2010, ജൂൺ 26, ശനിയാഴ്‌ച

അമ്മക്കും അമ്മൂമ്മക്കും ചക്കരഉമ്മ

3 ഇഷ്ടമുള്ള നമ്പറാണ്. ഭാഗ്യനമ്പറാണ് മൂന്ന് എന്ന് പറയാറുണ്ടെങ്കിലും ഭാഗ്യത്തിനും ഭാഗ്യക്കേടിനും വഴിയൊരുക്കിയിട്ടുണ്ട്. 12.6.1938 എന്‍റെ ജന്മദിനമാണ്. ഇത്തവണത്തെ 'അസാധു' ഒരുക്കുന്നത് ജൂണ്‍ 12 ദിനത്തിലാണ്. എന്‍റെ എഴുപത്തിരണ്ടാം ജമ്നദിനം. മാതാപിതാക്കള്‍, രണ്ടു സഹോദരന്മാര്‍, ഒരു സഹോദരി ഇവര്‍ക്കെല്ലാം ആയുസ്സ് കുറവായിരുന്നു. അറുപതു വയസ്സിനപ്പുറം ഞാന്‍ കടന്നു പോകില്ലെന്ന് ജ്യോത്സ്യന്മാര്‍ പലരും പറഞ്ഞത് ഞാന്‍ വിശ്വസിച്ചിരുന്നു. എങ്കിലും ഇത്രയും കാലം തട്ടിയും മുട്ടിയും മുമ്പോട്ടു പോയി.

ജൂണ്‍ 12-കാര്‍ 'ജെമിനി' നാളില്‍ പെട്ടവരാണ്. അടുത്തറിയാവുന്ന മറ്റു ജെമിനിക്കാരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, പി. ജെ. ജോസഫ്‌, പത്രപ്രവര്‍ത്തകനായ ടി. വി. ആര്‍. ഷെണായ്, ഗായകന്‍ മാര്‍ക്കോസ്, കാര്‍ട്ടൂണിസ്റ്റല്ലാത്ത മലയാള മനോരമയിലെ ടോം (ഫിനാന്‍സ്, കൊച്ചി), കസ്റ്റംസ് ഓഫീസിറും ചിത്രകാരനുമായ ഫ്രാന്‍സിസ്‌ കോടങ്കണ്ടത്ത് - അങ്ങനെ ഇഷ്ടനിര മുന്നോട്ട് പോകുന്നു.  'ജെമിനി' കൂട്ടര്‍ ചില പ്രത്യേക സ്വഭാവക്കാരാണ്. അവര്‍ എപ്പോഴും ശാന്തരായിരിക്കുമത്രെ. വന്‍ സുഹൃത് വലയം സൃഷ്ടിക്കാന്‍ മിടുക്കരായിരിക്കും. യാത്ര ചെയ്യുന്നതില്‍ വലിയ കമ്പക്കാരാണ്, മഞ്ഞവസ്ത്രങ്ങളോടാണ് ഏറെ ഇഷ്ടം. ഒരു കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ Yes അല്ലെങ്കില്‍ No യില്‍ ചുറ്റിക്കറങ്ങി നില്‍ക്കുന്നവര്‍ എന്നൊക്കെ പറയാറുണ്ട്‌. എന്നാല്‍ പി. ജെ. ജോസഫിന് കെ. എം. മാണിയെ കണ്ടപ്പോള്‍ 'നോ' വിട്ടു 'യെസ്' സ്വീകരിക്കാന്‍ ബിഷപ്പന്മാരുടെ പ്രേരണകൂടി വേണ്ടിവന്നതായിട്ടാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. മഞ്ഞവസ്ത്രങ്ങളോടാണ് ജെമിനിക്കാര്‍ക്ക് ഇഷ്ടമെന്ന് പറയുന്നെങ്കിലും ചുവപ്പിനോടായിരുന്നു ഇ. എം. എസിന് പ്രിയം. ഗായകന്‍ മാര്‍ക്കോസ് ശാന്തനാണോ? ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ വിഷയം വരുമ്പോള്‍ മാര്‍ക്കോസിനു ശാന്തനാകാന്‍ കഴിയുന്നുണ്ടോ? മുട്ടുസൂചിയും പേനയും കൊണ്ടുവരുന്നവരെവരെ ചോദ്യം ചെയ്യുന്ന ഫ്രാന്‍സിസിന് സുഹൃത്തുക്കളുടെ എണ്ണം കൂടുന്നുണ്ടോ എന്നാ കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ ശാന്തനായിരിക്കാന്‍ വിധിക്കപ്പെട്ട വാജ്പേയും മുല്ലക്കര രത്നാകരനും കെ. പി. എ. സി. ലളിതയും 'ജെമിനി'ക്കാരായി മാറുകയല്ലായിരുന്നോ? എന്നാല്‍ യാത്ര ചെയ്യാനും ശാന്തനായിരിക്കാനും മഞ്ഞ ഖദര്‍ വസ്ത്രങ്ങള്‍ ധരിക്കാനും Yes അല്ലെങ്കില്‍ No യില്‍ കുടുങ്ങിക്കിടന്നു കറങ്ങാനും വിധിക്കപ്പെട്ട ഒരാളാണ് ഞാന്‍.

എന്നാല്‍ 2010 ജൂണ്‍ 12-ലെ ജന്മദിനത്തില്‍ ഞാന്‍ മൌനിയായി മാറി. കഴിഞ്ഞ രണ്ടു ജന്മദിനങ്ങളിലും ഓര്‍ത്തിരിക്കാന്‍ ഇണക്കമുള്ള ഓരോ പൊതുപരിപാടികള്‍ നടത്തുകയുണ്ടായി. എഴുപതാം ജന്മദിനത്തിനായിരുന്നു എന്‍റെ വെബ്‌ സൈറ്റിന്‍റെ ഉത്ഘാടനം. നമ്മുടെ ലീഡറായ കെ. കരുണാകരനായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്. എഴുപത്തിഒന്നാം ജന്മദിനത്തിലായിരുന്നു എന്നെപ്പറ്റിയുള്ള ഒരു ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ നടന്നത്. എന്‍റെ ജീവിതകഥ, കാര്‍ടൂണ്‍കഥ പറയുന്ന ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത് നവോദയ അപ്പച്ചനായിരുന്നു. എഴുപത്തിരണ്ടാം ജന്മദിനത്തിലും പുതുതായിട്ടൊരു പരിപാടിയിലൂടെ കൂടിച്ചേരല്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതിലുള്ള നേരിയ വേദനയുണ്ട്. ഒരു പുസ്തകം - എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ - കാലിന്‍റെയും ഹൃദയത്തിന്‍റെയും താളപ്പിഴകള്‍ മൂലം എഴുതിതീരാനായില്ല. സുഹൃത്തുക്കളെ ശത്രുക്കളായും ശത്രുക്കളെ മിത്രങ്ങളായും മാറ്റുന്ന ഈ സത്യാന്വേഷണത്തിന്‍റെ കഥ ഇത്രത്തോളം തുറന്നു പറയണോ എന്നാ ചിന്തയില്‍ പേനയിലെ മുറുക്കിപ്പിടുത്തം അയയ്ക്കാനും ശ്രമിക്കുന്നു. ഒരു ഇടവപ്പാതികൂടി കഴിയട്ടെയെന്നും ചിന്തിക്കാതിരുന്നില്ല. മഴ പെയ്യട്ടെ. കോരിച്ചോരിയുന്നതിനു പകരം അത് ചരിഞ്ഞുപെയ്തു കാണാനാനിഷ്ടം. ആഞ്ഞുകുത്തിയോലിച്ചുപെയ്യുന്ന മഴ ഇന്നും ഭയമാണ്.

മാവേലിക്കരയില്‍ ഭരണിക്കാവിലെ കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുകയാണ്. വീടിനു മുമ്പില്‍ ഒരു ചെറിയ കുളം ഉള്ളതുകൊണ്ട് ആയിരംകുളങ്ങര എന്നാണു ആ ചെറിയ സ്ഥലത്തിന്‍റെ പേര്. ഇന്നും ആ പേരില്‍ അറിയപ്പെടുന്നു. സ്കൂളിലേക്കുള്ള പോക്കും അവിടെ നിന്നുള്ള വരവും സ്കൂളില്‍ കുളിച്ചും കളിച്ചുമാണ്. കുളത്തില്‍ നിന്ന് ചെറിയ മീനുകളെ പിടിക്കാനും ശ്രമിക്കും. അമ്മച്ചി (പിതാവിന്‍റെ അമ്മ) കുളത്തിന്‍റെ കരക്ക് നില്‍ക്കുക പതിവാണ്. ചാറ്റമഴ പെയ്താല്‍ വീടിനു മുമ്പിലുള്ള നെല്‍പ്പാടത്തിന്‍റെ വരമ്പിലൂടെ തോര്‍ത്ത് മുണ്ടും ഉടുത്തു ഓടി നടക്കും. ചെറിയ മഴ ഉള്ളപ്പോഴാണ് ആ ഓട്ടത്തിന് സുഖം. (എന്നെപ്പറ്റിയുള്ള ഡോക്യുമെന്‍ററിയില്‍ വരമ്പിലൂടെയുള്ള കുട്ടിക്കാലത്തെ ഓട്ടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. അഞ്ചുവയസ്സുകാരനായ എന്‍റെ കൊച്ചുമകന്‍ ആദി ദാസ്‌ ആണ് എന്‍റെ വേഷത്തില്‍).
അമ്മ: മറിയാമ്മ (ആച്ചിയമ്മ)

അമ്മൂമ്മയെപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ നേരിയ വേദന അനുഭവപ്പെടും. അമ്മച്ചിയെപ്പറ്റി ചെറിയ ഓര്‍മ്മകള്‍ മാത്രം. കുളക്കരയില്‍ നില്‍ക്കുന്നതും നെല്‍പ്പാടത്തിന്‍റെ സമീപം നില്‍ക്കുന്നതും വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന ഞാന്‍ വീഴുമ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും അമ്മൂമ്മ. മരിച്ചുകിടക്കുമ്പോള്‍ തലയ്ക്കു പിന്നില്‍ വച്ചിരുന്ന കുരിശും കത്തുന്ന മെഴുകുതിരികളും കുന്തിരിക്കത്തിന്‍റെ മണവും മാത്രം ഓര്‍മ്മയില്‍ ശേഷിക്കുന്നു. മൃതദേഹവുമായി പള്ളിയിലേക്കുള്ള യാത്ര ഓര്‍മയില്‍ അരിച്ചെടുക്കാന്‍ കഴിയുന്നില്ല. കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ സെമിത്തേരിയില്‍ ഏതു ഭാഗത്താണ് അന്ന് സംസ്കരിച്ചതെന്നും അറിയില്ല. എങ്കിലും സ്മശാനത്തില്‍ കയറിവലതുഭാഗത്തേക്ക്‌ ഞാന്‍ മുഖം തിരിക്കും. വലതുഭാഗത്തെവിടെയോ ആണ് സംസ്കരിച്ചതെന്ന ചെറിയ ഓര്‍മ്മ മാത്രം.

അമ്മൂമ്മയുടെ മുഖം ഞാന്‍ ഓര്‍ക്കുന്നു. വെളുത്തു മെലിഞ്ഞ സുന്ദരി. ദേഹത്ത് രണ്ടാം മുണ്ട് ചുറ്റിയിരിക്കും. അമ്മൂമ്മയുടെ മുഖത്തെ ചുളിവുകളിലൂടെ അഞ്ചു വയസ്സുകാരനായ ഞാന്‍ വിരല്‍ ഓടിച്ചിരുന്നത് ഇന്നും ഓര്‍ക്കാന്‍ കഴിയുന്നു.

സ്കൂള്‍ തുറക്കുന്നതോട് കൂടിയാണ് അക്കാലത്ത് കടുത്ത മഴ പെയ്യുന്നത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. വീട്ടിലുള്ള കാല്‍ക്കുട കിട്ടാതെ വന്നാല്‍ വാഴയിലയാണ് പിന്നീട് ശരണം. വാഴയിലയും പിടിച്ച് പോകുന്നതിനിടയില്‍ വഴിയില്‍ നിന്ന് ചില കൂട്ടുകാരും അതിനിടയില്‍ കയറും. പക്ഷേ മഴക്കാലത്ത് എല്ലാ ദിവസവും എന്‍റെ സഹായി ഒന്നാം ക്ലാസ്സിലെ അധ്യാപകനായിരുന്ന ശങ്കരപിള്ള സാര്‍. വീടിനു മുന്നില്‍ നില്‍ക്കുന്ന എന്നെയും കൂട്ടിയാണ് സാര്‍ സ്കൂളില്‍ പോകാറുള്ളത്. എന്‍റെ പിതാവും ഈ അധ്യാപകനും സുഹൃത്തുക്കളായിരുന്നു. ഗുരുനാഥനോടൊപ്പം ക്ലാസ്സ്‌ വരെ പോകുന്നത് അക്കാലത്ത് ഒരു ഗമയായിരുന്നു. ആയിരം കുളങ്ങരനിന്നുള്ള വെളുത്ത പൂഴിമണല്‍ പാതയിലൂടെ നടന്ന് ഭരണിക്കാവ് ദേവീക്ഷേത്രത്തിന് മുമ്പിലെത്തി സ്കൂളിന്‍റെ പിന്നിലൂടെ ക്ലാസ്സില്‍ പ്രവേശിക്കുകയാണ് പതിവ്. ദേവീക്ഷേത്രത്തിന്‍റെ മുമ്പിലെത്തുമ്പോള്‍ ശങ്കരപിള്ള സാര്‍ നില്‍ക്കും. ദേവിയെ തൊഴും. ഞാനും അനുകരിക്കും. ക്ഷേത്രത്തിന് സമീപത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബുദ്ധ പ്രതിമയുണ്ട്. അതിനു മുന്നിലും അല്‍പനേരം നില്‍ക്കും. വണങ്ങും. ചെറിയ മനസ്സ്‌ ലോലമാകും. എല്ലാ സ്കൂളുകള്‍ക്ക് സമീപവും ഓരോ ബുദ്ധപ്രതിമ സ്ഥാപിചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. ശങ്കരപിള്ള സാറിന് മറ്റൊരു ഒമാനപ്പേരുണ്ട്. നാട്ടില്‍ അറിയപ്പെടുന്നത് 'വള്ളി സാര്‍' എന്നാണ്. ഏതാണ്ട് ആറര അടിയോളം ഉയരമുള്ളതുകൊണ്ടാണ് നാട്ടുകാര്‍ വള്ളിയാക്കി മാറ്റിയത്.

ഒരു മഴക്കാലത്ത് അത് സംഭവിച്ചു. കോരിച്ചൊരിയുന്ന മഴ. വള്ളി സാറിന്‍റെയും കുടയുടെയും വരവ് കാത്ത് ഞാന്‍ വീടിന്‍റെ വാതുക്കല്‍ നില്‍ക്കുകയാണ്. വഴിയിലൂടെ സ്കൂളിലേക്ക് പോയ ഒരു കുട്ടി കടുത്ത മഴ മൂലം വഴിയില്‍ നിന്ന് ഓടി ഞങ്ങളുടെ വീടിന്‍റെ വരാന്തയില്‍ ചാടിക്കയറി നിന്നു. പയ്യന്‍റെ ചാടിക്കയറ്റം അമ്മൂമ്മക്ക് അത്ര ഇഷ്ടമായില്ല. "പോടായിറങ്ങി. നില്ക്കാന്‍ കണ്ട ഒരു സ്ഥലം." കുട്ടിയെ അമ്മൂമ്മ പുറത്തേക്കു പിടിച്ചു തള്ളി. പയ്യന്‍ മുറ്റത്ത് കൊടും മഴയത്ത് വീണു. എന്നാല്‍ അമ്മൂമ്മയുടെ പ്രവര്‍ത്തി അമ്മക്ക് തീരെ പിടിച്ചില്ല. അമ്മ എന്‍റെ അടുത്തുവന്ന് രണ്ടു കൈകൊണ്ടും എന്നെ പൊക്കിയെടുത്ത് മുറ്റത്ത് മഴയത്തിറക്കി. മുറ്റത്തിന്‍റെ നിലത്തിറക്കി വെച്ച് അമ്മ പറഞ്ഞു: "നീയും കുറെ നനയട്ടെ. കൊച്ചു മോന്‍ ദാസന്‍ മഴ നനഞ്ഞാല്‍ അമ്മച്ചിക്ക് വേദനിക്കുന്നോന്നറിയണമല്ലോ."

അമ്മൂമ്മ അകത്തേക്ക് പോയി. പയ്യന്‍ വഴിയിലേക്കിറങ്ങി ഓടിപ്പോയി. അമ്മ എന്നെ അകത്തെ മുറിയില്‍ കൊണ്ടുപോയി തല തോര്‍ത്തി തന്നു. "ആ ചെറുക്കനും നിന്നെപ്പോലെയാ. ഏതോ ഒരു പാവം പയ്യന്‍."

അമ്മൂമ്മയുടെ സൈഡ് പിടിക്കണോ അമ്മയുടെ പക്ഷം പിടിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഓരോ ചക്കര ഉമ്മ കൊടുക്കാം. അത്ര മാത്രം. അമ്മയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. 'ആച്ചിയമ്മ' എന്ന ഓമനപ്പേര് ഇന്നും മുതിര്‍ന്നവരില്‍ പലര്‍ക്കും ഓര്‍മ്മയുണ്ട്. മുറ്റത്ത് വീണ കുട്ടിയുടെ മുഖം ഓര്‍ക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഏതോ ഒരു പയ്യന്‍ - വളര്‍ന്നു വലുതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ നിന്നു റിട്ടയര്‍ ചെയ്തു വിശ്രമജീവിതം നയിക്കുന്ന വ്യക്തിയായിരിക്കാം. മഴ വരുമ്പോഴെല്ലാം ഈ സംഭവം മാറി മാറി ഞാന്‍ ഓര്‍ക്കും. മൌനമായി മഴയെ നോക്കി നില്‍ക്കും. പെരുമഴയെക്കാള്‍ ദോഷരഹിതമായ ചാഞ്ഞമഴയോടുള്ള പ്രിയം കൂടുതലാണ്. മഴ നദിയിലൂടെ ഒഴുകി കടലില്‍ ചെന്ന് ചേരുന്നു. അവ വീണ്ടും തിരയായി കരയില്‍ കയറി നമ്മുടെ കാലുകളെ സ്പര്‍ശിക്കുന്നു. ചില അവസരങ്ങളില്‍ സുനാമിയായും.

അടക്കാത്ത സ്കൂളുകള്‍
എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടക്ക് ചേര്‍ത്തലക്ക് സമീപം റോഡിന്‍റെ ഇടതുവശത്ത് വലിയൊരു പാഠശാലയുണ്ട്. ബിഷപ്പ് മൂര്‍ ഹൈസ്കൂള്‍. കാണാന്‍ നല്ല കെട്ടിടം. നല്ല അന്തരീക്ഷം. നല്ലയൊരു മഴവേളയിലാണ് സന്ധ്യനേരത്ത് ഞാന്‍ സ്കൂള്‍ ശ്രദ്ധിച്ചത്. നല്ല കാറ്റ്. കണ്ണാടി ജനലുകള്‍ ആടി ഉലയുന്നു. പല ജനാലകളുടെയും ഗ്ലാസ്സുകള്‍ പൊട്ടിയുട്ടുണ്ട്.

ജനലുകള്‍ അടക്കാന്‍ മറന്നുപോയതാണോ? അല്ല. ജനല്‍ അടക്കുന്ന ശീലമില്ല. പണ്ട് ഭരണിക്കാവ് പ്രൈമറി സ്കൂളിന്‍റെ ജനലുകള്‍ വൈകുന്നേരങ്ങളില്‍ അടക്കുന്നത് ഞങ്ങള്‍ വിദ്യാര്‍ഥികളായിരുന്നു. ഇപ്പോള്‍ അങ്ങനെ വേണമെന്നില്ല. എങ്കിലും കാറ്റും മഴയും ഉള്ളപ്പോള്‍ വൈകുന്നേരം അടച്ചു പിരിയാന്‍ സംവിധാനം ഉണ്ടാകേണ്ടതാണ്. ബിഷപ്പ് മൂര്‍ ഹൈസ്കൂളിനെപ്പോലെ തുറന്ന ജനലുമായി രാത്രികാലങ്ങളില്‍ കഴിയുന്ന അനേകം സ്കൂളുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ട്.

6 അഭിപ്രായങ്ങൾ:

  1. കേരളീയ പാരമ്പര്യമനുസ്സരിച്ച് അശ്വതി തുടങ്ങിയ ഇരുപത്തേഴു നക്ഷത്രങ്ങളിൽ
    ഒന്നാണ്‌ ജന്മദിനമായി കണക്കാക്കാറ്.ജാതകം എഴുതുന്നതും അതിനനുസ്സരിച്ചാണ്‌.
    ഹിന്ദുക്കൾ മാത്രമല്ല.നസ്രാണികളും അങ്ങിനെ ചെയ്തിരുന്നു.
    (ഭാരതവൽക്കരണത്തിനു മുമ്പു തന്നെ കേരളവൽക്കരണം നടന്നിരുന്നു)
    യേശുദാസൻ നാൾ പറയുന്നില്ല. ജാതകം എഴുതിയിരുന്നോ എന്നും.
    എന്റെ നാൾ ചിത്തിര.
    ചിത്തിര പിറന്നാൾ അത്തറ കാണില്ല എന്നാണ്‌ വിശ്വാസം.
    ജനിച്ച വീട് നിലനിൽക്കില്ല. ചിത്തിര തിരുനാളിനോടു കൂടി നമുക്കു രാജ്യഭരണം
    ഇല്ലാതായി. എൻ റെ ജന്മഗൃഹവും ഇന്നില്ല. പാടുന്ന ചിത്രയുടെ കാര്യം അറിയില്ല.
    ഞങ്ങളുടെ കുടുംബത്തിൽ മുമ്പൊന്നും വൈദ്യന്മാരോ ഡോക്ടറന്മാരോ ഉണ്ടായിരുന്നില്ല.
    പക്ഷേ ജാതകം എഴുതിയ കൊടുങ്ങൂരിലെ രാമൻ കുട്ടി കണിയാർ ജാതകനു വൈദ്യം ആയിരിക്കും
    തൊഴിൽ എന്നെഴുതി വച്ചു.വാഴൂർ എം.എൽ.ഏ വൈക്കം വേലപ്പൻ
    ആരോഗ്യമന്ത്രിയാകയും 1961 ൽ കോട്ടയത്തു മെഡിക്കൽ കോളേജു വരുകയും
    ചെയ്തതിനാൽ രാമൻ കുട്ടി കണിയാർ എഴുതിയത് സത്യമായി.
    യേശുദാസനു ജാതാകം എഴുതിയിരുന്നോ എന്നറിയാൻ താല്പ്പര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂൺ 27 6:32 PM

    "ചിത്തിര പിറന്നാൾ അത്തറ കാണില്ല എന്നാണ്‌ വിശ്വാസം.ജനിച്ച വീട് നിലനിൽക്കില്ല. ചിത്തിര തിരുനാളിനോടു കൂടി നമുക്കു രാജ്യഭരണം ഇല്ലാതായി."

    Very important and valid perspective. Thank you Dr Kaanam!
    E Sreekumar

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,
    എന്‍റെ നക്ഷത്രം ചതയം. മൂത്ത മകന്‍ സാനുവും ചതയം നക്ഷത്രക്കാരന്‍. ചതയം നാളുകാരെ എനിക്ക് മോഹന്‍ലാല്‍ ചിത്രം പോലെ ഇഷ്ടമാണ് എന്നതാണ് സത്യം. എന്നാല്‍ ഈ നാളുകാര്‍ ചതഞ്ഞവരായിരിക്കുമെന്ന് കേട്ടാല്‍ ഞാന്‍ അവരുടെ സമീപത്തേക്ക് ചരിഞ്ഞിരിക്കുക പതിവാണ്. ചതയം നക്ഷത്രം വഴിയാണ് ശ്രീനാരായണഗുരുവിനെ ആരാധിച്ചുതുടങ്ങിയതും.

    എന്‍റെ ജാതകം എഴുതുകയും നോക്കുകയും ചെയ്തതിന് രേഖകളൊന്നുമില്ല. പണ്ട് കാലത്ത് ക്രിസ്തീയകുടുംബങ്ങളില്‍ ജാതകം എഴുതിക്കുന്ന പതിവില്ലായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ജാതകം എഴുതിവാങ്ങാന്‍ ധൃതി കൂട്ടുന്നത്‌ ക്രിസ്ത്യാനികളാണ്. എനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ട്. മൂന്ന് മക്കളുടെയും കൊച്ചുമക്കളുടെയും ജാതകം എഴുതിസൂക്ഷിച്ചിട്ടുമുണ്ട്.

    മൂത്ത മകന്‍റെ ജാതകം എഴുതിയത് മഹാരാഷ്ട്രയിലെ പ്രസിദ്ധനായ ഒരു ജ്യോല്‍സ്യരായിരുന്നു. മകന് 's' ല്‍ തുടങ്ങുന്ന പേരിടണം. ഭാവിയില്‍ സൈനിക ഉദ്യോഗസ്ഥനായിത്തീരുമെന്നും ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ ഇപ്പോള്‍ പ്രതിരോധമന്ത്രി എ. കെ. ആന്റണിയുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടിവരുമായിരുന്നു. അത് സംഭവിച്ചില്ല. ചെന്നെയില്‍ അബാന്‍ ഓയില്‍ ഡ്രില്ലിംഗ് കമ്പനിയില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്നു. എന്നാല്‍ ജ്യോല്‍സ്യര്‍ പറഞ്ഞ 's' ഞാന്‍ നടപ്പിലാക്കി. മൂത്ത മകന് സാനു എന്ന് പേരിട്ടു. രണ്ടാമത്തെ മകനെ സേതു എന്നും മൂന്നാമനെ സുകു എന്നും വിളിച്ചു. 's'കാരെയെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ Shankara Pillai (Dr Kanam) യെ ഇഷ്ടക്കാരുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

    എന്‍റെ ജാതകം എഴുതിയിട്ടില്ലെങ്കിലും പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാടും കെ. കരുനാകരന്‍റെ ഇഷ്ടതാരം ഹസ്തരേഖ വിദഗ്ദന്‍ ടി. എം. ആര്‍. കുട്ടിയും തമിഴ് നാട്ടില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വരാറുണ്ടായിരുന്ന ഒരു സ്വാമിയും മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ പേര്‍സണല്‍ സെക്രട്ടറിമാരില്‍ ഒരാളായ ചെന്നൈക്കാരന്‍ ടൈ കെട്ടിയ ജ്യോല്‍സ്യരും എന്‍റെ കൈയും മുഖവും കാലും നോക്കി ചിലതൊക്കെ പണ്ട് പ്രവചിക്കുകയുണ്ടായി. വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആ 'തമാശകള്‍' ഒരു ലേഖനമായി വെബ്‌സൈറ്റില്‍ വൈകാതെ പ്രത്യക്ഷപ്പെടുന്നുണ്ട്.

    യേശുദാസന്‍

    മറുപടിഇല്ലാതാക്കൂ
  4. കാർട്ടൂണിസ്റ്റുകളിലും ഉണ്ടായിരുന്നു,ഉണ്ട്,
    ഒരുപാട് ശകാരങ്ങൾ
    ശങ്കർ എന്ന കായംകുളം ശങ്കരപിള്ള
    കെ.എസ്.പിള്ള എന്ന മാവേലിക്കരക്കാരാൻ
    ചങ്ങമ്പുഴയുടെ ഒശുകുന്ന പുഴയ്ക്കു പകരം ഇംഗ്ളീഷ് കെ കൊണ്ടു
    തലേക്കെട്ടു കെട്ടി ദേശബന്ധുവിലും പൗരദ്ധ്വ നിയിലും സരസനിലും
    കാർട്ടൂൺ വരച്ചിരുന്ന കെ.എസിനെ അനുകരിച്ചായിരുന്നു ആദ്യകാലത്ത്
    ഞാൻ ഒപ്പു വരച്ചിരുന്നത്.
    പിന്നെ കോട്ടയം കാരൻ ശങ്കരൻ കുട്ടി
    പിന്നെ കൊല്ലംകാരൻ പ്രൊഫ.സോമനാഥൻ
    തിരുവനന്തപുരത്തെ സുകുമാർ.
    പിന്നെ സോമനെ ഉപേക്ഷിച്ച് നാഥനെ കൈകൊണ്ട
    എന്റെ നാട്ടുകാരൻ (കാനം) നാഥൻ
    നാഥൻ വരച്ച ആദ്യ കാർട്ടൂൻ വെളിച്ചം കണ്ടതാകട്ടെ എൻ റെ പത്രാധിപത്യത്തിൽ
    കാനം സി.എം.എസ്സ് മിഡിൽ സ്കൂൾ വക കയ്യെഴുത്തു മാസികയിലും.
    പോത്തൻ ജോസഫിനെ പോലെ,കാംബിശ്ശേരിയെ പോലെ
    ചെറിയ തോതിലാണെങ്കിലും എനിക്കും ഒരു കാർട്ടൂണിസ്റ്റിൻ റെ
    തലതൊട്ടപ്പനോ(സൂതിശത്രജ്ജനോ) ആകാനും സാധിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. ഈ എഴുത്തിന് എന്തു ഭംഗി എന്നു മാത്രം
    പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍
    ഉപസം..... :)

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ജൂലൈ 2 5:31 PM

    Cartoonist Yesudasan would like to thank all those who read and post their comments!
    Thank you very much.

    For Yesudasan,
    Design & People
    www.designandpeople.org

    മറുപടിഇല്ലാതാക്കൂ