കുറത്തിയും നെല്ലിമരവും
കവിത എഴുതാറില്ലെങ്കിലും കവികളോട് കാലാകാലങ്ങളില്‍ എനിക്കുണ്ടായ ഇണക്കം ഏറെയാണ്. കവിതയെഴുതാറുള്ള ഒരു മാസ്റ്ററായിരുന്നു എനിക്ക് വീട്ടില്‍ വന്നു ട്യുഷന്‍ എടുത്തുകൊണ്ടിരുന്നത് - യശശ്ശരീരനായ പി. എല്‍. മത്തായി (തൃക്കാക്കര). എന്നാല്‍ ഒരു കവിയെ കാണുന്നതും അടുപ്പം സ്ഥാപിക്കുന്നതും ചങ്ങമ്പുഴ കൃഷ്ണപിള്ളയോടായിരുന്നു. പിന്നീടൊരു ഗ്യാപ്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ശ്രീകുമാരന്‍ തമ്പിയെ കണ്ടുമുട്ടുന്നു. അദ്ദേഹം മാവേലിക്കര ഭരണിക്കാവിലെ എന്‍റെ വീട്ടില്‍ വന്നത് മുതലുള്ള ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഒരിക്കലെ ഞാന്‍ കവിത എഴുതിയിട്ടുള്ളൂ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍റെ ഒരു കവിത 1954ല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടു. "എങ്ങുപോയ് എങ്ങുപോയ് എന്‍ പോന്നു പമ്പരം, എങ്ങോ തെറിച്ചങ്ങദൃശ്യമായി..." അങ്ങനെ പോകുന്നു ആദ്യത്തേതും അവസാനത്തേതുമായ എന്‍റെ കവിത.
കൊല്ലം ജനയുഗം ദിനപത്രത്തിന്‍റെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നതോടെയാണ് കവികളെ കൂടുതലായി കൂടുതലായി മുട്ടാനും തട്ടാനും ഭാഗ്യം ലഭിച്ചത്. ജനയുഗം വാരികയുടെ പത്രാധിപര്‍ കൂടിയായിരുന്ന കവി പാറെക്കോട് എന്‍. ആര്‍. കുറുപ്പിന്‍റെ മുഖം എല്ലാ ദിവസവും കാണാനുമായി. പത്രം ഓഫീസില്‍ കവിത എത്തിക്കാനും മുഖ്യ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനെ കാണാനുമായി വരുന്ന പല കവികളുമായി ഞാനും ചങ്ങാത്തത്തിലായി. പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനും കവിയുമായ ഏറ്റുമാനൂര്‍ സോമാദാസനോട് എല്ലാ ദിവസവും കാണുമ്പോള്‍ കുസലം പറയും. വരാന്ത്യത്തില്‍ കായംകുളത്തിന് പോകുന്ന പുതുശ്ശേരി രാമചന്ദ്രന്‍ 'അളിയോ' എന്ന് വിളിച്ച് കാമ്പിശ്ശേരിയുടെ അടുത്തേക്ക് പോകുന്നത് എന്‍റെ മുന്നിലൂടെയായിരുന്നു. മിക്ക ദിവസവും ഓഫീസില്‍ എത്താറുണ്ടായിരുന്ന കവി ഡി. വിനയചന്ദ്രന്‍ ആകട്ടെ അധികമൊന്നും സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു. പ്രിയ കവി തിരുനല്ലൂര്‍ കരുണാകരനും ആ ഗ്രൂപ്പില്‍ വരുന്നു. എന്‍റെ 'അണിയറ' എന്ന പുസ്തകം കടപ്പാക്കട മൈതാനത്തു നടന്ന ചടങ്ങില്‍ അന്നത്തെ മന്ത്രി ടി. കെ. ദിവാകരന്‍ പുറത്തിറക്കിയപ്പോള്‍ പുസ്തകം ഏറ്റുവാങ്ങിയത് തിരുനല്ലൂര്‍ കരുണാകരന്‍ ആയിരുന്നു. പുസ്തകത്തിന്‍റെ വിലയായി ഒരു കവര്‍ തന്നു - അത് ശൂന്യം! 1963ല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ മാത്രമാണ് സുഗതകുമാരിയെ അടുത്തറിയുന്നത്. ഏവൂര്‍ പരമേശ്വരന്‍, ചെറിയാന്‍ കെ. ചെറിയാന്‍ (ഇപ്പോള്‍ അമേരിക്കയില്‍) തുടങ്ങിയവരും സ്നേഹം വിതറി.
വീണ്ടും നമുക്ക് കൊല്ലത്തേക്ക് വണ്ടി കയറാം. ബാലയുഗം (കുട്ടികളുടെ മാസിക) ചുമതലയേല്‍ക്കാന്‍ ഞാന്‍ 1969ല്‍ ജനയുഗത്തില്‍ എത്തി. ആദ്യ ലക്കം പുറത്തിറങ്ങി. രണ്ടാമത്തെ ലക്കത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് വയലാര്‍ രാമവര്‍മ ചാടിക്കയറി വരുന്നത്. ആ വരവ് ജനലിനിടയിലൂടെ ശ്രദ്ധിച്ച കാമ്പിശ്ശേരി എന്നോടായി അടക്കം പറഞ്ഞു: "വയലാര്‍ വരുന്നുണ്ട്. ബാലയുഗത്തിന് ഒരു കവിത ചോദിക്കാന്‍ മറക്കണ്ട."
മുറിക്കകത്ത് കയറിയ വയലാര്‍ രാമവര്‍മ്മ വയലാറില്‍ നിന്നുള്ള യാത്രയുടെ സിന്ദൂരമാലകള്‍ ചാര്‍ത്തി വിവരണം കഴിഞ്ഞപ്പോള്‍ ഞാന്‍ കവിതയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോള്‍ കെ. പി. സി. സിക്ക് അവതരണഗാനം വേണ്ടിവന്നപ്പോള്‍ "ബലികുടീരങ്ങളെ, ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍..." എന്ന പ്രസസ്ത ഗാനം ഏതാനം മിനിട്ടുകള്‍ കൊണ്ട് വയലാര്‍ എഴുതിത്തീര്‍ത്തു എന്നത് ഇന്നും സംസാരവിഷയമാണ്. അതു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ബാലയുഗത്തിനായി ഒരു കവിത അദ്ദേഹം എഴുതിത്തരുമോ? ഞാന്‍ പ്രാര്‍ത്ഥിച്ചു. കടലാസും പേനയും തരാന്‍ വയലാര്‍ ആവശ്യപ്പെട്ടു. ധനു മാസത്തിലെ തിരുവാതിരനാള്‍ പോലെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഒഴുകിയെത്തി:
ഭഗവാനൊരു കുറവനായി
ശ്രീ പാര്‍വതി കുറത്തിയായി
ധനുമാസത്തില്‍ തിരുവാതിരനാള്‍
തീര്‍ഥാടനത്തിനൊരുങ്ങി അവര്‍
അവര്‍ ദേശാടനത്തിനൊരുങ്ങി
കാശ്മീരിലെ പൂവുകള്‍ കണ്ടു
കന്യാകുമാരിയില്‍ കാറ്റുകൊണ്ടു
നാടുകള്‍ കണ്ടു നഗരങ്ങള്‍ കണ്ടു
നന്മയും തിന്മയും അവര്‍ കണ്ടു
ആശ്രമങ്ങള്‍ കണ്ടു അമ്പലങ്ങള്‍ കണ്ടു
പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍
പാല്‍പ്പായസമുണ്ടു അവര്‍ പലവരം കൊടുത്തു
കൈമുട്ടുകള്‍ കൂപ്പിയും കൊണ്ട്
കണ്ണീരുമായി ഞങ്ങള്‍ കാത്തുനിന്നു
പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല.
മാസങ്ങള്‍ക്ക് ശേഷം ഈ പ്രിയ കവിത ഒരു സിനിമാഗാനമായി മാറി. വാഴ് വേമായം എന്ന ചിത്രത്തിന് വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നു.
വയലാറിന്‍റെ ബഹളത്തിനൊത്ത താളങ്ങള്‍ക്കും താളത്തിനൊത്ത ബഹളങ്ങള്‍ക്കും കാമ്പിശ്ശേരിയോടൊപ്പം കൂട്ടുനിന്നിട്ടുള്ള വ്യക്തിയായിരുന്നു ഞാനെങ്കിലും കവി ഒ. എന്‍. വിയുമായുള്ള പ്രണയത്തിന് ചെറിയൊരു താമരഇതളിന്‍റെ അകല്‍ച്ച കടന്നുകൂടി. കെ. പി. എ. സി വിട്ട് ഒ. മാധവന്‍റെ കാളിദാസകേന്ദ്രത്തിലേക്ക് ഒ. എന്‍. വി കൂടുമാറിയത് പാര്‍ട്ടിവിരുദ്ധ നിലപാടായില്ലേ എന്ന ചിന്ത എന്നില്‍ കടന്നുകൂടി. പാര്‍ട്ടി മെമ്പര്‍ അല്ലാത്ത ഞാന്‍ പാര്‍ട്ടി മെമ്പര്‍മാരെക്കാള്‍ അമര്‍ഷത്തിലായതെന്തിനെന്നു പിന്നീട് ഞാന്‍ ചിന്തിക്കാതെയുമിരുന്നില്ല. 1963ല്‍ ഡല്‍ഹി ശങ്കേര്‍ഴ്സ് വീക്കിലിയില്‍ ഞാന്‍ ചേര്‍ന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒ. എന്‍. വിയുടെ ഒരു കത്ത് ലഭിച്ചു. എന്‍റെ മേല്‍വിലാസം എഴുതിയിരിക്കുന്നത് മൂന്നു നിറത്തിലുള്ള പേന വെച്ച്. അകത്തെ കത്തും പല വര്‍ണങ്ങളില്‍. 'പ്രിയപ്പെട്ട' നീലയില്‍, 'യേശുദാസന്' ചുവപ്പില്‍. അങ്ങനെ പോകുന്ന കത്തില്‍ ആവശ്യപ്പെട്ട കാര്യം വായിച്ചപ്പോള്‍ ഞാന്‍ YMCA മുറിയിലിരുന്നു കുതിച്ചു ചാടി. 'ഡല്‍ഹിക്ക് ഉടനെ വരുന്നു. ആഗ്രയില്‍ പോകണം. താജ് മഹല്‍ കാണണം. താജ് മഹല്‍ കാണുന്നത് യേശുദാസനോടൊപ്പം ആയിരിക്കണം എന്നതാണ് തന്‍റെ ആഗ്രഹമെന്നും അടിവരയിട്ട് ഒ. എന്‍. വി എഴുതിയിരുന്നു. ഒരു ജ്ഞാനപീഠം ലഭിച്ചതിന്‍റെ ആവേശത്തിലായി ഞാന്‍.
ഞങ്ങള്‍ ഒരുമിച്ച് ആഗ്രയില്‍ പോയി താജ് മഹലും ആഗ്ര ഫോര്‍ട്ടും എല്ലാം കണ്ടു മടങ്ങി.
പാലാക്കാരനായ തോമസ് എന്ന ഒരു ഗൈഡിനെയായിരുന്നു ഞങ്ങള്‍ക്ക് സഹായമായി ലഭിച്ചത്. ആഗ്ര ഫോര്‍ട്ടിലെ ഒരു വലിയ മാര്‍ബിള്‍ പാത്രത്തിനു സമീപം ഞങ്ങളെ എത്തിച്ച തോമസ് പറഞ്ഞു: "ഈ മാര്‍ബിള്‍ തൊട്ടിയിലാണ് മുംതാസ് കുളിച്ചിരുന്നത്." ഞാന്‍ ആ മാര്‍ബിള്‍ പാത്രത്തില്‍ കൈ തൊട്ടു. ആ പാത്രത്തിലൊഴുകിയ സുഗന്ധമുള്ള വെള്ളത്തിന്‍റെയും അതില്‍ നിന്ന് നനഞ്ഞു കയറിയ രാജകുമാരിയെയും ഓര്‍ത്ത് ഏറെ നേരം ഒ. എന്‍. വി. അവിടെ നിന്നു. കയ്പ്പും പുളിപ്പും മധുരവും അദ്ദേഹം നുകര്‍ന്ന്. കുറെ ആഴ്ചകള്‍ക്ക് ശേഷം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒ. എന്‍. വിയുടെ മാര്‍ബിള്‍ കവിത പ്രത്യക്ഷപ്പെട്ടു.
'അസാധു' എന്ന കാര്‍ട്ടൂണ്‍ മാസിക കൊച്ചിയില്‍ നിന്നു പുറത്തിറക്കുന്നതിനിടയില്‍ ഒരു ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ലെനിനും, എ. സി. ജോസും ഞാനും കൂടിയാലോചിക്കുകയുണ്ടായി. പേര് കണ്ടു പിടിച്ചു: മാമ്പഴം! ഒരു 'മ' പ്രസിദ്ധീകരണം തന്നെ. പത്രാധിപര്‍ സാഹിത്യകാരനായ ഖാലിദ്. ആദ്യ ലക്കത്തില്‍ പ്രശസ്തരെ അണിനിരത്താനായിരുന്നു ശ്രമം. ഒ. എന്‍. വിയുടെ ഒരു കവിത വേണമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തിന് എഴുതി. വൈകിയില്ല. 'മോഹം' എന്ന കവിത അദ്ദേഹം എത്തിച്ചു തന്നു. പിന്നീട് 'ചില്ല്' എന്ന ചിത്രത്തിലൂടെ എം. ബി. ശ്രീനിവാസന്‍റെ ഈണത്തിലൂടെ ഒരു സിനിമാ ഗാനമായി മാറിയ ആ കവിത ചുവടെ ചേര്‍ക്കുന്നു.
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം!
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം!
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍, ചെന്നെടു-
തതിലൊന്നു തിന്നുവാന്‍ മോഹം!
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം!
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു
മധുരം! എന്നോതുവാന്‍ മോഹം!
ഒരു വട്ടം കൂടിയാപ്പുഴയുടെ തീരത്തു
വേരുതെയിരിക്കുവാന്‍ മോഹം!
വേരുതെയിരുന്നതോ കുയിലിന്‍റെ
പാട്ടുകേട്ടെതിര്‍ പാട്ടുപാടുവാന്‍ മോഹം!
അത് കേള്‍ ക്കെയുച്ചത്തില്‍ കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം!
ഒടുവില്‍ പിണങ്ങിപ്പറന്നുപോം
പക്ഷിയോടരുതേയെന്നോതുവാന്‍ മോഹം!
ഒരു മയില്‍പ്പീലി ഞാനിന്നു കാണുമ്പോഴും
ഒരു കുട്ടിയാകുവാന്‍ മോഹം!
ഒരു പുസ്തകത്തിന്നകത്തിരുന്നതു പെറ്റു-
പെരുകുമെന്നോര്‍ക്കുവാന്‍ മോഹം!
നിറുകയിലതു ചൂടി നില്‍ക്കുമൊരുണ്ണിതന്‍
പ്രിയതോഴനാകുവാന്‍ മോഹം!
വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും
വെറുതേ മോഹിക്കുവാന്‍ മോഹം!
എന്നെപ്പറ്റിയുള്ള 'ദ് ലീഡര്‍' എന്ന ഡോകുമെന്ററിയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ വര്ഷം ഒ. എന്‍. വിയുടെ വീട്ടിലെത്തിയപ്പോള്‍ 'വളപ്പൊട്ടുകള്‍' എന്ന പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 'ഓര്‍മ്മയുടെ സുഗന്ധമായി പ്രിയപ്പെട്ട യേശുദാസന് ഈ പുസ്തകം' എന്ന് കൂടി പുസ്തകത്തില്‍ എഴുതി ചേര്‍ത്തു. ജ്ഞാനപീഠം പുരസ്കാരം നേടിയ ഒ. എന്‍. വിയുടെ തോഴനായ ഉണ്ണിയുടെ തലയില്‍ ഒരു കെട്ടു മയില്‍പ്പീലി ഞാന്‍ ചാര്‍ത്തട്ടെ - നെല്ലിമരം ഉലത്തട്ടെ.
സോമദാസനെ കുറിച്ച് മറന്നത്
മറുപടിഇല്ലാതാക്കൂസെപ്തംബര് 21 കഴിഞ്ഞ് ഒക്ടോബര്‍ 16 നാണ് വീണ്ടും അസാധു വരുന്നത്.
നോക്കിനോക്കി ഇരുന്നു കണ്ണു കഴച്ചു.
സഖാവ് ഏറ്റുമാനൂര്‍ സോമദാസനെ
പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ വെറും ഉദ്യോഗസ്ഥനും വെറും കവിയുമായി അവതരിപ്പിച്ച്ത് ശരിയായില്ല.
അദ്ദേഹം പിന്നീട് എന്‍.എസ്സ്.എസ്സ് കോളേജില്‍ പ്രൊഫസ്സരായി. അടൂരിന്റെ ആദ്യം ചിത്രം
കാമുകി തുടങ്ങി പലചിത്രങ്ങള്‍ക്കു ഗാനം എഴുതി.(അന്നേ, നീയെന്റെ കരളാ എഴിതിയിരുന്നു.ബഷീറിന്റെ
ബാല്യകാലസഖിയുടെ മാറ്റൊലി നോവല്‍ എന്നു ചിലര്‍ പരിഹസിച്ചു.)
കഴിഞ്ഞ വര്‍ഷം "അതിജീവനം" എന്ന ആഖ്യായിക എഴുതി.
ഓണാട്ടുകരയിലെ മോഹന്റെ ഉണ്‍മയില്‍ അനുഭവകുറിപ്പുകള്‍ എഴുതുന്നു.മിന്നല്‍ പരമേശ്വരന്‍ പിള്ളയും
കോട്ടയം ഭാസിയുമൊക്കെ വീണ്ടും നമ്മുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു.
അവസാനം എരുമേലി പരമേശ്വരന്‍ പിള്ളയോടൊപ്പം സാഹിത്യ അക്കാഡമി പുരസ്കാരം
വാങ്ങി.മറ്റു ചില പുരസ്കാരവും അതൊന്നും യേശുദാസന്‍ അറിഞ്ഞില്ല എന്നു തോന്നുന്നു.
ജ്ഞാനപീഠം ഓര്‍മ്മകള്‍
മറുപടിഇല്ലാതാക്കൂമലയാളം വാരികയില്‍ കോളമിസ്റ്റായിരുന്ന കാലത്ത് പി.കെ.മന്ത്രി
എനിക്കും അതു കിട്ടുമെന്നു കാണിച്ച് ഒരു കാര്‍ട്ടൂണ്‍ വരച്ചു.
തകഴിക്കു ജ്ഞാനപഠം കിട്ടുമെന്നു കരുതിയ വര്‍ഷം അതു കിട്ടിയില്ല.
നിരാശനായ ചേട്ടന്‍ പ്രൊഫ.കുട്ടിയെ ആവണം സമീപിച്ചു കൈ നോക്കുന്നു.
ചില ഗ്രഹനിലകളാല്‍ കിട്ടും.കേരളത്തില്‍ നിന്നു കിട്ടുന്നതെല്ലാം ശങ്കരന്മാര്‍ ആയിരിക്കും.
ജി.ശങ്കരക്കുറുപ്പ്,ശങ്കരന്‍ പൊറ്റക്കാട്.അതിനാല്‍ ശിവശങ്കരപിള്ളയ്ക്കും കിട്ടും.
പക്ഷേ അതിനു മുമ്പു 2 ശങ്കരന്മാര്‍ക്കു കൂടി കിട്ടണം.ഒന്നു സാക്ഷാല്‍ ഈ.എം.എസ്സ്,
രണ്ടാമന്‍പാവം പിടിച്ച ഞാനും.ഒരുപക്ഷേ എന്നെ ഒന്നു കിളത്തി വിടാന്‍ എസ്.കെ.നായരോ
വി.ബി.സിയോ മന്ത്രിയോടു പറഞ്ഞിരിക്കാം.ഏതായാലും താമസ്സിയാതെ തകഴിച്ചേട്ടനും
കിട്ടി ജ്ഞാനപീഠവും തുടര്‍ന്നുള്ള പീഡനങ്ങളും.
ആദ്യമായി ജ്ഞാനപീഠം കയറിയത് കേരളത്തില്‍ നിന്നുള്ള ഒരു ശങ്കരനായിരുന്നതിനാല്‍ കേരളത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂജ്ഞാനപീഠ അവാര്‍ഡ് കിട്ടുന്നവരെല്ലാം ശങ്കരന്‍ മാര്‍ ആയിരിക്കും.അതിനാല്‍ തകഴിച്ചേട്ടനതു കിട്ടും.പക്ഷേ
അതിനു മുമ്പ് ശങ്കരന്‍ നമ്പൂതിരിപ്പാടിനും ഡോ.കാനം ശങ്കരപ്പിള്ളയ്ക്കും അതു കിട്ടണം എന്നോ മറ്റോ ആയിരുന്നു കാര്‍ട്ടൂണ്‍.
Dear all,
മറുപടിഇല്ലാതാക്കൂreally admire the way Dr Kanam Sankara Pillai writes his comments. So much of clarity and information in every sentence. Thank you very much for your insights. Thank you.
Yours truly,
Krishna Prasad,
Kerala state, India.