2010, ജൂലൈ 17, ശനിയാഴ്‌ച

ജനകീയ പോലീസും വയറുവേദനയും

'പറ മുമ്പേ പാര്‍വത്യകാര്‍ പിന്നാലെ' എന്നൊരു ചൊല്ല് പണ്ടുകാലതുണ്ടായിരുന്നു. ചൊല്ലില്‍ പറ പിന്നാലെയായിരുന്നോ എന്ന സംശയവും ഉണ്ട്. നെല്ല് അളക്കാനുപയോഗിക്കുന്ന പാത്രമാണ് പറ. പാര്‍വത്യകാര്‍ ഇപ്പോഴത്തെ വില്ലജ് ഓഫീസര്‍. കേരളത്തില്‍ സി. പി. രാമസ്വാമി അയ്യരുടെ കാലത്തായിരുന്നു സര്‍ക്കാരിലേക്കുള്ള നെല്ലെടുപ്പ് സജീവമായത്. നെല്‍കൃഷി ഉള്ളവര്‍ പത്തായത്തിലും അറപ്പുരയിലുമായി സൂക്ഷിക്കുന്ന നെല്ലിന്‍റെ ഒരു വീതം അളന്ന് സര്‍ക്കാരിന്റേതായി മാറ്റുന്ന ജോലി 'പാര്‍വത്യകാര്‍' ആണ് ചെയ്തിരുന്നത്. ഒളിച്ചു വെച്ചിരിക്കുന്ന നെല്ല് പിടിച്ചെടുക്കാനും അധികാരമുണ്ട്. നെല്ലെടുപ്പിനായി എത്തിയതറിഞ്ഞാല്‍ നെല്ല് കര്‍ഷകര്‍ക്ക് പേടിയാണ്. പഴയ കാലത്ത് ഏറെ അധികാരമുള്ള ഈ ഉദ്യോഗസ്ഥന്‍ നല്ല ശതമാനം കൃഷിക്കാരുടെയും ശത്രുവായി മാറി. ഒരു നെല്‍ക്കതിര്‍ പോലും ഒളിച്ചുകടത്താന്‍ കഴിയാത്ത സ്ഥിതി. പോലീസ് സഹായവും എപ്പോഴും ഉണ്ടായിരിക്കും. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന പാട്ടും പാടശേഖരങ്ങളില്‍ ഉയര്‍ന്നിരുന്നില്ല. അങ്ങനെ പറക്കു പിന്നില്‍ നിന്ന് അനേകം കാഴ്ചകള്‍ കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.

പറ കറങ്ങിത്തിരിഞ്ഞിരുന്നത് കൊച്ചിയില്‍ കുന്നത്തുനാട് ഭാഗത്തായിരുന്നു. പറക്കു പിന്നാലെ സഞ്ചരിച്ചിരുന്ന കുന്നത്തുനാട്ടിലെ 'പാര്‍വത്യകാര്‍' എന്‍റെ പിതാവായിരുന്നു. പരേതനായ ജോണ്‍ മത്തായി. മാവേലിക്കരക്കാരനായിരുന്ന ഈ മുറി മീശക്കാരന്‍ ഏറെ വര്‍ഷക്കാലം തൃക്കാക്കരയിലായിരുന്നു താമസിച്ചിരുന്നത്. പഴയ തറവാട്ടുകാരായ 'മലമേല്‍' വീടിന്‍റെ അയല്‍വശം. മലമേലെ ആശാന്‍ ഞങ്ങള്‍ക്ക് പ്രിയമായിരുന്നു. എല്ലാ ദിവസവും ആശാന്‍ വീട്ടില്‍ വരും. ഒരു പാട്ട് പാടാന്‍ ഞാനും സഹോദരി ലീലമ്മയും ആവശ്യപ്പെടും. ആശാന്‍ ചോദിക്കും: "മഞ്ഞപ്പാട്ട് പാടണോ, പൂപ്പാട്ടു പാടണോ?" മഞ്ഞപ്പാട്ട് പാടാന്‍ ഞങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ ആശാന്‍റെ മറു ചോദ്യം: "പൂപ്പാട്ടിനെന്താ കുഴപ്പം?" എങ്കില്‍ പൂപ്പാട്ട് പാടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആശാന് വീണ്ടും സംശയം: "മഞ്ഞപ്പാട്ടിനെന്താ കുഴപ്പം?" എന്നാല്‍ രണ്ടു പാട്ടും പാട് എന്ന് പറയുമ്പോള്‍ ഉച്ചത്തില്‍ അവ രണ്ടും മാറി മാറി പാടി ഞങ്ങളെ സന്തോഷിപ്പിക്കും. ഇത് അമ്പതു വര്‍ഷം മുമ്പുള്ളത്. ഇന്ന് മലമേല്‍ ആശാന്‍ ഓര്‍മ്മയായി മാറി. മലമേലെ പിന്‍തലമുറക്കാര്‍ എറണാകുളത്തെ സാനിട്ടറി ഉപകരണങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തങ്ങളുടേയും ആശാന്‍മാരായി മാറിയിരിക്കുന്നു. അവരുടെ പ്രവര്‍ത്തങ്ങളില്‍ മഞ്ഞപ്പാട്ടിന്‍റെയും പൂപ്പാട്ടിന്‍റെയും ചെറുതാളം നമുക്ക് കേള്‍ക്കാനാകും.

തൃക്കാക്കരയിലെ വീട്ടില്‍ നിന്ന് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പ്രൈമറി സ്കൂളിലെത്താന്‍ മൂന്നു  നാല് കിലോമീറ്ററെങ്കിലും നടക്കണമായിരുന്നു. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തൃക്കാക്കര അമ്പലത്തിന് സമീപമുള്ള മോടിശ്ശേരി എന്ന വീട്ടിലെ തങ്കമ്മയും കൂട്ടിനുണ്ടാകും. രണ്ടാം ക്ലാസ്സ്‌ മുതല്‍ നാല് വരെ തങ്കമ്മയായിരുന്നു ബോഡി ഗാര്‍ഡ്‌. ചുറ്റും കൈവരികളൊന്നുമില്ലാത്ത തടിപ്പാലവും കടന്നു വേണം സ്കൂളില്‍ എത്താന്‍. നടപ്പിനിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വെള്ളത്തില്‍ വീഴും. അവിടം കഴിഞ്ഞാല്‍ ഇടപ്പള്ളി മാര്‍ക്കറ്റിനു സമീപമുള്ള തായങ്കേരി വീട്. ഗൃഹനാഥന്‍ ഇട്ടിരചേട്ടന്‍. കൈയില്‍ കരുതുന്ന ചോറ് ആ വീട്ടില്‍ വെച്ചാണ് ഉച്ചക്ക് കഴിക്കാറുള്ളത്. തായങ്കേരി വീടിന് തൊട്ട് ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍.

അക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ വെച്ച് ഇടയ്ക്കിടെ വയറുവേദന വരിക പതിവായിരുന്നു. തായങ്കേരി വീട്ടില്‍ ചോറ് പാത്രം വെച്ച ശേഷം ആ വീട്ടില്‍ നിന്ന് ഇറങ്ങി മുമ്പോട്ടു നീങ്ങുന്നതോടെ വയറുവേദന ആരംഭിക്കും. സ്കൂള്‍ അടുക്കുന്തോറും വേദന കൂടും. കലശലായ വേദന. കൈ കൊണ്ട് വയര്‍ തിരുമ്മും. പോലീസ് സ്റ്റേഷന് മുമ്പിലെത്തിയാല്‍ പിന്നെ കാല് മുമ്പോട്ടു ചലിക്കില്ല. കൂടെ വരുന്ന പെണ്‍കുട്ടിക്കാണെങ്കില്‍ കടുത്ത അരിശം. "പതിവ് വേദന" എന്ന് കളിയാക്കി പറഞ്ഞുകൊണ്ട് തങ്കമ്മ സ്കൂളിലേക്ക് നീങ്ങും. എന്നാല്‍ ഞാന്‍ സ്റ്റേഷന് മുന്നില്‍ തന്നെ ഒരു പ്രശ്നപരിഹാരത്തിനായി നിലയുറപ്പിക്കും. അപ്പോള്‍ ഒരു പോലീസുകാരന്‍ സ്റ്റേഷനില്‍ നിന്ന് തെളിവെടുപ്പിനായി ഇറങ്ങി വരും.

"മോനെന്താ കരയുന്നത്? എന്ത് പറ്റി?" അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിക്കും. എന്‍റെ വയറുവേദനകഥ പറഞ്ഞുകഴിയുമ്പോള്‍ തന്നെ എഫ്. ഐ. ആര്‍. തയ്യാറാക്കാനായി എന്നെയും കൂട്ടി അദ്ദേഹം സ്റ്റേഷനിലേക്ക് നടക്കും. തെളിവെടുക്കാനല്ലെങ്കിലും അദ്ദേഹത്തിന്‍റെ സമീപത്തുള്ള സ്റ്റൂളില്‍ എന്നെ ഇരുത്തും. അതിനുശേഷം മറ്റ് പോലീസുകാര്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിക്കൊടുക്കും. "തൃക്കാക്കരയിലെ പാര്‍വത്യയാര്‍ ജോണ്‍ സാറിനെ അറിയില്ലേ, അദ്ദേഹത്തിന്‍റെ മകനാണ്. എന്‍റെയൊരു അടുപ്പക്കാരനാണ് ജോണ്‍ സാര്‍."

അവിടെയുള്ള പോലീസുകാര്‍ മാത്രമല്ല, തടവുപുള്ളികള്‍ വരെ എന്നെ ശ്രദ്ധിച്ച് നോക്കും. സ്റ്റേഷനില്‍ പരാതിയുമായി വന്ന ആരെയെങ്കിലുംകൊണ്ട് അടുത്തുള്ള വൈദ്യശാലയില്‍ അയച്ച് ഈ പോലീസുകാരന്‍ അരിഷ്ടം വരുത്തിത്തരും.

"മോനിത് വലിച്ചു കുടിക്ക്. വേദന പമ്പ കടക്കും." ഞാന്‍ അത് അകത്താക്കും. വയറുവേദന മാറും. വേദന മാറിയാലുടന്‍ ഞാന്‍ സ്കൂളിലേക്ക് പോകും. അപ്പോഴേക്ക് ക്ലാസ്സ്‌ തുടങ്ങിക്കഴിഞ്ഞിരിക്കും. ക്ലാസ്സില്‍ കയറുമ്പോള്‍ എന്‍റെ വയറില്‍ നോക്കി തങ്കമ്മ ചിരിക്കും. അടുതിരിക്കുന്ന കൂട്ടുകാരികളുടെ ചെവിയില്‍ എന്‍റെ 'പെയിന്‍' കാര്യം മന്ത്രിക്കും. അവരെല്ലാവരും കുനിഞ്ഞിരുന്ന് ചിരിക്കും.

ഇതിനിടയില്‍ വയറുവേദനകഥ വീട്ടിലും എത്തി. കഥ കേട്ട് പിതാവ്‌ ചിരിച്ചു. ദേഷ്യം മുഴുവന്‍ അമ്മക്കാണ്. ഇഞ്ചി ചതച്ചു നീരെടുത്ത് എന്നെ കുടിപ്പിക്കാനും അമ്മ ശ്രമിച്ചു. സ്കൂളില്‍ പോകുന്നതിനേക്കാള്‍ ഉത്സാഹം പോലീസ് സ്റ്റേഷനിന്‍റെ മുമ്പില്‍ നിന്ന് വയറു തിരുമ്മുന്നതിലായിരുന്നു. തൃക്കാക്കരയുടെ ജോണ്‍ സാറിന്‍റെ പുത്രനാണല്ലോ എന്ന് കരുതി പോലീസുകാരന്‍ മടികൂടാതെ പ്രശ്നം കൈകാര്യം ചെയ്തു തുടങ്ങി. വയറുവേദന വരും, പോകും.

ഒരു ദിവസം രാവിലെ വീട്ടില്‍നിന്ന് സ്കൂളിലേക്ക് പുറപ്പെട്ടു. തായങ്കേരി വീട്ടില്‍ ചോറുപാത്രം വച്ചശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ആള്‍ക്കൂട്ടം. എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴല്‍. സ്റ്റേഷന് മുമ്പില്‍ നിന്ന് വയറ് തടവാന്‍ ഞാന്‍ കൈ ഉയര്‍ത്തിയില്ല. അല്പം ഭയത്തോടെ കൈ താഴ്ത്തിപ്പിടിച്ചു. തായങ്കേരിയിലെ ഇട്ടിരാചേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞു: "മോനേ, ഇന്നലെ രാത്രി കുറെ കമ്മ്യൂണിസ്റ്റ്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രണ്ടു പോലീസുകാരെ കൊന്നെട്ടോ. ഓരോ വീടും പോലീസുകാര്‍ കയറിയിറങ്ങുകയാ."
ഇട്ടിരാചേട്ടന്‍ തുടര്‍ന്നു: "വീട്ടില്‍ കേറി വന്ന് പോലീസുകാര്‍ എന്നേം ചോദ്യം ചെയ്തട്ടോ. ഒരു പോലീസുകാരന്‍ ലാത്തി കൊണ്ട് എന്‍റെ നെഞ്ചത്തടിച്ചു."

പോക്കറ്റില്‍ നിന്ന് ഇട്ടിരാചേട്ടന്‍ ഒരു തീപ്പട്ടിക്കൂട് എടുത്തു കാണിച്ചു. നെഞ്ചത്തെ ശക്തമായ അടിമൂലം തീപ്പട്ടിക്കൂട് ചതഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ഞാന്‍ ഭയപ്പെട്ടു. ഇട്ടിരാചേട്ടന്‍ എന്നെ ഉപദേശിച്ചു: "ഇതിലെ പോവണ്ടാട്ടോ. അങ്ങേപ്പുറത്തെ റോഡിലൂടെ കേറി സ്കൂളിലേക്ക് പോ. വേഗം."

1950 ഫെബ്രുവരി 28 രാത്രിയിലായിരുന്നു പ്രസിദ്ധമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം. രണ്ടു പോലീസുകാരാണ് ദാരുണമായി കൊല്ലപ്പെട്ടത്‌. വേലായുധനും മാത്യുവും. മാത്യു എന്ന പേര് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. തിരിഞ്ഞു നിന്ന് സ്ലേറ്റും പുസ്തകവും മുഖത്തോട് ചേര്‍ത്തുപിടിച്ചു ഞാന്‍ കരഞ്ഞു. കൊല്ലപ്പെട്ട പോലീസുകാരന്‍ മാത്യു പ്രഭാതങ്ങളിലെ എന്‍റെ പുതിയ സുഹൃത്തായി മാറിയ വ്യക്തിയായിരുന്നു. സ്കൂളില്‍ പോകാന്‍ മടി കാണിച്ച് ഞാന്‍ വയറുവേദന അഭിനയിക്കുമ്പോള്‍ എന്നെ വാത്സല്യപൂര്‍വ്വം സ്റ്റേഷനില്‍ കൊണ്ടിരുത്തി മറുമരുന്ന് തന്നു കൊണ്ടിരുന്ന മാത്യുസര്‍.

ആ ഓര്‍മ്മ ഇന്നും എന്നില്‍ വേദനയുണ്ടാക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഇടപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോകാറുള്ളപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഫെബ്രുവരി 28ന് ശേഷം എനിക്ക് വയറുവേദന അനുഭവപ്പെട്ടിട്ടില്ല. പഠിക്കുന്ന കുട്ടിയായി മാറാനും കഴിഞ്ഞു.

അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ഞാന്‍ 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ 'ജനയുഗം' ദിനപത്രത്തിന്‍റെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റ്‌ ആയി. ജോലിയില്‍ പ്രവേശിച്ച ദിവസം ഇടപ്പള്ളിയില്‍ കൊല്ലപ്പെട്ട മാത്യുവിനെ ഞാന്‍ ഓര്‍ത്തു. ശൂരനാട് കൊലക്കേസിലെ സബ് ഇന്‍സ്പെക്ടറുടെ കാലിലെ തുടയില്‍ നിന്ന് മാംസം ചെത്തിയെടുത്ത സംഭവമും ഓര്‍മ്മയില്‍ ഓടിയെത്തി. ആദ്യത്തെ കുറെ ദിവസങ്ങള്‍ ഭയത്തോടെയാണ് ജനയുഗത്തില്‍ പോയതും വന്നതുമെല്ലാം.

ഇടപ്പള്ളി കേസിലെ പ്രതികളിലൊരാളായ കെ. സി. മാത്യുവിന്‍റെ അയല്‍പക്കത്തായിരുന്നു ഞങ്ങളുടെ താമസവും. മറ്റൊരു പ്രതിയായ എം. എം. ലോറന്‍സിന്‍റെ സുഹൃത്തായി ഞാനിപ്പോള്‍ മാറി. മുന്‍ ധനമന്ത്രി വിശ്വനാഥമേനോനാണ് മറ്റൊരു പ്രതി. തടിച്ച പുരികം ചുളിച്ചുള്ള അദ്ദേഹത്തിന്‍റെ സ്നേഹപൂര്‍വമായ ചിരിയും തലോടലും മറക്കനാവുന്നതല്ല. ഈ ക്രൂരകൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ടാവില്ലെന്ന് ഞാന്‍ മാറിമറിച്ച് ചിന്തിക്കുകയാണ്.

മാത്യുസാറിന്‍റെ മുഖം അവ്യക്തമായ ഓര്‍മ്മ മാത്രം. അദ്ധേഹത്തിന്‍റെ നാടും വീടും എവിടെയായിരുന്നു എന്നെനിക്കറിയില്ല. വേദന അഭിനയിച്ച് വയറ് തടകാനായി ഉയര്‍ത്താറുണ്ടായിരുന്ന എന്‍റെ ചെറുകൈ ഉയര്‍ത്തി പ്രിയ മാത്യുസാറിനെ ഞാന്‍ സല്യൂട്ട് ചെയ്യട്ടെ.

3 അഭിപ്രായങ്ങൾ:

  1. പാർവത്യകാരന്മാരെ പൊതുവേ പിള്ളയണ്ണൻ എന്നാണു വിളിച്ചിരുന്നത്.
    മിക്കവരും തമിഴ്വംശജരായിരുന്ന പിള്ളമാർ ആയിരുന്നതു കൊണ്ടാവാം.
    ഏതായാലും ഒരു പിള്ളയണ്ണൻ റെ പുത്രനാണ്‌ എൻ റെ പ്രിയ സുഹൃത്തും
    എന്നറിയുന്നതിനാൽ നിരവധി പിള്ളയണ്ണന്മാരുടെ അനന്തര തലമുറയിൽ
    പെട്ട ഈ പിള്ള സന്തോഷിക്കുന്നു.മാപ്പിള (ക്രിസ്ത്യനും മുസ്ളിമും) മാർഗ്ഗം
    കൂടിയ പിള്ളമാരായിരുന്നു എന്നു യുക്തിവാദി ഇടമറുകു പണ്ടേ എഴുതുകയും
    ചെയ്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട ഡോക്ടര്‍ കാനം പിള്ളക്ക്,
    ഏറണാകുളത്തുനിന്നു എന്‍. എസ്. എസ് കേന്ദ്രമായ ചങ്ങനാശ്ശേരിയില്‍ എത്താന്‍ ആലപ്പുഴ വഴിയോ കോട്ടയം വഴിയോ എളുപ്പം?
    യേശുദാസന്‍

    മറുപടിഇല്ലാതാക്കൂ