2011, മാർച്ച് 4, വെള്ളിയാഴ്‌ച

കുത്തിവരയിലെ ക്രൂരകൃത്യങ്ങള്‍

ഒരു മലയാള ചലച്ചിത്രത്തില്‍ നായികവേഷം അണിഞ്ഞ പ്രശസ്തയായ ഹിന്ദി നടി ഷൂട്ടിംഗ് വേളയില്‍ ആലുവായില്‍ ക്യാംമ്പ് ചെയ്യുമ്പോള്‍, മദ്യം അകത്ത് ചെല്ലാതിരുന്നതു മൂലം സം‌വി‌ധായകനേയും പ്രൊഡ്യൂസറേയും ഹിന്ദിയില്‍ തെറി പരഞ്ഞ കഥ ആലുവ പാലസിലെ ജീവനക്കാരില്‍ ചിലര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. വിദേശ വോഡ്ക ആണെന്ന് ധരിപ്പിച്ച് തനി നാടന്‍ ചാരായം ഹിന്ദി നടിക്ക് മുറിയില്‍ എത്തിച്ച് കൊടുത്തു. സാധനം വിഴുങ്ങിയ നടിക്ക് വോഡ്ക ഏറെ ഇഷ്ടപ്പെട്ടു. മദ്യത്തിന്‍റെ ശക്തി നടിയെ പിടി മുറുക്കിയപ്പോള്‍ അവര്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയെന്നു മാത്രമല്ല ആലുവ പുഴയില്‍ ചാടാനും തുടങ്ങിയതായിട്ടാണ് പറയപ്പെടുന്നത്.

മലയാള സിനിമയെ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുന്നതിന് മദ്യനിരോധനകാലത്തും നിരോധനമില്ലാത്ത കാലത്തും നല്ല സിനിമകള്‍ പലതും പുറത്തുവന്നിരുന്നു. മദ്യനിരോധനകാലത്ത് നാടന്‍ വാറ്റുസാധനങ്ങളാണ് പല താരങ്ങളുടെയും മദ്യത്തിന്‍റെ പുറത്തുവന്നുകൊണ്ടിരുന്നത്. സാധനം കിട്ടാനാണെങ്കില്‍ തപസ്സിരിക്കണം. പഴയകാലത്ത് പല താരങ്ങളുടെയും വയറും കുടലും തീ പിടിച്ച ഫിലിമിലെന്ന പോലെ കരിഞ്ഞുപോയതിന്‍റെ കാരണം ചരിത്രാന്വേഷകര്‍ക്ക് വിട്ടുകൊടുക്കാവുന്നതാണ്.

മദ്രാസില്‍ വെച്ച് അടൂര്‍ ഭാസിയെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്: "നിങ്ങള്‍ ഡയറക്ടര്‍ ജോണ്‍ ഏബ്രഹാമിനെ കാണണം. അദ്ദേഹത്തിന്‍റെ ഒരു അഭിമുഖം തയ്യാറാക്കണം. സംസാരിച്ചിരിക്കാന്‍
ബ‌ഹുരസമാണ്."

എന്‍റെ അടുത്തിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കല്ലട വാസുദേവന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. "രാവിലെ ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. കണ്ടെത്താന്‍ കഴിഞ്ഞില്ല." കല്ലട ചിരിച്ചുകൊണ്ടു വിശദീകരിച്ചു.

"ജോണ്‍ ഏബ്രഹാം ഏതു കൂരയിലുണ്ടെന്ന കാര്യം വാസുദേവന്‍ അറിയാതിരിക്കോസ്സേ!" ഭാസിയുടെ കമന്‍റെ്‌. ഞങ്ങള്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി. കുറേയേറെ മുമ്പോട്ട് നീങ്ങി. ചില വളവും തിരിവുമൊക്കെ കഴിഞ്ഞ് കൃഷിസ്ഥലത്തേക്ക് വെള്ളമൊഴുക്കി വിടുന്ന ഒരു ചാനലിനടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് കാറ് നിര്‍ത്താന്‍ കല്ലട ആവശ്യപ്പെട്ടു. നീര്‍ച്ചാലിന്‍റെ മറുവശത്തുകൂടി ഒരാള്‍ ആടിയാടി വരുന്നു. താടിയും മുടിയുമുണ്ട്.

"അതാ വരുന്നു ജോണ്‍ ഏബ്രഹാം." കല്ലട വാസുദേവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ജോണ്‍ കാറിന് സമീപത്തേക്കു നീങ്ങി വന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഞങ്ങളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

ഞാന്‍ ചോദിച്ചു: "ഇതെവിടെപ്പോയി ജോണ്‍ ഏബ്രഹാം?"

തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ തമിഴ്നാട്ടിലും പുറത്തും കലൈഞ്ജര്‍ എന്ന പേരിലും അറിയപ്പെടുന്ന കാലം. ജോണ്‍ ഏബ്രഹാമിന്‍റെ മറുപടി: "സാധനം എങ്ങും കിട്ടുന്നില്ല. അതൊന്നു തരപ്പെടുത്താന്‍ ഇറങ്ങിയതാണ്. ഞാനാണ് കുടിഞ്ജര്‍." പ്രയോഗം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. കാറില്‍ പിടിച്ചു കയറ്റി താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ ഞങ്ങള്‍ ഒരുങ്ങിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

"എനിക്കൊരു കുഴപ്പവുമില്ലടാ... പദയാത്രയാണ് എനിക്കിഷ്ടം." ഇത്രയും പറഞ്ഞ ശേഷം റോഡിന്‍റെ ഇടതും വലതും കാലുകള്‍ ചവിട്ടി ജോണ്‍ ഏബ്രഹാം മുമ്പോട്ട് നീങ്ങി. പിന്നീടദ്ദേഹത്തെ കുറെനാളുകള്‍ വഴിയമ്പലങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിട്ടില്ല.

ഫിലിംസ് ഡിവിഷന്‍ കല്‍ക്കട്ട ഓഫീസില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരനായ മിടുക്കനായ ഒരു സം‌വി‌ധായകനുണ്ട്. പേര് ജോഷി. ഡോക്യുമെന്‍റെറി ചിത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശക്തന്‍. മണിപ്പൂര്‍ നൃത്തത്തെ അധാരമാക്കി ഇപ്പോള്‍ ഒരു ചിത്രം ഒരുങ്ങുന്നു. നൃത്തത്തിനും സംഗീതത്തിനുമാണ് പ്രാധാന്യമെങ്കിലും നൃത്തവും സംഗീതവും ഒത്തിണങ്ങി ഒരു രാഷ്ട്രീയ ഹൃസ്വചിത്രത്തിന് രൂപം കൊള്ളുന്നു എന്നു പറയുന്നതായിരിക്കും ശരി. കൊച്ചിയില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എറണാകുളം ബോട്ട് ജെട്ടിയില്‍ വെച്ച് ജോണ്‍ ഏബ്രഹാമിനോടുള്ള ആരാധന മൂലം ജോഷി ജെട്ടിയിലെത്തി. ഒന്നുകാണാന്‍ വേണ്ടി മാത്രം. രാവിലെ ഒരു തെരുവുനാടകത്തിന്‍റെ പോസ്റ്ററൊട്ടിക്കുന്ന തിരക്കിലായിരുന്നു ജോണ്‍ ഏബ്രഹാം. അദ്ദേഹത്തിന്‍റെ സമീപം ജോഷി എത്തി.

ജോഷിയെ തലയുയര്‍ത്തി നോക്കിയ ശേഷം ജോണ്‍ ചോദിച്ചു: "തന്‍റെ പോക്കറ്റില്‍ കാശ് വല്ലതുമുണ്ടോ? രണ്ടു രൂപ വേണം. പശ വാങ്ങാനാണ്." ജോഷി പോക്കറ്റില്‍ കിടന്ന പത്തു രൂപ അദ്ദേഹത്തിന് കൊടുത്തു. സിനിമാക്കാരന്‍റെ വേറിട്ട സ്വഭാവം. "നന്ദി മോനെ, തന്‍റെ പേരെന്തവാ?"

"ജോഷി"

"എങ്കില്‍ എന്‍റെ അടുത്ത പടം ഒരുങ്ങുന്നുണ്ട്. അതില്‍ ടൈറ്റിലില്‍ തന്‍റെ പേര് കൂടി ഞാന്‍ ചേര്‍ക്കാം. സം‌വിധാനം ജോണ്‍ ഏബ്രഹാം എന്നതിനു മുകളിലായി കൊടുക്കാം - പശ: ജോഷി (കൊച്ചി)".

ജോണ്‍ ഏബ്രഹാമിന്‍റെ അവസാനനാളുകളില്‍ ഒരുദിനം എന്‍റെ ഓഫീസിലേക്ക് അദ്ദേഹം ചാടിക്കയറി വന്നു. ഉച്ചസമയം. ഹോട്ടല്‍ ലൂസിയായില്‍ നിന്നാണ് വരുന്നത്. കൂടെ പരിചയമില്ലാത്ത ഒരു സുഹൃത്തുമുണ്ട്.

"എടോ ദാസേ ഒരു പേപ്പറും പേനയും ഇങ്ങെടുത്തേ."

രണ്ടും ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. എന്തെങ്കിലും പ്രസ്താവന എഴുതാനാണോ എന്ന് ഞാന്‍ സംശയിച്ചു. അതല്ലെങ്കില്‍ പുതിയ സിനിമയുടെ തിരക്കഥ. എന്നാല്‍ കടലാസില്‍ മുഴുവന്‍ അദ്ദേഹം കുത്തിവരച്ചു. പേന വട്ടത്തില്‍ കറക്കിക്കറക്കി ഓടിച്ചു. പേജ് നിറയെ കുത്തിവര. കടലാസും പേനയും മേശപ്പുറത്തു വെച്ച ശേഷം അദ്ദേഹം പോകാനായി എഴുന്നേറ്റു.

"ഇതെന്താ ജോണ്‍ കടലാസില്‍ കുത്തിവരച്ചു വെച്ചിരിക്കുന്നത്?" ഞാന്‍ ചോദിച്ചു.

അദ്ദേഹത്തിന്‍റെ മറുപടി പെട്ടെന്നായിരുന്നു: "എനിക്ക് തന്നോടുള്ള അസൂയ."

പ്രിയസ്നേഹിതന്‍ ജോണ്‍ ഏബ്രഹാമിന്‍റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കൈയ്യിലെടുത്ത് തലോടിയത് ജോണ്‍ ഏബ്രഹാം കടലാസില്‍ കുത്തിവരച്ച ചിത്രത്തിലാണ്. ആ കടലാസ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. കുത്തിവരച്ച കടലാസ് കാണുമ്പോഴും കാണാത്തപ്പോഴും സുഹൃത്ത് ജോണ്‍ ഏബ്രഹാമിനോട് നമുക്ക് ഒരു കാര്യം തോന്നുന്നു - കടുത്ത അസൂയ!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ