2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

കറുപ്പിനഴക്...

യു. എസ്. പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് വയസ്സ് 49 ആയെങ്കിലും അദ്ദേഹത്തിന് പ്രശ്നം മുടി തന്നെ. ഓരോ ദിവസം കഴിയുന്തോറും തലയിലെ നര കൂടിവരുന്നു. പ്രസിഡന്‍റ് ജോലി ഇഷ്ടമാണെങ്കിലും വൈറ്റ് ഹൌസിലെ ഓരോ ദിവസവും തന്‍റെ കറുത്ത കുറ്റിമുടികളെ അതിവേഗം നിറം കെടുത്തുന്നുവെന്നത് ഒബാമയെ വിഷണ്ണനാക്കുന്നു. നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിനെ കണ്ടു പഠിക്കാന്‍ പോലും ഒബാമക്ക് കഴിയുന്നില്ല. ദാസേട്ടന്‍ പറയുന്നത് ശ്രദ്ധിക്കുക: എന്‍റെ മുടിയും താടിയുമെല്ലാം ഡൈ ആണ്. എന്നാല്‍ അതിന്‍റെ ആവശ്യമുണ്ടോ എന്ന് ചോദിക്കാം. ഒരിക്കല്‍ ഒരു പള്ളിയിലെ അച്ചന്‍ എന്നോട് ചോദിച്ചു: ദാസ്‌, ഈ ഡൈ എവിടെനിന്നാണ് വാങ്ങുന്നത് എന്ന്. ആത്മീയകാര്യങ്ങളില്‍ മുഴുകേണ്ട അവരുടെ മനസ്സില്‍ പോലും ഇത്തരം ചിന്തകള്‍ ഉണ്ടെങ്കില്‍ സാധാരണക്കാരന്‍റെ കാര്യം പറയാനുണ്ടോ?

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രജ്ഞനായ എയിന്‍സ്റ്റിനെപ്പോലെയോ സാഹിത്യകാരനായ ബെട്രാന്‍സ്‌ റസ്സലിനെപ്പോലെയോ രവീന്ദ്രനാഥ് ടാഗോറിനെപ്പോലെയോ കെ. എം. മാത്യുവിനെപ്പോലെയോ, എം. എസ്. വിശ്വനാഥനെപ്പോലെയോ വെളുത്ത മുടി നാല് വശത്തെക്കും പറത്തി നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. സപ്തസ്വരങ്ങളിലും താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദാസിന്‍റെ കറുത്ത മുടിയും താടിയും മലയാള സംഗീതത്തിന്‍റെതന്നെ അഴകാണ്. എന്നാല്‍ ആ ഡൈ 1975 കാലഘട്ടത്തില്‍ ഒരു അപകടമരണത്തില്‍ പെട്ടു. 35 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ആ കാര്‍ ആക്സിഡെന്‍റ്. ബാംഗലൂരില്‍ നിന്ന് മദ്രാസിലേക്ക് കാറില്‍ ദാസ്‌ പോകുന്ന അവസരത്തില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ച് ദാസ്‌ മരണമടഞ്ഞു എന്ന വാര്‍ത്ത രാവിലെ പത്തു മണിയോട്കൂടി പരന്നു. വിശദവിവരങ്ങള്‍ അറിയാനായി സുഹൃത്തുക്കളും ആരാധകരും ഫോണില്‍ പലരുമായി ബന്ധപ്പെട്ടു. മദ്രാസിലുള്ള യേശുദാസിന്‍റെ വീട്ടില്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. എന്നാല്‍ ഉച്ചയോടുകൂടി വാര്‍ത്തയുടെ സ്വഭാവം മാറി. മരിച്ചത്‌ പിന്നണിഗായകനല്ല എച്ച്. എം. ടിയുടെ ചെയര്‍മാനായ യേശുദാസ്‌ ഐ. സി. എസ് ആണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍ രക്ഷപെട്ടു. എന്നാല്‍ വിശദമായ അന്വേഷണങ്ങളില്‍ ചെയര്‍മാന്‍ യേശുദാസിന് കുഴപ്പമില്ല, ജീവിച്ചിരിക്കുന്നു. എന്നാല്‍ ഒട്ടും വൈകിയില്ല, ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ പുതിയ വാര്‍ത്ത പരന്നു ബിഷപ്പ് യേശുദാസന്‍ മരിച്ചു എന്ന വാര്‍ത്തക്കും ദീര്‍ഘായുസ്സ്‌ ഉണ്ടായില്ല. ബിഷപ്പിന് കുഴപ്പമൊന്നുമില്ല എന്ന്‍ അരമനയില്‍ നിന്ന് അറിവായതോടെ വാര്‍ത്ത പരത്തിയവര്‍ക്ക്‌ നിരാശയായി. വൈകിട്ട് നാല് മണിക്ക് ഈ ലേഖകനെ മാതൃഭൂമിയില്‍ നിന്ന്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്തിനാണ് വിളിച്ചതെന്ന്‌ അവര്‍ക്കും വ്യക്തമായി പറയാനായില്ല. ഓ, വെറുതെ വിളിച്ചതാ എന്ന് പത്രാധിപസമിതി അംഗം പറഞ്ഞു. ഇതിനിടയില്‍ ചില പത്രക്കാരും സുഹൃത്തുക്കളും വൈകുന്നേരം കാറില്‍ എന്‍റെ വീട്ടിലെത്തി. എന്‍റെ ഭാര്യ ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ട് നില്‍ക്കുന്ന രംഗം. ചെടി നനക്കുന്ന ഒരു സ്ത്രീയോട് ഭര്‍ത്താവിന്‍റെ മരണം എപ്പോള്‍, എങ്ങനെയാണെന്ന് ചോദിക്കുന്നതിലെ പന്തികേട് കൊണ്ട് കാറില്‍ വന്നവര്‍ മടങ്ങി. മൂന്ന് യേശുദാസന്മാരെ പിടി കിട്ടിയില്ല. എങ്കില്‍ വരയ്ക്കുന്ന യേശുദാസനെ മരണവലയില്‍ വീഴ്ത്താമെന്ന് അവര്‍ തീരുമാനിച്ചതിനെ നമുക്ക്‌ കുറ്റപ്പെടുത്താനും കഴിയില്ല.

അടുത്ത ദിവസം ദിനപത്രങ്ങളില്‍ യേശുദാസന്മാരുടെ കൂട്ടമരണം എന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ നീണ്ട ബോക്സ്‌ വാര്‍ത്തയും വന്നു. അക്കാലത്ത് ചാനലുകള്‍ ഇല്ലായിരുന്നത് കൊണ്ട് അവരുടെ ആഘോഷങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാഭാഗ്യം.

ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കൊച്ചി കലാപീഠത്തിലെ ആര്‍ടിസ്റ്റ്‌ കലാധരന്‍ എന്നെ ഫോണ്‍ ചെയ്തു: നാളെ നമ്മുടെ ഗാനഗന്ധര്‍വന്‍ കലാപീഠത്തിളല്‍ വരുന്നുണ്ട്. കാര്ടൂണിസ്റ്റും വരുമോ? വരുമെന്കില്‍ പിന്നണിഗായകന്‍ യേശുദാസിനെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങ് നമുക്കൊരുക്കാം.

ഒരു നല്ല ചടങ്ങെന്ന് എനിക്ക് തോന്നി. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം കലാപീഠത്തില്‍ വെച്ച് ആദരിക്കുന്ന ചടങ്ങ് നടന്നു. പതിവിലേറെ ജനം കലാപീഠത്തില്‍ ഒത്തുചേര്‍ന്നു. രണ്ട് വാക്ക് സംസാരിക്കാനായി കലാധരന്‍ എന്നെ ക്ഷണിച്ചു. സംസാരിച്ചു തുടങ്ങി സാവധാനത്തില്‍ യേശുദാസന്മാര്‍ക്കൊണ്ടായ മരണത്തെപ്പറ്റി ഞാന്‍ വിവരിച്ചു. കൊല്ലപ്പെട്ട രണ്ട് യേശുമാര്‍ വേദിയിലുണ്ടായിരുന്നതിനാല്‍ ജനത്തിന് ഏറെ രസം കയറി. അപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു: യേശുദാസന്‍മാര്‍ ഇത്തരം ഭീഷണിയെ നേരിടുകയാണ്. പോലീസ് സംരക്ഷണമൊന്നും വേണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നമുക്ക്, യേശുദാസന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍, പേടിക്കാതെ കഴിയാന്‍ ഒരു സംഘടന ആവശ്യമാണ്. ഒട്ടും വൈകാതെതന്നെ അതിനു രൂപം നല്‍കണമെന്നാണ് ആഗ്രഹം. ചെയര്‍മാനും സെക്രടറിയും ഖജാന്‍ജിയും ആവശ്യമുണ്ട്. ഖജാന്‍ജിയായി എനിക്കൊരാളെ മനസ്സിലുണ്ട് - തൃപ്പൂണിത്തുറയുള്ള ഒരു യേശുദാസന്‍. ഇതിന്‍റെ ഖജാന്‍ജിയാകാന്‍ ഈ തൃപ്പൂണിത്തുറക്കാരന്‍ യോഗ്യനാണോ? അതെ. രണ്ട് ദിവസം മുമ്പ് ഒരു വാര്‍ത്ത പത്രങ്ങളിലുണ്ടായിരുന്നു. ഒരു കള്ളനോട്ടു കേസിലെ ഏഴാം പ്രതിയാണ് തൃപ്പൂണിത്തുറ യേശുദാസന്‍.

വാചകം പൂര്‍ത്തിയാക്കും മുമ്പ് ജനം ആര്‍ത്തു ചിരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍റെ ഇളകിയാടിയുള്ള പൊട്ടിച്ചിരി കലാപീഠത്തിനു ചുറ്റുമുള്ള വീടുകളില്‍ വരെയെത്തി.

ഖജാന്‍ജിയുടെ കാര്യം തമാശക്ക് പറഞ്ഞതാണെന്കിലും ഒരു അസോസിയേഷന് രൂപം നല്‍കുന്നത് നല്ലതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരിന്‍റെ പേരില്‍ ചില സംഘടനകള്‍ വിദേശത്തുണ്ട്. ഇംഗ്ലണ്ടില്‍ TT Thomas എന്ന് പേരുള്ളവരുടെ ഒരു സംഘടന നിലവിലുണ്ട്. അതിനു പ്രവര്‍ത്തനലക്ഷ്യങ്ങളുണ്ട്. അത്തൊരുത്തിലൊന്നാണ് യേശുദാസന്മാര്‍ക്കും ആവശ്യം.

എന്നാല്‍ ഇങ്ങനൊരു പുലിവാല് വേണോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഗാനഗന്ധര്‍വന് കൊല്ലത്ത് ഒരു സുഹൃത്തുണ്ട് ആശ്രമം വേണു. ഓമനയായ മുഖം. ഏറെ സുഗന്ധമുള്ള ചലനങ്ങള്‍. കൊല്ലത്ത് എത്തിയാല്‍ ദാസ്‌ സമയം ചെലവഴിക്കുന്നത് വേണുവിനോടൊപ്പം ആണ്. എനിക്ക് ഗാനഗന്ധര്‍വനെ പണ്ട് പരിചയപ്പെടുത്തി തന്നത് വേണുവാണ്. അന്ന് മുതലുള്ള ആരാധനയും അടുപ്പവുമാണ് അദ്ദേഹവുമായി.

ഇപ്പോള്‍ എന്‍റെ മനസ്സ്‌ വാഷിംഗ്ടണ്‍ വരെ പോവുകയാണ്. പിന്നണിഗായകന്‍ വര്‍ഷത്തില്‍ പല തവണ അമേരിക്ക സന്ദര്‍ശിക്കാറുള്ളതാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്‍റെയും വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്റന്‍റെയും ഏക മകള്‍ ചെല്‍സിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. എന്നാല്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമക്ക് ഈ കല്യാണത്തിന് ക്ഷണമില്ലായിരുന്നു. വീണ്ടും എന്‍റെ മനസ്സ് നാട്ടിലേക്ക് മടങ്ങുന്നു.

ഓരോ ദിവസവും പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ഞാന്‍ കത്തുകള്‍ തിരിച്ചും മറിച്ചും നോക്കും. യേശുദാസന്‍റെ മകന്‍റെ വിവാഹക്ഷണക്കത്ത് അക്കൂട്ടത്തില്‍ ഉണ്ടോ? ക്ഷണമുണ്ടായില്ല. യേശുദാസന്മാരുടെ കൂട്ടമരണത്തിന്‍റെ ലിസ്റ്റിലോ പാടുന്ന യേശുദാസന്‍റെയും പാടാത്ത യേശുദാസന്‍റെയും ആത്മാവിന്‍ പുസ്തകത്താളിലോ നോക്കി ആ കുറി അയക്കുമെന്ന് തോന്നി. ഞാനും ക്യാപ്റ്റന്‍ രാജുവും ഒരു കുഴിയില്‍ ചാവാനിരുന്നവരാണ്. അത്ര മാത്രം അടുത്ത ബന്ധം. മോഹന്‍ലാലിന് ലെഫ്‌. കേണല്‍ സ്ഥാനം ലഭിച്ചത് പോലെ ക്യാപ്റ്റന്‍ രാജുവിന് ഒരു സര്‍ക്കാര്‍ വക ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കട്ടെയെന്നും പ്രാര്‍ഥിക്കാതിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല. ക്യാപ്റ്റന്‍റെ ഓമല്ലൂരില്‍ നിന്ന് വളരെ അകലെയല്ലാത്ത കുമ്പഴയില്‍ താമസിക്കുന്ന മാത്യു ശന്കരത്തില്‍ (മലയാള മനോരമ) മകന്‍റെ വിവാഹത്തിന് വിളിക്കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കുകയുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ രാജുവോ, മാത്യു ശന്കരത്തിലോ അല്ലല്ലോ ഗാനഗന്ധര്‍വന്‍ യേശുദാസ്‌. അദ്ദേഹം പാടിത്തുടങ്ങിയ കാലം മുതലേ എന്‍റെ ബ്രഷില്‍ നിന്നിറങ്ങി വരുന്നത്‌ എപ്പോഴും ദാസിന്‍റെ മാണിക്കവീണയാണ്.

എന്തായാലും യേശുദാസന്മാരുടെ സംഘടന നമുക്ക് വേണ്ട. ഹൃദയരാഗം പാടുന്ന ഹൃദയത്തില്‍, മുടിക്ക് പൂശുന്ന ഡ്രൈ പുരട്ടാനാവില്ലല്ലോ.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഓടും കുതിര ചാടും കുതിര
മലയാള ചലച്ചിത്രരംഗത്തെ ശക്തനായ പ്രതിഭാശാലി ഭരതനെ മുന്‍നിര്‍ത്തി എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്രനിര്‍മ്മാതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ജോണ്‍ പോള്‍ എഴുതിയ പുസ്തകമാണ് ഒരു കടങ്കഥ പോലെ ഭരതന്‍. ജോണ്‍ പോളിന്‍റെ ഡയറിക്കുറിപ്പിലൂടെയാണ് ഈ പുസ്തകം നമ്മുടെ ഇടയില്‍ എത്തുന്നത്.

ഭരതന്‍റെ പത്നി കെ. പി. എ. സി. ലളിത, ഭരതന്‍റെ സുഹൃത്തുക്കള്‍ എന്നിവരിലൂടെ ഈ കടങ്കഥകള്‍ മുഴുവനായും വിരിയുന്നു. അനന്തമായ കാലത്തിലേക്ക് മടങ്ങിപ്പോയ പി. എന്‍. മേനോന്‍, ഭരത് ഗോപി, ജോണ്‍ എബ്രഹാം, ശ്രീവിദ്യ, കലാമണ്ഡലം ഹൈദരാലി, പവിത്രന്‍ എന്നിവരുടെ ഓര്‍മ്മകളും പുസ്തകത്തില്‍ പരന്നു കിടപ്പുണ്ട്. ഈ കൃതിയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ഓഗസ്റ്റ്‌ 13ന് എറണാകുളം പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച് നടന്നു.

പഴയ സുഹൃത്തിനെപ്പറ്റിയുള്ള ആ പുസ്തകം സ്പര്‍ശിച്ച്‌ പ്രകാശനം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നത് ഏറെ ആഹ്ലാദം പകര്‍ന്നു തന്ന നിമിഷങ്ങളായിരിന്നു. പുസ്തകത്തെ തൊടുമ്പോള്‍ ആ വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതു പോലെയാണെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സാഹിത്യകാരന്‍ പ്രൊ. തോമസ്‌ മാത്യു പറയുകയുണ്ടായി. ഭരതനുമായിട്ടുള്ള അടുത്ത ബന്ധത്തെപ്പറ്റി അദ്ധ്യക്ഷനായ സംവിധായകന്‍ മോഹനും വളരെ വികാരഭരിതനായി വിവരിച്ചു. പ്രസംഗിക്കാന്‍ എഴുന്നേറ്റ എനിക്ക് ഭരതനെ ആദ്യം പരിചയപ്പെട്ട രംഗം ഓര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഗ്രന്ഥകര്‍ത്താവായ ജോണ്‍ പോളിനെ കണ്ടുമുട്ടിയ സമയവും കാലവും എപ്പോഴെന്ന് ഓര്‍ക്കാനായില്ല. അല്പം സംശയത്തോടെ ഞാനത് സൂചിപ്പിക്കുകയും ചെയ്തു. അതിന് ജോണ്‍ പോളിന്‍റെ മറുപടി: ഞാന്‍ യേശുവിനെ ആദ്യം കാണുന്നത് ചെമ്പരത്തി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുമ്പോള്‍ വിതുര ബേബി (ജനയുഗം), പ്രൊഫസറും കാര്‍ട്ടൂണിസ്റ്റുമായിരുന്ന സോമനാഥന്‍ എന്നിവരോടൊപ്പം എത്തിയെപ്പോഴാണ്. അതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. വിനോദസിനിമാപ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്ത് കറങ്ങിത്തിരിയാന്‍ ഇഷ്ടമുള്ള വ്യക്തിയായിരുന്നില്ല ഞാന്‍. ജോണ്‍ ഏബ്രഹാം, മോഹന്‍, ചന്ദ്രകുമാര്‍, കെ. ജി. ജോര്‍ജ്, ഭരതന്‍, സത്യന്‍ അന്തിക്കാട്‌, കെ. എസ്. സേതുമാധവന്‍, ജേസി ബക്കര്‍, പദ്മരാജന്‍ തുടങ്ങി ചുരുക്കം പേരുടെ സെറ്റില്‍ മാത്രമേ ഞാന്‍ കടന്നു ചെന്നിട്ടുള്ളൂ. ജോണ്‍ പോളിനെ കൂട്ടിമുട്ടുന്നത് കൊല്ലത്ത് വെച്ചായിരുന്നു. സംവിധായകന്‍ ജേസിയും ഒരുമിച്ച് ജോണ്‍ പോള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വരികയുണ്ടായി. ജേസിയെ ഞാന്‍ ആദ്യം കാണുന്നതും അന്ന്.

എങ്കിലും പുസ്തകപ്രകാശനചടങ്ങില്‍ വെച്ച് ഞാന്‍ മറ്റൊരു സംശയം കൂടി ഉന്നയിച്ചു: ഭരതനെപ്പറ്റിയുള്ള ഈ പുസ്തകത്തിന് ഒരു കടങ്കഥ പോലെ ഭരതന്‍ എന്ന പേര് നല്കിയതതെന്തിന്. പുസ്തകം വീട്ടില്‍ വെച്ച് വായിച്ചു തുടങ്ങുന്നതിന് മുമ്പ് എന്‍റെ മനസ്സില്‍ ഒരു കടങ്കഥ ഓടിയെത്തി. കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും എന്ന കടങ്കഥയുമായി ഭരതന് വല്ല ബന്ധവുമുണ്ടോ? താക്കോല്‍കൂട്ടം എന്ന് മറുപടി നല്‍കുന്ന കടങ്കഥയുമായി ഭരതന് ബന്ധമുണ്ടാകാന്‍ സാധ്യതയില്ല. താക്കോല്‍കൂട്ടം സൂക്ഷിക്കുന്ന ആളായിരുന്നില്ല ഭരതന്‍. പണപ്പെട്ടിയുടെ താക്കോലും അദ്ദേഹത്തിനില്ലായിരുന്നു. വീട്ടിലെ മുറികള്‍ പൂട്ടുന്നതിനോടും യോജിപ്പുമില്ല. എല്ലാം തുറന്നിടുന്നു. ആര്‍ക്കും സ്വാഗതം. മറ്റൊരു കടങ്കഥയുണ്ട് ഓടും കുതിര, ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര. ഉത്തരം ചെരുപ്പ്‌. ഇന്ന് സിനിമാക്കാര്‍ ചെയ്യുന്നത് പോലെ അടിക്കാനായി ചെരുപ്പ്‌ ഊരുകയോ തമ്മില്‍ തമ്മില്‍ ചെരുപ്പ്‌ എറിയുകയോ ചെയ്യുന്ന രംഗങ്ങളില്‍ ഭരതന്‍ എത്താറില്ല. എന്നാല്‍ മുല്ലപ്പൂവിന്‍റെ മണമുള്ള ഏതെങ്കിലും പ്രിയപ്പെട്ട വീടിന്‍റെ മുന്നിലെത്തിയാല്‍ ഭാരതന്‍റെ ചെരുപ്പുകള്‍ സ്വയം നില്‍ക്കുമായിരുന്നു. പക്ഷെ, പുസ്തകം പൂര്‍ണമായി വായിച്ചു കഴിഞ്ഞപ്പോഴാണ് കടങ്കഥയിലെ സ്വപ്നലാസ്യം നമുക്ക്‌ മുമ്പില്‍ തെളിഞ്ഞ് എത്തുന്നത്‌. ഇനി ജോണ്‍ പോള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കുറെ വരികള്‍ വായിക്കാം:

പ്രയാണത്തിന്‍റെ നാളുകളില്‍ ശ്രീവിദ്യ തമിഴ് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന നടിയായി മാറിയിരുന്നു. അവരുടെ സ്വപ്നലാസ്യം തത്തി നില്‍ക്കുന്ന കണ്ണുകളും പറയാതെ ഏറെ പറയാന്‍ വെമ്പുന്ന ചുണ്ടുകളും മോഹിപ്പിക്കുന്ന മേനിയഴകും സ്വാഭാവികതയോടെ അടുത്തു നിന്ന അഭിനയത്തിലെ വശ്യതയും ദേശഭാഷാ വ്യത്യാസമില്ലാതെ അവരെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സുന്ദരസഖിയായി ജനഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചിരുന്നു. മദിരാശിയിലെ പരാങ്കുശപുരത്തെ നിരവീടുകളിലൊന്നിന്‍റെ മുകളിലത്തെ നിലയില്‍ അഭിനയത്തിരക്കിന്‍റെ ഒളിവുവേളകളില്‍ ഭരതനെ തേടി ശ്രീവിദ്യ എത്തുമ്പോള്‍ ആ കോളനിയിലെ സര്‍വ കണ്ണുകളും ശ്രീവിദ്യയെയുടെ ചുറ്റും ആരാധനയോടെ പരതുക സ്വാഭാവികം. സിഗരറ്റ് കുറ്റികളും അവിടവിടെയായി പല ഘട്ടങ്ങളിലായി നിരന്ന പൂര്‍ത്തിയാകാത്ത ചിത്രങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളും എല്ലാം ചേര്‍ന്ന്‍ ആകെ അലങ്കോലമായിക്കിടക്കുന്ന ആ മുറിയില്‍ കടന്നു വന്ന് ചോദ്യഭാവത്തില്‍ ഭരതനെ നോക്കുമായിരുന്ന വിദ്യയുടെ മുഖം എനിക്ക് സന്കല്പ്പികാനാകും. മുറിയത്രെയും അടുക്കിവൃത്തിയാക്കി മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകിയലക്കി വെണ്മയാക്കി വീട്ടിലേക്കു പൊതിഞ്ഞുകൊണ്ടുപോയി ഇസ്തിരിയിട്ട് തിരികെ എത്തിക്കുമായിരുന്നത്രേ വിദ്യ! ശ്രീവിദ്യ ഭരതന്‍റെ അടുക്കളയില്‍ കയറി വച്ചു വിളമ്പിയിരുന്ന കായക്കുടുള്ള ഭക്ഷ്യവിഭവങ്ങളുടെ സുഗന്ധം നാളുകളോളം ആ മുറിയില്‍ തങ്ങി നില്‍ക്കുമായിരുന്നു. എത്രയോ തവണ വിദ്യ പരാങ്കുശപുരത്തെ ആ മുറിയില്‍ സന്ദര്‍ശകയായെത്തിയുട്ടുണ്ട്. വായിച്ചും കണ്ടും കേട്ടും പങ്കിട്ടും അറിഞ്ഞ ഏതു ഗാഥയെക്കാളും അവ്യാഖ്യേയവും അനുപമവും അസാധാരണവുമായ ഒരു ഭാവം ഭരതനും ശ്രീവിദ്യയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ സ്പന്ദിച്ചു നിന്നിരുന്നത്തിന്‍റെ നേര്‍സ്പര്‍ശം രേഖപ്പെടുത്തുമ്പോള്‍ സത്യസാക്ഷ്യങ്ങള്‍ ഉപമകളെയും അലങ്കാരങ്ങളെയും അതിശയിപ്പിക്കുക സഹജം, പ്രകൃതം, ന്യായം, സ്വാഭാവികം! ലളിത എന്തു വിചാരിക്കും ഇങ്ങനെയൊക്കെ എഴുതിയാല്‍? ഉത്തരം ലളിതമാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ ജോണ്‍ പോളിനും അറിയാവുന്നതാണ്. ശ്രീവിദ്യ ഭരതനെ എന്നും മോഹിച്ചിരുന്നു. ഒരു സ്വപ്നം കണക്കെ പ്രകോപിപ്പിച്ചിരുന്നു. ഭരതന്‍റെ മനസ്സില്‍ ലളിതയെക്കാള്‍ മുമ്പേ ചേക്കേറിയത് ശ്രീവിദ്യയാണ്...

ജോണ്‍ പോളിന്‍റെ പേന ഈ രീതിയില്‍ പടര്‍ന്നു കയറുമ്പോള്‍ ഭരതന്‍ എന്ന കടങ്കഥയുടെ പൊരുള്‍ അപ്പോള്‍ മാത്രം നമുക്ക് പിടികിട്ടുന്നു. കിലുകിലുക്കം കിലുകിലുക്കം എന്ന് പറയുന്ന താക്കോല്‍ കൂട്ടം ശ്രീവിദ്യയുടേതാണോയെന്നറിയില്ല. ശ്രീവിദ്യയുടെ കുതിര ഭരതന്‍റെ അടുക്കളയിലും ഭരതന്‍റെ ഉത്സവക്കുതിര ശ്രീവിദ്യയുടെ കിടപ്പറയിലും ഓടുകയും ചാടുകയും ചെയ്തിരുന്നതിനെപ്പറ്റി ഭരതനുമായി ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതും ജോണ്‍ പോളായിരുന്നു. ശ്രീവിദ്യക്കാര്യത്തില്‍ ഭരതനും ലളിതയും ധാരണയിലായിരുന്നെന്നും പറയുന്നു. എന്നാല്‍ ഭരതന്‍റെ മരണശേഷം ഇത്തരത്തിലെഴുതുന്നത് എന്തിനെന്ന് ലളിത ചോദിക്കുന്നതില്‍ കാര്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും മറക്കാനും പൊറുക്കാനും മറച്ചുവയ്ക്കാനും അവര്‍ക്കറിയാമായിരുന്നു. പുസ്തകം വായിക്കുന്ന ഭരതന്‍റെ മക്കള്‍ക്ക് അതൊരു വേദനയായി മാറില്ലേയെന്നു ചോദിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്‍റെ മറുപടി: മക്കള്‍ പുസ്തകം വായിക്കറില്ലെന്നാണ് ലളിത പറയുന്നത്. കാരണം അവര്‍ക്ക് മലയാളം വായിക്കാനറിയില്ല.

ഒരു ജോണ്‍ പോള്‍ ആക്രമണം മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ലളിതയും ഭരതനും അയച്ചതെന്നറിയില്ല. ഒരു കാര്യം കൂടി ജോണ്‍ പോള്‍ തുറന്നു പറയുന്നു: ഭരതനെന്ന്‍ മാത്രമല്ല, ചിതകലയെ സ്നേഹിക്കുന്ന സംഗീതത്തെ പുണരുന്ന ആരുമായും ഈ സ്ത്രീ അടുക്കുമായിരുന്നു. ഞാന്‍ ഏറെ അടുക്കാറില്ലായിരുന്നു. എങ്കില്‍ എന്നേം പ്രണയിച്ചേനേം.

ഏറെ അകലം പ്രാപിചിരുന്നെങ്കിലും ജോണ്‍ പോളിന്‍റെ തടി ശ്രീവിദ്യയുടെത് പോലായി മാറിയെന്നതാണ് സത്യം. അതും ഒരു കടങ്കഥ.   

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കറക്കുന്ന കൈരേഖ
എന്‍റെ കൈരേഖ നോക്കി ആദ്യം പ്രവചിച്ചത് വൈക്കം ചന്ദ്രശേഖരന്‍ നായരായിരുന്നു. താന്‍ ഈ കസേരയില്‍ ഇരിക്കേണ്ട ആളല്ല എന്ന് വൈക്കം ജനയുഗം പത്രഓഫീസില്‍ വെച്ച് പറഞ്ഞപ്പോള്‍ സമീപത്തിരുന്ന കാമ്പിശ്ശേരി കരുണാകരന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. മനസ്സില്‍ കൊണ്ടുനടന്ന ഒരു രഹസ്യം ചോര്ന്നുപോയോ എന്ന പേടി.

ഒ. വി. വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന്‍ രാജി വച്ച് പോയ ഒഴിവിലേക്ക് ഞാന്‍ അപേക്ഷ അയച്ച് കാത്തിരിക്കുന്ന സമയമായിരുന്നു. അല്പം ആട്ടം ഉണ്ടായിരുന്ന ജനയുഗത്തിന്‍റെ കസേരയില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു: നേരാണോ വൈക്കം ചേട്ടാ? എന്നാല്‍ അതിനു മറുപടി പറഞ്ഞത് കാമ്പിശ്ശേരിയായിരുന്നു: യേശുവേ, ഇത് കള്ള കൈനോട്ടക്കാരനാണ്. യേശു ശങ്കേഴ്സ് വീക്കിലിയിലേക്ക് അപേക്ഷ അയച്ച വിവരം ഇന്നലെ ഞാന്‍ വൈക്കത്തിനോട് ഓര്‍ക്കാത് പറഞ്ഞു പോയി.

ഒറ്റപ്പാലംകാരന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തെക്കാളും പ്രസിദ്ധനാണ് ഹസ്തരേഖാവിദഗ്ധന്‍ ടി. എം. ആര്‍. കുട്ടി - പ്രത്യേകിച്ച് കോണ്‍ഗ്രെസ്സുകാര്‍ക്കിടയില്‍. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയചരടുവലികളുടെയും ചലനങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും പിന്നില്‍ ടി. എം. ആര്‍. കുട്ടിയുടെ പേരും പൊങ്ങിവരാറുണ്ടായിരുന്നു. കാരണം കെ. കരുണാകരന്‍റെ കളരിയിലെ കളികള്‍ പലതും ടി. എം. ആര്‍. കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന്‍ ഒരു കാലത്ത് പറയാറുണ്ടായിരുന്നു. കെ. കരുണാകരന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന വേദികളിലെല്ലാം സദസ്സിന്‍റെ മുന്‍നിരയില്‍ കുട്ടി ഉണ്ടായിരുന്നു.

എന്നാല്‍ കുട്ടി ഒരു മൊബൈല്‍ കൈനോട്ടക്കാരനായിരുന്നു. പല സ്ഥലത്ത് സഞ്ചരിച്ച് ക്യാമ്പ്‌ ചെയ്തുകൊണ്ട് ജനത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുമായിരുന്നു. രാത്രി കാലങ്ങളില്‍ പോലീസ് ഉദ്യോഗസ്തരാണ് അവിടെ പാഞ്ഞുകയറാറുള്ളത്. പ്രമോഷന്‍, മകളുടെ കല്യാണം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, ട്രാന്‍സ്ഫര്‍, ഉരുട്ടലിലെ തിരിച്ചടികള്‍ എന്നിവയെപ്പറ്റിയെല്ലാം കുട്ടി അവര്‍ക്ക് കൈ നോക്കി പറഞ്ഞുകൊടുക്കും.

രാഷ്ട്രീയം, സിനിമ, ബിസിനസ്‌ രംഗത്തുള്ളവരും കൈയും പൊക്കിപ്പിടിച്ചു പാഞ്ഞെത്തുന്നു. കുട്ടിയുടെ കൈയിലുള്ള തടിച്ച ഫോട്ടോ ആല്‍ബം പ്രസിദ്ധമാണ്. തന്നെ കാണാന്‍ വന്നവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ അതിലുണ്ടാകും. ഈ ആല്‍ബം കാണാനാണ് ഞാന്‍ അദ്ദേഹത്തെ കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നത്. അന്നത്തെ കോണ്‍ഗ്രസ്‌ മന്ത്രിയായിരുന്ന വെള്ള ഈച്ചരനും ഒന്നിച്ച് കുട്ടി വിവിധ പോസുകളിലിരിക്കുന്ന ഫോട്ടോകളില്‍ നിന്ന് ചിലത് ഞാന്‍ ചോദിച്ചു വാങ്ങി. മന്ത്രിയുടെ ഫോട്ടോകള്‍ എല്ലാം ചേര്‍ത്ത് രണ്ടു പേജുകളിലായി അസാധു രാഷ്ട്രീയ വിനോദമാസികയില്‍ പ്രസിദ്ധീകരിച്ചു. അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ നാടകം. അതിനുശേഷം കുട്ടിയെ കണ്ടപ്പോള്‍ മന്ത്രി ക്ഷുഭിതനായി ചോദിച്ചത്രേ: താനെന്‍റെ ഫോട്ടോ വിറ്റ് കാശുണ്ടാക്കുകയാണോ? കൈനോട്ടം നിറുത്തിയോ?

പക്ഷേ, കുട്ടിയൊരു ശുദ്ധഗതിക്കാരനായിരുന്നു. സ്വന്തമായി ഒരു റൈസ് മില്‍ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി പാലക്കാട്‌-തിരുവന്തപുരം റൂട്ടില്‍ ഓടി നടക്കുന്ന കാലം. സമീപത്തൊരു റൈസ് മില്‍ ഉള്ളതുകൊണ്ട് മറ്റൊന്നു അനുവദിക്കുന്നതില്‍ സാങ്കേതികതടസ്സങ്ങളുണ്ട്. കുട്ടിക്ക് വേണ്ടി കെ. കരുണാകരനും ശ്രമിക്കുകയുണ്ടായെന്കിലും സാങ്കേതികതടസ്സങ്ങളില്‍ അപേക്ഷ കുടുങ്ങിക്കിടന്നു. ഒരിക്കല്‍ ഞാന്‍ ചങ്ങനാശ്ശേരി വഴി പോകുമ്പോള്‍ ടി. എം. ആര്‍. കുട്ടിയുടെ പരസ്യബോര്‍ഡ്‌ കാണുകയുണ്ടായി. പഴയ സുഹൃത്തിനെ കൂടിക്കാണാമെന്ന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ മുറിയിലെത്തിയെന്കിലും തിരക്കൊന്നും കണ്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം കുട്ടി എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ വലതുകൈ എന്‍റെ നേരെ നീട്ടിക്കൊണ്ട് ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പരുങ്ങി. മനസ്സില്‍ വിഷാദവും പടര്‍ ന്നെത്തി. അദ്ദേഹത്തിന്‍റെ ആവശ്യം ഇതായിരുന്നു: റൈസ് മില്ലിന്‍റെ അനുവാദത്തിനായി ഞാന്‍ നാളെ തിരുവനന്തപുരത്തിന് പോവുകയാ. എന്‍റെ കൈ സാറൊന്നു നോക്കിക്കേ റൈസ് മില്ലിന് അനുവാദം കിട്ടുമോ?

കുട്ടിയുടെ കൈ നോക്കാതെ ഹസ്തരേഖയെപ്പറ്റി പിടിപാടില്ലാത്ത ഞാന്‍ എന്‍റെ കൈയ്യിലേക്ക് നോക്കിയിരുന്നു. ലീഡര്‍ക്ക് (കെ. കരുണാകരന്‍) ഏറെ വിശ്വാസമുള്ള ഒരു ജ്യോത്സ്യരായിരുന്നു മിത്രന്‍ നമ്പൂതിരിപ്പാട്. പറയുന്നത് അച്ചിട്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയായിരുന്നു. പ്രസിദ്ധ ചലച്ചിത്ര സംവിധായകനായ എന്‍. ശങ്കരന്‍നായരുടെ (മദനോത്സവം ഫെയിം) ചെന്നെയിലെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ച ശേഷം വീട്ടില്‍ നിന്ന്‍ മടങ്ങുന്ന വേളയില്‍ ശങ്കരന്‍നായരുടെ പത്നി ഉഷാറാണിയുടെ അമ്മ വരാന്തയില്‍ നിന്ന് നമ്പൂതിരിപ്പാടിനോടായി പറഞ്ഞു: എങ്കില്‍ പോയി വന്നാട്ടെ. ഇനി വരുമ്പോള്‍ കാണാം.

കാറിലേക്ക് കയറാന്‍ ശ്രമിക്കയായിരുന്ന നമ്പൂതിരിപ്പാട്‌ അമ്മയോട്‌: അതെങ്ങനെ? ഇനി ഞാന്‍ വരുമ്പോള്‍ നിങ്ങളിവിടെ ഉണ്ടാവുമോ? ആ ചോദ്യം ഒരു പ്രവചനമായി മാറി. അല്‍പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ അമ്മ മരിച്ചു. അതോടെ മിത്രന്‍ നമ്പൂതിരിപ്പാട്‌ ചലച്ചിത്രമേഖലയില്‍ പ്രസിദ്ധനായി. പോര്‍ട്ട്‌ ട്രസ്റ്റിലെ ഒരു എഞ്ചിനീയര്‍ ആയിരുന്ന കോര എന്നൊരു വ്യക്തി ചീട്ടുകള്‍ നിരത്തി സിനിമാക്കാര്‍ക്ക് വേണ്ടി ഈ രീതിയില്‍ ഭാവി പ്രവചിച്ചിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊച്ചി സന്ദര്‍ശിച്ചിരുന്ന തമിഴ് നാട്ടുകാരനായ അളഗിരിസ്വാമിയും ഇടക്ക് പ്രസിദ്ധനായി മാറി. ഭൂതകാലതെപ്പറ്റി സ്വാമി കൈനോക്കി പറയുന്നത് കേട്ടാല്‍ ആരും കാല്‍ ചുവട്ടില്‍ വീണു പോകും. ഇപ്പോള്‍ അദ്ദേഹം കേരളത്തില്‍ എത്താറില്ല. മണ്മറഞ്ഞതാവാം.

മൂന്നു പ്രാവശ്യം ഞാന്‍ സിങ്കപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനങ്ങള്‍ ഒരുക്കിത്തന്നത് അന്നത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ബി. എം. സി. നായര്‍. കലിക എന്ന പ്രശസ്ത നോവലിലൂടെ നമ്മള്‍ അദ്ദേഹത്തെ അറിയാന്‍ തുടങ്ങി. വൈകാരികമായി സുഹൃത്തുക്കളോട് ഒട്ടിച്ചേരുന്ന പ്രകൃതമായിരുന്നു ബി. എം. സിക്ക്‌. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യാരാജ്യത്തിന്‍റെ അറിയാത്ത വിശേഷങ്ങള്‍ സിംഗപ്പൂരില്‍ എത്തി മനസ്സിലാക്കാന്‍ കഴിഞ്ഞു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാനമന്ത്രിമാരുടെയും പണം ഏതെല്ലാം ബാങ്കുകളിലുണ്ട് ഏതൊക്കെ മന്ത്രിമാര്‍ കൈയും വീശിവന്ന്‍ വന്‍ കെട്ടുകളുമായി മടങ്ങുന്നു, മന്ത്രിമാരുടെ ഏതെല്ലാം ബന്ധുക്കള്‍ ഏതൊക്കെ തീയതികളില്‍ ഷോപ്പിങ്ങിനായി എത്തി തുടങ്ങിയ വിവരങ്ങള്‍ നമുക്ക് സിംഗപ്പൂരില്‍ എത്തിയാല്‍ അറിയാനാവും. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്‍റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന അമന്‍നാഥ് വര്‍മ്മയുടെ സിങ്കപ്പൂര്‍ ഉല്ലാസയാത്രകള്‍ ഏറെ പ്രസിദ്ധമാണ്. ജയിലില്‍ വെച്ച് മരണപ്പെട്ട വ്യവസായി രാജന്‍പിള്ളക്ക് എതിരെ അദ്ദേഹം നടത്തിയെന്നു പറയപ്പെടുന്ന നീക്കങ്ങളും പരക്കെ അറിവുള്ളതാണ്. ആരോപണവിധേയനായ അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വാങ്ങിക്കൊണ്ട് രാജിവെച്ചു. കൈയ്യും വീശി ഉണക്കബാഗുമായി സിങ്കപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങുന്ന ചില കേന്ദ്രമാന്ത്രിമാരുടെ മടക്കം അനേകം പെട്ടികളുടെയും ബാഗുകളുടെയും അകമ്പടിയോടെയാണ് എന്നറിയാന്‍ സിങ്കപ്പൂര്‍ വരെ പോകണമെന്നില്ല. നരസിംഹറാവുവിന്‍റെ ഒരു പുത്രന്‍ സിങ്കപ്പൂര്‍ - ഹോങ്കോങ്ക് ജപ്പാന്‍ യാത്രയില്‍ കമ്പക്കാരനായിരുന്നു. എന്‍റെ മൂന്നാമത്തെ സന്ദര്‍ശനവേളയിലാണ് റാവുഭാഗ്യം വന്നുവീണത്. നരസിംഹറാവുവിന്‍റെ ഒരു സെക്രട്ടറിയെ സിംഗപ്പൂരില്‍ വെച്ച് പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായി. തമിഴ്‌നാട്ടില്‍ താമസിക്കുന്ന രാഘവേന്ദ്രറാവു എന്ന മാന്യന്‍. ചെറുപ്പക്കാരന്‍, സുമുഖന്‍, നെറ്റിയില്‍ പൊട്ട്, പാന്റും കോട്ടും വേഷം, നല്ല ഇംഗ്ലീഷ്. ഇദ്ദേഹം നരസിംഹറാവുവിന്‍റെ ഏതു സെക്രട്ടറിയാണെന്ന് ആര്‍ക്കും പിടിയില്ല. പ്രധാനമന്ത്രിയുടെ യാത്രാവേളയില്‍ രാഘവേന്ദ്രറാവു എപ്പോഴും ഉണ്ടാവും. നിര്‍മ്മാതാവായ കെ. ടി. കുഞ്ഞുമോനോടോപ്പമായിരുന്നു എന്‍റെ മൂന്നാം യാത്ര. വ്യവസായിയായ രാജന്‍പിള്ള ഞങ്ങള്‍ക്കായി ഒരുക്കിയ സല്‍ക്കാരത്തില്‍ രാഘവേന്ദ്രറാവു പ്രത്യക്ഷപ്പെട്ടു. ജനയുഗത്തില്‍ വന്ന എന്‍റെ കാര്‍ട്ടൂണുകള്‍ രാജന്‍പിള്ളയുടെ ഓര്‍മയില്‍ നിന്നും വന്നു. സംഭാഷണത്തില്‍ മധുരം വിളമ്പാറുള്ള ബി. എം. സി. നായര്‍, കാര്‍ഡിയോളജിസ്റ്റ്‌ ഡോ. വി. പി. നായര്‍, എഞ്ചിനീയര്‍ രവീന്ദ്രന്‍, നിര്‍മാതാവ് കെ. ടി. കുഞ്ഞുമോന്‍, സുഗന്ധമുള്ള സിഗരറ്റുകളുടെ നിര്‍മാതാവ് ഷാര്‍ജയിലെ മുഹമ്മദ്‌ ഷെരീഫ്‌ എന്നിവര്‍ പങ്കെടുത്ത ഈ സല്ക്കാരവേളയില്‍ പലരുടെയും മുഖവും ചലനങ്ങളും നോക്കി പ്രവചിച്ച് രാഘവേന്ദ്രറാവു നല്ലൊരു ജ്യോത്സ്യരാണെന്ന്‍ വിളിച്ചറിയിച്ചു.

നരസിംഹറാവുവിന്‍റെ വിദേശയാത്രകളില്‍ ഇദ്ദേഹം ഒപ്പമുണ്ടായിരിക്കും. വീട്ടില്‍ നിന്ന് എപ്പോള്‍ ഇറങ്ങണം, ലണ്ടന്‍ സമ്മേളനത്തില്‍ ഇരിക്കേണ്ട കസേര അല്പം ചലിപ്പിച്ചിടുക, ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്യുമ്പോള്‍ കൈ കുലുക്കെണ്ടത് എത്ര തവണ, പൊട്ട് എത്ര തവണ നെറ്റിയില്‍ ഇടണം, എത്ര ഇഞ്ച്‌ വലിപ്പത്തില്‍ വേണം, എത്ര മോതിരം ധരിക്കണം തുടങ്ങിയവക്കെല്ലാം രാഘവേന്ദ്രറാവുവാണ് ഉപദേശം കൊടുക്കുക. 

അന്നത്തെ സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ ജാതകവും രാഘവേന്ദ്രറാവു എഴുതി തയ്യാറാക്കി. 1941 മെയ്‌ 20 ആണ് പ്രധാനമന്ത്രിയുടെ ജന്മദിനമെന്നു നേരത്തെ അറിയാമായിരുന്നതു കൊണ്ട് അദ്ദേഹത്തിന്‍റെ ജാതകം എഴുതി തയ്യാറാക്കാന്‍ എളുപ്പമായി. ജാതകവുമായി ഹൈക്കമ്മീഷണറായ ബി. എം. സി. നായരുടെ മുമ്പിലെത്തി. ഈ ജാതകം പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാനുള്ള അവസരം എനിക്കുണ്ടാക്കി തരണം. അങ്ങനെയെങ്കില്‍ സിങ്കപ്പൂര്‍ പ്രധാനമന്ത്രി എന്നെക്കൂടെക്കൂടെ സിങ്കപ്പൂരിലേക്ക് ക്ഷണിക്കും. 

ബി. എം. സി. ചിരിച്ചുകൊണ്ട് മറുപടി നല്‍കി: വിളിക്കാന്‍ സാധ്യത കുറവാണ്. എന്‍റെ ജന്മദിനവും 1941 മെയ്‌ 20 ആണ്. ഈ ജന്മദിനക്കാര്‍ക്ക് ജാതകത്തില്‍ താല്പര്യം കുറയും. 

നമുക്ക് ഭോപാലിലേക്ക് തിരിയാം. ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന്‍ ആന്‍ഡേഴ്സനെ രക്ഷപെടാന്‍ നരസിംഹറാവു സാഹചര്യം ഒരുക്കിയോ? രാജീവിനെയും അര്‍ജുന്‍ സിങ്ങിനെയും ബന്ധപ്പെടാന്‍ രാഘവേന്ദ്രറാവു ഉപദേശിച്ചോ? രക്ഷപെടാന്‍ ഒരുക്കിയ വിമാനത്തില്‍ എത്ര ഇന്ധനം നിറക്കണമെന്ന്‍ നിര്‍ദേശിച്ചു എന്നീ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ രാഘവേന്ദ്രറാവുവിന് കഴിയുമെന്ന് ഉറപ്പാണ്. ജയ് റാവു!      

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മായാത്ത മുഖം
 കാര്‍ട്ടൂണ്‍ രംഗത്ത് എനിക്ക് ഗുരുക്കന്മാര്‍ മൂന്നു പേരാണ്. ഒരാള്‍ വരക്കും. മറ്റു രണ്ടു പേര്‍ വരപ്പുമായി ഇണക്കമുള്ളവരായിരുന്നില്ല - കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍, കാമ്പിശ്ശേരി കരുണാകരന്‍, കെ. എം. മാത്യു. ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ രൂപം നല്‍കാനും പിന്നീട് പൂര്‍ണ്ണരൂപം നല്‍കാനും ഈ ത്രിമൂര്‍ത്തികള്‍ക്ക് കഴിഞ്ഞു എന്നത് നന്ദിയോടെ ഓര്‍ക്കുന്നു.

23 വര്‍ഷമാണ് ഞാന്‍ മനോരമയില്‍ ജോലി ചെയ്തത്. ആ 23 വര്‍ഷവും ഒരു പത്രപ്രവര്‍ത്തകന് ഒരു കാര്‍ട്ടൂണിസ്റ്റിന് ആവശ്യമായ ഉപദേശങ്ങളും ഇടവഴികളും ഒരുക്കിത്തന്നത് മാത്തുക്കുട്ടിച്ചായനായിരുന്നു. ഭാരതം കണ്ട മികച്ച പത്രാധിപന്മാരില്‍ ഏറ്റവും ശക്തനായ എന്നാല്‍ ആ രംഗത്ത് ശീതളച്ഛായ പകര്‍ന്നു തന്ന പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ പത്രാധിപരായി എത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചിക്മംഗ്ലൂരിലെ എസ്റ്റേറ്റ്‌ ജീവിതമോ ബോംബെയിലെ ബിസിനസ്‌ ജീവിതമോ നയിക്കേണ്ട വ്യക്തി മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഭാഗ്യം തുണഞ്ഞ് എത്തിയ മഹാനാണ്.

കാര്‍ട്ടൂണുകളെ അദ്ദേഹം നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളെക്കാള്‍ ഏറെ ഇഷ്ടപ്പെട്ടു. വരയ്ക്കാത്ത അദ്ദേഹത്തിന് വരയ്ക്കുന്ന ഉപകരണങ്ങളെപ്പറ്റി, വരയ്ക്കേണ്ട രീതിയെപ്പറ്റി, അതിനുള്ള മൂര്‍ച്ചയെപ്പറ്റി വ്യക്തവും ശക്തവുമായ ധാരണയുള്ള വ്യക്തിയായിരുന്നു. ജര്‍മനിയിലെ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഹാസ്യചിത്രങ്ങള്‍ വരക്കുന്നത് നനഞ്ഞ ഈര്‍പ്പമുള്ള കടലാസിലാണെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി. കട്ടി കുറഞ്ഞ ന്യൂസ്‌ പ്രിന്‍റ് പേപ്പര്‍, വരക്കുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി അല്പം തോര്‍ന്ന ശേഷം കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഹിറ്റ്ലറും സ്റ്റാലിനും ചര്‍ച്ചിലും റൂസ് വെല്‍റ്റും മറ്റും കടലാസില്‍ കയറി പടരുന്ന ശൈലിയില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അത്തരത്തില്‍ വിവിധതരം കടലാസുകൊണ്ട് വിവിധതരം പേനകള്‍ കൊണ്ട് പരീക്ഷണങ്ങള്‍ നടത്തണമെന്ന് മാത്തുകുട്ടിച്ചായന്‍ പറയുമായിരുന്നു.

ആഴ്ചയില്‍ രണ്ടു ദിവസം കൊച്ചി ഓഫീസില്‍ നിന്ന് കോട്ടയം ഓഫീസിലേക്ക് പോകുന്ന ഞാന്‍ ആദ്യം കടന്നു ചെല്ലുന്നത് പടികള്‍ ഇറങ്ങിച്ചെല്ലുന്ന മാതുക്കുട്ടിച്ചായാന്‍റെ മുറിയിലേക്കാണ്. അന്ന് വരക്കാവുന്ന വിഷയങ്ങള്‍ വരക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍, വരച്ചതിലെ അപാകതകള്‍ കഥാപാത്രത്തിലെ കുറവുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചാവിഷയമാകും. എന്‍റെ പുതിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ മിസിസ് നായര്‍, ജൂബചേട്ടന്‍, പൊന്നമ്മ സൂപ്രണ്ട് എന്നിവയെല്ലാം രൂപപ്പെട്ടും വീണ്ടും തിരുത്തി രൂപപ്പെടുത്തിയും ജീവനുള്ള കഥാപാത്രങ്ങളായി മാറിയതിനു അദ്ദേഹത്തിന്‍റെ മുറി സാക്ഷിയാണ്.

ഒരിക്കല്‍ മാത്രം എന്നോട് ആവശ്യപ്പെട്ടു: "ഇ. എം. എസിനെ ഇനി അധികം വരയ്ക്കേണ്ട. അദ്ദേഹത്തിന് സുഖമില്ലാതിരിക്കയാണ്." അതിനു ശേഷം ഞാന്‍ ഇ. എം. എസിനെ വരച്ചിട്ടില്ല. ഏതാനും നാളുകള്‍ക്ക്‌ ശേഷം ഇ. എം. എസ് നമ്മെ വിട്ടുപിരിയുകയും ചെയ്തു. അതുപോലെ തന്നെ ഇ. കെ. നായനാരുമായി ബന്ധപ്പെട്ട രണ്ടു കാര്‍ട്ടൂണുകള്‍. മനോരമ മാനേജ്മെന്റിനെ കോരിത്തരിപ്പിക്കുന്ന രണ്ടു നായനാര്‍ വിരുദ്ധകാര്‍ട്ടൂണുകള്‍ രണ്ടു ദിവസങ്ങളിലായി മാറി മാറി വരച്ചു. എന്നാല്‍ ഇത് രണ്ടും പ്രസിദ്ധീകരിക്കേണ്ട എന്ന് മാത്തുകുട്ടിച്ചായന്‍ നിര്‍ദേശം കൊടുത്തു. അത്രത്തോളം ക്രൂരമായ കാര്‍ട്ടൂണുകള്‍ വേണ്ടന്നാണ് ആദ്ദേഹത്തിന്‍റെ അഭിപ്രായം. (ദേശാഭിമാനി പത്രത്തില്‍ മുമ്പ് വന്ന ഒരു അഭിമുഖത്തില്‍ ഈ കാര്‍ട്ടൂണുകളെപ്പറ്റി മാത്തുക്കുട്ടിച്ചായന്‍ സൂചിപ്പിക്കുകയും ചെയ്തു.)

നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സ്പെഷ്യല്‍ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി രണ്ടാഴ്ചക്കാലം താമസിച്ചിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ വന്ന എ. കെ. ആന്‍റണിയുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റിയും ശല്യം തീര്‍ക്കാന്‍ കെ. കരുണാകരനെ വാമനനാകുന്ന കേന്ദ്രം ചവിട്ടിത്താഴ്ത്തുന്നതുമായ രണ്ടു കാര്‍ട്ടൂണുകളും പത്രാധിപതിയംഗങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിച്ചു. ആന്‍റണിയെയും കരുണാകരനെയും പിണക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. അവസാനം ചീഫ്‌ എഡിറ്ററുടെ അഭിപ്രായം ആരാഞ്ഞു. രണ്ടു കാര്‍ട്ടൂണുകളും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ മാത്തുക്കുട്ടിച്ചായന്‍ നിര്‍ദേശിക്കുകയായിരുന്നു. കാര്‍ട്ടൂണുകള്‍ വരച്ച എന്നോട് കരുണാകരനും എ. കെ. ആന്‍റണിക്കും അല്പം പിണക്കം തോന്നിയതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും ഉണ്ടായില്ല.

മനോരമയില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതിനു മുമ്പ് കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസുമായി വന്ന അഭിമുഖം വിവാദമായി. എനിക്ക് ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്നെന്ന് പറയുന്ന പദ്മശ്രീ പുരസ്കാരം പ്രസിഡന്റിന്‍റെ (ഡോ. അബ്ദുല്‍ കലാം ആസാദ്‌) മേശപ്പുറത്തു നിന്ന് റോക്കറ്റ് പോലെ മുകളിലേക്ക് പൊങ്ങി താഴേക്ക് ചീറ്റി വീണതില്‍ മനോരമക്ക് പങ്കുണ്ടെന്ന ചെറിയ സൂചന വരികയോ വരാതിക്കയോ ചെയ്തു. അടുത്ത ദിവസം മാത്തുക്കുട്ടിച്ചായന്‍റെ ഫോണ്‍ വിളി. അദ്ദേഹത്തിന്‍റെ സെക്രട്ടറി ഏലിയാസ്‌ കണക്ട് ചെയ്തു. അച്ചായനെന്തോ സംസാരിക്കനുന്ടെന്നു പറഞ്ഞു. ഞാന്‍ ചെറുതായി പരിഭ്രമിച്ചു. മനോരമയില്‍ നിന്ന് പിരിച്ചുവിടുന്നു എന്ന് പറയാനോ മറ്റോ ആണോ. എന്നാല്‍ അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ മൂന്നാര്‍ ശൈത്യത്തിന്‍റെ സുഖം വന്നു. മാത്തുക്കുട്ടിച്ചായന്‍: "യേശുദാസേ, മൂന്നാര്‍ പ്രശ്നത്തെപ്പറ്റി പിണറായി വിജയന്‍ പറഞ്ഞത് ഇന്നത്തെ പത്രങ്ങളിലുണ്ട്. നമുക്കതിനെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ വേണ്ടേ?"

അദ്ദേഹത്തിന്‍റെ നിര്‍ദേശം കേട്ട മാത്രയില്‍ മൂന്നാറല്ല, ഹിമാലയത്തോളം അദ്ദേഹം ഉയര്‍ന്നതായി തോന്നി. ലാളിത്യമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. കാര്‍ട്ടൂണില്‍ ലാളിത്യം വേണമെന്ന് അദ്ദേഹം പറയുമായിരുന്നു. എപ്പോഴും വര്‍ണം വിതറുന്ന ചിരിക്കുന്ന മുഖം. ആ ചിരി നുണഞ്ഞാല്‍ ദീര്‍ഘായുസ് ലഭിക്കുക നമുക്കാണ്.

മാത്തുക്കുട്ടിച്ചായന്‍റെ പ്രസിദ്ധമായ 'എട്ടാമത്തെ മോതിരം' എന്ന കൃതിയില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: "കാട്ടിനുള്ളിലേക്ക് എത്രത്തോളം പോകാം എന്നൊരു കുസൃതിച്ചോദ്യം കേട്ടിട്ടില്ലേ? 'കാടിന്‍റെ പകുതി വരെ' എന്ന് പറയാന്‍ കുട്ടികള്‍ക്ക് വരെ കഴിയുകയും ചെയ്യും. കാടിന്‍റെ നടുക്കെത്തിയാല്‍ പിന്നെ പുറത്തേക്കല്ലേ യാത്ര? അതപ്പോള്‍ തിരിച്ചു പോക്കാണ്. ഞാന്‍ പുറത്തേക്കു നടന്നെത്താറായി. കാട്ടിലേക്ക് പ്രവേശിച്ച മാനസികാവസ്തയല്ല, കാടിന് പുറത്തേക്കു എത്താറാവുമ്പോള്‍."

കാട് കയറരുത്, മതി എന്ന സന്ദേശം പുതിയ തലമുറയ്ക്ക് അദ്ദേഹം നല്‍കുകയാണ്. അനേകം മുഖങ്ങള്‍ നമ്മള്‍ കാണുന്നു, കണ്ടു മറക്കുന്നു. അനേകം മുഖങ്ങള്‍ വരക്കുന്നു, മുഖങ്ങള്‍ മറയുന്നു. എന്നാല്‍ മാത്തുക്കുട്ടിച്ചായന്‍റെ മുഖം മായാതെ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു. അങ്ങയുടെ എട്ടാമത്തെ മോതിരം അങ്ങയുടെ ഈ ശിഷ്യന്‍ തല കുനിച്ച് ചുംബിക്കട്ടെ!

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മടങ്ങാന്‍ ആംബുലന്‍സ് റെഡി

ദക്ഷിണാഫ്രിക്കന്‍ ജനസമൂഹം ജീവിച്ചിരിക്കുന്ന ഇതിഹാസമായി ആരാധിക്കുന്ന നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതായുള്ള ഒരു ഓയില്‍ പെയിന്റിങ്ങിന്റെ ഫോട്ടോ മെയില്‍, ഗാര്‍ഡിയന്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഇതിനെ ശക്തിയായി വിമര്‍ശിക്കുകയുണ്ടായി. ജോഹന്നാസ്ബര്‍ഗ്ഗിലെ ഷോപ്പിംഗ്‌ സെന്ററില്‍ ഈ പെയിന്റിംഗ് പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നു. 'തുണി ഉരിയല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ എയ്ഡസ് വിരുദ്ധ പ്രവര്‍ത്തനത്തിനിടെ മരിച്ച 12 വയസ്സുകാരന്‍ കോസി ജോണ്‍സന്നാണു മണ്ടേലയുടെ മൃതദേഹം കീറി മുറിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിഷപ്പുമാര്‍ മൃതദേഹപരിശോധന നോക്കി കാണുന്നതായും വരച്ചു ചേര്‍ത്തിട്ടുണ്ട്. 
  
ജീവിച്ചിരിക്കുമ്പോള്‍  പോസ്റ്റ്‌മോര്‍ട്ടത്തിനൊരുങ്ങുന്ന ആശുപത്രികളെയും ഡോക്ടര്‍മാരെയും ചിത്രകാരന്മാരെയും അന്വേഷിച്ച് നമുക്ക് ദക്ഷിണാഫ്രിക്ക വരെ പോകേണ്ട ആവശ്യമില്ല. അതെല്ലാം, അവരെല്ലാം നമ്മുടെ മുമ്പില്‍ കൈയെത്തും ദൂരത്തുണ്ട്‌ എന്നതാണ് സത്യം. ജീവിച്ചിരിക്കുന്ന ഞാന്‍ മൂന്നു പ്രാവശ്യമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയനായിട്ടുണ്ട്. 32 വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ കെണി. ഒരു ബസ്‌ യാത്രക്കിടയില്‍ ഇടതു തോsfല്ല് ഒടിഞ്ഞ് ചികിത്സക്കായി എറണാകുളത്തെ സിറ്റി ഹോസ്പിറ്റലില്‍ എത്തി. ചേര്‍ത്ത് കെട്ടിയ എല്ല് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അകല്ച്ചയിലും അഭിപ്രായവ്യസാത്തിലുമായി. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ജെ. ജോസഫ്‌ എന്നെക്കാണാനായി എത്തിയതോടെ അല്പം വേദന കുറഞ്ഞു. ആശുപത്രിയിലെ എല്ലുരോഗവിദഗ്ധന്‍ അകന്നു നില്‍ക്കുന്ന ഏടുകളെ അടുപ്പിക്കാന്‍ ഒരു പോംവഴി നിര്‍ദ്ദേശിച്ചു. കാലിന്റെ തുടയിലെ എല്ലില്‍ നിന്ന് രണ്ടു ചീളുകള്‍ എടുത്തു ഒടിഞ്ഞ തോളെല്ലില്‍ ചേര്‍ത്ത് വെച്ച് ശരിയാക്കാനായായിരുന്നു തീരുമാനം. ഓപ്പറേഷന് വേണ്ടി തീയതിയും നിശ്ചയിച്ചു. എന്നാല്‍ ശാസ്ത്രക്രിയയുടെ തലേ രാത്രി കാര്‍ട്ടൂണിസ്റ്റ് പി. കെ.  മന്ത്രി എന്നെ കാണാനായി ആശുപത്രിയിലെത്തി. അന്നത്തെ റാന്നി എമ്മെല്ലേയായിരുന്ന ഡോ. ജോര്‍ജ് മാത്യുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു (പിന്നീട് ഒരു കാര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു). പുതിയ എല്ല് നടീല്‍ ശാസ്ത്രക്രിയയെപ്പറ്റി കേട്ടപ്പോള്‍ ഡോക്ടര്‍കൂടിയായ എമ്മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു: "അങ്ങനെ ചെയ്യരുത്. അപകടമാണ്. പ്പോള്‍ തോലെല്ല് വേര്‍പെട്ടു കിടക്കുന്നത് പോലെ കിടക്കട്ടെ. ദിവസങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെയെങ്കിലും അത് ചേര്‍ന്ന് വരും." അദ്ദേഹം തുടര്‍ന്നു: "എല്ല് തുടയില്‍ നിന്നെടുത്താല്‍ ഭാവിയില്‍ കാലിന് ബലം കുറയുമെന്ന് മാത്രമല്ല ബോണ്‍ ക്യാന്‍സര്‍ വരാനും സാധ്യതയുണ്ട്." ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ വിവരണം കേട്ടതോടെ ഓപ്പറേഷനില്‍ നിന്ന് ഞാന്‍ പിന്മാറി. എന്നാല്‍ പ്രിയ സ്നേഹിതന്‍ പി. കെ. മന്ത്രിക്ക് ഈ നിര്‍ദ്ദേശം സഹിച്ചില്ല: "ഡോക്ടര്‍ എന്തിനാ എതിര്‍ക്കുന്നത്? കൈ കൊണ്ട് വരച്ചു ജീവിക്കേണ്ട ആളല്ലേ? ആവശ്യമെങ്കില്‍ എന്റെ തുടയെല്ല് ഞാന്‍ സംഭാവന ചെയ്യാം. പക്ഷെ, ചെലവു ചെയ്യേണ്ടി വരും."

കൂടെ നിന്നവര്‍ ചിരിച്ചു. അങ്ങനെ ഒരു മരണചിത്രത്തില്‍ നിന്ന് ഞാന്‍ രക്ഷപെട്ടു. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് കൊച്ചി ഇന്ദിരാ ഗാന്ധി കോ-ഓപ്പറെറ്റീവ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു. പത്തനംതിട്ട കത്തോലിക്കെററ് കോളേജ് പൂര്‍വ വിദ്യാര്‍ഥിസമ്മേളനം ഉത്ഘാടനം ചെയ്ത ശേഷം വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ്  സംഭവം. ഒരു ബൈപാസ് സര്‍ജറിക്ക് ശേഷം ഇടതു കാലിന് ചെറിയ മരവിപ്പ് ആരംഭിച്ചിരുന്നു. ഇടതുകാല്‍ ഡോര്‍ തുറന്നു പുറത്തേക്കു വെച്ചു. കാലില്‍ കിടന്ന ചെരുപ്പ് ഊരിപ്പോയതറിഞ്ഞില്ല. കാലിന്റെ തള്ളവിരല്‍ ഒരു കല്ലില്‍ തട്ടി നഖം ഇളകി. അടുത്ത ദിവസം ഓഫീസില്‍ പോകുന്ന വഴി കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്റെ ഹൃദയം കാത്തു സൂക്ഷിക്കുന്ന കാര്‍ഡിയോളോജിസ്റ്റ് ഡോ. എ. കെ. എബ്രഹാമിനെ കണ്ടു ഉപദേശം തേടി. അദ്ദേഹം ഒരു ഡോക്ടറുടെ പേര് പറഞ്ഞു - ആ ഡോക്ടര്‍ എന്നെ പരിശോധിച്ച ശേഷം ചോദിച്ചു: "കൂടെ ആര് വന്നിട്ടുണ്ട്?" അത്യാസന്നനിലയില്‍ കൊണ്ട് വരുന്ന രോഗികളോടായി കൂടെ സഹായത്തിന് ആരുണ്ട്‌ എന്ന് ചോദിക്കുന്നത് പോലെ! പെട്ടെന്ന് സ്ട്രെച്ചറും ഓക്സിജന്‍ സിലണ്ടറും ഒ പോസിറ്റീവ് രക്തവും പാഞ്ഞെത്തുമെന്നു ഞാന്‍ വിചാരിച്ചു.     

"ഞാന്‍ ഒറ്റക്കാണ് എത്തിയത്." എന്റെ മറുപടി.
"എന്താ ഡോക്ടര്‍?" ഞാന്‍ കൂട്ടി ചേര്‍ത്ത് ചോദിച്ചു.
ഡോക്ടറുടെ മറുപടി: "നമുക്ക് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് പോകാം. ഈ നഖം എടുത്തു കളയാം."

സത്യത്തില്‍ ഞാന്‍ ഞെട്ടി. നടക്കാന്‍ പോകുന്ന പോസ്റ്റ്‌ മോര്‍ട്ടത്തെപ്പറ്റി ഓര്‍ത്തു ഞാന്‍ വിയര്‍ത്തു. ഒരു പ്രമേഹരോഗികൂടിയായ ഞാന്‍ എന്റെ കാലിലെ നഖം മറ്റു ടെസ്റ്റുകളൊന്നും നടത്താതെ ഇരുട്ട് മുറിയില്‍ കയറ്റി നഖം പറിച്ചെടുക്കുന്നതിലെ വിവരക്കേട് ചിന്തിച്ചു ഞാന്‍ ഭയപ്പെട്ടു. നഖമെടുത്താല്‍ എന്റെ ഇടതുകാലിലെ തള്ളവിരല്‍ കരിയില്ല. അല്‍പദിവസത്തിന് ശേഷം ഇതേ ഡോക്ടറുടെ സഹായത്തോടെ തള്ള വിരല്‍ മുറിക്കേണ്ടി വരും. കുറെ കഴിയുമ്പോള്‍ അല്പം കൂടി മുകളില്‍ കത്തി വെച്ചു മുറിക്കേണ്ടി വരും. അങ്ങെനെ മുറിച്ചു മുറിച്ചു പോകുന്ന പോസ്റ്റ്‌ മോര്‍ട്ടം.

യഥാര്‍ത്ഥ തുണിയുരിയലും പോസ്റ്റ്‌ മോര്‍ട്ടവും നടന്നത് നാല് വര്ഷം മുമ്പ് അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചാണ്. മദ്രാസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് രണ്ടാഴ്ചക്കു ശേഷം ഓപ്പറേഷന്‍ നടക്കേണ്ടത്‌. ആഞ്ചിയോഗ്രാം എടുക്കാന്‍ രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കണം. എന്നാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരിക്കുന്ന കോടികളുടെ പുതിയ മെഷീന്‍ ഇതേ ജോലി അര മണിക്കൂര്‍ കൊണ്ട് തീര്‍ത്തു തരും. 15000 അടച്ചു. അപ്പോളോയിലെ മുറിയില്‍ കയറി. തുണി ഉരിഞ്ഞു. ടേബിളില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിനായി കിടത്തി. അഞ്ചു മിനിറ്റ് നാലഞ്ചു സ്ലൈഡുകള്‍ (ആകെ 64  സ്ലൈഡുകളാണ്) എടുത്തു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ സ്ലോ ആയി. അല്പം കഴിഞ്ഞപ്പോള്‍ കറന്റ്‌ പോയി. ഞാനും ഒന്ന് രണ്ടു നേര്സുമാരും ഇരുട്ടില്‍. കോടികള്‍ മുടക്കി സ്ഥാപിച്ച ഹോസ്പിറ്റലിലെ ജനറേറ്ററിലില്‍കൂടി വെളിച്ചം പാഞ്ഞെത്തേണ്ടതാണ്. വെറും എണ്ണൂരു രൂപയുടെ എമര്‍ജന്‍സി ലൈറ്റ് പോലും അവിടെ ഇല്ല. ഒരു മെഴുകുതിരി പോലും എടുക്കാനില്ല. നുര്സുമാര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. അല്‍പ നേരം കൂടി കൂരിരുട്ടത്ത് കിടന്നു. അതോടെ എനിക്ക് ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടു. വിയര്‍ത്തു തുടങ്ങി. തട്ടിപ്പോകുമോഎന്നാ ചിന്ത. ഇപ്പോഴും പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ നടക്കുന്ന സോര്‍ബിട്രാറ്റ് ഗുളിക നെഞ്ചുവേദന വരുമ്പോഴെല്ലാം നാക്കിനടിയിലിടും. പുറത്തു ഭാര്യയുടെ കൈവശം ഇരിക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു ഗുളിക കൊണ്ട് വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അത്യാവശ്യത്തിനു ഈ ഗുളിക എടുക്കാന്‍ ആ ആശുപത്രിയില്‍ ഇല്ല എന്നതാണ് അത്ഭുതം. കുറെ കഴിഞ്ഞപ്പോള്‍ കറന്റ്‌ എത്തി. ബാക്കി സ്ലൈഡുകള്‍ എടുത്തു. ഒരു മെഴുകുതിരി പോലുമില്ലാത്ത ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ ഞാന്‍ വയലാര്‍ രാമവര്‍മ്മയെ ഓര്‍ത്തു പോയി. അദ്ദേഹം പാടുകയുണ്ടായി. "മെഴുകുതിരികളെ,  മെഴുകുതിരികളെ, തൊഴുതു തൊഴുതു മിഴിയടച്ച മെഴുകുതിരികളെ..."

'തുണിയുരിയല്‍' എന്ന്‍ മണ്ടേലയുടെ പൈന്റിങ്ങിന് പേര് ലഭിച്ചത് കേരളത്തില്‍ നിന്ന്‍ ആകാനാണ് സാധ്യത. തൊഴിലാളി നേതാവ് തമ്പാന്‍ തോമസിന്റെ മുണ്ട് ഉരിഞ്ഞു പോകുന്ന ഫോട്ടോ പണ്ട് പത്രങ്ങളില്‍ വരികയുണ്ടായി. ഓരോ പത്രസമ്മേളനം കഴിയുമ്പോഴും മുണ്ട് ഉടുത്തും ഉരിഞ്ഞും നീങ്ങുന്ന കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെയും നമ്മള്‍  കാണാറുള്ളതാണ്. കോണ്‍ഗ്രസ്‌ നേതാവും മമ്മൂട്ടി ചിത്രത്തിലെ നടനുമായ രാജ് മോഹന്‍ ഉണ്ണിത്താന്റെ മുണ്ടും പറിച്ചു കൊണ്ട് മുരളി വിഭാഗക്കാര്‍ ഓടുന്നതും നമ്മള്‍ കണ്ടതാണ്. മഹാനായ മണ്ടേലയെപ്പോലെ  ഓപ്പറേഷന്‍ ടേബിളില്‍ കിടന്നു തരാന്‍ - അത് കാന്‍വാസില്‍ പകര്‍ത്താന്‍ ചിത്രകാരന്മാര്‍ മുന്നോട്ടു വരുമോ? എത്ര ചിത്രകാരന്മാര്‍ക്ക് കാലും കൈയും നഖവും നേരെ ചൊവ്വേ വരക്കാനാവും? 

ഇരുത്തി വരക്കുന്നതും കീറി മുറിക്കുന്നതും ഒരു തരം പോസ്റ്റ്‌ മോര്‍ട്ടം തന്നെ. "എന്നെയൊന്നു വരക്കൂ" എന്ന് പല സുഹൃത്തുക്കളും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് കൊണ്ടോ മൂക്കും വായും വരക്കാന്‍ ഞാന്‍ തുനിയാറില്ല. കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഇ. അഹമ്മദ്‌ എന്നോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്റെ പേനയിലൂടെ തന്റെ മുഖം വെള്ളക്കടലാസില്‍ രൂപപ്പെട്ടു കാണാന്‍ ആഗ്രഹിച്ച വ്യക്തിയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍. 

മലയാള കാര്‍ട്ടൂണ്‍ രംഗത്തെ രാജകുമാരനെന്നു എന്നെ ഒരു പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. പക്ഷെ അദ്ധേഹത്തിന്റെ ആഗ്രഹം എനിക്ക് നിരവേറ്റിക്കൊടുക്കാനായില്ല. ജീവിച്ചിരുന്ന കാലത്ത് ഇ. കെ. നായനാര്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തുന്നതായി വരച്ചിരുന്നെങ്കില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുമായിരുന്നു. ആ തുണിയുരിയലില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന ഏക നേതാവും നായനാര്‍ തന്നെ. എന്നാല്‍ അദ്ധേഹത്തിന്റെ ആത്മാവിന്റെ പോസ്റ്റ്‌ മോര്‍ട്ടം പരലോകത്ത് നടത്താവുന്നതാണ്. മൃതദേഹം കീറിമുറിക്കുന്ന ഡോക്ടറായി നവാബ് രാജേന്ദ്രനെ ചിത്രീകരിക്കാവുന്നതാണ്. മേശക്ക് ചുറ്റും ഇ. എം. എസ്, തകഴി, പി. കേസവദേവ്, എസ്. കെ. പൊറ്റക്കാട്‌, എ. കെ. ജി, എം. എന്‍. ഗോവിന്ദന്‍ നായര്‍, പ്രേംനസീര്‍, ഫാ. വടക്കന്‍, ജ്യോതി ബാസു, തോപ്പില്‍ ഭാസി എന്നിവര്‍ നില്‍ക്കുന്നു. പരലോകത്തെ ഷോപ്പിംഗ്‌ സെന്ററില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമാണ്. ആചാരവെടി പരലോകത്ത് മുഴങ്ങാനുള്ള സൌകര്യങ്ങളും ഉണ്ടാകണം. ആചാരവെടി പരലോകത്ത് പതിവുള്ള ചടങ്ങല്ല. അതോരുക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി എത്തണം. നല്ല ആരോഗ്യവാനാണ്. വരവ് കുറെ വര്‍ഷങ്ങള്‍ വൈകിയേക്കും. എന്തായാലും നമുക്ക് തുണി അഴിച്ചു ടേബിളില്‍ കിടന്നു കൊടുക്കാം. ഡോക്ടര്‍ IN രോഗി out.