2011, ഏപ്രിൽ 24, ഞായറാഴ്‌ച

ക്യൂവിലെ കാവ്യ


വെള്ളം എന്ന വസ്തുവിനെപ്പറ്റി നമ്മുടെ ഡോക്ടര്‍മാര്‍ക്ക് ഭിന്നാഭിപ്രായമില്ല. ആഹാരം കഴിക്കുമ്പോള്‍ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന് ചോദിച്ചാല്‍ നമ്മുടെ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു: "ആഹാരം കഴിച്ചു തീര്‍ന്നതിനു ശേഷം വെള്ളം
കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്."

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് ടിബറ്റന്‍ ജനതയുടെ ആചാര്യനായ ദലൈ ലാമയുടെ ധര്‍മ്മശാലയില്‍ നിന്ന് മാസത്തിലൊരിക്കല്‍ കേരളത്തിലെത്തുന്ന ഡോ. ദോര്‍ജി രാപ്തന്‍ പറയുന്നത്. (കൊച്ചിയില്‍ എല്ലാ മാസവും നടക്കുന്ന ഒരാഴ്ചത്തെ ടിബറ്റന്‍ മെഡിക്കല്‍ ക്യാമ്പിന് നയിക്കുന്നത് ഡോ. ദോര്‍ജിയാണ്.) ടിബറ്റന്‍ ഡോക്ടറുടെ അഭിപ്രായത്തില്‍ ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടെ വെള്ളം കുടിക്കുക എന്നതാണ്. ആഹാരത്തിന് മുമ്പ് മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം മെലിയുമെന്നും ആഹാരത്തിന് ശേഷം മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം തടിക്കുമെന്നും ടിബറ്റന്‍ ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

ആഹാരത്തിനു ശേഷം മാത്രം വെള്ളം അകത്താക്കുന്ന കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, സീരിയല്‍ നടി സംഗീത മോഹന്‍, കാറ്ററിംഗ് ഉടമ നൗഷാദ്, ഉഷ ഉതുപ്പ്, കെ. ടി. സിയുടെ പി. വി. ഗംഗാധരന്‍, സിന്ധു ജോയ് എന്നിവര്‍ അവസാനം നീന്തല്‍കുളത്തില്‍ ചാടിയിറങ്ങുന്നത് ആരോഗ്യപ്രദമല്ല. ഇത്തരക്കാരുടെ നീണ്ട ക്യൂവില്‍ നടി കാവ്യ മാധവനും വലിയ തടസ്സമില്ലാതെ കടന്നുകൂടാനുള്ള സാധ്യത ഏറെ അകലെയല്ല. ക്യൂവില്‍ വലിയ വിശ്വാസമില്ലാത്ത താരമാണ് കാവ്യ. വോട്ട് ചെയ്യാന്‍ എ. കെ. ആന്റണിയും, വി എസും, കെ. വി. തോമസും കലാഭവന്‍ മണിയും കാത്തു നിന്നത് അവര്‍ക്ക് കാവ്യയോളം ചങ്കൂറ്റമില്ലാത്തതുകൊണ്ടു തന്നെ. രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീ മുഖങ്ങള്‍ എല്ലാം തന്നെ കാവ്യ മാധവന്റെ മുഖം പോലെയെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വെണ്ണല പോളിംഗ് ബൂത്തിലെ വോട്ടര്‍മ്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ മഷി പുരട്ടാന്‍ വിരളും ചൂണ്ടി ചെന്ന പ്രിയ താരത്തെ മടക്കി അയച്ചത് ഒരു തിരിച്ചടിയായി മാത്രമേ കാണാനാവൂ. മുമ്പൊരിക്കല്‍ ദുബായിലേക്കുള്ള ക്യൂവില്‍ നിന്ന് വിമാനം കയറി പിന്നീട് പ്രസ്താവനകളും കേസുമായി മടങ്ങിയെത്തിയ കാവ്യ മാധവനെ നമ്മള്‍ ഓര്‍ത്ത്പോവുകയാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് സര്‍‌വേ നടത്തിയാല്‍ വന്‍ ഭൂരിപക്ഷം കാവ്യ മാധവനു തന്നെ ലഭിക്കുമെന്ന് ഉറപ്പ്.

സര്‍‌വേകള്‍ നമുക്ക് ഏത് വഴിക്കും തിരിച്ച് വിടാമെന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പലരും താല്പര്യപൂര്‍‌വ്വം സര്‍‌വ്വേ നടത്തി. മോഡിയെ വഴിയാധാരമാക്കുകയായിരുന്നു ലക്ഷ്യം. മോഡിയുടെ പരാജയം നിശ്ചയം, ബി. ജെ. പി. മന്ത്രിസഭയെ അറബിക്കടലില്‍ എറിയും എന്നിങ്ങനെ പോയി പ്രവചനങ്ങള്‍. എന്നാല്‍ അവസാനം തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബി. ജെ. പി ഭരണം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സര്‍‌‌‌‌വ്വേ നടത്തിയവര്‍ മുങ്ങുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി സര്‍‌വ്വേക്ക് ഒരുങ്ങിയെത്തിയവരെ പിന്നീട് പൊടിയിട്ട് നോക്കിയിട്ടും കാണാനായില്ല.

കേരളത്തിലെ ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പു പ്രവചനങ്ങള്‍ സര്‍‌വ്വേ നടത്തി പറയുകയുണ്ടായി. അതില്‍ മുമ്പന്‍ ജനങ്ങ‌ളുടെ ചാനലായ ഏഷ്യാനെറ്റ് തന്നെയായിരുന്നു അവതരിപ്പിച്ചത്. 'കണ്ണാടി'യുടെ അവതാരകന്‍ ഗോപകുമാര്‍ എന്റെ പഴയ ഡല്‍ഹി സുഹൃത്താണ്. ഒരു മണിക്കൂര്‍ സര്‍‌വ്വേ പരിപാടിയില്‍ പകുതി സമയം എല്‍. ഡി. എഫ്ന്റെ മുന്നേറ്റത്തെപ്പറ്റിയും വി. എസ്. അച്ചുതാനന്ദന്റെ തിളക്കത്തെപ്പറ്റിയും വിവരിച്ചുപോയ ഗോപകുമാര്‍ പകുതി കഴിഞ്ഞപ്പോള്‍ സ്വരം മാറ്റി. യു. ഡി. എഫ് സീറ്റുകള്‍ തൂത്തുവാരും എന്ന നിലയിലേക്ക് മാറിയപ്പോള്‍ കണ്ണാടി ആറുന്മുളയിലേത് തന്നെയോയെന്ന് സംശയമായി. അതിനും ഒരാഴ്ച മുമ്പാണ് ഒരു സ്ത്രീ മുംബൈയില്‍ നിന്ന് എന്നെ വിളിച്ചത്. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍‌വ്വേക്കു വേണ്ടിയാണ് വിളിച്ചത്. ആര്‍ക്ക് അനുകൂലമാണന്ന് പറയാന്‍ മടി, ആരു മുഖ്യമന്ത്രിയാകുമെന്ന് പറയാന്‍ പ്രയാസം, എത്ര സീറ്റ് നേടുമെന്ന് പറയാനാകാത്ത അവ്യക്തത, അഭിപ്രായമില്ല എന്ന് പ്റയുന്നതിലെ അഭംഗി... അവസാനം ഞാന്‍ രക്ഷപെടാനായി പറഞ്ഞു: "സുഖമില്ലാതിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞു വിളിക്കൂ."

സുഖമില്ലാതിരിക്കുന്ന കിടപ്പിലായ ഒരു വോട്ടറോട് കൂടുതല്‍ എന്തെങ്കിലും സംസാരിക്കാന്‍ മുംബൈ സുന്ദരിക്ക് തോന്നിയില്ല. ചോക്ലേറ്റ് കമ്പനികളും കോണ്‍ഫ്ലേക്സ് നിര്‍മ്മാണസ്ഥാപനങ്ങളും സോപ്പ് നിര്‍മ്മാതാക്കളും ബ്യൂട്ടി ക്രീം സ്ഥാനങ്ങ്ളും ഇത്തരത്തില്‍ പോക്കറ്റില്‍ നിന്ന് വ്ന്‍ തുക മുടക്കി സ്വന്തം സാധനത്തിന്റെ പെരുമക്ക് വേണ്ടി സര്‍‌വ്വേകള്‍ നടത്തിയെന്ന് വരുത്തി പത്രത്തില്‍ വാര്‍ത്ത വരുത്തുക പതിവാണ്. ഇത്തരത്തിലുള്ള കൂടുതലും സര്‍‌വ്വേകള്‍ വരുന്നത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

പ്രിയപ്പെട്ട നാണപ്പനെ അതായത് പ്രശസ്ത സാഹിത്യകാരന്‍ എം. പി. നാരായണപിള്ളയെ നമുക്കറിയാം. ഡല്‍ഹിയില്‍ പ്ലാനിംങ്ങ് കമ്മീഷനില്‍ അദ്ദേഹം ജോലി ചെയ്യുമ്പോള്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ പണിയെടുക്കുന്നു. ഉച്ചസമയത്താണ് നാണപ്പന്റെ കറക്കം. എന്നെ സന്ദര്‍ശിച്ച ശേഷം തൊട്ടടുത്ത
പാട്രിയേറ്റ് കെട്ടിടത്തില്‍ കയറി അവിടെ ജോലി ചെയ്യുന്ന ബി. ആര്‍. പി. ഭാസ്കറിനെയും ഒ. വി. വിജയനെയും കണ്ട് സമയം ചെലവഴിച്ച ശേഷം പ്ലാനിംങ്ങ് കമ്മീഷനിലേക്ക് മടങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കൊച്ചിയില്‍ മടങ്ങിയെത്തിയതിനു ശേഷം ഒരു വൈദ്യപരിശോധക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒരാഴ്ച കിടന്നു. അവിടെയും എത്തി എം. പി. നാരായണപിള്ള, കൂടെ ചിത്രകാരനായ കലാധരനും ഉണ്ടായിരുന്നു. മുമ്പില്‍ വന്നിരുന്ന അദ്ദേഹം എന്റെ രോഗവിവരം ഒന്നും ചോദിക്കാതെ കുറെ സമയം ഇരുന്നു. അല്പം കഴിഞ്ഞ് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് തുണ്ട് പൊക്കി എന്നെ കാണിച്ചു. "ഞാന്‍ സംസാരിക്കില്ല. രണ്ടാഴ്ച മൗനവ്രതത്തിലാണ്." അല്പസമയം കഴിഞ്ഞ് അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ തിരിച്ചു പോയി.

അതിനു ശേഷം അദ്ദേഹം ഒരു വാരികയുടെ പത്രാധിപരായി, വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഇതിനിടയില്‍ അദ്ദേഹം പല്ലുതേക്കാനുള്ള ഒരു പേസ്റ്റ് കണ്ടു പിടിച്ച് പുറത്തിറക്കി. പത്രപ്രവര്‍ത്തകനായി ഹോങ്ക് കോംഗില്‍ കുറെക്കാലം ജോലി ചെയ്തതിനിടയില്‍ നാരായണപിള്ളക്ക് ലഭിച്ച ഫോര്‍മുല ആണ് പേസ്റ്റിന് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിനുള്ള ചെറിയ ഫാക്ടറി തുടങ്ങി. കുറെ തൊഴിലാളികളുമായി. പലരും നാണപ്പന്റെ പുതിയ പേസ്റ്റിലേക്ക് മനം മാറ്റി. പി. കെ. വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള, കാക്കനാടന്‍, കലാധരന്‍, മാധവിക്കുട്ടി തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍പെട്ടു. നാലഞ്ചുമാസമായപ്പോള്‍ പേസ്റ്റിന് പ്രചാരം കുറഞ്ഞു. ആര്‍ക്കും വേണ്ടാതായി. അപ്പോഴാണ് ഏഷ്യാനെറ്റിലെ ഗോപകുമാറിന്റെ ബുദ്ധി നാരായണപിള്ളയിലെത്തിയെത്. അദ്ദേഹത്തിന്റെ ആഴ്ചപ്പതിപ്പില്‍ ഒരു സര്‍‌‌‌വ്വേഫലം വ്ന്നു - ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പേസ്റ്റ് നാരായണപിള്ളയുടേത്! കോള്‍ഗേറ്റ്, ബിനാക്ക തുടങ്ങി എല്ലാ പേസ്റ്റുകളും പിന്നില്‍. പക്ഷേ സ്വന്തമായി നടത്തിയ ഈ സര്‍‌വ്വേ അദ്ദേഹത്തെ വിജയിപ്പിച്ചോ? ഇല്ല. സ്ഥാപനം പൂട്ടി. സൗജന്യമായി എം. പി. നാരായണപിള്ള നല്‍കിയ പേസ്റ്റ് കുറെക്കാലം ഞാനും തേച്ചതാണ്. അന്ന് പൊടിഞ്ഞ പല്ലുകള്‍ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. ഇത്തരം സര്‍‌വ്വേക്കാരുടെ വിക്രിയകള്‍ ഇപ്പോള്‍ കാണുമ്പോള്‍ പല്ലുകള്‍ മുറുക്കിപ്പിച്ച് ഇറുമ്മാനും നമുക്ക് കഴിയുന്നില്ല.