2010, ജൂലൈ 3, ശനിയാഴ്‌ച

കെ. പി. സി. സി. ഓഫീസിലെ നഗ്നനൃത്തം

മുപ്പത്തിരണ്ട് വര്‍ഷം പഴക്കമുള്ള അടിയന്തരാവസ്ഥയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടന്ന് ഓര്‍മ്മ വരിക മൂന്നു പ്രശസ്തരെയാണ് - കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മ, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ആഭ്യന്തരമന്ത്രി ആയിരുന്ന കെ. കരുണാകരന്‍, പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കല്‍.

അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തോടെ ജയിലില്‍ പോകേണ്ടി വന്ന കാര്‍ട്ടൂണിസ്റ്റാണ് കേരളവര്‍മ്മ. അക്കാലത്ത് ഡല്‍ഹിയില്‍ താമസക്കാരനായിരുന്നു. ഇപ്പോള്‍ തൃപ്പൂണിത്തുറക്കാരന്‍. ഇന്ദിരാഗാന്ധിയെയും അവരുടെ നയങ്ങളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം വരച്ച കാര്‍ട്ടൂണുകള്‍ ഡല്‍ഹിയിലെ പ്രധാനവീഥികളിലെ മതിലുകളിലെല്ലാം പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ ജയിലില്‍ ചെന്ന് കാണാനോ സുഖാന്വേഷണങ്ങള്‍ അന്വേഷിക്കാനോ ഡല്‍ഹിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ആരും തയ്യാറായില്ല. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ പേടിയായിരുന്നു. അവരുടെ കൈയിലിരുന്ന് ബ്രഷും പെന്‍സിലും വിറച്ചു. എന്നാല്‍ ഒരു വ്യക്തി മാത്രം കേരളവര്‍മ്മയെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു - പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി.

അടിയന്തരാവസ്ഥയുടെ വരവോടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജയിലില്‍ അകപ്പെടുമോ എന്നാ ഭയം മൂലം ഇന്ത്യയിലെ ഭൂരിഭാഗം കാര്‍ട്ടൂണിസ്റ്റുകളും വര നിറുത്തി. പേനയും പെന്‍സിലും മേശക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു. പ്രസസ്ത കാര്‍ട്ടൂണിസ്റ്റ് ഒ. വി. വിജയന്‍ സെക്കന്തറാബാദിലേക്ക് ട്രെയിന്‍ കയറി. അക്കാലത്ത് രാഷ്ട്രീയകാര്‍ട്ടൂണുകള്‍ വരക്കുന്നതില്‍നിന്ന് പിന്മാറിയ അബു അബ്രഹാം ഒ. വി. വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അബുവിന്‍റെ മരണത്തിന് രണ്ടാഴ്ച മുമ്പ് ഞാന്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ച് കണ്ടപ്പോഴും വിജയനെ ഒരു ഭീരുവായിട്ടാണ് അബു വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥയിലെ തിരയില്‍ മലയാളപത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രത്യഷപ്പെടുന്നത് ചുരുക്കമായി. കലാനിലയം കൃഷ്ണന്‍ നായരുടെ തനിനിറം ദിനപത്രത്തില്‍ പി. കെ. മന്ത്രിയുടെയും കോണ്‍ഗ്രസിന്‍റെ മുഖപത്രമായ 'വീക്ഷണം' ദിനപത്രത്തില്‍ എന്‍റെയും കാര്‍ട്ടൂണുകള്‍ പ്രത്യഷപ്പെട്ടുതുടങ്ങി. എന്നാല്‍ കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തില്‍ എനിക്ക് വരക്കുന്നതിന് അല്പം സ്വാതന്ത്ര്യം കൂടുതല്‍ അനുവദിക്കുന്നില്ലേയെന്ന സംശയം ചില കേന്ദ്രങ്ങളില്‍ ഉണ്ടായി. ഒരു ദിവസം തനിനിറം പത്രത്തില്‍ അതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും വന്നു. "ഈ കാര്‍ട്ടൂണ്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണം!" അതായത് യേശുദാസിന് ലഭിക്കുന്ന സ്വാതന്ത്ര്യം പി. കെ. മന്ത്രിക്കും വേണമെന്നതാണ് ആവശ്യം. വീക്ഷണത്തില്‍ വന്ന എന്‍റെ ഒരു കാര്‍ട്ടൂണ്‍ തനിനിറം പ്രസിദ്ധീകരിച്ചു. തെറ്റെന്നു നമുക്ക് തോന്നുന്ന ഏതെങ്കിലും വാര്‍ത്തയോ കാര്‍ട്ടൂണോ വീണ്ടും പ്രസിദ്ധീകരിക്കുക കുറ്റകരമാണെന്നുള്ള നിയമം അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നു. രാജ്യദ്രോഹവാര്‍ത്തകള്‍  പ്രസിദ്ധീകരിക്കുകയും തെറ്റെന്നു തോന്നുന്ന കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തതിന്‍റെ പേരില്‍ തനിനിറം പത്രം പൂട്ടാന്‍ ഉത്തരവായി.

ജയറാം പടിക്കല്‍ സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. മുഖത്ത് നോക്കാതെ തന്നെ കുറ്റക്കാരെ കണ്ടു പിടിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. കൊല്ലാതെ കൊല്ലുന്ന വിചാരണരീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ ഞാന്‍ താമസിക്കുന്ന വീടിന്‍റെ എതിര്‍ വശത്തായിരുന്നു ജയറാം പടിക്കലിന്‍റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. ഇടയ്ക്കു അവിടെ സന്ദര്‍ശനത്തിനെത്തുന്ന പടിക്കലിന്‍റെ മുഖം ഞാന്‍ ജനലിലൂടെ ശ്രദ്ധിക്കുക പതിവായിരുന്നു. വലിയ അടുപ്പമില്ലായിരുന്നു. എന്നാല്‍ അകല്‍ച്ചയില്ലാത്ത ചെറിയ അടുപ്പം മാത്രം. ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ചു ഒരു യാത്ര നടത്തി. അദ്ദഹത്തിന്‍റെ സഹോദരി ചന്ദ്രികക്ക് വിവാഹാലോചന. കൊച്ചിയിലെ പനമ്പിള്ളിനഗറിലെ വീട്ടിലേക്കാണ് ഞങ്ങള്‍ ഒരുമിച്ചു പോയത്‌. പയ്യന്‍റെ വീട്ടുകാര്‍ എനിക്ക് പരിചയമുള്ളവര്‍. ജയറാം പടിക്കലാണെന്നു കേട്ടപ്പോള്‍ പയ്യന്‍റെ പിതാവ്‌ ചെറുതായൊന്ന് പരിഭ്രമിച്ചു. പയ്യന്‍റെ മുഖമാകട്ടെ വിളറി വെളുത്തു. എന്തായാലും വിവാഹം വേണ്ടെന്നു വെച്ചു.

ശങ്കേഴ്സ് വീക്കിലി അടച്ചു പൂട്ടാന്‍ കാരണം അടിയന്തരാവസ്ഥയായിരുന്നുവെന്ന് പരക്കെ പറയാറുണ്ട്‌. ശങ്കറിന്‍റെ ഉറ്റ സുഹൃത്തായ തകഴി ശിവശങ്കരപ്പിള്ളയും ഇക്കാര്യം പരസ്യമായി പറയുകയുണ്ടായി. അച്ചടിക്കാന്‍ പ്രസ്സിലേക്ക് അയക്കുന്നതിന് മുമ്പ് ലേഖനങ്ങളും കാര്‍ട്ടൂണുകളും സെന്‍സറിംഗ് ഓഫീസറെ കാണിച്ച് അനുവാദം വാങ്ങിയിരിക്കണമെന്ന നിയമം ശങ്കറിന് രുചിക്കാതെ വന്നു. തുടരെ തുടരെ കാരണം കാണിക്കല്‍ നോട്ടീസുകളും ശങ്കറിന് ലഭിക്കുകയുണ്ടായി. പിന്നാലെ ശങ്കര്‍ രോഗശയ്യയിലായി. ശങ്കേര്‍സ് വീക്കിലിയുടെ കവറിലും മറ്റ് പേജുകളിലും കാര്‍ട്ടൂണ്‍ വരക്കാന്‍ ആളില്ലാത്ത സ്ഥിതി. അതോടൊപ്പം സാമ്പത്തികപ്രശ്നവും പ്രചാരണത്തില്‍ ഇടിവും. ആശുപത്രിയില്‍ കിടക്കുന്ന വേളയില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും അദ്ദേഹം വിളിച്ചു വരുത്തിപറഞ്ഞു: "ശങ്കേഴ്സ് വീക്കിലി നടത്തിക്കൊണ്ട് പോവുക വിഷമകരം. എനിക്ക് ശേഷം ഏറ്റെടുക്കാന്‍ ഒരാളില്ല. ശങ്കേഴ്സ് വീക്കിലിയുടെ മരണം കൂടി ഞാന്‍ കാണാം. പ്രസിദ്ധീകരണം നിറുത്തുന്നു."

അടിയന്തരാവസ്ഥയാണ് ശങ്കേഴ്സ് വീക്കിലി നിന്ന് പോകാന്‍ കാരണമെന്ന് പറയാറുണ്ടെങ്കിലും അതില്‍ സത്യമില്ല എന്നതാണ് സത്യം. എന്‍റെ സ്വന്തം പ്രസിദ്ധീകരണമായ 'അസാധു' കാര്‍ട്ടൂണ്‍ വിനോദമാസികയെ അസാധുവാക്കുവാനും അടിയന്തരാവസ്ഥക്ക് കഴിഞ്ഞു എന്നത് നേര്. അടിയന്തരാവസ്ഥയെപ്പറ്റി പി. കെ. മന്ത്രി കാര്‍ട്ടൂണ്‍ ഇല്ലാത്ത ദീര്‍ഘചതുരം പ്രസിദ്ധീകരിച്ചതിന് നോട്ടീസ് ലഭിക്കുകയുണ്ടായി. 'ബ്ലാങ്ക്' സ്ഥലം ഇടരുതെന്നും അന്നൊരു നിയമം ഉണ്ടായിരുന്നു. അച്ചടിക്കുന്നതിന് മുമ്പ് അതിലെ ലേഖനങ്ങളും കാര്‍ട്ടൂണുകളും തിരുവന്തപുരത്ത് കാണിച്ച് അനുവാദം വാങ്ങണമായിരുന്നു. കൂടെക്കൂടെയുള്ള തിരുവന്തപുരം ഓട്ടം പ്രയാസകരം. ഇതിനിടെ സാമ്പത്തികക്ലേശവും. അസാധുവിന്‍റെ പ്രവര്‍ത്തനം നിലച്ചു.

എന്നാല്‍ കേരളത്തില്‍ വിനോദമാസിക പ്രസിദ്ധീകരണരംഗത്ത്‌ ഒരു പരീക്ഷണം പോലെ പുറത്തിറക്കിയ 'അസാധു'വിന്‍റെ ഓട്ടം നിലച്ചതില്‍ പലര്‍ക്കും പ്രയാസം തോന്നി. കുടുംബസുഹൃത്ത് കൂടിയായിരുന്ന കേന്ദ്രമന്ത്രി എ. സി. ജോര്‍ജ് ഒരു ദിവസം ഫോണില്‍ വിളിച്ചു: "താന്‍ എറണാകുളം വരെ വരുമോ?" എ. സി. ജോര്‍ജ്ജും അദ്ദേഹത്തിന്‍റെ സഹോദരന്‍ എ. സി. ജോസും (എന്‍റെ സഹപാഠി) ഒരുമിച്ചിരുന്നു സംസാരിച്ചു. 'അസാധു' ഏറണാകുളത്ത് നിന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. അടിയന്തരാവസ്ഥകാലത്ത് പ്രസിദ്ധീകരണം നിലച്ച 'അസാധു' വീണ്ടും അടിയന്തരാവസ്ഥക്കാലത്തുതന്നെ പുറത്തിറങ്ങി.

പുനപ്രസിദ്ധീകരണചടങ്ങ് എറണാകുളം പ്രസ്‌ ക്ലബ്ബില്‍ വെച്ചായിരുന്നു. ഉത്ഘാടകന്‍ പ്രിയ ലീഡര്‍ കെ. കരുണാകരന്‍. ആശംസകള്‍ അര്‍പ്പിക്കുന്നത് വൈക്കം ചന്ദ്രശേഖരന്‍ നായര്‍, സി. പി. ശ്രീധരന്‍, എ. സി. ജോസ് എന്നിവര്‍. തുടക്കം മുതലേ കരുണാകരന്‍ രസക്കേടിലായിരുന്നു. മുഖചിത്രം അദ്ദേഹത്തിനിഷ്ടമായില്ല. പ്രസംഗത്തില്‍ പറയുകയും ചെയ്തു. കേരള കോണ്‍ഗ്രസിലെ കെ. എം. ജോര്‍ജ് - കെ. എം. മാണി പോരായിരുന്നു കാര്‍ട്ടൂണിലെ വിഷയം. ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് പുറത്തു പരസ്യമായി പറയരുതെന്ന് ഒരു നിയമവും അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നു. കൈയിലിരുന്ന അസാധുവിന്‍റെ കോപ്പി അദ്ദേഹം മേശപ്പുറത്ത് അടിച്ചു വെച്ചു. ഇംഗ്ലീഷ് മരുന്നുകള്‍ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇരുപത്തിനാല് മണിക്കൂറും ലഭിക്കുമെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു കാര്‍ട്ടൂണ്‍ ഉള്ളിലെ പേജില്‍ ഞാന്‍ വരച്ചിരുന്നു. ഫോണില്‍ മറുപടി പറയുന്ന പോലീസുകാരന്‍: "അതെയതെ. പോലീസ്‌ സ്റ്റേഷന്‍ തന്നെ. എല്ല് രോഗ സ്പെഷ്യലിസ്റ്റ് ആണ് സംസാരിക്കുന്നത്." കരുണാകരന്‍റെ കൈവിരലുകള്‍ ആ രീതിയില്‍ ചലിപ്പിക്കേണ്ടായിരുന്നെന്ന് പിന്നീട് തോന്നി. മുരളിയുടേതായിരുന്നെങ്കില്‍ 'പോട്ടെ' എന്ന് വെക്കാമായിരുന്നു - നഖങ്ങള്‍ ചിലത് നീട്ടി വളര്‍ത്തിയുട്ടെങ്കിലും!

അടിയന്തരാവസ്ഥയെത്തുടര്‍ന്ന് എല്ല് ഒടിയുകയും എല്ല് ഊരിപ്പോവുകയും ചെയ്യുന്നതിനെ സൂചിപ്പിച്ചുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ആഭ്യന്തരമന്ത്രിക്ക് ഇഷ്ടമായില്ല. എന്നാല്‍ അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന സി. ടി. ആന്റണി IPS മുന്‍നിരയില്‍ ഇരുന്ന് ഈ കാര്‍ട്ടൂണ്‍ കണ്ട് തോള് കുലുക്കിയും വായ്‌പൊത്തിയും ചിരിക്കുന്നുണ്ടായിരുന്നു.

അസാധുവിന്‍റെ അടുത്ത കവറും പുലിവാലായി. കോണ്‍ഗ്രസില്‍ ചിലരെല്ലാം മദ്യപാനികളാണെന്ന കെ. പി. സി. സി. പ്രസിഡന്‍റ് ആന്റണിയുടെയും കൈക്കൂലി വാങ്ങുന്ന കോണ്‍ഗ്രസുകാരുടെ എണ്ണം കൂടിവരികയാണെന്ന കെ. കരുണാകരന്‍റെയും പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ കവര്‍ ചിത്രം. കെ. പി. സി. സി. ഓഫീസ്‌ ആകുന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ (ആന്റണി സസ്യഭുക്കാണല്ലോ) മദ്യപാനം കൈക്കൂലി എന്നിവയെ പ്രതിനിധീകരിച്ച് അര്‍ദ്ധനഗ്നയായി നൃത്തം ചെയ്യുന്ന കാബറെ നര്‍ത്തകി. ഇത് കണ്ട് ആന്റണിയും കരുണാകരനും അറച്ച് വെറുപ്പോടെ നില്‍ക്കുന്നു. ഈ കാര്‍ട്ടൂണിനെതിരായുള്ള നോട്ടീസ് ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചത്. കവര്‍ തീര്‍ത്തും 'സെക്സി' ആണത്രേ. എന്‍റെ വിശദീകാരണം കൊണ്ടൊന്നും ഡല്‍ഹിയിലെ ഓഫീസര്‍മ്മാര്‍ തൃപ്തരായില്ല. ഓഫീസ് പൂട്ടിപ്പോകാന്‍ സാധ്യത. കൊച്ചിയിലെ സെന്‍സറിംഗ് ഓഫീസര്‍ ശ്രീ. ഉണ്ണിത്താന്‍ എന്‍റെ പരിചയക്കാരനാണ്. മുമ്പ് അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇന്ദിരാജിക്ക് പ്രിയപ്പെട്ട ഓഫീസര്‍. അവസാനം ഉണ്ണിത്താന്‍ സാര്‍ എന്നെ രക്ഷപെടുത്തി. അദ്ദേഹം ഡല്‍ഹിക്ക് മറുപടി കൊടുത്തു: "അസാധു പുതിയ ലക്കത്തിന്‍റെ കവറും ഉള്‍പേജുകളും എന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് അച്ചടിക്കാനായി കൊടുത്തത്."

ഞാന്‍ രക്ഷപെട്ടു. കവറിലെ അശ്ലീലം എന്തായിരുന്നെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചപ്പോഴാണ് പിടി കിട്ടിയത്. ലീഡര്‍ കെ. കരുണാകരന്‍റെ ഒരു കൈ സില്‍ക്ക്‌ സ്മിതയെപ്പോലെ തടിച്ചു കൊഴുത്ത നര്‍ത്തകിയുടെ കാലില്‍ തൊട്ടിരിക്കുന്നു. കാലില്‍ ചൊറിയുന്നതായി തോന്നും. ഉണ്ണിത്താന്‍ സാര്‍ കസേരയില്‍ കുലുങ്ങിയിരുന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു: "തുടയില്‍ ചൊറിയുന്നത് 'സെക്സി' ആണെന്ന് ദാസിനറിയില്ലേ?"

അല്പം വെളുത്ത മഷി കൊണ്ട് ചെറിയ രേഖകള്‍ 'ടച്ച്‌' ചെയ്ത് മാറ്റിയിരുന്നെങ്കില്‍ നര്‍ത്തകിയുടെ കാലും കരുണാകരന്‍റെ കൈയും വേര്‍തിരിക്കാമായിരുന്നു. വരക്കുമ്പോള്‍ ഇവ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നി. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു കഴിഞ്ഞാല്‍ വെളുത്ത മഷി കൊണ്ട് ആ കാര്‍ട്ടൂണിലെ 25 ശതമാനം 'അനാവശ്യ'രേഖകള്‍ മായിക്കുക പതിവായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു എടാകൂടത്തില്‍ തന്‍റെ ശിഷ്യന്‍ ചെന്ന് ചാടുമെന്ന് ശങ്കറിനും മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല.

2 അഭിപ്രായങ്ങൾ:

  1. ചിത്രകല പഠിച്ച ലീഡർക്കു
    കൈകൾ എങ്ങനെ ചലിപ്പിക്കണം,
    എങ്ങോട്ടു ചലിപ്പിക്കണം
    എന്നുമറിയാമായിരിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 4 5:30 PM

    പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌:
    ചിത്രകാരന്‍ കൂടിയായ കെ. കരുണാകന്‍റെ കൈ ചലിച്ചത് ശരിയായ വഴിയിലൂടെ ആയിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും ഞാന്‍ ഈ കാബറെ കാര്‍ട്ടൂണ്‍ വരക്കുന്ന കാലയളവില്‍ ലീഡറുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തി ആയിരുന്നില്ല.
    യേശുദാസന്‍

    മറുപടിഇല്ലാതാക്കൂ