2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു റോസാമലരിന്‍റെ ഓർമ്മക്ക്

പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കലോകത്തെപ്പറ്റി എല്ലാവരും ചിന്തിക്കാറുണ്ട്‌. കുട്ടികൾ വലിയ സമ്പത്താണന്നും ഉറക്കെപ്പറയാറുണ്ട്‌. ഒരു കാലത്ത്‌ സ്വത്തായും സ്വന്തമായും മാറുമെന്ന് നാം ആശിച്ച കുട്ടികൾ നമുക്കിടയിൽ പല ശിശുദിനങ്ങളിലും ഓടിനടന്നിട്ടുണ്ട്‌. രാഹുൽ ഗാന്ധി, കനിമൊഴി, കെ. മുരളീധരൻ, റാജ് താക്കറെ, മാർഗരറ്റ് ആൽ, എം. മുകുന്ദൻ, തുടങ്ങിയവരെ കുട്ടികളുടെ വേഷത്തിൽ നമ്മൾ കണ്ടിട്ടുള്ളതുമാണ്‌.

അവരെ ഓർക്കുമ്പോ കുട്ടികളുടെ കൈയിലാണ്‌ രാജ്യത്തിന്‍റെ ഭാവിയെന്ന് നമ്മൾ ഓർക്കാപ്പുറത്ത് പറഞ്ഞുപോവുകയും ചെയ്യുന്നു. ശിശുക്കളെ ഏറെ സ്നേഹിക്കുകയും അവരെ തലോടുകയും അവർക്കായി താരാട്ട് പാടുകയും ചെയ്തിട്ടുള്ള പണ്ഡിത് ജവഹർലാ നെഹ്രുവിനെ കുട്ടികൾക്കും കുട്ടികളായിരുന്ന വലിയവർക്കും മറക്കാനാവില്ല. ശിശുക്കൾക്ക് പിന്നാലെ ചാച്ചാ നെഹ്രുവും നെഹ്രുവിന്‍റെ പിന്നാലെ ശിശുക്കളും ഓടിയെത്തി. കുട്ടികൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ സ്വന്തം വാച്ച് പിന്നോട്ട്‌ വയ്ക്കാനും അദ്ദേഹം മറന്നില്ല.

നെഹ്രുവിനോടൊപ്പം അല്പം വൈകിയാണെങ്കിലും മറ്റൊരു സുഹ്രുത്തുകൂടി കുട്ടികളുടെ പിന്നാലെയെത്തി. രാഷ്ട്രീയക്കാരെ ഗുണദോഷിച്ചും കാർട്ടൂ വരച്ചും നേർവഴിയെ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ്‌ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലഗുരുവായ കാർട്ടൂണിസ്റ്റ് ശങ്കർ കുട്ടികൾക്കൊപ്പം കളിക്കളത്തെത്തിയത്.

നെഹ്രുവിനെപ്പറ്റി ശങ്കർ വരച്ചിട്ടുള്ള കാർട്ടൂണുകളുടെ എണ്ണം ആയിരത്തഞ്ഞൂറിൽ അധികമാണ്‌. ഒരു വ്യക്തിയെപ്പറ്റിയെപ്പറ്റി ഒരു കാർട്ടൂണിസ്റ്റ് വരച്ച കാർട്ടൂണുകളുടെ എണ്ണത്തിൽ അക്കാലത്ത് അത് ലോകറിക്കാർഡായിരുന്നു. 1500 പ്രാവശ്യവും തന്നെ വിമർശനത്തിന്‍റെ പിച്ചാത്തിമുനയിൽ നിർത്തിപ്പൊരിച്ചിട്ടുള്ള ശങ്കറുടെ മുന്നിൽ നെഹ്രു പൊട്ടിച്ചിരിച്ചുകൊണ്ടാണ്‌ എന്നും നിലകൊണ്ടിട്ടുള്ളത്. നെഹ്രുവിനെയും ശങ്കറിനെയും ബന്ധിപ്പിച്ചാൽ മറക്കാനാവാത്ത ദിനമാണ്‌ 1964 മേയ് 17. അന്നു പുറത്തിറങ്ങിയ ശ്ങ്കേഴ്സ് വീക്കിലിയുടെ മുഖചിത്രം രോഗബാധിതനായ നെഹ്രുവിനെപ്പറ്റിയുള്ള കാർട്ടൂണായിരുന്നു. 'ദീപശിഖാപ്രയാണം' എന്ന കാർട്ടൂൺ ദീർഘദൃഷ്ടിയോടു കൂടിയ പ്രവചനം കൂടിയായി. അവശനായ നെഹ്രു സ് പോർട്സ്മാന്‍റെ വേഷത്തിൽ ട്രാക്കിലൂടെ ദീപശിഖയേന്തി സാവധാനം നീങ്ങുന്നു. ഏതു നിമിഷവും നെഹ്രു ട്രാക്കിൽ തളർന്നുവീഴാം. കൈയിലുള്ള ദീപശിഖ താഴെ വീണ്‌ അണയും. ഗുൽസാരിലാൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, ജഗ്ജീവൻ റാം, വി. കെ. കൃഷ്ണമേനോൻ, വിജയലക്ഷ്മി പൺഡിത്, അശോക് മേത്ത, ജയപ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളും ഓടുന്നുണ്ട്‌. നെഹ്രു താഴെ വീഴുന്നതിനു മുമ്പ് അതേറ്റുവാങ്ങണം. ഇതായിരുന്നു കാർട്ടൂണിലെ പ്രമേയം.

ഒരു പ്രവചനം പോലെ കാർട്ടൂൺ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെഹ്രു അന്തരിച്ചു. ഉൾക്കാഴ്ച്ചയുടെയും ദീർഘദൃഷ്ടിയുടെയും നിദർശനമായി കാർട്ടൂൺ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു. നെഹ്രുവിന്‌ പിന്നാലെ ശങ്കർ ഓടിച്ചവരിൽ നന്ദ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര, മൊറാർജി ദേശായി എന്നിവർ പിന്നീട് പ്രധാനമന്ത്രിമാരാവുകയും ചെയ്തു. കാർട്ടൂൺ ശങ്കർ വരക്കുമ്പോഴും മിനുക്കുപണികൾ നടത്തുമ്പോഴും നിറങ്ങൾ വിതറുമ്പോഴുമെല്ലാം ശങ്കറിന്‍റെ സമീപത്ത് നിൽക്കാനുള്ള ഭാഗ്യം എപ്പോഴും ഞാൻ ഓർക്കാറുണ്ട്.

എന്നാൽ 1964 മേയിലെ ഒരു വലിയ ദു:ഖം മാത്രം ഇപ്പോഴും മനസ്സിൽക്കൊണ്ടുനടക്കുന്നു. നെഹ്രുവിനെ അവസാനമായിക്കാണാൻ ഞാൻ ശങ്കറിനോട് അനുവാദം ചോദിച്ചു. തന്‍റെ ഉറ്റ സുഹ്രുത്തിന്‍റെ വേർപാടിനിടയിലും ഏതോ കാർട്ടൂൺ വരയ്ക്കുന്ന ധൃതിയിലായിരുന്നു ശങ്കർ.

നെഹ്രുവിന്‍റെ ശവശരീരം കണ്ട്‌ വണങ്ങി ഞാൻ ഓഫീസിൽ മടങ്ങിയെത്തി. അകത്ത് മുറിയിൽ അപ്പോഴും ശങ്കർ വരച്ചുകൊണ്ടിരിക്കുകയായിരുന്നു.

"നെഹ്രുവിനെക്കാണാൻ... ചേട്ടൻ പോകുന്നില്ലേ?" മുഖം കുനിച്ചിരുന്നു പെൻസിലും ബ്രഷും ചലിപ്പിക്കുന്ന ശങ്കറിനോട് അല്പം മടിച്ചാണെങ്കിലും ചോദിച്ചു.

ചോദ്യം ശങ്കറെ ദേഷ്യപ്പെടുത്തിയെന്നു തോന്നി. അദ്ദേഹം മുഖം ഉയർത്താതെ പറഞ്ഞു: "എനിക്കത് കാണാൻ കഴിയില്ലടോ". കണ്ണിൽ നിന്ന് ഒഴുകിവന്ന രണ്ടു തുള്ളി കണ്ണുനീർ ഡ്രോയിങ്ങ്‌ പേപ്പറിലേക്ക് വീണു. കട്ടികൂടിയ കെന്‍റെ്‌ പേപ്പറിൽ ശങ്കർ വരച്ച ഭാവി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കറുത്ത വരകളിലേക്കു കണ്ണുനീർ പതിക്കുന്നതും പടർന്നു നീങ്ങുന്നതും അപ്പോൾ കാണാമായിരുന്നു.

നെഹ്രു പിടിച്ച ദീപശിഖ, ഇന്ത്യയുടെ ഭാവി ദീപശിഖ, നിഷ്കളങ്കരായ ഇന്നത്തെ പ്രിയപ്പെട്ട ശിശുക്കളുടെ കൈയിൽ സുരക്ഷിതമെന്ന് നമുക്ക് ആശിക്കാം. അങ്ങു ദൂരെ ചന്ദ്രനിലും.

ശങ്കർ അവസാനമായി വരച്ച നെഹ്രുവിന്‍റ കാർട്ടൂൺ. രോഗശയ്യയിലായിരുന്നപ്പോഴാണ്‌ അദ്ദേഹം ഇത് വരച്ചത്. നെഹ്രു എപ്പോഴും ധരിക്കാറുള്ള റോസാപ്പൂ ചിതറിക്കിടക്കുന്ന രീതിയിലാണ്‌ വിരലുകളുടെ നിയന്ത്രണം കൈവിട്ട ശങ്കർ വരച്ചു തീർത്തത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ