2010, ഡിസംബർ 30, വ്യാഴാഴ്‌ച

ഇഷ്ടം എനിക്കിഷ്ടം

വര്‍ഷാന്ത്യത്തിലെ ഡിസംബര്‍ നമ്മളെ വാരിപ്പുണരുമ്പോള്‍ ആദ്യം അനുഭവപ്പെടുന്നത് മഞ്ഞുമാസത്തിന്‍റെ കുളിര്‍മ്മയാണ്‌. പിന്നാലെ വേര്‍പിരിയലിന്‍റെ മഞ്ഞുരുകലാണ്‌. പുതിയ വര്‍ഷം എത്തുമ്പോഴേക്കും നനഞ്ഞ വസ്ത്രങ്ങളും പിഴിഞ്ഞ് ഡിസമ്പറമ്മാവന്‍ മൂടല്‍മഞ്ഞിലൂടെ മറഞ്ഞുനീങ്ങുമ്പോള്‍ ഒപ്പം ക്രിസ്മസ് അപ്പൂപ്പനും ഉണ്ടാകാറുണ്ട്. ഡിസംബറിന്‍റെ വരവും ക്രിസ്മസ് ഫാദറും ഒരുമിച്ചുള്ള മടക്കവും ചില അവസരങ്ങളില്‍ വേദന വിളിച്ചു വരുത്താറുണ്ട്. സാന്റാക്ലോസിന് ജന്മം നല്‍കിയ തോമസ് നാസ്റ്റ് നിര്യാതനാകുന്നത് ഡിസംബറിലാണ്. ലോകത്തെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച ചാര്‍ളി ചാപ്ലിന്‍റെ മരണവും ഡിസംബറില്‍ തന്നെ. കാര്‍ട്ടൂണ്‍ ലോകത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുഹ്രുത്തായിരുന്ന വാള്‍ട്ട് ഡിസ്നിയുടെ അന്ത്യവും ഡിസംബറില്‍ ആയിരുന്നു. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന മൂന്ന് കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ അബു ഏബ്രഹാമിന്‍റെ വേര്‍പാട് ഡിസംബര്‍ 5ന് ആയിരുന്നെങ്കില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി നമ്മെ വിട്ടുപിരിയുന്നത് ഡിസംബര്‍ ആറിനും.

എന്നാല്‍ ഈ ഡിസംബര്‍-സാന്റാ ക്ലോസ് കൂട്ടുകെട്ടിന്‍റെ ക്രൂരത നാം അറിയുന്നത് 1989ല്‍ ആയിരുന്നു. ആഘോഷത്തിനായി സമ്മാനങ്ങളും മണികിലുക്കവുമായി ഇന്ത്യയിലെത്തിയ സാന്റാ ക്ലോസ് മടങ്ങിയത് (ഡിസംബര്‍ 26) നമ്മുടെ പ്രിയപ്പെട്ട ശങ്കരേട്ടനേയും കൊണ്ടായിരുന്നു. അതായത് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആണ് നമ്മെ വേര്‍പിരിഞ്ഞു പോയത്. 2010ലും കേരളത്തിലെത്തിയ ക്രിസ്മസ് അപ്പൂപ്പന്‍ നമ്മെ വേദനിപ്പിച്ചുകൊണ്ടാണ് മടങ്ങിയത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് (ഡിസംബര്‍ 23) നമ്മുടെ ലീഡര്‍, കാര്‍ട്ടൂണിസ്റ്റുകളുടെ സുഹ്രുത്തും അവരുടെ ഇരയുമായ കെ. കരുണാകരനെ കൈ പിടിച്ച് വലിച്ച് കടന്നുകളയുകയാണ് ചെയ്തത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എളുപ്പം വരക്കാന്‍ കഴിയുന്ന മുഖങ്ങളായ ഗാന്ധിജിയേയും ജവഹര്‍ലാല്‍ നെഹ്രുവിനേയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തെത്തുന്ന എളുപ്പക്കാരനായിരുന്നു കെ. കരുണാകരന്‍. കൊച്ചുകുട്ടികള്‍ക്കു പോലും വരക്കാന്‍ കഴിയുന്ന ചിരിയുടെ മുഖം. എന്‍റെ ബ്രഷിലൂടെയും പേനയിലൂടെയും കടന്നു വന്ന കരുണാകരന്‍ മൂവായിരത്തില്‍ അധികമാണ്. ഒരു കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസിന്‍റെതായിരുന്നു ഏറെ മുഖങ്ങള്‍' എന്ന റിക്കാര്‍ഡ്. പിന്നീടത് ലീഡറിലൂടെ ഞാന്‍ കവച്ചു വെച്ചു എന്നത് സന്തോഷപൂര്‍വ്വം ഓര്‍ക്കുകയാണ്. കാര്‍ട്ടൂണുകളിലൂടെയുള്ള വിമര്‍ശനങ്ങളെ സ്നേഹപൂര്‍വ്വം നേരിടാനും സഹിക്കാനും നായനാരുടെ അത്രെയും വരില്ലെങ്കിലും ഹാസ്യചിത്രങ്ങളെ തേടിപ്പോയി കണ്ട് രസിക്കാനും ആവശ്യമെങ്കില്‍ വിമര്‍ശിക്കാനും വിമര്‍ശനത്തിനുശേഷം കണ്ണുറുക്കി ചിരിക്കാനും ലീഡര്‍ എപ്പോഴും തയ്യാറാകുമായിരുന്നു.

മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്കാറിന്‍റെ കൊല്ലുന്ന സ്പീഡിനെപ്പറ്റിയുള്ള കാര്‍ട്ടൂണുകളും ലേഖനങ്ങളും (അസാധു വിനോദമാസികയിലൂടെ) അദ്ദേഹത്തിന്‍റെ മുഖത്തെ ഗൗരവം വര്‍ദ്ധിപ്പിക്കാനേ ഉപകരിച്ചിട്ടുള്ളൂ. നല്ലെയൊരു സ്ഥാനം എ. ഐ. സി. സിയില്‍ നല്‍കി കരുണാകരനെ ഡല്‍ഹിക്ക് വലിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഒരു ഓണക്കാലത്തായിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ മലയാള മനോരമ ദിനപത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ കണ്ട് ലീഡര്‍ ക്ഷുഭിതനായി. കരുണാകരന്‍ ആകുന്ന മാവേലിയെ ഹൈക്കമാഡ് ആകുന്ന വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് കാര്‍ട്ടൂണ്‍. "എന്‍റെ പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ വന്നു കാണാന്‍ എന്നെ അനുവദിക്കണം" എന്ന ആഗ്രഹം മാവേലി വാമനനോട് പറയുന്നു. ഇതായിരുന്നു കാര്‍ട്ടൂണ്‍. തന്നെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തുന്ന കാര്‍ട്ടൂണ്‍ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. മനോരമ പത്രത്തിന്‍റെ ലീഡര്‍ റൈറ്റര്‍ ആയിരുന്ന ടി. കെ. ജി നായരെ കണ്ടപ്പോള്‍ കരുണാകരന്‍ പൊട്ടിത്തെറിച്ചു. "ഇങ്ങനാണോ കാര്‍ട്ടൂണ്‍ വരക്കുന്നത്? എങ്ങനാണ് വരക്കേണ്ടതെന്ന് ഞാന്‍ യേശുദാസനെ പഠിപ്പിച്ചുകൊടുക്കാം."

എന്നാല്‍ ഈ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു. രാജന്‍ കേസും മറ്റു അഴിമതി ആരോപണങ്ങളുമായി ഊരാക്കുടുക്കില്‍ പെട്ടിരിക്കുന്ന കരുണാകരനെ മഹാനായ ഭരണാധികാരി മാവേലിയായി ചിത്രീകരിക്കുന്നത് ഭംഗിയാണോയെന്ന് പല വട്ടം ചിന്തിക്കാതിരുന്നില്ല. ഈ കാര്‍ട്ടൂണ്‍ കരുണാകരന്‌ ഒരു പ്രശംസയായി മാറില്ലേയെന്നും ചിന്തിക്കുകയുണ്ടായി. എന്നാല്‍ ഫലം മറിച്ചായിയെന്ന് പറയുന്നതു തന്നെ നന്ന്. ഈ കാര്‍ട്ടൂണ്‍ മൂലമുള്ള ഇണക്കക്കുറവ് കുറെക്കാലം തുടര്‍ന്നു. അന്ന് കരുണാകരഭക്തനായ ടി. എച്ച് മുസ്ത്ഫയെപ്പറ്റി വരച്ച ഒരു കാര്‍ട്ടൂണും പുലിവാലായി. മുസ്തഫ സുഖമില്ലാതെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ കാണാനായി എത്തിയ കരുണാകരനോട് കണ്ണുനിറഞ്ഞാണ് മുസ്തഫ പരാതി പറഞ്ഞത്. കാര്‍ട്ടൂണ്‍ ഇത്ര മാത്രം കടുപ്പിച്ച് വേണ്ടന്ന് എന്നെ ഉപദേശിക്കാന്‍ കെ. കരുണാകരന്‍ യുവനേതാവായ പി. സി. ചാക്കോയെ അന്ന് ചട്ടം കെട്ടുകയും ചെയ്തു.

കാര്‍ട്ടൂണുകളില്‍ പലപ്പോഴും കാര്‍ട്ടൂണിസ്റ്റുകളായ ഞങ്ങളെല്ലാം ആവശ്യമില്ലാത്തിടത്തും ആവശ്യമുള്ള്ടത്തുമെല്ലാം നീണ്ട വാചകങ്ങള്‍ വാരിവലിച്ച് എഴുതാറുണ്ട്. അടുത്ത ദിവസം കാര്‍ട്ടൂണ്‍ കാണുമ്പോള്‍ മാത്രമാണ് ഈ വാചകങ്ങളെല്ലാം നാലില്‍ ഒന്നായി ചുരുക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. അതു പോലെ മലയാള മനോരമയില്‍ ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണിലെ നീണ്ട വാചകങ്ങള്‍ക്കിടയിലെ ഒരു വാക്ക് അനവസരത്തിലായിപ്പോയെന്ന് അടുത്ത ദിവസം എനിക്ക് തോന്നി. പല പത്രാധിപസമിതിയംഗങ്ങളും ആ ഭംഗികേട് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചീഫ് എഡിറ്ററായ മാത്തുക്കുട്ടിച്ചായനും ചെറിയൊരു പ്രയാസ്സം - "കരുണാകരനെപ്പറ്റി ആ പ്രയോഗം വേണ്ടായിരുന്നു." കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ പ്രശ്നങ്ങളും ഗ്രൂപ്പ് വഴക്കുകളുമായിരുന്നു കാര്‍ട്ടൂണിന്‍റെ വിഷയം. അടുത്ത ദിവസം തന്നെ മാത്തുക്കുട്ടിച്ചായന്‍ കരുണാകരന് ഒരു കത്ത് അയച്ചു. "...കാര്‍ട്ടൂണിസ്റ്റ് യേശുദാസിന് ചില്ലറ പിശക് വന്നതാണ്. ആ പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. അങ്ങ് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു."

കാര്‍ട്ടൂണില്‍ വന്ന പദപ്രയോഗം ഏതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ആ കത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നു. ആ എഴുത്ത് തിരുവന്തപുരത്ത് കല്യാണി ഭവനിലെ സ്വീകരണ മുറിയിലൊരു ഭാഗത്ത് മടക്കിസൂക്ഷിച്ചിരിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്തന്‍ അടുത്തിടെ പറയുകയുണ്ടായി. ആ എഴുത്തിന്‍റെ അവകാശി ഇനി ആരായിരിക്കുമോയെന്ന് നമുക്കറിയില്ല. മുരളിയോ പത്മജയോ?

ഇതൊക്കെയാണെങ്കിലും എന്നെ അദ്ദേഹത്തിന് ഒരു മകനെപ്പോലെയായിരുന്നു. ഞാനുമായി ബന്ധപ്പെട്ട എന്‍റെ സ്വന്തം ചടങ്ങുകള്‍ക്ക് അസുഖങ്ങള്‍ക്കിടയിലും ഓടിയെത്തി അനുഗ്രഹിക്കാന്‍ മടികാണിച്ചിട്ടില്ല. അതിനെല്ലാം അച്ഛനെ ഉത്സാഹിപ്പിച്ചിട്ടുള്ളത് പത്മജയാണ് എന്ന സത്യവും ഓര്‍ത്തുപോവുകയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഗഫൂറും ഞാനും രൂപം നല്‍കിയപ്പോള്‍ സഹായവുമായി മുമ്പോട്ട് വന്നത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു എന്ന കാര്യം നന്ദിയോടെ ഓര്‍ക്കുന്നു.

അദ്ദേഹത്തിന്‍റെ വലതുകവിളിലെ വട്ടത്തിലുള്ള കറുത്ത മറുക് ഞാന്‍ വരക്കുന്നതിലാണ് അദ്ദേഹം സൗന്ദര്യം കണ്ടെത്തുന്നത്. ആ കറുത്ത വട്ടം M എന്ന ഇംഗ്ലീഷ് അക്ഷരമായി മാറുന്നതും അത് മുരളിയിലെ M ആണെന്ന് സാവധാനത്തില്‍ മനസ്സിലാക്കി ഊറി ചിരിക്കാനും ലീഡര്‍ പലപ്പോഴും ഒരുങ്ങാറുണ്ടായിരുന്നു. എന്നാല്‍ ആ വലതുകവിളില്‍ കാലക്രമേണ അവസാനനാളില്‍ ഉണ്ടായ ചില്ലറ മാറ്റങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റായ എന്നെ ഏറെ സന്തോഷിപ്പിച്ചു.

ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരമുണ്ടായപ്പോള്‍ പുതിയതായി പൊങ്ങിവന്ന ഭാഗ്യ അരിമ്പാറകളെപ്പറ്റി ഞാന്‍ പറഞ്ഞു. അത് ലീഡര്‍ക്ക് വരാനിരിക്കുന്ന വലിയ ഭാഗ്യത്തിന്‍റെ സൂചനയാണെന്നും അരിമ്പാറകള്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവയാണെന്നും അവിടെ എവിടെയെങ്കിലും അദ്ദേഹം ഗവര്‍ണ്ണറാകുമെന്നും പറയാന്‍ ഞാന്‍ മടിച്ചില്ല. പക്ഷേ, അതു സംഭവിച്ചില്ല. കൊച്ചു പോണ്ടിച്ചേരിയിലെ ലഫ്റ്റനന്‍ഡ് ഗവര്‍ണ്ണറാക്കാന്‍ പോലും ഹൈക്കമാന്‍ഡ് കൈ ചലിപ്പിച്ചില്ലയെന്നത് ദുഃഖകരമായിപ്പോയി. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഞാന്‍ കവിളിലെ അടയാളങ്ങളെയാണ് ഓര്‍ത്തത്. ചന്ദനത്തടികള്‍ കത്തിയപ്പോള്‍ ആ അടയാളങ്ങളും പുകയായി മാറി.

ലീഡര്‍ പലപ്പോഴും പറയുമായിരുന്നു: "എന്നെ വരയ്ക്കുകയാണെങ്കില്‍ യേശുദാസന്‍ തന്നെ വരയ്ക്കണം. ആ വരയാണ് എനിക്ക് ഇഷ്ടം."

പുതിയ ഇഷ്ടങ്ങള്‍ ഇനി വരില്ല. പഴയ ഇഷ്ടങ്ങളെ ഓര്‍ത്തുകൊണ്ട് അങ്ങയുടെ മുമ്പില്‍ തല കുനിക്കട്ടെ. ആ കാലുകള്‍ സ്പര്‍ശിക്കട്ടെ.

1 അഭിപ്രായം: