2010, ഡിസംബർ 11, ശനിയാഴ്‌ച

നായനാരുടെ സല്യൂട്ട്

പോലീസ് അതിക്രമങ്ങളും പാര്‍ട്ടിസെല്ലിന്‍റെ പോലീസ് ഭരണവുമൊക്കെയായിരുന്നു ഇ. കെ. നായനാര്‍ മന്ത്രിസഭയ്ക്കെതിരായ പ്രധാന ആരോപണങ്ങള്‍. 1987-ല്‍ ഭരണമേറ്റ നായനാര്‍ മന്ത്രിസഭ നാലുവര്‍ഷം ഭരിച്ചു. എം. വി. രാഘവന്‍റെ നേത്റ്ത്വത്തിലുള്ള സി. എം. പി. രൂപീകരണം ചലനമുന്‍ണ്ടാക്കുമെന്നു പലരും ധരിച്ചെങ്കിലും ഇതാ പോയി കണ്ടില്ല എന്ന മട്ടിലായിരുന്നു രാഘവന്‍കാറ്റിന്‍റെ പോക്ക്. ഇടയ്ക്ക് വന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിഞ്ഞത് സി. പി. എമ്മിന് ആസ്വാസം പകര്‍ന്നു. ആ ആത്മവിശ്വാസം പോലീസിന്‍റെ ലാത്തിക്കും പാര്‍ട്ടിക്കാരുടെ കുറുവടിക്കും ശക്തി നല്‍കി. പോലീസ് നോക്കുകുത്തിയായി മാറിയെന്നു പ്രതിപക്ഷം ആരോപിച്ചു. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ സ്ഥാനത്തു തൊഴിലാളി നേതാക്കളും ഗുണ്ടകളും നിലയുരപ്പിച്ചെന്ന ആരോപവും ഉയര്‍ന്നു.

അതിരു കടന്ന ആത്മവിസ്വാസം മൂലം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞടുപ്പ് നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. തെരഞ്ഞെടുപ്പിനോടൊപ്പം കാര്‍ട്ടൂണ്‍ പോസ്റ്റ്റാണ് തയ്യാറാക്കിയത്. അതില്‍ ഏറ്റവും ശക്തവും വോട്ടര്‍ന്മാറെ പിടിച്ചു കുലുക്കിയതുമായ കാര്‍ട്ടൂണ്‍ ഒരു പോലീസ് സ്റ്റേഷന്‍ രംഗമായിരുന്നു.

പോലീസ് സ്റ്റേഷന് ഉള്ളിലെ മുറി, മേശ, കസേര എന്നിവയുമുണ്ട്‌. മേശപ്പുറത്തു ഫയലും ലാത്തിയുമെല്ലാം കാണാം. പോലീസ് ഉദ്യോഗസ്ഥന്‍ ഇരിക്കേണ്ട കസേരയില്‍ ഒരു പാര്‍ട്ടി സഖാവ് അല്ലെങ്കില്‍ ഒരു തൊഴിലാളി നേതാവ് ഇരിക്കുന്നു. ചുവന്ന ഉടുപ്പ്, തലയില്‍ക്കെട്ട്, കൈലി മടക്കിക്കുത്തിയിരിക്കുന്ന അദ്ദേഹം രണ്ടു കാലുകളും പൊക്കി മേശപ്പുറത്തു വച്ചിരിക്കുന്നു. ഇടതുകൈ കസേരയുടെ പിന്നിലേക്കിട്ടിട്ടുണ്ട്. വലതുകൈയ്യില്‍ പുകയുന്ന സിഗരറ്റ്. പുക പുറത്തേക്ക് ഊതിവിടുന്നു. മടക്കിക്കുത്തിയിരിക്കുന്ന നേതാവിന്‍റെ വരയുള്ള അണ്ടര്‍വെയറും കാണാം.

മേശയുടെ മുന്നില്‍ ഒരു പൊലീസുകാരന്‍ നില്‍ക്കുന്നു. അദ്ദേഹം തെളിഞ്ഞ് നിന്ന് (ഞെളിവും കുടവയറും പൊലീസിന്‍റെ കുത്തകയാണല്ലോ) ഊറിച്ചിരിച്ചു കൊണ്ട് നേതാവിനെ സല്യൂട്ട് ചെയ്യുന്നു. പൊലീസുകാരന്‍ ആരെന്നല്ലേ? കേരളത്തിന്‍റെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍! ഈ പോസ്റ്റര്‍. അതിവേഗം കേരളത്തിലെ മതിലായ മതികുളിലെല്ലാം നിരന്നു. എല്‍. ഡി. എഫിനെ കാര്‍ട്ടൂണ്‍ പ്രതിക്കൂട്ടിലാക്കി, പ്രതിസന്ധിയിലാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ച് നടക്കുന്നു. വൈകുന്നേരം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷ്ന്‍ പാലത്തില്‍ എന്‍റെ വാഹനമെത്തി. അതിനു സമീപം വലിയ ജനക്കൂട്ടം. ചുവന്ന കൊടിതോരണങ്ങള്‍. മുഖ്യമന്ത്രി നായനാര്‍ ഉച്ചത്തില്‍ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേള്‍ക്കാം. ഞാന്‍ കടന്നു പോകുമ്പോള്‍ അദ്ദേഹം പ്രസംഗിക്കുന്നത് പോലീസ് സ്റ്റേഷന്‍ വിഷയമായ കാര്‍ട്ടൂണ്‍ പോസ്റ്റ്റിനെക്കുറിച്ചാണ്‌. പ്രസംഗത്തിലൂടെ അദ്ദേഹം ആ പോസ്റ്ററിനെ പിച്ചിച്ചീന്തി. കൂട്ടത്തില്‍ കാര്‍ട്ടൂണ്‍ ചുരുട്ടിക്കൂട്ടി എറിയാന്‍ മറന്നില്ല. ഇതു കാര്‍ട്ടൂണാണോ, ഇങ്ങനെയാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്! വരക്കാന്‍ ഞാന്‍ അങ്ങേരെ പഠിപ്പിക്കാം. അങ്ങനെ കടന്നാക്രമണം തുടര്‍ന്നു. പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ അവിടെ നിന്നില്ല. പരുവക്കേടായതിനാല്‍ ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു.

വര്‍ഷങ്ങള്‍ക്കുശേഷം ഇ. കെ. നായനാര്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാനായി തിരുവനന്തപുരത്തെത്തി. എന്‍റെ മകന്‍റെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയതാണ്. ഫോണ്‍ ചെയ്തതിനുശേഷമാണ് വീട്ടിലെത്തിയത്. പനിയാണ്, സുഖമില്ലായെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ മുറ്റത്തും വരാന്തയിലുമായി കുറേ കുട്ടികളും മുതിര്‍ന്നവരും കൂടിനില്‍ക്കുന്നു. നായനാര്‍ക്ക് അസുഖമായിരിക്കുമോ? എന്നാല്‍ ഞാന്‍ മുറ്റത്തെത്തിയപ്പോള്‍ നായനാര്‍ വരാന്തയിലേക്ക് ഇറങ്ങി വന്നു. തന്നെ മോശമായി പത്രത്തില്‍ വരയ്ക്കുന്ന ഒരാള്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു വഴിയേ പോയ പിള്ളേരെവരെ ഞാനിവിടെ പിടിച്ചുനിര്‍ത്തിയിരിക്കുകയാണെന്നു നായനാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. മുറിക്കകത്തു കയറി ഭക്ഷണം കഴിഞ്ഞപ്പോള്‍ ചര്‍ച്ച് രാഷ്ട്രീയത്തിലേക്ക് കയറി. ശാരദടീച്ചര്‍ അകത്തേക്കു പോയ സമയത്ത് പഴയ കാര്‍ട്ടൂണ്‍ പോസ്റ്ററിനെപ്പറ്റിയും എന്നെ യോഗത്തില്‍ ശകാരിച്ചതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ നായനാര്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ പാര്‍ട്ടിനേതാവിനെ സല്യൂട്ട് ചെയ്യുന്നതിന്‍റെ കാര്‍ട്ടൂണിനെപ്പറ്റിയല്ലേ പറഞ്ഞത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എടോ, തുറന്നു പറയാമല്ലോ, ഞാന്‍ അന്നു തെറിപറഞ്ഞതൊക്കെക്കള - ആ കാര്‍ട്ടൂണ്‍ നല്ല ഒന്നാം തരം സാധനമായിരുന്നു!"

നന്നായി ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്ന നായനാര്‍ പൊട്ടിച്ചിരിച്ചു.

(വാര്‍ത്ത ദിനപത്രത്തില്‍ മാര്‍ച്ച് 31, 2010ന് പ്രസിദ്ധീകരിച്ചത്)

2 അഭിപ്രായങ്ങൾ:

  1. നായനാര്‍ ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയാത്തത്... നായനാരെ നായനാര്‍ ആക്കി നിര്‍ത്തുന്നത്... "എടോ, തുറന്നു പറയാമല്ലോ, ഞാന്‍ അന്നു തെറിപറഞ്ഞതൊക്കെക്കള - ആ കാര്‍ട്ടൂണ്‍ നല്ല ഒന്നാം തരം സാധനമായിരുന്നു!"

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജനുവരി 12 12:04 PM

    Yes very true about Nayanaar. Hope he was with us today in this troubled political times.

    മറുപടിഇല്ലാതാക്കൂ