2010, നവംബർ 28, ഞായറാഴ്‌ച

എന്തിനാ വെറുതെയീ റിസ്ക്!










മുണ്ടുടുക്കാൻ അറിയാതെ മുണ്ടിൽ തട്ടിവീഴുന്നവരാണ്‌ മലയാളികളിൽ ഏറെ കൂട്ടരും. എവിടെയൊ കണ്ടു മറന്ന പോലെ മുണ്ടിനെ സംശയത്തോടെ നോക്കുന്നവരും അനേകരാണ്. കേരളദിനത്തിൽ മുണ്ടും സെറ്റും ധരിച്ച് ആണ്ടിലൊരിക്കൽ പുരുഷന്മാരും സ്ത്രീകളും വാർഷികപ്രദർശനം നടത്തുന്നവരുടെ തിരക്കും കുറവല്ല. കേരളം വിട്ട് പുറത്ത് പോകുന്ന നമുക്ക് മുമ്പിൽ മുണ്ട് ഉടുത്തു ഒരാൾ പ്രത്യക്ഷപ്പെട്ടാൽ കൗതുകത്തോടെ നമ്മൾ നോക്കിക്കാണുന്നു.

മുണ്ടും ജൂബ്ബയും രണ്ടാം മുണ്ടും വളഞ്ഞ നീണ്ട ഊന്നു വടിയുമായി ഡൽഹിയിലും ഐക്യരാഷ്ട്രസഭയിലും നീങ്ങുന്ന കേന്ദ്രമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോനെ നമുക്ക് മറക്കാനാവില്ല. ഇന്ത്യ-പാക് പ്രശ്നങ്ങളെപ്പറ്റി മണിക്കൂറുകളോളം ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുകയും അന്നത്തെ പാക് വിദേശകാര്യമന്ത്രിയായിരുന്ന ഭൂട്ടോയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് "It is final, full and irrevocable" എന്ന് അതിശക്തമായി തീ പറത്തി പ്രഖ്യാപിക്കയും ചെയ്യുന്ന കൃഷ്ണമേനോനിലെ ശക്തി പലപ്പോഴും മുണ്ടും വടിയുമായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ഡെൽഹിയിലെത്തുന്ന രാഷ്ട്രീയനേതാക്കൾ മുണ്ട് ഉരിഞ്ഞ് വെക്കാത്ത നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്. പാർലമെന്‍റെ്‌ രംഗങ്ങൾ ശ്രദ്ധിച്ചാലും ഈ മുണ്ടുമേള കാണാനാകും. എന്നാൽ മുണ്ടിന്‍റെ മഹിമയും മുണ്ടുക്ഷാമവും ഞാൻ വർഷങ്ങൾക്ക്‌ മുമ്പ്‌ ശ്രദ്ധിച്ചത് അമേരിക്കയിൽ നടന്ന ഫൊക്കാനൊ സമ്മേളനത്തിലാണ്‌.

ന്യൂയോർക്കിനു സമീപമുള്ള റോച്ചസ്റ്റെർ എന്ന സ്ഥലത്തു വെച്ചാണ്‌ സമ്മേളനം നടക്കുന്നത്. മലയാള സമ്മേളനമാണല്ലോ എന്നു കരുതി ഉത്ഘാടനദിവസം ഞാൻ കസവുമുണ്ടുടുത്ത് എത്തിയത്‌ തെറ്റായിപ്പോയില്ലേ എന്ന്‌ എനിക്ക് സംശയം. കാരണം വേദിയിലും സദസ്സിലുമായി മുണ്ടുടുത്ത് എത്തിയ രണ്ടു മണ്ടന്മാർ അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രിയായിരുന്ന ടി. കെ. രാമകൃഷ്ണനും പിന്നെ ഈ ലേഖകനും മാത്രം. എന്നാൽ അന്ന് വേദിയിലുണ്ടായിരുന്ന ജസ്റ്റീസ് കെ. ടി. തോമസ് അടുത്ത ദിവസം മുതൽ മുണ്ടിലേക്ക് കയറി. സമാപനസമ്മേളനത്തിൽ ടി. പി. ശ്രീനിവാസൻ, ബോബി ജിണ്ടൽ, വനിതയുടെ പത്രാധിപരായിരുന്ന മണർകാട് മാത്യു, പ്രശസ്ത പത്രപ്രവർത്തകനായ കെ. എം. റോയി, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. റോയി ഒഴികെ എല്ലാവരും കോട്ടിനോട് ഇണക്കം കാണിച്ചു. കെ. എം. റോയിക്ക് മാത്രം നീലം ശരിക്ക് മുക്കാത്ത നല്ല പശയില്ലാത്ത തിളക്കമില്ലാത്ത ഷർട്ടും മുണ്ടും! റോയി പ്രസംഗം തുടങ്ങിയതു തന്നെ മുണ്ടിന്‍റെ സവിശേഷതകളും പാരമ്പര്യവും വിവരിച്ചു കൊണ്ടായിരുന്നു. മുമ്പിൽ പൊങ്ങിയിരിക്കുന്ന നിലവിളക്കിനെ നോക്കി റോയി പറഞ്ഞു: "ഈ നിലവിളക്കിൽ കൊളുത്താൻ മുണ്ടിന്‍റെ ചെറുകഷ്ണങ്ങൾ കീറിയെടുത്താണ്‌ ഉപയോഗിക്കുന്നത്." പറഞ്ഞവസാനിപ്പിച്ചപ്പോൾ സദസ്സിൽ നീണ്ട കൈയ്യടി മുഴങ്ങി. മാന്യശ്രീ മുണ്ടിനെ സർക്കാർ ജീവനക്കാരും പുറന്തള്ളി. ശനിയാഴ്ച്ച മുണ്ട് എന്ന മുദ്രാവാക്യവും അവർ ചെവികൊണ്ടില്ല. നിലവിളക്കിനു മുമ്പിൽ കോട്ടുധാരികളുടെ വൻകൂട്ടമുള്ള ഫോട്ടോകളാണ്‌ ദിവസവും നമ്മൾ പത്രങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഉത്ഘാടനത്തിനായി കക്ഷം പ്രദർശിപ്പിച്ച് നിലവിളക്കിന്‍റെയോ റിബ്ബണിന്‍റെയോ അടുത്തു നിൽക്കുന്ന നടി ലക്ഷ്മി റോയിയോ ശ്വേതാ മേനോനോ കൂട്ടായി സ്വർണ്ണമുതലാളിമാർ കോട്ടും ചുറ്റിക്കെട്ടി നിൽക്കുന്ന കാഴ്ച നമ്മിൽ കൗതുകമുണ്ടാക്കുന്നു. ഡോക്ടർമാരും ബാങ്ക് ഉദ്യോഗസ്തന്മാരും ഉത്ഘാടനവേളയിൽ ഈ വേഷത്തിലാണ്‌ നിലവിളക്കിന്‌ ചുറ്റും കൂടുന്നത് റോട്ടറി ക്ലബ്ബുകളുടെ ചടങ്ങുകളിലാണ്‌ ഇത്തരത്തിൽ കോട്ടുകളുടെ മത്സരം നടക്കുന്നത്. ലയൺസ് ക്ലബ്ബ്, വൈസ്മെൻ ക്ലബ്ബ് എന്നീ കൊച്ചുമുറിയിലെ സായാഹ്നസവാരിക്കാർ കോട്ട് ഒഴിവാക്കി 'ടൈ'യിൽ തൃപ്തിപ്പെടുന്നതും കാണാം.

ഈ നിലവിളക്ക് കൊളുത്തലിന്‍റെയും ഉത്ഘാടനത്തിന്‍റെയും കഥ പറയുമ്പോൾ എന്റെ ചിന്ത അൻപതു വർഷം പിന്നിലേക്ക് കടന്ന് പോകുന്നു. ജനയുഗം ആഴ്ചപ്പതിപ്പിന്‍റെ പ്രചാരം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന സമയം. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ, ഹാസ്യനടൻ എസ്. പി. പിള്ളയുടെ ഓർമ്മക്കുറിപ്പുകൾ, വനിതകളുടെ സംശയങ്ങൾക്ക് ചേച്ചി പറയുന്ന മറുപടി, ഡോക്ടർന്മാരോട് സംസാരിക്കാം, എം. എൻ. സത്യാർഥി തർജ്ജിമ ചെയ്ത് അവതരിപ്പിക്കുന്ന ബംഗാളി നോവലുകൾ, പി. കെ. മന്ത്രിയുടെ കാർട്ടൂണുകൾ, തോമസിന്‍റെയും പ്രൊ. സോമനാഥന്‍റെയും ചിത്രകഥകൾ, ആർടിസ്റ്റ് ഗോപാലന്‍റെ സ്വർണ്ണച്ചിറകുള്ള ചിത്രീകരണങ്ങൾ എന്നിവ ആഴ്ചപ്പതിപ്പിനെ ഏറെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന കാലം. മുഖ്യപത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ. അന്നത്തെ ചീഫ് എൻജിനീയറും നാടകനടനും നാടകസംവിധായകനുമായ പി. കെ. വിക്രമൻ നായർ പത്രാധിപർ കാമ്പിശ്ശേരിയുടെ ഉറ്റ സുഹൃത്ത്. എന്നാൽ ഒരാഴ്ചയിൽ പുറത്തിറങ്ങിയ ജനയുഗം ആഴ്ചപ്പതിപ്പിന്‍റെ മൂന്നാമത്തെ പേജിൽ മുകളിലായി വളരെ പ്രാധാന്യത്തോടെ ഒരു ഫോട്ടോ അച്ചടിച്ചുവന്നു. പി. കെ. വിക്രമൻനായർ നിലവിളക്ക് കൊളുത്തി ഒരു പരിപാടി ഉത്ഘാടനം ചെയ്യുന്നതാണ്‌ ഫോട്ടോ. ആറടിയോളം പൊക്കമുള്ള വിക്രമൻ ചേട്ടൻ കറുത്ത പാന്‍റെ്‌ ധരിച്ച് കുട്ടപ്പനായിട്ടായിട്ടാണ്‌ നിലവിളക്കിന്‌ സമീപം നിൽക്കുന്നത്. ആ ഫോട്ടോക്ക് കാമ്പിശ്ശേരി കൊടുത്ത ഒരു തലക്കെട്ട് ആകെ കുഴപ്പത്തിലായി. അത് ഏറെ ചർച്ച ചെയ്യപ്പെട്ടു. നിലവിളക്കും പാന്‍റെ്‌മായുള്ള ചേർച്ചകുറവ്‌ കണ്ട്‌ കാമ്പിശ്ശേരി കൊടുത്ത തലക്കെട്ട് ഇങ്ങനെ: "പാന്‍റെട്ട പൂജാരി." വായനക്കാരുടെ കത്തുകളും കമന്റുകളും അനുകൂല-പ്രതികൂല പ്രസ്താവനകളുമായി കുറെ ആഴ്ചകൾ തർക്കം നീണ്ടു നിന്നു. നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നതിന്‌ പാന്‍റെ്‌ വലിച്ചു കയറ്റി ചെല്ലുന്നതിലെ ഭംഗികേട്‌ പിന്നീട് വിക്രമൻ ചേട്ടനും മനസ്സിലായി.

തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിൽ ഏറ്റവും കൂടുതൽ നാടകങ്ങളിൽ അഭിനയിച്ചുട്ടുള്ള അദ്ദേഹം പല നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. ജി. ഗോപാലകൃഷ്ണൻ, കെ. എസ്. നമ്പൂതിരി തുടങ്ങി അനേകം പേർക്ക് നാടകരംഗത്ത് അവസരം ഒരുക്കിക്കൊടുത്ത വ്യക്തികൂടിയായിരുന്നു. പ്രശസ്ത നടൻ ഒ. മാധവന്‍റെ (നടൻ മുകേഷിന്‍റെ പിതാവ്‌) കാളിദാസകലാകേന്ദ്രത്തിന്‍റെ ആദ്യനാടകമായ 'ഡോക്ടർ' സംവിധാനം ചെയ്തത് പി. കെ. വിക്രമൻ നായരായിരുന്നു. വിക്രമൻ ചേട്ടൻ മരണപ്പെട്ടപ്പോൾ ഉറ്റ സുഹ്രുത്തായിരുന്ന വയലാർ രാമവർമ്മ, കെ. ബാലകൃഷ്ണന്‍റെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ എഴുതിയ കവിത ശ്രദ്ധേയമായി.

കൈയിലൊരിന്ദ്രഥനുസ്സുമായി കാറ്റത്ത്
പെയ്യുവാൻ വന്ന തുലാവർഷമേഘമേ
കമ്രനക്ഷത്രരജനിയിൽ ഇന്നലെ
കണ്ടുവോ നിങ്ങളെൻ വിക്രമൻ ചേട്ടനെ

വിശിഷ്ടാഥികളായി എത്തുന്നവർ കാഴ്ചക്കാരിലും കേൾവിക്കാരിലും ഏറെ സ്വാധീനം ചെലുത്തുന്ന രംഗങ്ങളും കണ്ടുവരാറുണ്ട്‌. ആ പ്രകടമായ സ്വാധീനത്തിന്‍റെ പിടിച്ചുലത്തലിൽ തളരുന്നവർ ഏറെയാണ്‌. വർഷങ്ങൾക്ക് മുമ്പ്‌ നടന്ന സംഭവം. മലയാള മനോരമയുടെ കൊച്ചി ഓഫീസിൽ നടന്ന ഒരു ചടങ്ങ്‌. കാലാവസ്ഥ വ്യതിയാനങ്ങളെപ്പറ്റി ബോധവാനായിരുന്ന രാജേന്ദ്ര പാച്ചേരി എത്തുന്നു. കൊച്ചി ഓഫീസിലെ വിശാലമായ ഹാളിൽ നിറഞ്ഞ സദസ്സ്. ഈ പ്രഭാഷണം കേൾക്കാനായി മനോരമയുടെ മറ്റ് യൂണിറ്റുകളിൽ നിന്നും ജീവനക്കാർ കൊച്ചിയിൽ എത്തിയിരുന്നു. പക്ഷേ, കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഹാളിൽ എത്തിയ ഭൂരിഭാഗം പേരും ഫുൾ കൈ ഷർട്ടാണ്‌ ധരിച്ചിരിന്നത്. എനിക്ക് പരിചയമുള്ള സഹപ്രവർത്തകർ കൈ മടക്കിയും കൈ ചുരുട്ടിക്കയറ്റി വെച്ചും മുറിയൻ കൈ ഷർട്ട് ധരിച്ചും നടന്ന സുഹൃത്തുക്കൾ. ഇവർക്ക് പെട്ടെന്ന് ഈ മാറ്റം വരാൻ എന്താണ്‌ കാരണമെന്ന് ഞാൻ ആലോചിച്ചു. മനോരമ മാനേജിംഗ് എഡിറ്റർ ഫിലിപ്പ് മാത്യു സാറും ഒരുമിച്ച് പാച്ചേരി ഹാളിൽ എത്തിയപ്പോൾ മാത്രമാണ്‌ ഈ കൈക്കളിയുടെ ഗുട്ടൻസ് പിടി കിട്ടിയത്. ഫോട്ടോകളിലൂടെയും ചാനലുകളിലൂടെയും കണ്ടിട്ടുള്ള മനോരമ ജീവനക്കാർക്കറിയാം ശാസ്ത്രജ്ഞനായ പാച്ചേരി ഫുൾ കൈ ഷർട്ടാണ്‌ ധരിക്കുന്നതെന്ന്. ഈ ഷർട്ട് വിപ്ലവം കൗതുകം ഉണർത്തി. നീണ്ട മുടിയും താടിയുമുള്ള പാച്ചേരിയെപ്പോലെ സുഹൃത്തുക്കൾ വേഷം കെട്ടാതിരുന്നതു ഭാഗ്യം. കോട്ടയം യൂണിറ്റിൽ നിന്ന് എത്തിയവരെല്ലാം ഫുൾ കൈക്കാരായിരുന്നു.

എന്നാൽ കാലാവസ്ഥ വ്യതിയാനങ്ങളിൽ നാം മനസ്സിലാക്കിയത് 2010 നവമ്പർ 7ന്‌ അമേരിക്കൻ പ്രസിഡന്‍റെ്‌ ബാരാക് ഒബാമ ഇന്ത്യയിൽ എത്തിയപ്പോഴാണ്. മുംബെയിലെ ഹോളിനെയിം സ്കൂളിലെ കുട്ടികൾക്കൊപ്പം അല്പ സമയം ചിലവഴിക്കാൻ എത്തിയ പ്രസിഡന്‍റെ്‌ കോട്ട് ഊരി മാറ്റിയ ശേഷമാണ്‌ സ്കൂളിൽ എത്തിയത്. ഷർട്ടിന്‍റെ കൈ മടക്കിയും വച്ചിരിക്കുന്നു. പാവം ഒബാമ. നമ്മുടെ നാടിനെ കണ്ടു പഠിക്കട്ടെ. അതിനെപ്പറ്റി അഭിപ്രായം പറയാൻ കഴിയുക ഇന്ദിരാഭവനിൽ വെച്ച് മുണ്ട് നഷ്‌ടപ്പെട്ട രാജ് മോഹൻ ഉണ്ണിത്താനോ ശരത്ചന്ദ്രപ്രസാദിനോ മാത്രമാണ്‌. ജയ് ഹിന്ദ്!



1 അഭിപ്രായം:

  1. ................ ഡോക്ടർന്മാരോട് സംസാരിക്കാം.......

    മലയാളികളില്‍ ആരോഗ്യബോധം വളര്‍ത്തുന്നതില്‍ മാത്രമല്ല,
    ജനയുഗം വാരികയുടെസര്‍ക്കുലേഷന്‍ കൂട്ടുന്നതിലും ഗണ്യമായ പങ്കുവഹിച്ച
    ജനയുഗം ഡോക്ടറന്മാരുടെ (വൈദ്യന്മാരുടെയും).
    സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരന്‍
    ഡോ.ബാലകൃഷ്ണന്‍ തമ്പി,
    ഡോ.ഹരിദാസ് വെര്‍ക്കോട്,
    ഡോ.ടി.കെ സതീഷ്ചന്ദ്രന്‍(കൊല്ലം),
    കുഞ്ഞിരാമന്‍വൈദ്യര്‍ ദ്വയം(മാവേലിക്കരയും പെരുനാടും),
    തുടങ്ങിയവരില്‍ ഒരാളുടെ പോലും പരാമര്‍ശിക്കാതെ
    (അവരുടെ ഫോട്ടോയോ രേഖാചിത്രമോ വേണ്ട,പേരെങ്കിലുംകൊടുക്കാമായിരുന്നു)
    വിട്ടതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.
    അവരില്‍ മിക്കവരും കാലയവനികയ്ക്കു പിന്നില്‍ മറയുകയും
    ചെയ്തിരിക്കുന്നു.
    ഡോ.കെ .രാജന്‍

    മറുപടിഇല്ലാതാക്കൂ