2010, ജൂൺ 19, ശനിയാഴ്‌ച

നേരേ ചൊവ്വേ


കാലനില്ലാത്ത കാലം പോലെ ചാലനില്ലാത്ത കാലം വന്നു ചെരുമോയെന്നു തോന്നുന്നില്ല. ക്രീമും പൌഡറും വാരിതേച്ച് മുഖം മിനുക്കിക്കൊണ്ടാണ് നേരം പുലരുന്നത്. ചാനലുകളുടെ ക്യാമറ എപ്പോഴാണ് മുമ്പില്‍ വന്നു പെടുന്നതെന്നറിയില്ല. ചാനലില്‍ അഭിനയിക്കാത്തവര്‍ നമുക്കിടയില്‍ ചുരുങ്ങും. അഭിമുഖത്തിനായി ക്ഷണിക്കപ്പെടുന്നവരാണ് കൂടുതല്‍ ഏടാകൂടങ്ങളില്‍ ചെന്ന് ചാടുന്നത്. ഉദ്ദേശിക്കാത്ത ചോദ്യങ്ങള്‍ കൂരമ്പു പോലെ പാഞ്ഞു വരുമ്പോള്‍ നമ്മള്‍ പരുങ്ങുന്നു എന്നതാണ് നേര്.  

നിങ്ങള്‍ പഠിക്കുന്ന കാലത്ത് കോളേജ് പ്രിന്‍സിപ്പളിന്‍റെ മകളുമായും കെമിസ്ട്രി പ്രൊഫസ്സറുടെ  ഭാര്യാസഹോദരിയുമായും പ്രണയത്തിലായിരുന്നുവെന്ന് കേള്‍ക്കുന്നത് നേരാണോയെന്നു ചോദിച്ചാല്‍ കൈരളിയുടെ ജോണ്‍ ബ്രിട്ടാസിന്‍റെ മുമ്പിലിരുന്ന് വിയര്‍ക്കുകയല്ലാതെന്തു ചെയ്യും? പുതിയ ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നിര്‍മാതാവിന്‍റെ പെട്ടി തുറന്ന് അഞ്ചു ലക്ഷം രൂപ നിങ്ങള്‍ കവര്‍ന്നില്ലേ എന്ന് കേള്‍ക്കുന്ന കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇന്ത്യവിഷനിലെ നികേഷ്‌ ചിരിച്ചുകൊണ്ട് ചോദിച്ചാലും വിയര്‍ക്കുന്നത് പാവം നടനാണ്.

പുനത്തില്‍ കുഞ്ഞബ്ദുള്ള ടാഗോറിന്‍റെ പുസ്തകത്തില്‍ നിന്ന് മോഷ്ടിച്ചെടുത്ത് പകര്‍ത്തിയ കൃതിയിലെ കേന്ദ്രകഥാപാത്രത്തെ താങ്കള്‍ പുതിയ കൃതിയില്‍ അതേപടി പകര്‍ത്തിയിരിക്കുന്നു എന്ന ആരോപണത്തില്‍ വല്ല കഴമ്പുണ്ടോ എന്ന് മനോരമ ന്യൂസിലെ കോട്ടിട്ട ജോണി ലൂക്കോസ് മറ പിടിക്കാതെ ചോദിക്കുന്ന രംഗങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ അഭിമുഖത്തിനായി ഇരുന്നുകൊടുക്കേണ്ടി വന്നോ, കാര്യം കുഴച്ചിലാകും. എങ്ങോട്ടെക്കെ നമ്മള്‍ വളയുകയും പുളയുകയും ചെയ്യുമെന്നറിയാനാവില്ല. ചാനലിന്‍റെ സ്റ്റുഡിയോവില്‍ കയറിചെല്ലുന്നത് നടനായിട്ടായിരിക്കാം. ഇറങ്ങിപ്പോകുന്നത് വി. എസ്. അച്യുതാനന്ദനെപ്പോലെയോ രമേശ്‌ ചെന്നിത്തലയെപ്പോലെയോ ആയിരിക്കും. അതല്ലെങ്കില്‍ ആ രീതിയില്‍ അഭിമുഖക്കാരന്‍ വാര്‍ത്തെടുത്തെന്നിരിക്കും. അതിനു പാകത്തിലുള്ള അച്ചുകളുമായിട്ടാണ് അവര്‍ ഒരുങ്ങിയിരിക്കുക. കൈയില്‍ കിട്ടിയാല്‍ ചൂളയില്‍ വെച്ച് ഉരുക്കും. പുറത്തേക്കു ഇറക്കി വിടുന്നത് പുതിയൊരു രൂപത്തിലായിരിക്കുമെന്നു മാത്രം. ഭാഗ്യവും ഈശ്വരാനുഗ്രഹവും മനധൈര്യവും ഉള്ളവര്‍ മാത്രം ഈ കുരുക്കില്‍ വീഴാതെ പുറത്തേക്കു രക്ഷപെട്ടു വരുന്നു.

2010 മെയ്‌ 22. ജയ് ഹിന്ദ്‌ ചാനലില്‍ കെ. പി. മോഹനന്‍റെ മുഖം ടിവിയില്‍ തെളിയുന്നു. പ്രഥമനോട്ടത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അനുജനാണോയെന്ന് നമ്മള്‍ സംശയിച്ചു പോകും. കെ. പി. മോഹനന്‍റെ മുമ്പില്‍ മലയാളത്തിന്‍റെ ഖാദി അംബാസിഡര്‍ മോഹന്‍ലാല്‍ ഇരിക്കുന്നു. ഒരു കാല്‍ മറ്റെക്കാലില്‍ പൊക്കിവെച്ചിരിക്കുന്നത് കൊണ്ട് കാലു പൊക്കിവക്കാതിരിക്കുന്ന മോഹനന് അല്പം തിളക്കക്കുറവ്‌. ഒരു മണിക്കൂര്‍ ദീര്‍ഘമുള്ള അഭിമുഖം. ചലച്ചിത്രരംഗത്ത് വന്നതിനെപ്പറ്റിയും ലോകസിനിമയെപ്പറ്റിയും സിനിമാരംഗത്തെ പുതിയ ഉരുള്‍പൊട്ടലിനെപ്പറ്റിയും ദീര്‍ഘമായ സംഭാഷണം. അഭിമുഖം പകുതിയായപ്പോള്‍ മോഹനന്‍റെ ചോദ്യങ്ങളുടെ ശൈലിക്കൊരു മാറ്റം.


മോഹനന്‍: മിസ്റ്റര്‍ മോഹന്‍ലാല്‍. താങ്കള്‍ ഇത്രയും കാലം അഭിനയിച്ചു. ഞങ്ങളെ അത്ഭുതത്തിന്‍റെ തേരില്‍ ഉയര്‍ത്തി. ഇനിയെന്താണ് പരിപാടി? മറ്റേതെങ്കിലും രംഗത്തേക്ക്...?
                                             
ലാല്‍: കറി മസാല രംഗത്തേക്ക് തിരിഞ്ഞതാണെങ്കിലും പിന്നീടതില്‍ നിന്ന് പിന്തിരിഞ്ഞു. അടിമാലിയിലെ ഈസ്റ്റേണ്‍ കറി പൌഡറിന്‍റെ ഇക്കാക്കക്ക് ഞാനത് വിറ്റു. വിശദവിവരങ്ങള്‍ ചോദിക്കരുത്.

മോഹനന്‍: ചിക്കന്‍ കറിയുടെ പ്രസരിപ്പും ഫിഷ്‌ കറിയുടെ കുതിപ്പും പോലെയുള്ള അഭിനയം താങ്കള്‍ മലയാളത്തിന് കാഴ്ചവെച്ചു. പല ചിത്രങ്ങളിലും രാഷ്ട്രീയനേതാക്കളുടെ വേഷവും താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. എക്കാലവും ഓര്‍ക്കുന്ന രാഷ്ട്രീയനേതാക്കളെ സിനിമയിലൂടെ സംഭാവന ചെയ്തു. സിനിമയിലെന്നപോലെ രാഷ്ട്രീയരംഗത്തെക്കും താങ്കള്‍ക്ക് വരാന്‍ ആഗ്രഹമില്ലേ? ജനം അത് ആഗ്രഹിക്കുന്നില്ലേ?

ലാല്‍: വഴി മുട്ടിക്കാതെ. കുറച്ചുകാലം കൂടി ഞാന്‍ സിനിമയുമായി കഴിഞ്ഞോട്ടെ.

മോഹനന്‍: അതല്ല ലാല്‍. പ്രപഞ്ചസത്യങ്ങളുടെ കാവല്‍ക്കാരനായ താങ്കള്‍ രാഷ്ട്രീയരംഗത്ത് പ്രവേശിക്കണമെന്ന് കോടിക്കണക്കിന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

ലാല്‍: അത് എനിക്കാവില്ല. 'ശുചിത്വകേരളം' എന്ന പേരില്‍ ചില പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു.

മോഹനന്‍: ശുചിത്വകേരളത്തിന് ശുചിത്വരാഷ്ട്രീയവും ആവശ്യമല്ലേ? അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി ടിക്കറ്റ്‌ നല്‍കിയാല്‍ സ്വീകരിക്കുമോ?

ലാല്‍: ടിക്കറ്റ്‌ എടുത്ത് സിനിമാശാലയില്‍ കയറുന്ന കാണികളോടാണ് എനിക്കിഷ്ടം.

മോഹനന്‍: അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കുമോ അതോ സ്വദേശമായ പത്തനംതിട്ടയില്‍ മത്സരിക്കുമോ?

ലാല്‍: അങ്ങനെയൊക്കെ ചോദിച്ചാല്‍... എനിക്ക് ചിരി വരുന്നു.

മോഹനന്‍: തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എതിരാളിയേക്കാള്‍ എത്ര വോട്ട് കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ലാല്‍: അങ്ങനെ പടര്‍ന്നുകയറി സംസാരിക്കാതെ മോഹന്‍.

മോഹനന്‍: സംസ്ഥാനമന്ത്രിസഭയില്‍ അംഗമാവുകയാണെങ്കില്‍ ഏതു വകുപ്പ് എടുക്കുന്നതിലാണ് താല്പര്യം? ആഭ്യന്തരം, ധനം, ആരോഗ്യം...


മോഹന്‍ലാല്‍ കസേരയില്‍നിന്ന് എഴുന്നേറ്റു നിന്ന് കൊണ്ട്: "മോഹനാ. മോനേ ദിനേശാ... വീട്ടിലെത്തിയിട്ട് ഇത്തിരി ആവശ്യമുണ്ട്." ധൃതിയില്‍ ലാല്‍ സ്റ്റുഡിയോക്ക് പുറത്തിറങ്ങി.

ഇനി മനോരമ ന്യൂസില്‍. അടുത്ത ദിവസം 2010 മെയ്‌ 23. അരൂര്‍ സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയ ഷൂട്ടിംഗ് മുറി. ചലച്ചിത്രനടി വാണി വിശ്വനാഥന്‍റെ മുഖം തെളിയുന്നു. മേക്കപ്പ്‌ കുറവ്. എതിര്‍വശത്ത് മനോരമ ചാനലിന്‍റെ അഭിമുഖ പ്രമുഖന്‍ ജോണി ലൂക്കോസ് വാണിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. 'നേരെ ചൊവ്വേ' എന്ന പരിപാടി. സിനിമാരംഗത്തെക്കുള്ള പ്രവേശനത്തെക്കുറിച്ചും പിതാവിനെപ്പറ്റിയും ബാബുരാജുമായിട്ടുള്ള വിവാഹത്തെപ്പറ്റിയും വിവാഹജീവിതത്തിലെ പിരിമുറുക്കത്തെപ്പറ്റിയും എല്ലാം അരമണിക്കൂര്‍ സംസാരിച്ചു. അതിനു ശേഷം പാവത്തെപ്പോലിരുന്ന ജോണി ലൂക്കോസിന്‍റെ കണ്ണുകള്‍ ചുവക്കുന്നു. ടൈയില്ലാത്ത കോട്ട് തിരുമ്മിക്കൊണ്ട് ചോദിച്ചു:


ജോ.ലൂ: പല സിനിമകളിലും ചേച്ചി പോലീസ് വേഷം ചെയ്തിട്ടുണ്ടല്ലോ. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടുകയും കൂട്ടമായെത്തുന്ന അക്രമികളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. ഒരു ധീര പോലീസ് ഓഫീസിറായിട്ടാണ് വാണി തിളങ്ങിയുട്ടുള്ളത്. ഇനി എന്താണ് ഭാവി പരിപാടി?

വാണി: അഭിനയിക്കണം. സിനിമ കുറവാണ്. സീരിയലുകള്‍ ഉണ്ട്.

ജോ.ലൂ: അതിലെല്ലാം പോലീസ് വേഷമാണോ?

വാണി: അതല്ല. ഒരു വീട്ടമ്മയുടെ അതല്ലെങ്കില്‍ ഒരു കാമുകിയുടെ... ഏതെങ്കിലും ഒരു ശക്തയായ പോലീസ് ഓഫീസറുടെ റോള്‍ ഞാന്‍ ഭാവിയില്‍ പ്രതീക്ഷിക്കുകയാണ്.

ജോ.ലൂ: രാഷ്ട്രീയ നേതാക്കളെ നേരിടുകയും കീഴടക്കുകയും ചെയ്യുന്ന പോലീസ്  ഓഫീസറന്മാറുടെ വേഷം ചെയ്യാന്‍ വാണിക്ക് അവസരം ഉണ്ടായല്ലോ. രാഷ്ട്രീയരംഗത്ത്‌ വരാന്‍ താല്‍പര്യമില്ലേ?

വാണി: രാഷ്ട്രീയത്തിലിറങ്ങാന്‍ ഭര്‍ത്താവ്‌ അനുകൂലിക്കുമെന്ന് തോന്നുന്നില്ല.

ജോ.ലൂ: അത് പരിഹരിക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ തോമസ്‌ ജേക്കബ്ബോ ജോണ്‍ മുണ്ടക്കയമോ ആലുവ ലേഖകനോ ആഴ്ചപ്പതിപ്പിന്‍റെ കെ. എ. ഫ്രാന്‍സിസോ സംസാരിച്ച് ബാബുരാജ്‌ വഴങ്ങുകയാണെന്കില്‍ രാഷ്ട്രീയത്തിന്‍റെ പടികള്‍ ചവിട്ടിക്കയറാന്‍ വാണിക്ക് സമ്മതമല്ലേ?

വാണി: എന്താണിതിന് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല.

ജോ.ലൂ: ഗൌരിയമ്മ, ശ്രീമതി ടീച്ചര്‍, പത്മജ, ഓര്‍ഡോക്സുകാരിയായ ശോഭന ജോര്‍ജ്, സോണിയഗാന്ധി, വൃന്ദാകാരാട്ട് ഇവരെല്ലാം നമുക്ക് മാര്‍ഗ്ഗദര്‍ശികളല്ലേ? വാണിക്ക് എന്ത് തോന്നുന്നു?

വാണി: പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.

ജോ.ലൂ: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പോലീസ് മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കാന്‍ യു. ഡി. എഫ്. ടിക്കറ്റ്‌ നല്‍കിയാല്‍ സ്വീകരിക്കുമോ?

വാണി: ഞാന്‍ ചിരിക്കാതെന്ത് ചെയ്യും?

ജോ.ലൂ: അങ്ങനെ മത്സരിക്കുകയാണെങ്കില്‍ ചലച്ചിത്രരംഗത്തെ ഏതൊക്കെ പ്രമുഖര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരും? പറയാമോ?

വാണി: അതിനു ഞാന്‍...

ജോ.ലൂ: മന്ത്രിസഭാരൂപീകരണവേളയില്‍ പല പോലീസ് വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വാണി വിശ്വനാഥിനെ ആഭ്യന്തരവകുപ്പ് ഏല്‍പ്പിച്ചാല്‍ സ്വീകരിക്കുമോ?

വാണി: ഇങ്ങനൊക്കെ പറഞ്ഞാലോ ജോണീ!!

ജോ.ലൂ: ഏതു മന്ത്രി മന്ദിരമായിരിക്കും താമസിക്കാനായി തിരഞ്ഞെടുക്കുക? ജയില്‍ചാട്ടം തടയാനുള്ള പദ്ധതികള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?

വാണി വിശ്വനാഥ് എഴുന്നേല്‍ക്കുന്നു. "ഞാനിറങ്ങുകയാ."


വാതുക്കലെത്തി തിരിഞ്ഞുനിന്ന് ജോണി ലൂക്കോസിനോടായി വാണി: "ചോദ്യങ്ങള്‍ ചോദിച്ചോളൂ. പക്ഷെ, അത് 'നേരെ ചൊവ്വേ' ആയിരിക്കണം."


സിനിമാക്കാരെ കാലില്‍ തടഞ്ഞാല്‍ രാഷ്ട്രീയത്തിലിറക്കാന്‍ ചാനലുകാര്‍ വലിച്ചിഴക്കുന്നതിന്‍റെ രണ്ട് ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. രണ്ട് അഭിമുഖങ്ങളും ജയ് ഹിന്ദ്‌ ടി. വി.യും മനോരമ ന്യൂസും സംപ്രേഷണം ചെയ്തതാണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമുള്ള നടീനടന്മാരും നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും അഭിമുഖത്തിനായി കെ. പി. മോഹനനേയും ജോണി ലൂക്കൊസിനേയും സമീപിക്കുക.

ഇനി ഈ പരിപാടി അടുത്തയാഴ്ച ഇതേ ദിവസം ഇതേ സമയം.

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 20 12:08 PM

    ലാല്‍: അത് എനിക്കാവില്ല. 'ശുചിത്വകേരളം' എന്ന പേരില്‍ ചില പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു

    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ പാവം പീ.ജിയെ ചവിട്ടി പാതാളത്തിലേക്കയപ്പിച്ച ആ ക്രൂരൻ
    ജോണി ലൂക്കോസിനെ നന്നായി അവതരിപ്പിച്ചു. ഓർമ്മയില്ലേ,
    ടയാനന്മെൻചത്വരത്തിലെ കൂട്ടക്കൊലക്കാലത്ത് പി.ജിയെ ഏടാകൂടത്തിൽ ചാടിച്ചത്.

    മറുപടിഇല്ലാതാക്കൂ
  3. ചായകടയുടെ മുന്പിലിരുന്നു കൊതികുറവു പറയുന്ന നട്ടെല്ലില്ലാത്ത ആണത്തത്തിന്റെ പ്രതിരൂപമാണ് നേരെ ചൊവേയിലെ മണ്നുന്നി.പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറും എന്ന രീതിയില്‍ ശരാശരി മലയാളിയുടെ .......ഇടുങ്ങിയ ചിന്താരീതിയുടെ ആള്‍രൂപം .മടയന്‍ മനസിലാക്കുന്നില്ല മുന്‍പിലിരിക്കുന്ന യുവ തലമുറ ഓടുന്ന പട്ടിക് ഒരു മുഴം മുന്‍പെന്ന രീതിയില്‍ ഉത്തരം നല്‍കി മുന്പെരുന്നത്.ലണ്ടനില്‍ ഒരു പ്രീമിയര്‍ പങ്കെടുത്തു വന്ന പ്രിത്വിയോടു കക്ഷി ചോദിക്കുക ഇതു നടിയോടന്നു പ്രണയം എന്നോ നന്നായീ സംസാരിക്കുന്നതു എന്ത് കൊണ്ടോ എന്ന ഇട്ടാ വട്ടത്തില്‍ ആകും.നടിമാര്‍ ആണെങ്കില്‍ തുണിയുടെ ഇറകത്തില്‍ നിന്ന് മാറുകയെ ഇല്ല.കേരളത്തിന്റെ അഭിമാനമെന്നു കരുതി പിന്തുണയ്ക്കേണ്ട ശ്രീശാന്ത് വന്നാല്‍ ശാലീനത പഠിപ്പിക്കാന്‍ ഉപയോഗിക്കും .ഇതില്‍ ഭുരിഭാഗം മലയാളി സന്തുഷ്ടരനെന്നതാണ് സങ്കടം .അതിലും കഷ്ടം അഭിമുഖം നടത്തുന്ന മറ്റുള്ളവരും ഇതിന്റെ കാര്ബോന്‍ കോപ്പി അന്നെന്ന്തു ആന്നു.

    മറുപടിഇല്ലാതാക്കൂ