2012, ജൂലൈ 20, വെള്ളിയാഴ്‌ച

ഗൗരവമാണ് ശങ്കറിന്റെ ചിരി


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു.

കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?"

എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്."

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍:::  "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ."

ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത്‌ പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം."

അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ കേരളസര്‍ക്കാറിനുവേണ്ടി നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിച്ച ശില്പി തന്നെയാണ് കരുണാകരന്റെ പ്രതിമയ്ക്കും രൂപം നല്‍കുന്നതാണെന്നതാണ് പ്രത്യേകത. എന്നാല്‍ പ്രതിമാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പുരോഗതി അറിയാനായി ശില്പിയുടെ പണിപ്പുരയില്‍ എത്തി. പിതാവിന്റെ പ്രതിമയിലേക്ക് പുത്രന്‍ നോക്കി നിന്നു. മുഖം പ്രസാദിച്ചില്ല.

"മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!!

എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു.
ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത.

സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

1 അഭിപ്രായം: