2011, ജൂൺ 14, ചൊവ്വാഴ്ച

കേരളശബ്ദത്തിലെ നോക്കുകൂലി

കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച 'കേരളശബ്ദം' രാഷ്ട്രീയവാരികക്ക് നേതൃത്വം നല്‍കിയത് കൊല്ലത്തെ മുന്‍ എം.പി യശശ്ശരീരനായ വി.പി. നായര്‍ ആയിരുന്നു. ശാസ്താംകോട്ട കായലിന് തീരത്ത് വീട്, കൊല്ലത്ത് ഓഫീസ് എന്ന നിലയിലായിരുന്നു പോക്കും വരവും. ലോക്സഭ ഇല്ലാത്ത് കാലങ്ങളില്‍ അദ്ദേഹം ശാസ്താംകോട്ട കൊല്ലം റൂട്ടില്‍ സജീവമാകും. വെളുത്ത് ഉയരമുള്ള ഈ കൊമ്പന്‍ മീശക്കാരന്‍ എം.പിയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. റോസ്റ്റ് ചെയ്ത കശുവണ്ടി ടിന്നിലാക്കി വില്‍ക്കുന്ന ഒരു ചെറുവ്യവസായം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യരംഗത്തുള്ളവര്‍ വൈകുന്നേരങ്ങളില്‍ കേരളശബ്ദം ഓഫീസില്‍ ഒത്തുകൂടുക പതിവായിരുന്നു.

കേരളശബ്ദത്തിനും കാഷ്യുകമ്പനിക്കും വേണ്ടി അദ്ദേഹം ഒരുക്കിയ ലെറ്റര്‍ പാഡുകളും കവറുകളും ഏറെ മനോഹരമായിരുന്നു. അതിന്റെ ഭംഗിയെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു: "ഇവ ഡല്‍ഹിയി‌ലെ ഒരു പ്രസിദ്ധ ആര്‍ടിസ്റ്റ് തയ്യാറാക്കിയതാണ്." അതിലെ അക്ഷരങ്ങളുടെ താളത്തെപ്പറ്റിയും പാഡിലെ നിറങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും അദ്ദേഹം വിവരിക്കുമ്പോള്‍ നാമത് കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കും. വൈകുന്നേരങ്ങളില്‍ കൊല്ലത്തും കടപ്പാക്കടയിലെ ജനയുഗം ഓഫീസില്‍ നിന്ന് നടക്കാനിറങ്ങുമ്പോള്‍ ചില ദിവസങ്ങളില്‍ കാമ്പിശ്ശേരി കരുണാകരനോടൊപ്പം ഞാനും കേരളശബ്ദം ഓഫീസും വല്ലപ്പോഴും സന്ദര്‍ശിക്കുക പതിവായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ ആശ്രാമം ചുറ്റി ചിന്നക്കടയിലും കറങ്ങി ഒരു മണിക്കൂര്‍ നേരത്തെ നീണ്ട കാല്‍നടയാത്രയില്‍ നിന്ന് എനിക്ക് ലഭിച്ച ചില്ലറ ആരോഗ്യത്തിന്റെ കടപ്പാട് പൂര്‍ണ്ണമായും കാമ്പിശ്ശേരിയോടുള്ളതാണ്. കൂട്ടത്തില്‍ പുതിയതായി ആരംഭിച്ച കേരളശബ്ദത്തില്‍ എന്റെയൊരു കാര്‍ട്ടൂണ്‍ പംക്തി ആരംഭിക്കാനും കഴിഞ്ഞു - കഥാപാത്രം 'പാച്ചിയമ്മൂമ്മ'. ഒരു വൃദ്ധയാണ് കഥാപാത്രം. കുറെക്കാലം അമ്മൂമ്മയെ കൈപിടിച്ച് കൊണ്ടുപോകാനായി.

എന്നാല്‍ രാഷ്ട്രീയരംഗത്ത് ശക്തനായ വി.പി. നായര്‍ക്ക് ശബ്ദം ഇടറുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയവാരിക കൃഷ്ണസ്വാമിറെഡ്യാര്‍ക്ക് കൈമാറി. പക്ഷേ കാമ്പിശ്ശേരിയും ഞാനും ഒരുമിച്ചുള്ള സായാഹ്നസവാരിയില്‍ നിന്ന് കേരളശബ്ദം ഓഫീസിനെ ഒഴിവാക്കിയില്ല. ഇടക്ക് അവിടവും സന്ദര്‍ശിച്ച് അഞ്ചു മിനിട്ട്
ചിലവാക്കുമായിരുന്നു. രാഷ്ട്രീയവാരിക നടത്തുകയായിരുന്നെങ്കിലും
രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ലാത്ത കൃഷ്ണസ്വാമിറെഡ്യാര്‍ രാഷ്ട്രീയനേതാക്കളുടെ അടുപ്പക്കാരനായി മാറി. പ്രത്യേകിച്ച് കൊല്ലത്തുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ റെഡ്യാര്‍ സന്ദര്‍ശനം സ്ഥിരം തൊഴിലാക്കി മാറി. എന്നാല്‍ അവിടെ ചെന്നാലും ലോക്കല്‍ നേതാക്കന്മാര്‍ കുറഞ്ഞത് അഞ്ചുപേരെങ്കിലും അവിടെ ഉണ്ടാകും. മദ്രാസ് യാത്ര നടത്തുമ്പോഴും ചില രാഷ്ട്രീയക്കാരെ ഒപ്പം
കൂട്ടുമായിരുന്നു.

പ്രസിദ്ധീകരണത്തോടൊപ്പം ചില ഉല്പന്നങ്ങള്‍ കൂടി അദ്ദേഹം രംഗത്ത് കൊണ്ടുവന്നു. അതില്‍ ആദ്യത്തേത് കൊതുകിനെ ഓടിക്കുന്ന ചന്ദനത്തിരിയായിരുന്നു. മുറിയില്‍ കത്തിച്ചുവെച്ചാല്‍ ഇതെന്തു കാര്യമെന്ന് അറിയാനായി കൊതുകുതിരിക്കു ചുറ്റും കൊതുകുകള്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വെള്ളപ്പാണ്ടുകള്‍ മാറ്റാനുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കൂടി കേരളശബ്ദം ഓഫീസിലെത്തിയപ്പോള്‍ പിന്‍‌വശത്തെ പുല്‍തകിടിയില്‍ ഉലാത്തുന്നതു കണ്ടു. അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. സോവിയറ്റ് യൂണിയന്‍‌കാരനാണ്. ഈ ഡോക്ടര്‍ ദേഹത്തെ വെള്ളപ്പാടുകള്‍ മാറ്റാനുള്ള മരുന്ന് കണ്ടുപിടിച്ചയാളാണ് ഈ വിദേശിയെന്ന് വിശദീകരിച്ചു. കുറെ മാസങ്ങള്‍ അദ്ദേഹം കൊല്ലത്ത് മരുന്നു പരീക്ഷണങ്ങളും മറ്റുമായി കഴിഞ്ഞു. എന്റെ ഒരു അയല്‍‌വാസിയും (കറ്റാനത്തെ മാത്തുക്കുട്ടിച്ചായന്‍) ഞാന്‍ പറഞ്ഞു മനസ്സിലാക്കിയതനുസരിച്ച് വെള്ളപ്പാണ്ട് മാറാനുള്ള ചികിത്സക്കായി കൊല്ലത്ത് എത്തി. മരുന്ന് പുരട്ടി വെയിലത്ത് ഏറെ നേരം നില്‍ക്കണം. സുഹൃത്തിന്റെ വെളുത്ത പാടുകള്‍ക്ക് അല്പം മങ്ങല്‍ ഉണ്ടായി എന്നത് സത്യം. പൂര്‍ണ്ണമായും വിട്ടുമാറിയില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹം യാത്രയാകുകയും ചെയ്തു.

സായാഹ്നസവാരിക്കിടയില്‍ ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കേരളശബ്ദം ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ കൃഷ്ണസ്വാമിറെഡ്യാര്‍ നല്ല തിരക്കിലായിരുന്നു. ഇടതുകൈയ്യില്‍ ഒരു ചെറിയൊരു പാത്രം. വലതുകൈയ്യില്‍ ഒരു ബ്രഷ്. പാത്രത്തില്‍ ചുവപ്പുനിറത്തില്‍ കളര്‍. പാത്രത്തില്‍ നിന്ന് കളര്‍ മുക്കിയെടുത്ത് മുമ്പിലുള്ള മേശയുടെ ഒരു വശത്ത് കുനിഞ്ഞിരുന്ന് പൂശിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു ചുറ്റും മൂന്ന് നാല് സഖാക്കള്‍. പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് (പിക്കറ്റിംഗ്, മുദ്രാവാക്യം വിളി മുതലായവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അല്പം വിശ്രമിക്കാനായി റെഡ്യാരെ കാണാന്‍ എത്തിയതാണ് - ചെത്തുതൊഴിലാളി യൂണിയന്റെ കൊല്ലത്തെ പ്രമുഖ നേതാവും കൂട്ടത്തിലുണ്ട്. റെഡ്യാര്‍ മൗനം പാലിച്ചാണ് പെയിന്റ് പൂശല്‍ തുടരുന്നത്. പെയിന്റ്കളുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നതായി ഇടക്ക് സംസാരവും ഉണ്ടായിരുന്നു. അതിനായി ചില വിദഗ്ധര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ടായിരുന്നു. കണ്ടുപിടിച്ച നിറങ്ങള്‍ മറ്റു കമ്പനികളുടെ പെയിന്റുകളെ കടത്തിവെട്ടണമെന്നുള്ളതാണ് ആഗ്രഹം. അതിന്റെ ഭംഗി, ഉറപ്പ്, ആയുസ്, എടുപ്പ് എന്നിവ എത്രത്തോളമുണ്ടെന്നറിയാനാണ് പ്രിയപ്പെട്ട റെഡ്യാര്‍ മേശയുടെ സമീപത്ത് കുനിഞ്ഞുനില്‍ക്കുന്നത്. അകത്തു കയറിയ ഞങ്ങളെ നോക്കി അദ്ദേഹം ചിരിച്ചു. സഖാക്കളോടൊപ്പം സഖാക്കളായ ഞങ്ങളും ഇരുന്നു. അവിടെ കാത്തിരിക്കയായിരുന്ന പാര്‍ട്ടി സഖാക്കള്‍ അസ്വസ്ഥരായിരുന്നു. നിശബ്ദനായി പെയിന്റടി തുടരുന്ന റെഡ്യാരുടെ മുഖത്തേക്ക് നോക്കിയിരിക്കയാണവര്‍. റെഡ്യാര്‍ ഒന്നും സംസാരിക്കുന്നില്ലെന്നായപ്പോള്‍ ഒരു നേതാവ് പറഞ്ഞു: "മുതലാളീ, ഞങ്ങള്‍ക്ക് വിശക്കുന്നു."

ശരിയാണ്, പ്രവര്‍ത്തകര്‍ക്ക് വിശപ്പുണ്ട്. വൈകുന്നേരങ്ങളില്‍ വിശപ്പു തീര്‍ക്കുന്നത് മുതലാളിയുടെ ചിലവിലാണ്. അപ്പവും മുട്ടക്കറിയുമാണ് പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത്. മറ്റു തിരക്കുകള്‍ ഉള്ളതുകൊണ്ട് പതിവ് അപ്പവും മുട്ടക്കറിയും അകത്താക്കി യാത്ര പറഞ്ഞിറങ്ങാനാണ് ആഗ്രഹം.

റെഡ്യാര്‍ തലതിരിച്ച് നോക്കി: "സഖാവ് എന്താ പറഞ്ഞത്?"

സഖാവ്: "ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന സത്യം പറയുകയായിരുന്നു മുതലാളി."

റെഡ്യാര്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു: "വിശപ്പുള്ളതുകൊണ്ടാണല്ലോ സഖാക്കളേ കമ്മ്യൂണിസം പിടിച്ചുനില്‍ക്കുന്നത്."

ലെനിനും മാര്‍ക്സും എംഗല്‍സും പ്റഞ്ഞുപോയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളേക്കാള്‍ വിലപിടിപ്പുള്ള വലിയൊരു സന്ദേശമാണ് കൃഷ്ണസ്വാമി റെഡ്യാര്‍ പറഞ്ഞവസാനിപ്പിച്ചത്. കൈയിലിരിക്കുന്ന പാത്രത്തിലെ ചുവന്ന പെയിന്റ് ഊറിച്ചിരിച്ചേക്കാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ