്ട് പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർക്ക് പൊക്കം കുട്ടികളുടെ അത്രമാത്രമായിരുന്നു. തന്റെ പൊക്കക്കുറവ് ഒരു ശരീരസൗന്ദര്യമായി കാത്തുസൂക്ഷിച്ചിരുന്ന കുഞ്ഞുണ്ണി മാസ്റ്റർ പാടുകയുണ്ടായി:

"എനിക്ക് പൊക്കം കുറവാണ്
എന്നെപൊക്കാതിരിക്കുവാൻ."


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ